കൊച്ചിയുടെ ഒട്ടും വിശാലമല്ലാത്ത റോഡുകളില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ എത്തിയിട്ട് ഏറെയായില്ല. 2014 നവംബറില്‍ ഈ രംഗത്തെ ആഗോളഭീമന് യൂബര്‍ കൊച്ചിയിലെത്തി. ഒരു വര്‍ഷം കഴിഞ്ഞാണ് ഇന്ത്യയിലെ ടാക്സി മേഖല ഭരിക്കുന്ന ഓല ക്യാബ്സ് ഇവിടെ ഓടിത്തുടങ്ങിയത്. പ്രതിവര്‍ഷം 25 ശതമാനത്തോളം വളരുകയാണ് രാജ്യത്തെ ടാക്സി മേഖലയെന്നാണ് സ്വകാര്യ ഏജന്‍സികളുടെ പഠനങ്ങള്‍ പറയുന്നത്.
2020ഓടെ ഏഴ് ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രവചിക്കുന്നത്. സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനം റെഡ്സീര്‍ നല്കുന്ന കണക്കുകള്‍ പ്രകാരം 250 മില്യണ്‍ ഡോളറിന് മുകളിലാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ (അഗ്രഗേറ്ററുകള്) ഓല, യൂബര്‍ എന്നിവയുടെ വിപണി വിഹിതം. ഇതാകട്ടെ നാല് വര്‍ഷം കൊണ്ടു മാത്രം സൃഷ്ടിച്ചതാണ്. സംഘടിത ടാക്സി മേഖലയില്‍ ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതവും ഇതാണ്. ആകെ ടാക്സി മേഖലയുടെ വെറും ആറ് ശതമാനമാണ് സംഘടിത മേഖലയ്ക്കുള്ളത് എന്നും കണക്കുകള്‍ പറയുന്നു. ഒന്‍പത് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആകെ വിപണിയുടെ നാമമാത്രമായ വിഹിതമേ സംഘടിത മേഖലയ്ക്കുള്ളു എന്നര്‍ത്ഥം.
രാജ്യത്തെ പതിനൊന്നാമത് നഗരമായാണ് 2014 നവംബറില്‍ യൂബര്‍ കൊച്ചിയില്‍ എത്തിയത്. കൊച്ചി രണ്ടുകൈയും നീട്ടി ഓണ്‍ലൈന്‍ ടാക്സികളെ സ്വീകരിച്ചു. കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സി തൊഴിലാളി യൂണിയന് പറയുന്നത് അനുസരിച്ച് കൊച്ചി നഗരത്തില്‍ 1200ഉം തിരുവനന്തപുരത്ത് 300ഓളവും ഡ്രൈവര്‍മാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരാണ്. സംഘടനയില്‍ അംഗത്വമെടുക്കാത്തവര്‍ 1000ന് മുകളില്‍ വരുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. കൊച്ചിയില്‍ യൂബര്‍ കിലോമീറ്ററിന് ഏഴ് രൂപയാണ് ഈടാക്കുന്നത്. അടിസ്ഥാന ചാര്‍ജ്ജ് 35രൂപ. ഓലയുടെ ചാര്‍ജ്ജ് 10രൂപയാണ്. അടിസ്ഥാന ചാര്‍ജ്ജ് 49രൂപയും. ഒരു ഡ്രൈവര്‍ക്ക് ഒരേസമയം ഒന്നിലധികം അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. യൂബര്‍, ഓല ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് രണ്ടു പേര്‍ക്ക് വേണ്ടിയും ഓടാം. ഒരു യാത്രയില്‍ നിന്ന് 20ശതമാനമാണ് യൂബര്‍ ഇടാക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജ്. ഓല 10ശതമാനവും. കേരളത്തിലെ ഇപ്പോഴുള്ള അടിസ്ഥാന ടാക്സി ചാര്‍ജ്ജ് 150രൂപയും അധിക കിലോമീറ്ററിന് 15രൂപയുമാണ്.
ഓണ്‍ലൈന്‍ ടാക്സികള്‍ക്കൊപ്പം പ്രതിഷേധങ്ങളും ഒപ്പം ഉണ്ടായി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നു, വിലപേശലിലൂടെ അനാരോഗ്യകരമായ മത്സരം ഉണ്ടാക്കുന്നു, ടാക്സി മേഖലയെ കുത്തകവല്‍ക്കരിക്കുന്നു എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍. ഓള് കേരള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ കണക്കുപ്രകാരം കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 30 കേസുകള്‍ ഇതുവരെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തിലൂടെ തങ്ങളുടെ ഡ്രൈവര്‍മാരെ നേരിടുന്നതിനെതിരെ യൂബര്‍ പ്രതിഷേധക്കുറിപ്പ് ഇറക്കിയിരുന്നു.
എന്താണ് ഓണ്‍ലൈന്‍ ടാക്സി? ഇനിയും അറിയാത്തവര്‍ക്ക്
നഗരകേന്ദ്രീകൃതമായ ടാക്സി സര്‍വ്വീസ് ആണ് ഓണ്‍ലൈന്‍ ടാക്സികള്‍. സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താവിന് തൊട്ടടുത്തുള്ള ടാക്സി വിളിക്കാം. ഓണ്‍ലൈന്‍ ആയി തന്നെ പണം നല്‍കാം. ഏതാണ് നമുക്ക് ലഭിക്കുന്ന കാര്‍, ആരാണ് നമ്മുടെ ഡ്രൈവര്‍ തുടങ്ങിയ വിവരങ്ങള്‍ ഫോണില്‍ ലഭിക്കും. ഇന്റര്‍നെറ്റിലൂടെ കാര്‍ നിരീക്ഷിക്കാം. എയര്‍കണ്ടീഷന്‍ വാഹനത്തില്‍ ഓട്ടോറിക്ഷയേക്കാള്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുകയും ആകാം. ഇതാണ് ചുരുക്കത്തില്‍ ഓണ്‍ലൈന്‍ ടാക്സി സേവനം. എന്നാല്‍ യൂബര്‍, ഓല തുടങ്ങിയ ഉപഭോക്താവിന് കാറുകള്‍ എത്തിച്ച് നല്കുന്ന ടാക്സി കമ്പനി അല്ല. ഡ്രൈവര്‍ക്കും ഉപഭോക്താവിനും ഇടയിലുള്ള സാങ്കേതികവിദ്യ കൈകാര്യം ചെയ്യുകയാണ് ഇവര്‍. ഈ കമ്പനികള്‍ക്ക് സ്വന്തം ടാക്സികളില്ല. ഡ്രൈവറും, യാത്രക്കാരനും ഓണ്‍ലൈന്‍ ടാക്സി സേവനദാതക്കള്‍ക്ക് ഉപഭോക്താവാണെന്ന് അര്‍ത്ഥം. പേയ്ടിഎം വാലറ്റ്, ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയാണ് സാധാരണ കമ്പനികള്‍ ഉപയോഗിച്ചിരുന്ന പേയ്മെന്റ് രീതികള്‍. കേരളത്തില്‍ പക്ഷെ തുടക്കം മുതല്‍ ഡ്രൈവര്‍ക്ക് നേരിട്ട് പണം നല്കുന്ന രീതിയുമുണ്ട്.
സാധാരണ ടാക്സികള്‍ യാത്ര ചെയ്യുന്ന ദൂരത്തിനൊപ്പം യാത്ര ചെയ്യുന്നിടത്തേക്ക് തിരികെ പോകാനുള്ള (റിട്ടേണ്‍) ചാര്‍ജ്ജ് കൂടി ഈടാക്കുന്നുണ്ടല്ലോ. ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ഈ രീതിയില്ല. യാത്ര അവസാനിപ്പിക്കുന്നിടത്ത് തന്നെ ഈ ടാക്സികള്‍ കിടക്കും. അവിടുന്ന് തന്നെ അടുത്ത സവാരി കണ്ടെത്തും. അതായത് റിട്ടേണ്‍ ഓട്ടത്തിനുള്ള പണം ഈടാക്കുന്നില്ല. സ്വന്തം ടാക്സികള്‍ അല്ലാത്തതുകൊണ്ട് ഇന്‍ഷുറന്‍സ്, ടാക്സ് മറ്റു ചെലവുകള്‍ ഒന്നും സേവനദാതാക്കളുടെ ചുമലില്‍ വരുന്നില്ല. ഇതും ചെലവ് കുറക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ മത്സരം മുന്നില്‍ക്കണ്ട് യാത്രക്കാരനും, ഡ്രൈവര്‍മാര്‍ക്കും പരമാവധി ഡിസ്കൗണ്ടുകള്‍ നല്‍കുന്നതാണ് ചെലവ് കുറക്കുന്ന മറ്റൊരു ഘടകം.
ഓണ്‍ലൈന്‍ ടാക്സികളോട് എതിര്‍പ്പില്ല: തൊഴിലാളി യൂണിയന്
ഓണ്‍ലൈന്‍ ടാക്സി എന്ന ആശയത്തെ എതിര്‍ക്കുന്നില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. എതിര്‍ക്കുന്നത് ടാക്സി മേഖല പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന കുത്തക കമ്പനികളെയാണ് സിഐടിയു കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.എ അലി അക്ബര്‍ പറയുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിന് താഴെ സര്‍വ്വീസ് നടത്തി പരമ്പരാഗത ടാക്സികളെ തകര്‍ക്കുകയാണ് കമ്പനികള്‍. വിപണി കീഴടക്കി പിന്നീട് നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് ഇവരുടെ ശ്രമം അദ്ദേഹം പറയുന്നു.
നിയമങ്ങളുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നില്ല എന്നതാണ് ഒരേസമയം ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളുടെ ഗുണവും ദോഷവും. സ്വതന്ത്ര ടാക്സി ഡ്രൈവര്‍മാരെ യാത്രക്കാരുമായി കൂട്ടിയിണക്കുന്ന സാങ്കേതികവിദ്യ കമ്പനി മാത്രമാണ് തങ്ങള്‍ എന്നാണ് യൂബര്‍ ഉള്‍പ്പെടയുള്ളവര്‍ അവകാശപ്പെടുന്നത്. അതുകൊണ്ട് ടാക്സി ഓപ്പറേറ്റര്‍ എന്ന നിലയിലെ ഒരു ബാധ്യതകളും അവര്‍ക്ക് ഏല്‍ക്കേണ്ടിവരുന്നില്ല. ഇതിന് അനുകൂലമായി ഒക്ടോബറില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവും ഇറക്കി. വിവിധ സംസ്ഥാനങ്ങള്‍ പലപ്പോഴായി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളെ മെരുക്കാന്‍ നിയമങ്ങള്‍ ആവിഷ്കരിച്ചു എങ്കിലും പൂര്‍ണ്ണത കൈവന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: