ഇസ്ലാമിക മൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് പ്രമുഖ ഫേസ് ബുക്ക് എഴുത്തുകാരന് എഴുതിയ പോസ്റ്റുകള്‍ നശിപ്പിച്ചു. വഴിയില്‍ തടഞ്ഞുനിര്‍ത്തി, പുലഭ്യം പറയുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് മുമ്പ് എഴുതിയവ നശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ദ്രന് എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതാറുള്ള വിന്‍സന്റ് വേലൂക്കാരന്‍ ആന്റണി എഴുതിയ കുറിപ്പില്‍ പറയുന്നു. യുക്തിയുടെ ബലത്തില്‍, ഇസ്ലാമിക മതാചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ഖുറാനിലെതന്നെ പ്രമാണങ്ങള്‍കൊണ്ട് എതിര്‍ക്കുകയായിരുന്നു പോസ്റ്റുകളില്‍.
”ഒരുപക്ഷേ ഞാനിനി ബാക്കിയുണ്ടായേക്കില്ല. ഇത്തവണത്തെ പരസ്യമായ കനത്ത ഭീഷണി…. പരസ്യമായി തെരുവില്‍ തടഞ്ഞുനിര്‍ത്തിക്കൊണ്ട് എന്നെ കൊല്ലുമെന്ന് മുഖത്തുനോക്കി പറയുമെന്ന സ്ഥിതി വന്നിരിക്കുന്നു. ആരും ഇതിനെയൊന്നും ചോദ്യം ചെയ്യാനുമില്ലെന്നാണ് അനുഭവം…” ഇന്ദ്രന് (വിന്‍സന്റ്) എഴുതുന്നു.
ഇന്ദ്രന്റെ പോസ്റ്റു പൂര്‍ണ്ണരൂപത്തില്‍ :
മലയാളികളായ ഫേസ്ബുക്ക് സമൂഹം അറിയുക.
എന്റെ ജീവന് അപകടത്തിലാണ്.
‘ഞങ്ങളുടെ മതത്തെ വിമര്‍ശിക്കുന്നവനെ ഞങ്ങള്‍ എന്തുചെയ്യും എന്ന് നിനക്കറിയുമോ നായിന്റെ മോനെ? കൈപ്പത്തിവെട്ടുകയോ, കൊല്ലുകയോ, ചെയ്യും. അതൊക്കെ ചെയ്യാന്‍ കഴിയുന്നവരെ, നിന്റെ കാര്യം ഞങ്ങള്‍ ഇപ്പോഴേ ഏല്‍പ്പിച്ചിരിക്കുന്നു. എന്നാലും നിനക്ക് വേറെയും നാല് തരണം.’
ഇന്നലെ എന്താണുണ്ടായത്?
സാധനങ്ങള്‍ വാങ്ങാനായി പലചരക്കു കടയുടെ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു, മുഖപരിചയമുള്ള ഒരാളും, കൂടെയുള്ള മറ്റൊരാളും കൂടി, എന്നെ തൊട്ടരികെനിന്നും കൈകാട്ടി വിളിച്ചത്. വിളിച്ചത് എന്നെത്തന്നെയായിരുന്നോ, എന്ന ശങ്കയോടെ ചെന്നപ്പോഴോ, ആദ്യമേ ഒരു ചോദ്യമാണ്.
‘പൊലയാടി മോനെ, നീ ഫേസ്ബുക്കില്‍ മുസ്ലീം മതത്തെപ്പറ്റി എഴുതും അല്ലേടാ? എന്നാല്‍ നീയെങ്ങനെ നാട്ടില്‍ ഇറങ്ങി നടക്കുമെടാ?’
വിളിച്ചയാള്‍ എന്നെ തല്ലാന്‍ കൈ ഓങ്ങിയപ്പോള്‍ കൂടെയുള്ള ആള് അയാളെ പിടിച്ചുനിര്‍ത്തി. അപ്പോള്‍ അയാള്‍ എന്നെ തല്ലിയില്ല. രംഗം വളരെ ചൂടാണ് എന്നെനിക്കു പെട്ടെന്ന് മനസ്സിലായി. ആദ്യമേ കൈ ഓങ്ങുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തയാള്‍, വീണ്ടും വീണ്ടും, അതേപടി തന്നെ തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ തര്‍ക്കിക്കാനൊന്നും പോയില്ല. അവിടെയുള്ള ടാക്സി സ്റ്റാണ്ടിലെ തട്ടില്‍ ഞാന്‍ സാവകാശം കയറിയിരുന്നു. ശാന്തനായി അയാളോട് ചോദിച്ചു.
‘ഞാന്‍ നിങ്ങളുടെ മതത്തെ വിമര്‍ശിച്ചിരിക്കുന്നു. ഖുറാനിലെ വാക്കുകള്‍ തന്നെ പകര്‍ത്തിയെഴുതിക്കൊണ്ടാണ്, മിക്കപ്പോഴും അങ്ങനെ ചെയ്തിട്ടുള്ളതും. നിങ്ങളുടെ മതത്തെ പുകഴ്ത്താന്‍ ഒരാള്‍ക്കുള്ള അതേ സ്വാതന്ത്ര്യം, അതിനെ വിമര്‍ശിക്കാനും ഉണ്ട്. ഞാന്‍ വിമര്‍ശിക്കുകയാണ് ചെയ്തിരിക്കുന്നത്. അതില്‍ എന്താണ് തെറ്റുള്ളത്?’
‘നീ അധികം സംസാരിക്കേണ്ട. നായിന്റെ മോനെ, നീ ഞങ്ങളില്‍ ഒരാളെ വിമര്‍ശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ക്ഷമിക്കുമായിരുന്നു. പക്ഷെ ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ നീ ചോദ്യം ചെയ്തിരിക്കുന്നു. അതിനുള്ള ധൈര്യം നിനക്കെങ്ങനെ കിട്ടി? ഞങ്ങള്‍ വിശ്വസിക്കുന്ന മതത്തെപ്പറ്റി നീ പരസ്യമായി കുറ്റംപറഞ്ഞിരിക്കുന്നു. നിന്നെപ്പോലുള്ളവരെ വെച്ചിരിക്കാന് കൊള്ളില്ല. നിന്നെ ഞങ്ങള്‍ വെറുതെ വിടില്ല. കൊല്ലും നിന്നെ.’
അതായിരുന്നു അയാളുടെ മറുപടി.
അയാള്‍ അയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും എന്റെ ചില പോസ്റ്റുകള്‍ എന്നെ കാണിച്ചുകൊണ്ട്, എന്നോട് അതിനു സമാധാനം പറയണം എന്നായി. അതിനകം അവിടെ ആള് കൂടിക്കൊണ്ടിരുന്നു. ഉദ്ദേശം അരമണിക്കൂര്‍ അവര്‍ അങ്ങനെ എന്നെ തടഞ്ഞുവെച്ചുകൊണ്ട് ശക്തമായി ഭീഷണിപ്പെടുത്തുകയും, അസഭ്യം വിളിക്കുകയും, ചെയ്തു. ഏറ്റവും മുകളില്‍ ഞാനെഴുതിയ വാചകങ്ങള്‍ അവര്‍ ഈ സമയത്തൊക്കെ പലതവണ ആവര്‍ത്തിച്ചു. ഒരാളല്ല, പലരും അതുതന്നെയാണ് പറഞ്ഞത്.അപ്പോഴേക്കും അവിടെ ഏതാണ്ട് പതിനഞ്ചോളം പേരായി.
അവരും ഇതേ വിധത്തില്‍ എന്നെ ഭീഷണിപ്പെടുത്തുക തന്നെയാണ് ചെയ്തത്. ഞാന്‍ തനിച്ചായിരുന്നല്ലോ? എന്നെ അറിയുന്ന ധാരാളം ആളുകള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും, ആരും ഇടപെടാന്‍ വന്നില്ല. എപ്പോള്‍ വേണമെങ്കിലും അടി വീഴും എന്ന മട്ടിലുള്ള ആ സാഹചര്യത്തില്‍ ഞാന്‍ അവരോടിങ്ങനെ പറഞ്ഞു.
‘ഞാന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ല. ഞാന്‍ ഫേസ് ബുക്കില്‍ ഇട്ട ലേഖനങ്ങള്‍ക്ക് അതേ മാധ്യമത്തിലൂടെ മറുപടി പറയുകയാണ് മാന്യത. ഇപ്പോള്‍ ഞാന്‍ തനിച്ചാണ്. നിങ്ങള്‍ എന്നെ തല്ലുമെന്ന് പറയുന്നു. ഞാനെന്തു ചെയ്യാന്‍? മുമ്പും ഇതുപോലുള്ള കയ്യേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. തല്ലു കൊണ്ടിട്ടും ഉണ്ട്. ഇപ്പോഴും അതിനു തയ്യാറുമാണ്. ഇപ്പോള്‍ ഞാന്‍ നിങ്ങളോട്
തര്‍ക്കിക്കാനില്ല. തെരുവല്ല അതിനുള്ള വേദി. നിങ്ങള്‍ ഇപ്പോള്‍ ബലമായി എന്നെ പിടിച്ചുനിര്‍ത്തുക വഴി നിയമലംഘനമാണ് നടത്തുന്നത്. എന്നെ ഇപ്പോള്‍ എന്റെ വഴിക്ക് പോകാന്‍ വിടുക.’
പുതുതായി അവിടെ എത്തിയവര്‍ എന്നോടു ചോദിക്കുന്നത്, ഇതൊക്കെ ഇടാന്‍ എന്റെ പുറകില്‍ വല്ല സംഘടനയും ഉണ്ടോ എന്നായിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകള്‍ വ്യക്തിപരമായാണ് ഇടുന്നതെന്നും, സിപിഎം അല്ലാതെ വേറെ സംഘടനകളില്‍ എനിക്ക് സഹകരണം ഇല്ലെന്നും ഞാന്‍ പറഞ്ഞു.
എന്നെ! തല്ലണം എന്ന് പറഞ്ഞവരോട് മറ്റുചിലര്‍ ഇങ്ങനെ പറഞ്ഞു. ‘ഇപ്പോള്‍ ഇവിടെ വെച്ചു വേണ്ട. ഇപ്പോഴവന് പോയ്ക്കൊള്ളട്ടെ. അവനെ നമുക്ക് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാം. പക്ഷെ അവനെ ബാക്കി വെച്ചേക്കരുത്. അവന്റെ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണം.’
ഇന്നലെ അവര്‍ എന്നെ തല്ലിയില്ല. അതിനി എന്നത്തേക്ക് വെച്ചിരിക്കയാണ് എന്നെനിക്കറിയില്ല. എന്നാലും, ഇതുവരെ ഞാനെഴുതിയ സകല പോസ്റ്റുകളും പരിശോധിച്ചുകൊണ്ട്, മുസ്ലീം മതത്തെ പരാമര്‍ശിച്ചവ ഉടന്‍ നീക്കം ചെയ്യണം എന്നവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാമെന്ന്
ഉറപ്പുകൊടുക്കാതെ, അപ്പോള്‍ അവരെന്നെ വെറുതെ വിടുമായിരുന്നില്ല. ഞാന്‍ എന്റെ വാക്കുപാലിക്കുകയും ചെയ്തിരിക്കുന്നു.
പോസ്റ്റുകള്‍ എന്തിനു ഡിലീറ്റ് ചെയ്തു?
ഞാനിവിടെ തനിച്ചാണ്. ട്യൂമര്‍ ബാധിച്ച എന്റെ അമ്മ മെഡിക്കല്‍ കോളേജില്‍ (തൃശൂര്‍) നിത്യവും പോയി radiation നടത്തിക്കൊണ്ടിരിക്കുന്നു. ഏകമകനുള്ളത്, അസുഖത്തിലുമാണ്. അവന് അരക്കു കീഴെ തളര്ന്നതി നാല് നടക്കാന്‍ കഴിയില്ല. ചികിത്സക്ക് പണം കണ്ടെത്താന്‍ പോലും കഴിയാതെ ഞങ്ങള്‍ നട്ടം തിരിയുകയാണ്. രണ്ടുമൂന്നു മാസം മുമ്പ് രണ്ടു കൂട്ടുകാര്‍
സാമ്പത്തികമായി സഹായിച്ചതിനാല്‍ മാത്രമാണ് ചികിത്സകളെങ്കിലും ഒരു
വിധേന ഇതുവരെ നടന്നുപോയത്. ഇനിയുള്ള ചിലവുകള്‍ക്ക് യാതൊരു
വഴിയും കാണാതെയാണ് എന്റെയിരിപ്പ്.
നിങ്ങളുടെ സുഹൃത്ത് പരമദരിദ്രനാണ് എന്നറിയിക്കുന്നതില്‍ എനിക്ക് ലജ്ജയൊന്നും തെല്ലുമേയില്ല. ഇതിനൊക്കെ ഇടയിലാണ്, ഞാന്‍ എനിക്കറിയുന്ന കാര്യങ്ങള്‍, അല്പം സാഹസികമായിത്തന്നെ നിങ്ങളോട് പങ്കുവെച്ചുകൊണ്ടിരുന്നത്. എന്നാല്‍ അതിന്റെ പേരില്‍ എനിക്കു സഹിക്കാവുന്നതിന്റെ പരമാവധി ഞാന്‍ സഹിച്ചു. എന്നെയല്പം സഹായിക്കാന്‍ ആരുണ്ടിരിക്കുന്നു?
പ്രിയസുഹൃത്തുക്കളെ, എനിക്കു തനിച്ചു ചെയ്യാവുന്നതിന്റെ അങ്ങേ അറ്റം വരെ ഞാന്‍ തനിച്ചു ചെയ്തുകഴിഞ്ഞു. മതവിമര്‍ശകന്റെ കൈവെട്ടുന്നതും, തലവെട്ടുന്നതും, കേരളത്തിലും, ഇന്ത്യയിലും, പതിവില്ലാത്ത കാര്യമല്ല. കഴിഞ്ഞ തവണ ഇതും പറഞ്ഞു വീടുകേറി തല്ലിയവര്‍ ഇന്നും സുഖമായി നടക്കുന്നു. എങ്കില്‍ പോലീസിനെയും ഇനി ആശ്രയിക്കാന്‍ കഴിയില്ല.
ഇത്തവണ ഞാന്‍ പരാതിപ്പെടാന്‍ പോലും പോയതില്ല.
മരിക്കാന്‍ എനിക്ക് ഭയമില്ല. എന്നാല്‍ ഈ അവസ്ഥയില്‍, എന്നെ ആശ്രയിക്കുന്ന രണ്ടു രോഗികളെ പിന്നെ ആരുണ്ട് നോക്കാന്‍? ഈ സാഹചര്യത്തില്‍ ആ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായി. ഈ രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനു അത്രക്കേയുള്ളൂ അവസരങ്ങള്‍. നിര്ദ്ധനനായതിനാല് എന്റെ പരിമിതികള്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നവ കൂടിയാണ്. എന്നെപ്പോലുള്ളവര്‍ക്ക് ഒന്നും തുറന്നു പറയാന്‍ ഈ രാജ്യം അവസരമൊരു
ക്കിത്തരികയില്ല. സമാനചിന്താഗതിക്കാരില് നിന്നുള്ള സഹായവും പ്രതീക്ഷി
ക്കാനാവുന്നതല്ല. എങ്കില്‍പ്പിന്നെ ഞാനൊരാള് ഇതില്‍ക്കൂടുതലായി ഒറ്റക്കെന്തു
ചെയ്യാന്‍? പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാമെന്ന് ഞാന്‍ വാകുകൊടുത്തു.
ഞാനെന്റെ വാക്കു പാലിക്കുകയും ചെയ്തു.
ആപല്‍ക്കരമായ അസഹിഷ്ണുത!
എന്നോടു സംസാരിച്ചതു ബിന്‍ലാദനോ, ഐഎസുകാരനോ, ആയിരുന്നില്ല. എന്നോടു സംസാരിച്ചിരുന്നവര്‍ ഇവിടത്തെ പള്ളികളില്‍ നിത്യവും പോയി നിസ്കരിച്ചു വരുന്ന സാധാരണക്കാര്‍ മാത്രം. അവര്‍ നാമധാരിയോ, അതോ സാക്ഷാല്‍ മുസ്ലീമോ, എന്ന് നിങ്ങള്ത്തന്നെ നിശ്ചയിക്കുക. അവര്‍ ഒരു മതത്തെ ഉള്‍ക്കൊള്ളുന്നവരാണ്. പക്ഷെ ഇന്നലെ അവര്‍ എന്നോടു ചെയ്തത് അക്രമത്തിന്റെ മാര്‍ഗ്ഗത്തിലായിരുന്നു. ആശയങ്ങളെ ചര്‍ച്ച
യിലൂടെ മുന്നോട്ടുവെച്ച എന്നെ, കായികമായി നേരിട്ട ഈ രീതി, അവര്‍ എവിടെനിന്നും പഠിച്ചു എന്ന് അവര്‍ത്തന്നെ ചിന്തിക്കട്ടെ.
എന്തും നേരിടാന്‍ തയ്യാറായിത്തന്നെയാണ് ഞാനിരിക്കുന്നത്. ഒരുപക്ഷെ എല്ലാം തനിച്ചു നേരിടാന്‍. ഭരണം, പണം, ആള്‍ബലം, എല്ലാമുള്ള സംഘടിത ശക്തിയാണ് എന്റെ മറുപക്ഷത്തുള്ളത്. സനല്‍ ഇടമറുകിനു പോലും പിടിച്ചുനില്ക്കാന് കഴിയാഞ്ഞ രാജ്യമാണിത്.
ലൈക്കുകള്‍ക്കും അപ്പുറത്തുള്ള എന്ത് സഹായം, ഒരു മതവിമര്ശകന് മലയാളത്തിലെ ഫേസ്ബുക്ക് സമൂഹത്തില്‍ നിന്നും കിട്ടിയേക്കും എന്നെ നിക്കറിയില്ല. ആപല്‍ സമയത്ത്, എത്ര ഉള്ളില്‍ത്തട്ടി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടാലും, അത് കാട്ടുതീ പോലെ പരക്കാനൊന്നും പോകുന്നില്ലെന്നും, ഇവിടെ ഞാന്‍ തനിച്ചാണെന്നും, നന്നായി അറിയാമെങ്കിലും, നിരാശിതനാ
വാതെ, ഇനിയും ചോരാത്ത ഉള്‍ക്കരുത്തു കരുതിവെച്ചുകൊണ്ട്, ആയുസ്സുണ്ടെങ്കില്‍ മാത്രം ഇനിയും കാണാമെന്ന പരിമിതമായ വാഗ്ദാനത്തോടെ, സ്നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം സുഹൃത്ത് ഇന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: