സാമ്പത്തിക പരിഷ്കരണങ്ങളുടെ തുറന്നിട്ട വാതായനങ്ങളിലൂടെ പുതിയ കാറ്റും വെളിച്ചവും ചൈനയിലേക്ക് കടന്നു വന്നതിന്റെ ഒരു ദുരന്ത പര്യവസായിയായ സംഭവമാണ് 1989 ലെ ടിയാന്മെന് കൂട്ടക്കൊല. അമേരിക്കയിലും പാശ്ചാത്യ നാടുകളിലും വിദ്യാഭ്യാസം സിദ്ധിച്ച ചെറുപ്പക്കാര്‍ അറിഞ്ഞത് അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പുതിയ രുചിക്കൂട്ടുകളാണ്.
ചൈനയിലേക്ക് മടങ്ങി വന്ന ആ ചെറുപ്പക്കാര്‍ പകര്‍ന്ന സ്വാതന്ത്ര്യത്തിന്റെ സന്ദേശം പടര്‍ന്ന് പിടിക്കാന്‍ അധികം താമസമുണ്ടായില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ട് ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ബെയ്ജിംഗിലെ വിഖ്യാതമായ ടിയാന്മെന് സ്ക്വയറില്‍ തമ്പടിച്ചു. ചൈനയിലെ ഈ മുന്നേറ്റത്തെ പതുക്കെ ലോക സമൂഹം ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നത്തെ ചൈനീസ് പ്രധാനമന്ത്രിയായിയിരുന്ന ഷാവൊ സിയാങ്ങിനു ജനാധിപത്യ വാദികളോട് അനുഭാവമുണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി ഷാങ്ങ് ഹായില്‍ തീവണ്ടി തടയാന്‍ ശ്രമിച്ച ജനാധിപത്യ വാദികളെ അതേ ട്രെയിന്‍ കയറ്റി കൊന്നതിനെത്തുടര്‍ന്നു സമരക്കാര്‍ ട്രെയിനിനു തീവച്ചു.
1989 ജൂണ്‍ നാലിന് അര്‍ദ്ധരാത്രി ടാങ്കുകളും കവചിത വാഹനങ്ങളുമടക്കമുള്ള സൈനിക വ്യൂഹം ടിയന്മെന് സ്ക്വയറിലേക്ക് ഇരച്ച് കയറി. തീര്‍ത്തും നിരായുധരായിരുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ശരീരങ്ങള്‍ ടാങ്കുകള്‍ പൊടിപോലുമില്ലാതെ ചതച്ചരച്ചു. എത്ര പേര് ആ ഭീകര രാത്രിയില്‍ നിലവിളികളായി ഒടുങ്ങിയിട്ടുണ്ടാകും എന്നത് ഇന്നും അജ്ഞാതമാണ്. ദമ്പതികള്‍ക്ക് ഒരു കുട്ടി എന്ന നിയമം കര്‍ശനമായി നടപ്പാക്കിയ രാജ്യത്ത് ,പതിനായിരക്കണക്കിനു കുടുംബങ്ങളെ എന്നന്നേക്കുമായി അനാഥമാക്കിക്കൊണ്ട് ,ആ രാത്രി മുഴുവന്‍ ,ചൈനീസ് സേന സംഹാര താണ്ഡവമാടി. സമരക്കാരോട് അനുഭാവം പുലര്‍ത്തിയ ഷാവോ സിയാംഗ് പിന്നീട് സൂര്യോദയം കണ്ടില്ല.
ഇപ്പോഴും കമ്മ്യൂണിസമെന്നത് ചൈനയില്‍ സ്വേഛാധിപത്യവും അധികാര ധ്രൂവീകരണവും മാത്രമാണ്. വന്‍ വിദേശ നിക്ഷേപങ്ങളും കുറഞ്ഞ തൊഴില്‍ ചെലവും എല്ലാം ചൈനയെ ഇന്ന് വലിയൊരു മാനുഫാക്ച്ചറിംഗ് ഹബ്ബ് ആക്കിയിട്ടുണ്ട്. വാന്‍ സാമ്പത്തിക വളര്‍ച്ചയുടെ രണ്ട് ദശകങ്ങള്‍ക്ക് ശേഷം ചൈനീസ് സാമ്പത്തിക രംഗം കിതച്ച് തുടങ്ങിയിരിക്കുന്നു. പുതിയ പ്രതീക്ഷകളുമായി ഭാരതം ഉദിച്ചുയരുന്നത് അവരെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.
വലിയ സാമ്പത്തിക ശക്തിയായി തുടരുമ്പോഴും ചൈനയിലെ ആഭ്യന്തര ഭരണം അടിച്ചമര്‍ത്തലിന്റേതാണ്. അതില്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിലനില്ക്കാനാവില്ല. യൂ ട്യൂബും ഗൂഗിളും അവിടെ കണി കാണാന്‍ കിട്ടില്ല. ഔദ്യോഗിക മാധ്യമാങ്ങളല്ലാതെ സ്വതന്ത്ര പത്രങ്ങളോ ചാനലുകളോ ഇല്ല. സര്‍ക്കാരിനെതിരെ നിലപാട് എടുക്കുന്നു എന്ന് സംശയം തോന്നിയാല്‍ ആരായാലും പിന്നെ അടുത്ത പ്രഭാതം കാണില്ല. ലോകത്തില്‍ എറ്റവുമധികം വധശിക്ഷ നടക്കുന്ന രാജ്യമാണ് ചൈന. അവിടെ നടക്കുന്ന വധ ശിക്ഷകളുടെ വിശദാംശങ്ങള്‍ ആംനസ്ടി ഇന്റര്‍ നഷണലിനു പോലും അറിയില്ല.
സോവിയറ്റ് യൂണിയന് പോലെ കിഴക്കാന്‍ യൂറോപ്പ് പോലെ ഒരു ദിവസം ചൈനയും തകര്‍ന്നടിയും എന്ന് മനുഷ്യ സ്നേഹികള്‍ ആഗ്രഹിക്കുന്നു. അതൊരു അനിവാര്യതയാണ്. കാലം കാതോര്‍ക്കുന്ന ഒരു ദശാസന്ധിയില്‍ അത് സംഭവിക്കുക തന്നെ ചെയ്യും. കാത്തിരിക്കുന്നു ചരിത്രത്തിന്റെ ചവറ്റുകുട്ട ….കമ്മ്യൂണിസ്റ്റ് ചൈനേ നിനക്ക് വേണ്ടി ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: