തന്റെ ജീവിതം തകര്‍ത്ത ആസിഡ് ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും മോചിതയാകുന്നതേയുള്ളു രേഖ. എങ്കിലും അവള് പൊരുതാനുറച്ച് മുന്നോട് പോകുകയാണ്, നാലര വയസ്സുള്ള മകള്‍ക്കുവേണ്ടി. ടാക്സി ഡ്രൈവറായ ഭര്‍ത്താവാണ് രേഖയ്ക്കുനേരെ ആസിഡ് ആക്രമണം നടത്തിയത്. കര്‍ണാടകയിലെ ഹവേരി ഗ്രാമത്തില്‍ കഴിയുമ്പോഴാണ് നിനച്ചിരിക്കാതെ അവള്‍ക്കുനേരെ ആക്രമണമുണ്ടായത്. 2013 ഒക്ടോബര്‍ രണ്ടിന് നടന്ന ആ സംഭവം ഇന്നലെയെന്നപോലെ രേഖയുടെ ഓര്‍മയിലുണ്ട്. പുലര്‍ച്ചെ തന്റെ ശിരസിലൂടെ ഒലിച്ചിറങ്ങിയ ദ്രാവകം ആസിഡാണെന്ന് തിരിച്ചറിയുമ്പോഴേക്കും അത് രേഖയുടെ തലയോട്ടിയേയും കാതുകളേയും മുഖത്തേയും പൊള്ളിച്ചുകൊണ്ട് താഴേക്ക് ഒഴുകിയിരുന്നു.
ഭയന്ന് ഓടിയ രേഖ പലരുടേയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. പുകയുന്ന ശരീരം കണ്ട് മറ്റുള്ളവരും ഭയന്നിരിക്കാം എന്ന് രേഖ പറയുന്നു. ഓടിയോടി തൊട്ടടുത്ത് ജോലി നോക്കുന്ന സഹോദരന്റെ സമീപമെത്തി. ബംഗളൂരുവിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സഹോദരന് അവളെയെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഏതാനും ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു.
രേഖയുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുറിവ് വൃത്തിയാക്കുന്നതിനപ്പുറം ശസ്ത്രക്രിയ ഒന്നും നടത്താന്‍ തയ്യാറായില്ല. പണമില്ലാത്തത്തിനാല്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ ലഭ്യമായില്ല. ഭര്‍ത്താവിനെതിരെയുള്ള കേസ് പിന്‍വലിച്ചാല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാമെന്ന് വാഗ്ദാനം നല്കി ഒരു അഭിഭാഷകന്റെ അടുത്ത് രേഖയെ എത്തിച്ചു. എന്നാല്‍ അഭിഭാഷകന് ഭര്‍ത്താവിന്റെ കുടുംബത്തെ അകറ്റിയോടിച്ചു.
തനിക്ക് പൊരുതാനുള്ള കരുത്ത് കിട്ടിയതപ്പോഴാണെന്നും രേഖ പറയുന്നു.
രേഖയുടെ അവസ്ഥ മനസ്സിലാക്കി, മേക് ലവ് നോട്ട് സ്കേഴ്സ് എന്ന സന്നദ്ധ സംഘടന സഹായിക്കുന്നതിനായി മുന്നോട്ടുവന്നു. ആസിഡ് ആക്രമണത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. രേഖയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെച്ചപ്പെട്ട ചികിത്സ ഏര്‍പ്പാടാക്കിയത് ഈ സംഘടനയാണ്. സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ ആദ്യം ശസ്ത്രക്രിയ നടത്തിയത് കണ്ണുകള്‍ക്കാണ്. രണ്ടുകണ്ണുകള്‍ക്കും ഇപ്പോള്‍ കാഴ്ചശക്തിയുണ്ട്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ശസ്ത്രക്രിയകളാണ് വേണ്ടിവന്നത്. ഓരോ ശസ്ത്രക്രിയയും വേദനാജനകമായിരുന്നു. ഓരോന്നുകഴിയുന്തോറും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷ രേഖയ്ക്കുണ്ടായിരുന്നു. ചികിത്സാ കാലയളവില്‍ രേഖയുടെ മകള്‍, അവരുടെ സഹോദരിയ്ക്കൊപ്പമായിരുന്നു. എങ്കിലും ഏറെ നാള് മകളെ സംരക്ഷിക്കുന്നതിനുള്ള കഴിവ് സഹോദരിയ്ക്കില്ലാതിരുന്നതിനാല്, മേക് ലവ് നോട്ട് സ്കേഴ്സിന്റെ സഹായത്താല്‍ ഒരു റസിഡന്‍ഷ്യല്‍ സ്കൂളില്‍ ചേര്‍ത്തിരിക്കുകയാണ്.
മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയെന്നതാണ് രേഖയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം. ഇപ്പോള്‍ കന്നഡയിലുള്ള കവിത വായിക്കലും എഴുതലുമാണ് രേഖയുടെ ഇഷ്ട വിനോദം. ആസിഡ് ആക്രമണത്തിന് ഇരയായ ഹസീന ഹുസൈനാണ് രേഖയില്‍ സ്വാധീനം ചെലുത്തിയിരിക്കുന്ന വ്യക്തികളിലൊരാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: