എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാല് ഒരു കൂട്ടര് വാലന്റൈന്‍ ദിനമായി ആഘോഷിക്കുന്നു. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണിതെന്നാണ് വയ്പ്. പല കഥകളും ഇതിനു പിന്നില്‍ പറഞ്ഞു കേള്‍ക്കുന്നു. എന്നാലിത് ക്രിസ്തുമസ്, ഈസ്റ്റര്‍ ഹാല്ലോവീന് എന്നിവയൊക്കെ പോലെ ക്രൈസ്തവവല്ക്കരിക്കപ്പെട്ട പാഗന്‍ ബിംബങ്ങളും ആഘോഷങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒന്നാണെന്ന് എത്രപേര്‍ക്കറിയാം.
പുരാതന റോമാക്കാര്‍, ക്ഷുദ്രശക്തികളെ അകറ്റി, ആരോഗ്യവും പുഷ്ക്കലതയും നേടി നഗരത്തെ ശുദ്ധീകരിക്കുന്നതിനായി വസന്തത്തിന്റെ ആരംഭത്തില്‍ (ഫെബ്രുവരി 13-15) ലുപെര്‍കാലിയ ഉത്സവം കൊണ്ടാടിയിരുന്നു. കാലങ്ങള്‍ക്ക് മുമ്പ് വസന്ത ഋതുവിന്റെ ആരംഭത്തോടനുബന്ധിച്ചു ഫെബ്രുവ എന്ന പേരില്‍ നടത്തിയിരുന്ന ശുചീകരണ ചടങ്ങുകള്‍ (ഫെബ്രുവരി മാസത്തിനു പേര് ലഭിച്ചത് ഇതില്‍ നിന്നാണ്) ലുപര്‍കാലിയ ഉത്സവത്തില്‍ ഉള്‍പ്പെട്ടു.
റോമന്‍ ദേവനായ ലുപെര്കുസ് ആട്ടിടയരുടെ ദേവനായാണ് അറിയപ്പെടുന്നത്. ലുപെര്കുസിന്റെ ക്ഷേത്രം ഫെബ്രുവരി 15 ന് സ്ഥാപിച്ചുവെന്നാണ് വിശ്വാസം. റോമാ നഗരത്തെ ചെന്നായ്ക്കളില്‍ നിന്നും സംരക്ഷിക്കുന്നത് ലുപെര്കുസ് ആണെന്ന് റോമാക്കാര്‍ വിശ്വസിച്ചിരുന്നു. പലറ്റിന് കുന്നിലെ ലുപെര്കല് ഗുഹയില്‍ വെസ്റ്റല്‍ വിര്ജിനുകളുടെ സഹായത്തോടെ ലുപെര്ചി (പൂജാരികള്‍) നായയേയും ആടുകളെയും ബലികൊടുത്തു ശുദ്ധീകരണ കര്‍മ്മം നിര്‍വഹിച്ചിരുന്നു. പിന്നീട് സമൃദ്ധമായ സദ്യയ്ക്ക് ശേഷം നഗരാതിര്‍ത്തിയിലൂടെ അവിടെ കൂടി നില്ക്കുന്ന ജനങ്ങളുടെ മേല്‍ ആട്ടിന്തോല് കൊണ്ടുള്ള വാറു കൊണ്ട് അടിച്ച് ലൂപര്ചികള് ഓടുന്നു. സ്ത്രീകള്‍ ഈ അടിയേറ്റാല്‍ സന്താനലബ്ധിക്കും വന്ധ്യത തടയാനും പ്രസവ സമയത്തെ വേദനയുടെ കാഠിന്യം കുറയാനും സാധിക്കും എന്നായിരുന്നു വിശ്വാസം. റോമാ നഗരം സ്ഥാപിച്ച റോമുലസ്, രേമുസ് എന്നീ ഇരട്ട ബാലന്മാരെ പാലുകൊടുത്തു സംരക്ഷിച്ച അമ്മ ചെന്നായ ലൂപയെ ആദരിക്കുവാന്‍ കൂടിയാണ് ലുപര്കലിയ (ചെന്നായ ഉത്സവം) ആഘോഷിച്ചിരുന്നത്. AD 44 ല്‍ ഈ ആഘോഷം നടന്നതായി ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പ്രണയ പനിയുടെയും (febra) സ്ത്രീകളുടെയും വിവാഹത്തിന്റെയും ദേവത ആയ ജൂണോ ഫെബ്രുവറ്റയുടെ പുണ്യസമയമായും ഫെബ്രുവരിയെ റോമാക്കാര്‍ കരുതിയിരുന്നു. വസന്തോത്സവ സമയത്ത് കൗമാര പ്രായക്കാര്‍ പെണ്‍കുട്ടികളുടെ പേരുകള്‍ നറുക്കെടുത്തു ഉത്സവം ഒരുമിച്ചാഘോഷിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം ഈ കീഴ്വഴക്കം റോമില്‍ നിലനിന്നിരുന്നു.
ക്രിസ്തുമതം പാഗന്‍ ഉത്സവം കൈവശപ്പെടുത്തിയതെങ്ങനെ?
കൊന്‍സ്റ്റന്റൈന്‍ (AD 325) ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതം ആക്കിയപ്പോള്‍ പാഗന്‍ ആഘോഷങ്ങളെല്ലാം തന്നെ നിര്‍ത്തലാക്കണം എന്നായിരുന്നു സഭാമേലധ്യക്ഷരുടെ ആഗ്രഹം. എന്നാല്‍, ലുപര്കലിയ ഉത്സവാഘോഷം നിറുത്തലാക്കാന്‍ ജനങ്ങള്‍ അനുവദിച്ചില്ല. ഒടുവില്‍ എ ഡി 494 ല്‍ ഗലെഷിയസ് മാര്‍പാപ്പക്ക് ഈ പാഗന്‍ ആഘോഷത്തെ ക്രിസ്ത്യന്‍ വിശുദ്ധന്റെ പേരിലേക്ക് മാറ്റുവാന്‍ സാധിച്ചു. കൂടാതെ, തീര്‍ത്തും അക്രൈസ്തവമായ പുഷ്കലത്വതിലൂന്നിയ സമ്പ്രദായങ്ങളെ ജനം മറക്കാനുതകുന്ന കാര്യങ്ങള്‍ കഴിയുന്ന വിധം ചെയ്യുവാനും സഭ ശ്രമിച്ചു.
എന്നാല്‍, ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, വാലന്റൈനെ സംബന്ധിച്ചുള്ള പല മിത്തുകളും ഉടലെടുത്തത് പതിനാലാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലാണെന്ന് കാണുന്നു. പ്രത്യേകിച്ച്, ജെഫ്രി ചോസറിന്റെ രചനകളില്‍ ( Parliament of Foules, 1382) വാലന്റൈന്‍ ദിനത്തോടനുബന്ധിച്ചുള്ള പല ആചാരങ്ങളും വിവരിച്ചിട്ടുള്ളതായി കാണാം. അതുപോലെ, പതിനാലാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് രേഖയില്‍ റ്റെര്നിയിലെ ബിഷപ്പ് ആയ വാലന്റൈനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് പ്രണയിതാക്കളുമായി എന്തെങ്കിലും ബന്ധം ഉണ്ടായതായി കാണുന്നില്ല.
കാല്‍പ്പനികത (romanticism ) സാഹിത്യത്തിന്റെ മുഖമുദ്ര ആയിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടില്‍ പ്രണയിതാക്കള്‍ പരസ്പരം പ്രേമ ലേഖനം കൈമാറുന്ന പ്രവണത ആരംഭിച്ചു. 1850 കളില്‍ അമേരിക്കയില്‍ ഇമ്മാതിരി പ്രണയാശംസാകാര്ഡുകള് വന്‍തോതില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത് ആരംഭിക്കുകയും ഇന്ന് ലോകം മുഴുവന്‍ ഉപഭോക്തൃസംസ്കാരത്തിന്റെ പാത പിന്തുടരുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, മധ്യകാലഘട്ടത്തിൽ ക്രിസ്തുമതം പാഗൻ സമ്പ്രദായങ്ങളെ കൈവശപ്പെടുത്തി ഉണ്ടാക്കിയ ക്രിസ്തുമത ആഘോഷങ്ങളെ ഇന്ന് അമേരിക്കൻ നവ സാമ്രാജ്യത്ത കച്ചവട താൽപ്പര്യങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്നു. ഇതൊന്നും അറിയാതെ ഭാരതത്തിന്റെ ഒരു കോണിൽ നിന്നും നോക്കുന്ന മർത്ത്യാ, നീ കഥയെന്തു കണ്ടു!
ഹൈന്ദവ സംസ്കൃതിയും വസന്തോത്സവങ്ങളും
അതി ശൈത്യത്തിൽ തണുത്തുറഞ്ഞിരിക്കുന്ന പ്രകൃതിയും ജീവജാലങ്ങളും വസന്ത ഋതുവിൽ സന്തുഷ്ടരും ഉല്ലാസഭരിതരും ആകുന്നതു സ്വാഭാവികമാണ്. റോമാക്കാർക്ക് ലുപർകലിയ ഉത്സവം ആയിരുന്നെങ്കിൽ, നാം ഭാരതീയർ വസന്തഋതുവിനെ വരവേൽക്കുന്നത് വസന്ത പഞ്ചമി ആഘോഷിച്ചാണ്.
പുരാതന ഭാരതീയ സാഹിത്യത്തിൽ, വസന്ത പഞ്ചമിക്ക് ശൃംഗാര രസം ആണുള്ളത്. ഇന്നും പഞ്ചമി ആഘോഷങ്ങളിൽ ചിലയിടങ്ങളിൽ കാമദേവനെയും ഭാര്യ രതീദേവിയേയും അവരുടെ സുഹൃത്ത് വസന്തനെയും (വസന്ത ഋതു ) ആദരിക്കപ്പെടുന്നുണ്ട്. നൃത്ത നൃത്യാദികളും സംഗീതവും എല്ലാമായി എങ്ങും ഉത്സവമയം ആയിരിക്കും. ഇന്ന് പൊതുവെ ഈ ആഘോഷരീതികളിൽ നിന്നും മാറി ബ്രഹ്മ വൈവൃത പുരാണത്തിലധിഷ്ഠിതമായി സരസ്വതി ദേവിക്ക് കൂടുതൽ പ്രാമുഖ്യം വന്നു ചേർന്നു.
വസന്ത പഞ്ചമിയും പ്രണയവും തമ്മിലുള്ള ബന്ധം കാരണമാണോ എന്നറിയില്ല ചില സ്ഥലങ്ങളിൽ വിവാഹത്തിന് ഏറ്റവും ശുഭദിനമായി പഞ്ചമി നാൾ കണക്കാക്കാറുണ്ട്. വസന്ത പഞ്ചമിയിൽ ആരംഭിച്ചു ഹോളി ആഘോഷത്തോടെ അവസാനിക്കുന്ന ഒരു ഉത്സവ കാലമായി വസന്തോത്സവമാഘോഷിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. വസന്ത പഞ്ചമിക്കും ഹോളിക്കും ഇടയിലുള്ള 40 ദിനം പരമശിവനാൽ വെണ്ണീറാക്കപ്പെട്ട കാമദേവന് വേണ്ടി രതീദേവി അനുഷ്ഠിച്ച തപസ്സിന്റെ കാലഘട്ടമായി കരുതി വരുന്നു. ബൈതാനിലെ ബലരാമക്ഷേത്രത്തിൽ വസന്തപഞ്ചമി ദിനം മുതൽ ഹോളി ഗീതങ്ങൾ പാടി പരസ്പരം നിറങ്ങൾ വിതറിത്തുടങ്ങുന്നു.
പട്ടം പറത്തിയാണ് പഞ്ചാബിൽ ബസൻറ് ഉത്സവം ആഘോഷിക്കപ്പെടുന്നത്. മഹാരാജാരഞ്ജിത്ത്സിംഗ് ആണ് പട്ടം പറത്തുന്നത് ഒരു പ്രധാന ചടങ്ങായി മാറ്റിയത്. ഇന്നത്തെ പാകിസ്ഥാനിൽ ഉൾപെട്ട പഞ്ചാബു മേഖലയിൽ ബസന്റ് ആഘോഷം നിരോധിച്ചതുമായി ബന്ധപെട്ടു അടുത്ത കാലത്ത് കുറെ വിവാദങ്ങൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: