ഇന്നത്തെ അധ്യാപക ലോകത്തെക്കുറിച്ച് അത്രയ്ക്കൊന്നും മതിപ്പില്ലാത്തവരാണു നമ്മള്. പകല്‍പോലെ വെളിച്ചമുള്ള അനവധി കാരണങ്ങള്‍ അതിനു നിരത്താന്‍ കഴിയും. ഒപ്പം പഴയ പള്ളിക്കൂടം ഓര്‍മകളുടെ വിതുമ്പലും മനസില്‍ ഓടിയെത്തും. ഇത്തരം ആത്മവിതുമ്പലുകളുടെ ശമന ഔഷധങ്ങളാണ് അക്ബര്‍ കക്കട്ടിലിന്റെ പള്ളിക്കൂടം കഥകള്‍. അതു പണ്ടത്തെ ഗുരുകുല പാരമ്പര്യത്തിന്റെ സമകാലിക തരിവെട്ടം പലപ്പോഴും തരുന്നുണ്ട്. എഴുത്തിലെ മാഷും മാഷിലെ എഴുത്തുകാരനുമായി അദ്ദേഹം ഒരുതരം ഇരട്ട ജീവിതം ആന്തരികമായി ജീവിച്ചുവെന്നുവേണം പറയാന്‍.
നോവലും നോവലെറ്റുകളും കഥകളുമായി വലിയൊരു എഴുത്തു സമ്പത്തിന്റെ ഉടമയായ അക്ബര്‍ കക്കട്ടിലിന്റെ സാഹിത്യലോകം സ്നേഹത്തിന്റെയും ഭൂതദയയുടെയും സംരക്ഷണത്തിന്റെയും ജാഗ്രതയുടെയും അകം പുറം കാഴ്ചകള്‍ തുറന്നിടുന്നുണ്ട്. ജീവിതത്തിന്റെ വ്യത്യസ്ത ലാന്റ്സ്ക്കേപ്പുകള് തന്റെ കഥാലോകത്തു നിറയുമ്പോഴും അനുഭവക്കരുത്തുള്ള സ്ക്കൂള് വിശേഷങ്ങളില്‍ കോര്‍ത്തെടുത്ത കഥകളിലാണ് കക്കട്ടിലിന്റെ തെളിച്ചം കൂടുതല്‍ കാണുന്നത്.
സ്കൂളും മാഷും കുട്ടികളും പരിസരവുമായി നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെറിയ ലോകത്തിന്റെ വലിയ കഥകളിലെ അന്യാദൃശ വൈരുധ്യങ്ങളും വൈവിധ്യങ്ങളും വലിയവരുടെ കഥകളേക്കാള്‍ വിസ്തൃതവും ഒരു പക്ഷേ ആഴവും പരപ്പും ഉള്ളവയാണ്. ഏച്ചുകെട്ടലുകളുടെ എടുപ്പുകളില്ലാത്തതു കൊണ്ടാവണം ഇവ കൂടുതല്‍ വായനക്കാരുമായി അടുപ്പംകൂടുന്നത്. തീരെ നിഷ്ക്കളങ്കമെന്നു തോന്നുന്ന ഒന്നില്‍ നിന്നും തുടങ്ങി കഥാപാത്രത്തിന്റെ ഉള്ളറകളിലേക്കു നീണ്ടു ചെന്ന് ജീവിതത്തിന്റെ ആശങ്കാ ഭരിതമായ ക്യാന്‍വാസിലേക്കു വളരുന്ന സ്വഭാവമാണ് അക്ബറിന്റെ കഥകള്‍ക്കുള്ളത്.
കുട്ടികള്‍ ഉണരുന്ന നേരം എന്ന കഥയിലെ പന്ത്രണ്ടുകാരി നീലിമ പ്രത്യക്ഷത്തില്‍ ചെറുതെന്നു തോന്നും വിധമുള്ള ഒരുപ്രശ്നത്തിലാണ്. അതുപക്ഷേ പെട്ടെന്നു തീര്‍ക്കാവുന്നതേയുള്ളു. കഥയുടെ അവസാനത്തിലേക്കെത്തുമ്പോള്‍ സ്ക്കൂളിലേക്കു വരാന്‍ വൈകുന്ന അമ്മയെക്കുറിച്ച് നീലിമ ആധികൊള്ളുന്നു. മാഷുമ്മാര് സ്നേഹപൂര്‍വം ആശ്വസിപ്പിക്കുന്നു. തങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാവുമെന്നു പറയുന്നു. അതാണു തന്റെ പേടിയെന്ന് ഉള്ക്കിടിലത്താടെ നീലിമ പറയുന്നതോടെ കഥതീരുന്നു. ഇന്നത്തെ ഗുരുതരമായൊരു സാമൂഹ്യപ്രശ്നത്തിന്റെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷം ഊന്നിക്കൊണ്ടു കഥ അവസാനിക്കുമ്പോള്‍ സ്ക്കൂളുകളിലും കോളേജുകളിലും പീഡനത്തിനിരയാകുന്ന വിദ്യാഥിനികളുടെ ദുരന്തം ഓര്‍മിക്കാം.
ചിരിയുടെ നിലവാരത്തകര്ച്ചയില്ലാത്ത നര്‍മത്തിന്റെ മേമ്പൊടിയിലെഴുതപ്പെട്ടിട്ടുള്ള പലകഥകളിലും മറഞ്ഞിരുന്നു ക്രമേണെ തെളിഞ്ഞു വരുന്ന ദുരിത ദുഖങ്ങളുടെ വേദന കക്കട്ടില്‍ കാണിച്ചു തരുന്നു. ചിരിയുടെ പിന്നില്‍ അമര്‍ത്തപ്പെട്ട വ്യസനങ്ങളുടെ തീവ്രത, മഴയത്തിറങ്ങി നടക്കാനാണെനിക്കിഷ്ടം കരയുന്നതാരും കാണില്ലല്ലോ എന്നു പറഞ്ഞ ചാപ്ളിന്റേതു പോലുള്ള വിപരീത സൗന്ദര്യം തേടുന്നുണ്ട്. ആരിലും ഓടിക്കേറി ഇരിപ്പുറപ്പിക്കുന്ന ലളിതമായ ഭാഷയും മലബാര്‍ തനിമയും കഥ പറയുന്ന പ്രദേശത്തിന്റെ സൂക്ഷ്മ നിരീക്ഷണത്താലും ജീവിതമാകുന്നുണ്ട് അക്ബറിന്റെ കഥകള്‍.
കാരൂര്‍ നീലകണ്ഠ പിള്ളയുടെ അധ്യാപക കഥകള്‍ക്കുശേഷം അതിനേക്കാള്‍ സമകാലീനതയുടെ എല്ലാസ്വഭാവങ്ങളോടെയും മലയാളത്തില്‍ ആവഴിയില്‍ എഴുതപ്പെട്ടവയാണ് അക്ബര്‍ കഥകള്‍. കാരൂരിന്റെ കഥകളില്‍ ഏറെയും അധ്യാപക പ്രശ്നങ്ങളാണെങ്കില്‍ സ്ക്കൂളിന്റെ സര്‍വതല സ്പര്ശിയാണ് കക്കട്ടില്‍ കഥകളെന്നൊരു പ്രത്യേകതയുണ്ട്. മനുഷ്യ ജീവിതത്തിന്റെ ബഹുമുഖ പദ്ധതികളെക്കുറിച്ചെഴുതാന് സ്വന്തം കാഴ്ചവട്ടത്തുള്ള അക്ഷയ ഖനിയാണ് ഈ കഥാകാരന് സ്കൂള്‍ പരിസരം. പ്രശ്നങ്ങളില്‍ നിന്നാണ് ഫിലോസഫിയുണ്ടാകുന്നതെന്നു പറയുമ്പോള്‍ അനുഭവങ്ങളാണ് അതിനാധാരമെന്ന് അക്ബര്‍ കക്കട്ടില്‍ കഥകള്‍ ഓര്‍മിപ്പിക്കുന്നു. ഷേക്സ്പിയര് രചനകളില്‍ നിന്നുമാണ് ആധുനിക മനശാസ്ത്രത്തിന്റെ വേരുപടര്ച്ചയുണ്ടായതെന്നു പറയുമ്പോള്‍ സ്ക്കൂള് മനശാസ്ത്രത്തെക്കുറിച്ചുള്ള പാഠങ്ങള്‍ അക്ബറിന്റെ പള്ളിക്കൂടം കഥകളില്‍ നിന്നുകൂടി മലയാളത്തിനു വായിച്ചെടുക്കാം.
മറ്റു കഥാകാരില്‍ നിന്നും വേറിട്ടതാണ് അക്ബറിന്റെ കഥാലോകം. അതുകൊണ്ടു തന്നെ വായനക്കാര്‍ അദ്ദേഹത്തിനൊപ്പമുണ്ട്. വിഷയദാരിദ്ര്യംകൊണ്ടു വീര്‍പ്പുമുട്ടുന്ന നമ്മുടെ ചില എഴുത്തുകാര്‍ വിവാദങ്ങളിലൂടെ നിലനില്ക്കുമ്പോള് പ്രതിഭകൊണ്ട് കക്കട്ടില്‍ കൂടുതല്‍ ആദരവര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: