മരങ്ങളും പച്ചക്കറികളും മറ്റ് ജൈവ സമ്പുഷ്ടമായ ചെടികളും നട്ട് കേരളത്തെ മുഴുവനായി ഹരിത തീരമാക്കി മാറ്റാമെന്ന സ്വപ്നങ്ങള്‍ക്ക് ഇനിയും വിദൂരതയേറെ. സിക്കിം മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഉദ്യമങ്ങള്‍ ഫലവത്താകാന് കടമ്പകളേറെ താണ്ടാനുണ്ടെന്നാണ് കണക്കുകളും സൂചിപ്പിക്കുന്നത്.
26.24 ലക്ഷം ഹെക്ടറുകളില്‍ നടത്താനുദ്ദേശിക്കുന്ന കൃഷിയില്‍ പൂര്‍ത്തിയാക്കാനായത് 15,162 ഹെക്ടറുകളില്‍ മാത്രം. അതായത് 0.55 ശതമാനം. കണക്കുകളില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ വര്ദ്ധവനുണ്ടായിട്ടുണ്ടെങ്കിലും ഈ കണക്കുകള്‍ അയല്‍ സംസ്ഥാനങ്ങളെ കൂടി ആശ്രയിച്ചാണ്. 2011-12 ല്‍ ഉത്പാദനം 8.25 ആയിരുന്നെങ്കില്‍ 2014-15 കാലയളവില്‍ 13.55 ആണ്. പ്രതിദിനം 160 ഗ്രാമാണ് പച്ചക്കറി ഉപഭോഗം. വാര്‍ഷിക ഉപഭോഗമാകട്ടെ 20.78 ലക്ഷം ടണ്ണും. എന്നിരുന്നാലും കൃഷിയിടങ്ങളില്‍ എത്രത്തോളം കീടനാശിനി രഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് യഥാര്‍ത്ഥ പ്രശ്നം.
പച്ചക്കറികള്‍ക്കായി അന്യസംസ്ഥാനങ്ങളെ അധികമായി ആശ്രയിക്കേണ്ട അവസ്ഥയാണ്. അവ കീടനാശിനിയില്‍ കുളിച്ചതായിട്ടും കൂടി. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിഡിപി(വെജിറ്റബിള്‍ ഡെവലപ്പ്മെന്റ് പ്രോജക്റ്റ്) പദ്ധതിക്ക് മുന്‍കൈയെടുത്തത്. എന്നാല്‍ പദ്ധതി ഫലവത്താകാതെ പോകുന്ന കാഴ്ച്ചയാണ് കാണുന്നത്. 2011-12 കാലയളവില്‍ 42,477 ഹെക്ടറുകളിലാണ് കൃഷി നടത്തിയിരുന്നതെങ്കില്‍ 2014-15 കാലയളവില്‍ ഇത് 90,533 ഹെക്ടറായി ഉയര്‍ത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇതില്‍ സര്‍ക്കാരിന്റെ പദ്ധിതിയായ വിഡിപിക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞത് 36 ശതമാനം മാത്രമാണെന്ന് സാമ്പത്തിക അവലോകനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക അവലോകനം പുറത്തിറക്കിയത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് ഒരു സര്‍വ്വേ നടപ്പാക്കിയതെങ്കില്‍ മറ്റൊന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളായനി കോളേജായിരുന്നു. സര്‍വ്വേ സ്റ്റാറ്റസ് പ്രകാരം ഭാരതത്തിലുടനീളമുള്ള കൃഷിയിടങ്ങളില്‍ നിന്ന് സമാഹരിച്ച സാമ്പിളുകളിലെല്ലാം കീടനാശിനി കണ്ടെത്തിയിരുന്നു. 21.3 ശതമാനം പച്ചകറികളിലായി കേന്ദ്രം നടത്തിയ പരിശോധനയില്‍ കീടനാശിനി അവശിഷ്ടങ്ങള്‍ അളക്കാനാവുന്നതായിരുന്നു. എന്നാല്‍ ഈ പരിശോധന തന്നെ 2.9 ശതമാനം സാമ്പിളുകളില്‍ നടത്തിയപ്പോള്‍ കീടനാശിനി അവശിഷ്ടങ്ങള്‍ പരിധിക്കു മുകളിലായി കണ്ടെത്തി. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ സര്‍വ്വേകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 1,197 സാമ്പിളുകളിലെ 26 ശതമാനം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ തന്നെ കീടനാശിനിയുടെ അളവ് പരിധി കവിഞ്ഞിരുന്നു.
നെല്ല് ഉത്പാദനത്തില്‍ നടത്തിയ പരിശോധനയിലും കീടാനാശിനി കുറവായിരുന്നില്ല. 72 സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ 19 സാമ്പിളുകളിലും കീടനാശിനി കണ്ടെത്തി. 12 സാമ്പിളുകളിലാകട്ടെ പരിധിക്ക് മുകളിലായിരുന്നു കീടാനാശിനി.
കണക്കുകള്‍ സൂചിപ്പിക്കുന്നത് കര്‍ഷകരില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഒരു നയം കൊണ്ടു വരേണ്ടത് ആവശ്യമാണെന്നതാണ്. കൃഷി സംബന്ധമായി മറ്റ് കാര്യശേഷിയില്ലാത്ത പരിപാടികള്‍ക്ക് പകരം ഇത്തരം നയങ്ങളാണ് സംസ്ഥാനമൊട്ടാകെ നടപ്പാക്കേണ്ടത്. ഇനിയും അമാന്തമുണ്ടായാല്‍ കീടനാശിനി രഹിതമായ ഹരിത തീരം കേരളത്തിന് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: