ഡച്ച് ഫുട്ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് വിടവാങ്ങുമ്പോള്‍ ഫുട്ബോള്‍ ലോകത്തിന് നഷ്ടമാകുന്നത് അസാമാന്യ പ്രതിഭാധനനായ ഒരു കളിക്കാരനെ മാത്രമല്ല ഫുട്ബോള്‍ ചരിത്രത്തില്‍ നാഴികക്കല്ലായ പല ആശയങ്ങള്‍ക്കും തുടക്കം കുറിച്ച ആചാര്യനെ കൂടിയാണ്.
കാല്‍പ്പന്തുകളിയുടെ പരമ്പരാഗത ശൈലിയെ തന്നെ മാറ്റിമറിച്ച അതുല്യപ്രതിഭയാണ് ഡച്ച് ഫുട്ബോളിന്റെയെന്നല്ല ലോക ഫുട്ബോളിന്റെ തന്നെ ഇതിഹാസമായി മാറിയ ക്രൈഫ്. അതുകൊണ്ടുതന്നെയായിരുന്നു പെലെയെ ഫുട്ബോളിന്റെ ചക്രവര്‍ത്തിയായി ലോകം വാഴ്ത്തിയപ്പോള്‍ യോഹാന്‍ ക്രൈഫിനെയാണ് ടോട്ടല്‍ ഫുട്ബോളിന്റെ ഉപജ്ഞാതാവായി ഉയര്‍ത്തിക്കാട്ടിയത്. ടോട്ടല്‍ ഫുട്ബോള്‍ എന്നു പറഞ്ഞാല്‍ ഗോളിയല്ലാത്ത ഏതു പോസിഷനിലും കളിക്കാര്‍ പൊസിഷന്‍ മാറി കളിക്കും. അറുപതുകളുടെ അവസാന കാലത്താണ് ടോട്ടല്‍ ഫുട്ബോളിന്റെ തുടക്കം. ഹോളണ്ടാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍.
1915 മുതല്‍ തന്നെ നിലവിലുണ്ടെങ്കിലും ടോട്ടല്‍ ഫുട്ബോളിന്റെ ആധുനികശൈലിയുടെ പിതാവ് റിനെ മിഷേല്സാണ്. അറുപതുകളില്‍ അയാക്സ് ടീമിലും എഴുപതുകളില്‍ ഹോളണ്ട് ദേശീയ ടീമിലും അദ്ദേഹം അതു നടപ്പാക്കി. മിഷേല്‍സ് രൂപപ്പെടുത്തിയ ടോട്ടല്‍ ഫുട്ബോളിന്റെ ഏറ്റവും ശക്തനായ പ്രയോക്താവായിരുന്നു ക്രൈഫ്.
കളിക്കാരനില്‍നിന്ന് പരിശീലകന്റെ കുപ്പായമണിഞ്ഞപ്പോള്‍ ടോട്ടല്‍ ഫുട്ബോളിനെ കുറേക്കൂടി പുതുമയുള്ള വിഭവമാക്കി െ്രെകഫ് മാറ്റി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ പെപ് ഗാര്‍ഡിയോള ഉള്‍പ്പെടുന്ന ബാഴ്സലോണയെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയത് ഈ ശൈലിയിലൂടെയാണ്.
ഫുട്ബോളിലെ ഇതിഹാസങ്ങളുടെ പട്ടികയിലാണ് യോഹാന്‍ ക്രൈഫിന്റെ സ്ഥാനം. 1974-ലെ ലോകകപ്പ് ഫുട്ബോളില്‍ ഗോള്‍ഡന്‍ പന്തും യോഹാന്‍ െ്രെകഫിനായിരുന്നു. ഈ ഒരു ലോകകപ്പില്‍ മാത്രമാണ് ക്രൈഫ് കളിച്ചതും. അതിവേഗതയിലോടുന്ന ഒരു അത്ലറ്റായിരുന്നു ക്രൈഫ്. തന്റെ സഹകളിക്കാര്‍ ഏതു പൊസിഷനിലാണ് നില്‍ക്കുന്നതെന്ന് മനക്കണ്ണു കൊണ്ട് ക്രൈഫ് കണ്ടിരുന്നു. എന്നാല്‍ ക്രൈഫിന് ഒരു ദോഷമുണ്ടായിരുന്നു. പൊട്ടിത്തെറിക്കുന്ന ദേഷ്യം. ക്രൈഫിന്റെ മുന്കോപമില്ലായിരുന്നെങ്കില് െ്രെകഫ് പെലെയെക്കാള് ഒരു പടി മുന്നിലാകുമായിരുന്നു എന്നാണ് അന്നത്തെ ഫുട്ബോള്‍ വിദഗ്ധന്മാര് വിലയിരുത്തിയിരുന്നത്. കളിക്കാരനായും കോച്ചായും തിളങ്ങിയ അപൂര്‍വ്വ വ്യക്തികൂടിയാണ് ക്രൈഫ്.
ഡച്ച് ക്ലബായ അയാക്സില്‍ കൂടിയാണ് ക്രൈഫിന്റെ മുന്നേറ്റം തുടങ്ങിയത്. അയാക്സ് തുടര്‍ച്ചയായി 1971,72,73 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ കപ്പ് നേടി. 1972ല്‍ ലോക ക്ലബ് ചാമ്പ്യന്‍ഷിപ്പും അയാക്സ് നേടി. യൂറോപ്യന്‍ കപ്പ് നേട്ടത്തിലും ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിലും ക്രൈഫിന്റെ പ്രകടനം അതുല്യമായിരുന്നു.
ക്രൈഫും ഹോളണ്ട് ടീമും ലോക ഫുട്ബോളില്‍ അജയ്യരായിരുന്നെങ്കിലും ഒരു ലോകകപ്പോ യൂറോ കപ്പോ നേടാന്‍ കഴിഞ്ഞില്ല എന്നത് ഒരു വിരോധാഭാസമായി എന്നും നിലനിന്നു. അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായിരുന്നു ക്രൈഫ്. അതേസമയം സന്ദര്‍ഭത്തിനനുസരിച്ച് ഏത് പൊസിഷനിലും കളിക്കാന്‍ ക്രൈഫിന് കഴിഞ്ഞിരുന്നു. സെന്റര്‍ ഫോര്‍വേഡായിരുന്ന ക്രൈഫ് പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞ് പന്തുപിടിച്ചെടുത്തശേഷം എതിരാളികളെ കബളിപ്പിച്ച്, വിംഗില്കൂടി പാഞ്ഞു കയറി, ഗ്രൗണ്ടിന്റെ മധ്യത്തിലെത്തി സൈഡ് വിംഗില്കൂടി തന്റെ ശക്തിയേറിയ വലം കാലിനടികൊണ്ട് ഗോളടിച്ചിരുന്നു. ആറ് പ്രതിരോധ നിരക്കാരെ വരെ കബളിപ്പിച്ച് ഗോളടിക്കുവാന്‍ ക്രൈഫിനു കഴിഞ്ഞിരുന്നു. ക്രൈഫിന്റെ സഹകളിക്കാരും നിസാരരല്ലായിരുന്നു. യോഹാന്‍ നിസ്കന്സ്, റഫ് മുതലായവര്‍.
പത്തൊമ്പതാം വയസ്സിലാണ് യോഹാന്‍ ക്രൈഫ് ഡച്ച് ഫുട്ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഹംഗറിക്കെതിരായ ആദ്യ മത്സരത്തിന്റെ അവസാന മിനിറ്റില്‍ ക്രൈഫ് നേടിയ ഗോളിലുടെ നെതര്‍ലന്റ്സ് സമനില പിടിക്കുകയും ചെയ്തു.
1974ലെ ജര്‍മ്മന്‍ ലോകകപ്പിലേക്ക് ഏറെ കഷ്ടപ്പെട്ടാണ് നെതര്‍ലന്റ്സ് യോഗ്യത നേടിയത്. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ 2-0 ന് ഉറുഗ്വയെ തോല്‍പ്പിച്ചു. അടുത്ത കളിയില്‍ സ്വീഡനുമായി 0-0 സമനില. ബള്‍ഗേറിയയെ 4-1ന് നിലംപരിശാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ക്രൈഫിന്റെ ഇരട്ടഗോളുകളുടെ മികവില്‍ അര്‍ജന്റീനയെ 4-0ന് കീഴടക്കി. പിന്നീട് കിഴക്കന്‍ ജര്‍മ്മനിക്കെതിരെ 2-0 വിജയം നേടിയെങ്കിലും ക്രൈഫിന് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. അടുത്ത മത്സരം ലോകചാമ്പ്യന്മാരായ ബ്രസീലിനോട്. ക്രൈഫ് നേടിയ ഗോളടക്കം 20ന് ബ്രസീലിനെ പരാജയപ്പെടുത്തി നെതര്‍ലന്റ്സ് ഫൈനലിലേക്ക്. എതിരാളി പശ്ചിമ ജര്‍മ്മനി. ജര്‍മ്മനിയുടെ നായകനായി സാക്ഷാല്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍. ക്രൈഫിനെ തളയ്ക്കാന്‍ ബെക്കന്‍ ബോവര്‍ പ്രതിരോധനിരക്കാരനായ ബര്‍ട്ടി വോട്സിനെ നിയോഗിച്ചു. ആദ്യം തന്നെ ഈ നീക്കം പാളി. ആദ്യ മിനിറ്റില്‍ തന്നെ നിസ്ക്കിന്സും ക്രൈഫും ചേര്‍ന്ന് 13ഓളം തവണ പന്ത് പാസ് ചെയ്ത് ജര്‍മ്മന്‍ കളിക്കാരെ കബളിപ്പിച്ചശേഷം ക്രൈഫ് ബോക്സിലേക്ക് കടന്നുകയറി. ജര്‍മ്മന്‍ പ്രതിരോധ നിരക്കാരന് ക്രൈഫിനെ ചവുട്ടിവീഴ്ത്തി. പെനാല്‍റ്റി ഹോളണ്ടിന്. കിക്കെടുത്ത നിലസ്ക്കിന്സ് ഹോളണ്ടിനെ മുന്നിലെത്തിച്ചു. ഇതെല്ലാം സംഭവിച്ചത് മത്സരം രണ്ട് മിനിറ്റ് മാത്രം പിന്നിടുന്നതിന് മുന്നേ. ജര്‍മ്മനിക്ക് പന്ത് തൊടുവാന്‍ പോലും കഴിഞ്ഞില്ല. ആദ്യപകുതി ഹോളണ്ടിന്റേതായിരുന്നു. രണ്ടാംപകുതിയില്‍ ജര്‍മ്മന്‍ കളിക്കാര്‍ തുടരെ ഫൗള്‍ ചെയ്തു. ഹോളണ്ടിന്റെ കളിയുടെ വേഗത കുറഞ്ഞു. ജര്‍മ്മനിക്ക് 2-1 വിജയം. കിരീടം നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ക്രൈഫും ഹോളണ്ടും പൊട്ടിക്കരഞ്ഞു. ദേശീയ ടീമിന് വേണ്ടി വെറും 48 മത്സരങ്ങളില്‍ മാത്രം കളിച്ച് 33 ഗോളുകള്‍ നേടിയ ക്രൈഫ് 1977ല്‍ ദേശീയ ജേഴ്സി അഴിച്ചുവച്ചു.
അഞ്ച് തവണ ഡച്ച് ഫുട്ബോളര് ഓഫ് ദി ഇയര്‍ ആയി ക്രൈഫ് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1969, 1971, 1972, 1984 എന്നീ വര്‍ഷങ്ങളില്‍. 1968ല്‍ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ ക്രൈഫ് 1971, 1973, 1974 വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓര് ബഹുമതിയും സ്വന്തമാക്കി. 1974ലെ ഫിഫ വേള്‍ഡ്കപ്പ് ഓള് സ്റ്റാര്‍ ടീമിലും 20-ാം നൂറ്റാണ്ടിലെ ലോക ടീമിലും ക്രൈഫ് ഇടം പിടിച്ചു.
ദേശീയ ടീമിനേക്കാള്‍ കൂടുതല്‍ ക്ലബ് ഫുട്ബോളിലാണ് ക്രൈഫ് അരങ്ങുതകര്‍ത്തത്. അയാക്സിനും ബാഴ്സലോണക്കും ലോസ് ഏഞ്ചല്‍സ് ഗ്യാലക്സിക്കും വേണ്ടി കളിച്ച െ്രെകഫ് ടീമുകള്‍ക്ക് നിരവധി കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. 19 വര്‍ഷം നീണ്ട കരിയറിലെ 520 മത്സരങ്ങളില്‍ നിന്നായി 392 തവണ ക്രൈഫ് സ്കോര്‍ ചെയ്തിട്ടുണ്ട്. പിന്നീട് അയാക്സിന്റെയും ബാഴ്സയുടെയും മാനേജര്‍ പദവിയും ക്രൈഫ് വഹിച്ചു. െ്രെകഫിന്റെ ശിക്ഷണത്തില്‍ 1990-91 മുതല്‍ തുടര്‍ച്ചയായ നാല് സീസണുകളില്‍ ബാഴ്സലോണ ലാ ലീഗ കിരീടവും സ്വന്തമാക്കി. പരിശീലകനെന്ന നിലയിലും ക്രൈഫിന് ഉജ്ജ്വലമായ റെക്കോഡാണുള്ളത്. പരിശീലകനായ 374 മത്സരങ്ങളില്‍ 242ലും െ്രെകഫിനൊപ്പമായിരുന്നു ജയം. 70 കളികള്‍ തോറ്റപ്പോള്‍ 75 എണ്ണം സമനിലയിലായി.
1947ല്‍ ആംസ്റ്റര്‍ഡാമിലാണ് ക്രൈഫിന്റെ ജനനം. ദരിദ്ര കുടുബത്തില്‍ ജനിച്ച ക്രൈഫിനെ തൂപ്പുകാരിയായ അമ്മ വളര്‍ത്തി. ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മയുടെ സ്വാധീനത്തില്‍ പന്ത്രണ്ടാം വയസില്‍ അയാക്സ് ടീമിലെത്തി. പത്തൊന്‍പതാം വയസില്‍ ഹോളണ്ടിന്റെ ദേശീയ ടീമിലെത്തിയെങ്കിലും യോഹാന്‍ ക്രൈഫിന്റെ ഏക ദുഃഖം ഡച്ച് ടീമിന് ഒരു ലോകകിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. ഹോളണ്ടിന് ഇന്നുവരെ ലഭിക്കാത്ത കിരീടവും അതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: