ഹൈദ്രാബാദ് സര്‍വകലാശാലയില്‍ ദളിത് പീഡനം നടന്നുവെന്നതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ നിരന്തരം ഘോഷമുയര്ത്തുന്ന കോണ്‍ഗ്രസും പ്രത്യേകിച്ച് ഇടതുപക്ഷ കക്ഷികളും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന പുന്നപ്ര വയലാര്‍ സമരത്തെക്കുറിച്ച് ഓര്‍ക്കുന്നത് നന്ന്. ആ സമരത്തെക്കുറിച്ച് ആര്‍എസ്എസിന്റെയോ ബിജെപിയുടേയോ നേതാക്കള്‍ എഴുതിയ പുസ്തകമല്ല ‘പുന്നപ്ര വയലാര്‍’. മറിച്ച് പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സ്വാതന്ത്യസമര സേനാനിയുമായ കെ.സി ജോര്‍ജിന്റെ പുസ്തകമാണത്.
നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ ഈഴവരെയും ദളിതരെയും വാരിക്കുന്തവുമായി പട്ടാളത്തിനു മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ട് നേതാക്കള്‍ മുങ്ങിയ കൊടും ചതിയാണ് പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും നടന്നത്. കൊല്ലപ്പെട്ട ആയിരങ്ങളില്‍ 90ശതമാനം ഈഴവരായിരുന്നു. പട്ടാളം വെടിവെക്കില്ലെന്നും അഥവാ വെടിവച്ചാല്‍ നിലത്ത് കിടന്നാല്‍ മരിക്കില്ലെന്നും തോക്ക് ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തോക്കില്‍ നിന്നും മഞ്ചാടിയും മുതിരയുമാണ് വരുന്നതെന്ന് പരിശീലന ക്യാമ്പ് നടത്തിയവര്‍ തെറ്റിദ്ധരിപ്പിച്ചു എന്നും പയപ്പെടുന്നു.
1946 ല്‍ ആയിരക്കണക്കിന് തൊഴിലാളികളെ നിറതോക്കിന് മുന്നിലേക്ക് അയച്ചിട്ട്, ഇഎംഎസ്
സമുദായ പ്രവര്‍ത്തനം നടത്താന്‍ പോയതിന്റെ പുന്നപ്രവയലാര്‍ സമരത്തിലെ ചതി സിപിഐ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ‘പുന്നപ്ര വയലാര്‍’ എന്ന പുസ്തകത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സമരസേനാനി കൂടിയായ കെ.സി. ജോര്‍ജ് എഴുതി പ്രഭാത് ബുക്ക് ഹൗസാണ് 1972ല്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘ഒരു ചെറിയ സംശയം’ എന്ന തലക്കെട്ടില്‍ രേഖപ്പെടുത്തിയ ഭാഗത്താണ് ഇഎംഎസ് നടത്തിയ ചതി രേഖപ്പെടുത്തിയിട്ടുള്ളത്.
1946 ഒക്ടോബര്‍ 24നായിരുന്നു പുന്നപ്ര വെടിവയ്പ്. ഇതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് വയലാറില്‍ വെടിവയ്പ് നടന്നത്. പുന്നപ്രയില്‍ വെടിവയ്പ് നടന്നതിന്റെ പിറ്റേന്ന് 25ന് പാതിശേരിയില്‍ കൂടിയ യോഗക്ഷേമസഭയുടെ യോഗത്തില്‍ ഇഎംഎസ് പ്രസംഗിച്ചതാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ‘യോഗക്ഷേമം’ വാരികയുടെ നവംബര്‍ ലക്കത്തില്‍ ഇഎംഎസിന്റെ ഉത്ബോധനം എന്ന തലവാചകത്തില്‍ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘സഭാ പ്രവര്‍ത്തനവും നമ്പൂതിരിമാരുടെ ജീവിതവും തമ്മില്‍ വേണ്ടത്ര ബന്ധമുണ്ടാക്കാന്‍ കഴിയാത്തതാണ് സഭ സജീവമാകാത്തതിന് കാരണമെന്ന് ഉദാഹരണ സഹിതം ഇഎംഎസ് തെളിയിച്ചു’ ഇതാണ് യോഗക്ഷേമത്തിലെ റിപ്പോര്‍ട്ടിലെ ആദ്യഭാഗം.
പുന്നപ്ര വെടിവയ്പ് കഴിഞ്ഞ് ആ മണ്ണില്‍ ചോര കുതിര്‍ന്നു കിടക്കുമ്പോള്‍ അവിടെ മരിച്ചുവീണ സഖാക്കളുടെ മൃതശരീരങ്ങള്‍ വലിയചുടുകാട്ടില്‍ കാക്കയും പരുന്തും കൊത്തിവലിച്ചു കൊണ്ടിരുന്നപ്പോള്‍ നമ്പൂതിരി സമുദായം നന്നാക്കാന്‍ നടന്ന വിപ്ലവകാരി എന്നാണ് കെ.സി. ജോര്‍ജ് പുസ്തകത്തില്‍ ഇഎംഎസിനെ വിശേഷിപ്പിക്കുന്നത്. ‘പുന്നപ്ര വയലാര്‍ സമരത്തില്‍ വ്യക്തികള്‍ വഹിച്ച പങ്കിനെപ്പറ്റി ഇന്ന് പല തെറ്റിദ്ധാരണകളും ഉള്ളതുകൊണ്ട് ഈ സംഭവം കൂടി ഇവിടെ ചേര്‍ക്കണമെന്ന് തോന്നി. ഇഎംഎസ് അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേരളത്തില്‍ നിന്നും ഉണ്ടായിരുന്ന ഏക കേന്ദ്രകമ്മറ്റി മെമ്പറായിരുന്നുവെന്നും’ പുസ്തകത്തില്‍ കെ.സി. ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ട തൊഴിലാളികളും മറ്റും പോലീസിനാല്‍ വേട്ടയാടപ്പെട്ടപ്പോള്‍ ട്രേഡ് യൂണിയന് നേതാക്കന്മാരായ ടി.വി. തോമസും പി.കെ. പദ്മനാഭനും സ്വന്തം വീടുകളില്‍ പരസ്യമായി കഴിഞ്ഞതും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പുന്നപ്രവയലാര്‍ സമരത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സിപിഐ ഔദ്യോഗികമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
1946 ല്‍ നടന്ന പുന്നപ്ര വയലാര്‍ സമരം പാര്‍ട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ മനപൂര്‍വ്വം ചെയ്തതായിരുന്നു എന്ന വിശ്വാസം പാര്‍ട്ടി മെമ്പര്മാര്ക്കിടയില് തന്നെ ശക്തമായിരുന്നു. 1946 ല്‍ സ്വാതന്ത്യകൈമാറ്റം തീരുമാനമായിക്കഴിഞ്ഞിരുന്നു എന്നകാര്യവും ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂര്‍ സ്വാഭാവികമായി ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുമെന്നും നേതാക്കള്‍ക് അറിയാമായിരുന്നു എന്ന് കരുതാനേ തരമുള്ളു. പക്ഷേ അവര്‍ എന്തിനോ വേണ്ടി ഒരു കലാപമുണ്ടാക്കി. നേതാക്കളെല്ലാം പിന്നിട് ആധികാരം കയ്യാളി സുഖിച്ചു. വെടിയേറ്റു മരിച്ചവരുടെ ശരീരങ്ങള്‍ പോലും വീട്ടുകാര്‍ക് കിട്ടിയില്ല അതെല്ലാംകൂട്ടിയിട്ടു കത്തിച്ചു.
ഇന്നും ജീവിച്ചിരിക്കുന്ന പുന്നപ്ര വയലാര്‍ നായകനെന്ന് വാഴ്ത്തപ്പെടുന്ന നേതാവ് പൂഞ്ഞാറ്റില് ഒളിച്ചിരിക്കുകയായിരുന്നു. വെടിവയ്പ് നടന്ന ജില്ലയില്‍ പോലുമില്ലായിരുന്നു. അതിന് നേതാവ് പറയുന്ന കാരണമാണ് രസകരം’ തനിക്കെതിരെ ഒരു അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു’ പോലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: