കൊച്ചി: സിപിഎം അധ്യാപക സംഘടനയില്‍പ്പെട്ട പ്രൊഫസറുടെ നിരന്തരമായ പീഡനങ്ങള്‍ക്കിരയായ ദളിത് ഗവേഷക വിദ്യാര്‍ത്ഥിനി നീതിതേടി കേന്ദ്രമന്ത്രിയുടെ അരികിലെത്തി. എംജി യൂണിവേഴ്സിറ്റിയില്‍ നാനോ ബയോടെക്നോളജിയില്‍ ഗവേഷണം നടത്തുന്ന ദീപ പി.മോഹനാണ് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിനെ കണ്ട് താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടത്. ഹിന്ദു നേതൃസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ ഭാരത് ടൂറിസ്റ്റ് ഹോമില്‍ എത്തിയപ്പോഴാണ് ദീപ മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയത്.
2011-12 ല്‍ എംജി യൂണിവേഴ്സിറ്റിയില്‍ എംഫില്‍ പൂര്‍ത്തിയാക്കിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അധികൃതര്‍ വച്ചുതാമസിപ്പിച്ചുവെന്നാണ് ദീപ പറയുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ എംഎസ്സി ‘ഗെയ്റ്റ്’ പരീക്ഷ ജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വച്ചാണ് ഈ വിദ്യാര്‍ത്ഥിനി നാനോ ബയോടെക്നോളജിയില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നത്. മൂന്നുവര്‍ഷത്തോളം വൈകിയാണ് അധികൃതര്‍ ദീപയ്ക്ക് എംഫില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എംഎസ്സി ‘ഗെയ്റ്റ്’ പാസായിരുന്നില്ലെങ്കില്‍ വിലപ്പെട്ട മൂന്നുവര്‍ഷം ഈ വിദ്യാര്‍ത്ഥിനിക്ക് നഷ്ടപ്പെടുമായിരുന്നു.
2014 ല്‍ പിഎച്ച്ഡിക്ക് ചേര്‍ന്നതോടെയാണ് ഇടതുയൂണിയനില്‍പ്പെട്ട ഒരു പ്രൊഫസര്‍ ദീപയെ പീഡിപ്പിക്കാന്‍ തുടങ്ങുന്നത്. ആദ്യം വര്‍ക്ക് മെറ്റീരിയല്‍ നല്‍കിയില്ല. പിന്നീട് വിസി ഇടപെട്ടാണ് ഇത് നല്‍കിയത്. എന്നാല്‍ പ്രകോപിതനായ അധ്യാപകന് ദീപയുടെ വര്‍ക്ക് മോഷ്ടിച്ചതാണെന്ന് പ്രചരിപ്പിച്ച് അപമാനിച്ചു. അവര്‍ക്ക് ഇരിപ്പിടം നിഷേധിക്കുകയും ഡിപ്പാര്ട്ടുമെന്റിലിട്ട് പൂട്ടുകയും ചെയ്തു. പോലീസെത്തിയാണ് ദീപയെ മോചിപ്പിച്ചത്.
ഇതിനെതിരെ വിസിയുടെ അഭാവത്തില്‍ പിവിസിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തി. ദീപയെ പീഡിപ്പിച്ചതിനെതിരെ കേസെടുക്കണമെന്ന് സിന്‍ഡിക്കേറ്റ് സമിതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അധ്യാപകനെതിരെ കേസെടുക്കാതെ അധികൃതര്‍ ദീപയ്ക്ക് നീതി നിഷേധിക്കുകയാണ്.
ഇടതുയൂണിയനില്‍പ്പെട്ട അധ്യാപകന്റെ രാഷ്ട്രീയ സ്വാധീനം മൂലമാണ് കേസെടുക്കാത്തതെന്ന് ദീപ ആരോപിക്കുന്നു. ദീപ നേരിട്ട പീഡനങ്ങള്‍ ക്യാമ്പസില്‍ വലിയ ചര്‍ച്ചാവിഷയമായി ചില ദളിത് സംഘടനകള്‍ സമരം ചെയ്തിട്ടും ഇടതുവിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ അധ്യാപകനെ പിന്തുണച്ച് നിശ്ശബ്ദത പാലിക്കുകയാണ്. ദളിത് വിദ്യാര്‍ത്ഥിനിയായ ദീപയ്ക്ക് അവസരം കൊടുത്താല്‍ സ്ഥാപനത്തിന്റെ അച്ചടക്കം നശിക്കുമെന്നാണത്രെ ആരോപണ വിധേയനായ അധ്യാപകന്റെ നിലപാട്.
ഇതേ നിലപാടാണ് എസ്എഫ്ഐയും വച്ചുപുലര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ഒരു പിഞ്ചുകുഞ്ഞിന്റെ അമ്മകൂടിയായ ദീപ നീതി തേടി കേന്ദ്രമന്ത്രിക്ക് മുന്നിലെത്തിയത്.
ദീപയുടെ പരാതികള്‍ വിശദമായി കേട്ട കേന്ദ്രമന്ത്രി തവര്ചന്ദും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, മുന്‍ പ്രസിഡന്റ് വി.മുരളീധരന്, ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്.ബിജു, ആര്.വി.ബാബു എന്നിവരും വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടിയെടുപ്പിക്കാമെന്ന് ഉറപ്പുനല്‍കി ആശ്വസിപ്പിച്ച് ദീപയെ പറഞ്ഞയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: