തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് സര്‍ക്കാര്‍ ധൃതി പിടിച്ച് പുറത്തിറക്കിയ ഉത്തരവുകളില്‍ പലതും വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചു കൊണ്ടിരിക്കയാണ്. ഉത്തരവുകളിലെ അധാര്‍മികത മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ നില പാടെടുക്കുകയും ചെയ്തതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും ഭരണകക്ഷി എംഎല്‍എമാരുമടക്കം ഇതിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തതോടെ സര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതെ വരികയായിരുന്നു. സര്‍ക്കാര്‍ ഭൂമി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഇഷ്ട ക്കാര്‍ക്ക് വീതം വെച്ച് നല്‍കിയതുമായി ബന്ധപ്പെട്ട ഉത്തരവുകളാണ് ഇങ്ങനെ നാണം കെട്ട് പിന്‍വലിക്കപ്പെട്ടവയില്‍ മിക്കവയും.
സന്തോഷ് മാധവന് എന്ന വിവാദസ്വാമിക്ക് ഏക്കറു കണക്കിന് നെല്‍വയലുകള്‍ അടക്കമുള്ള ഭൂമി ഐടി പാര്‍ക്ക് തുടങ്ങാന്‍ അനുവദിച്ചു കൊടുത്തു കൊണ്ട് റവന്യൂ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനമാണ് ഇങ്ങനെ പിന്‍വലിച്ചതില്‍ അവസാനത്തേത്. വിവാദ ഉത്തരവുകള്‍ ഇനിയുമുണ്ടെന്നിരിക്കെ വരും ദിവസങ്ങളിലും ഇത്തരം പിന്‍വലിക്കലുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനം മൊത്തമായി തൂക്കി വില്ക്കാന് നടത്തിയ സര്‍ക്കാരിന്റെ ശ്രമങ്ങളാണ് ഇത്തരത്തിലുള്ള ജനകീയ ഇടപെടലുകളിലൂടെ തിരുത്തിക്കുറിക്കപ്പെടുന്നത്.
മന്ത്രിമാരടക്കമുള്ളവര്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷ ണത്തിന് വിധേയരായ അവസരത്തില്‍ വിവരാവകാശ നിയമത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളിലും സര്‍ക്കാരിന് വന്‍ തിരിച്ചടി നേരിടേണ്ടി വന്നു. ഈ വിഷയത്തിലും നെല്ലിയാമ്പതി പോബ്സണ് ഗ്രൂപ്പില്‍ നിന്നും സര്‍ക്കാര്‍ ഭൂമിക്ക് നികുതി പിരിക്കാന്‍ നടത്തിയ ശ്രമത്തിലും പീരുമേട്ടിലെ ഹോപ്സ് പ്ലാന്റേഷന് വിഷയത്തിലുമൊക്കെ ഉത്തരവുകളില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. മെത്രാന്-കടമക്കുടി കായല്‍ നികത്താന്‍ നല്കിയ അനുമതിയും സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു.
കാലാവധി കഴിയാന്‍ നാളുകള്‍ ബാക്കിയിരിക്കെ കടും വെട്ടിന് മുതിര്‍ന്ന മന്ത്രിസഭ 220 തീരുമാനങ്ങളാണ് അവസാന നാളുകളില്‍ കൈക്കൊണ്ടത്. ഇതില്‍ 90 വിഷയങ്ങള്‍ അടിയന്തര പ്രാധാന്യമുള്ളതെന്ന നിലയില്‍ അജണ്ടയിലുള്‍പ്പെടുത്താതെയാണ് അവതരിക്കപ്പെട്ടത്. ഇതില്‍ മിക്കതും ഭൂമിയുമായും ഭൂനികുതിയുമായും ബന്ധപ്പെട്ടതായിരുന്നു. മന്ത്രിസഭ തീരുമാനമെടുത്ത ശേഷം പുറത്തിറങ്ങിയ ഉത്തരവുകള്‍ പിന്‍വലിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് അത് തികച്ചൂം അനധികൃതവും ജനവിരുദ്ധവുമായതിനാല് തന്നെയാണ്.
വന്‍ തുക ചിലവു വരുന്ന തെരഞ്ഞെടുപ്പില്‍ വാരിക്കോരി ചെലവഴിക്കാനുള്ള പണത്തിന്റെ സ്രോതസ്സുകളായ ഭൂമാഫിയകളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് വിവാദ ഉത്തരവുകള്‍ക്ക് പിന്നില്‍ നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: