സദാചാരത്തെക്കുറിച്ചുള്ള ആകുലതകള്‍ ഒരു ഭാഗത്ത്. അത് എന്താണെന്നറിയാത്തവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മറ്റൊരു വശത്ത്. ഒരു തരത്തിലും ഒന്നും ബോധ്യമാവാത്ത സ്ഥിതിയാണ് നാട്ടിലെങ്ങും. വാസ്തവത്തില്‍ എന്താണീ സദാചാരം? അത് എങ്ങനെയിരിക്കും? ആരാണ് സദാചാരത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നത്?
വേലിക്കുള്ളില്‍ ഒരു സമൂഹം വളരുന്നത് എത്രമാത്രം അരോചകമാണെന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. അതേസമയം തോന്നുംപടി നടന്നാലോ? ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ പോവുന്നതെങ്കില്‍ പറയാനുണ്ടോ? അതുകൊണ്ടാണ് മൊത്തം സമൂഹത്തിനും ഒരുവിധം സഹിക്കുന്ന തരത്തില്‍, അത്ര വലിയ പ്രശ്നങ്ങള്‍ ഇല്ലാത്ത തരത്തില്‍ ഒരു ചട്ടമുണ്ടാക്കുന്നത്. സ്വാഭാവികമായും അത് പാലിക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധമാണ്. എന്തുകൊണ്ടെന്നാല്‍ അങ്ങനെയാണെങ്കില്‍ മാത്രമേ സംഘര്‍ഷരഹിതമായ സമൂഹയാത്ര സാധ്യമാകൂ.
എന്നാല്‍ ഈ അന്തരീക്ഷം മൊത്തം അട്ടിമറിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ശക്തികള്‍ ഇവിടെ സജീവമാണ്. മതത്തിന്റെ പേരില്‍, രാഷ്ട്രീയത്തിന്റെ പേരില്‍ അല്ലെങ്കില്‍ മറ്റെന്തിന്റെയെങ്കിലും പേരില്‍ ഇത്തരം ശക്തികള്‍ അവരുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതിന് പിന്‍പാട്ട് പാടാന്‍ തല്പരകക്ഷികള് സജീവമാകുന്നു. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ ഇടപഴകാന്‍ അവസരം ഒരുക്കേണ്ട, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടവര് പോലും പലപ്പോഴും ഇത്തരം ക്ഷുദ്രശക്തികള്‍ക്ക് അരുനില്‍ക്കുന്നു എന്നതാണ് ദുഃഖകരം.
ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍, സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നേരത്തെ സൂചിപ്പിച്ച ക്ഷുദ്രശക്തികള്‍ക്ക് ഹാലിളകുകയായി. പിന്നെ അവരെ തുരത്തിയെങ്കിലേ സമാധാനമാവൂ. അവരെ നാണംകെടുത്തിയേ ഉറക്കം വരൂ. അടുത്തിടെ കോഴിക്കോട് ജില്ലയിലെ വടകരയില്‍ അരങ്ങേറിയതും ഇത്തരത്തില്‍പെട്ട ഒരു ആഭാസമാണ്. തികച്ചും രാഷ്ട്രീയമായ ആഭാസം. കോണ്‍ഗ്രസ്സുകാരായ പുരുഷ-വനിതാ നേതാക്കള്‍ക്കെതിരെയായിരുന്നു ഡിവൈഎഫ്ഐക്കാരെക്കൊണ്ട് സിപിഎം ഗുണ്ടായിസം കാണിച്ചത്.
ഓഫീസ് ആവശ്യത്തിന് എത്തിയ വനിതാ നേതാവിനെയും ഓഫീസിലുണ്ടായിരുന്ന കോണ്‍. നേതാവിനെയും പട്ടാപ്പകല്‍ ഒരുപറ്റം ഡിവൈഎഫ്ഐക്കാര്‍ പൂട്ടിയിടുകയായിരുന്നു. അതിനു ശേഷം അവര്‍ക്കെതിരെ നഗരത്തിലങ്ങിങ്ങോളം പോസ്റ്റര്‍ പതിച്ചു. ആളെ വിളിച്ചുകൂട്ടി അവഹേളിച്ചു. പോലീസ് എത്തി കാര്യങ്ങള്‍ മനസ്സിലാക്കി. അവരെ സ്വമേധയാ പോകാന്‍ അനുവദിച്ചു. എന്നാല്‍ അങ്ങനെ പോയാല്‍ തങ്ങള്‍ അപമാനിതരാവുമെന്ന് അറിയാമായിരുന്ന ഇരുവരും മെഡിക്കല്‍ ടെസ്റ്റിനു വിധേയരാവണമെന്ന് ശഠിച്ചു. പോലീസ് ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും ഒടുവില്‍ അനുവദിക്കേണ്ടിവന്നു.
ആത്മവിശ്വാസത്തിന്റെ പതിന്മടങ്ങ് ശക്തിയുള്ളതുകൊണ്ടാണ് ഇരുവരും പിടിച്ചുനിന്നത്. അല്ലായിരുന്നെങ്കില്‍ ആത്മഹത്യയില്‍ അതവസാനിക്കുമായിരുന്നു. രാഷ്ട്രീയത്തിന്റെ മൃഗീയമായ കടന്നാക്രമണമാണ് ഇവിടെ സദാചാരത്തിന്റെ മേലങ്കിയിട്ടെത്തിയത് എന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം കാണാതെ പോവരുത്. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ഇരുനേതാക്കളെ പൂട്ടിയിട്ട് സദാചാരത്തിന്റെ പേരില്‍ ആക്രോശിക്കുന്ന രാഷ്ട്രീയമാണ് നാളെ കേരളം ഭരിക്കുമെന്ന ധാര്‍ഷ്ട്യവുമായി നടക്കുന്നതെന്നതും കാണാതിരുന്നുകൂട.
ഇതിനൊപ്പം ഇരുത്തിച്ചിന്തിപ്പിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. വടകരയിലെ സദാചാരഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ച പോലീസ് നടപടി. അവിടത്തെ പോലീസിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തിയ നേതാവായിരുന്നു ഇതില്പെട്ടത്. അതുകൊണ്ടുതന്നെ പോലീസിന് അത് വീണുകിട്ടിയ വടിയായി. സിഐ ഓഫീസില്‍ തടഞ്ഞുവെച്ച വനിതാ നേതാവിനെ മൂന്നു നാലു മണിക്കൂര്‍ നേരം ഇരിക്കാന്‍ പോലും അനുവദിച്ചില്ലെന്ന ഞെട്ടിക്കുന്ന വസ്തുത നാം അറിയാതെ പോകരുത്. ഒരു തരത്തില്‍ സദാചാരഗുണ്ടായിസത്തിന് പോലീസ് ഒത്താശ ചെയ്യുകയായിരുന്നു എന്നു ചുരുക്കം.
സദാചാരത്തിന്റെ പേരില്‍ നാട്ടില്‍ പലയിടത്തും നടക്കുന്ന സാമൂഹികദ്രോഹങ്ങളെ അമര്‍ച്ച ചെയ്യാന്‍ ജനമുന്നേറ്റമുണ്ടാകണം. ഏതെങ്കിലും ക്ഷുദ്രവികാര ജീവിയുടെ മനോവൈകൃതത്തിന്റെ പേരല്ല സദാചാരം. ഒരു സമൂഹത്തിന്റെ നിയതമായ വഴികളിലൂടെയുള്ള പോക്കാണ് സദാചാരം. സദ്വികാരങ്ങളും സദ്വിചാരങ്ങളും ഉള്‍പ്പെട്ട അതിസുന്ദരമായ ഒരവസ്ഥയാണത്. അത്തരമൊരു അവസ്ഥയെ അട്ടിമറിക്കുന്ന സ്ഥിതിവിശേഷത്തെ എങ്ങനെ സദാചാരത്തിന്റെ ലേബലൊട്ടിച്ച് വില്‍പ്പനയ്ക്ക് വെക്കും? സര്‍വതന്ത്രസ്വാതന്ത്ര്യവും അതുണ്ടാക്കുന്ന വൈകൃതങ്ങളും ആരോഗ്യകരമായ ഒരു സമൂഹത്തിന് ഭൂഷണമല്ല. അത് ഒരുപക്ഷേ, പ്രാകൃതസംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന് ഇടവെക്കും. അത് അനുവദിച്ചുകൊടുക്കാന്‍ സാധിക്കുമോ? പ്രത്യേകിച്ചും ഒരു ജനാധിപത്യസമൂഹത്തിന്.
ജനവികാരങ്ങളെ ഒരു മൂശയിലിട്ട് പരുവപ്പെടുത്താനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആധുനിക സദാചാരവാദികള്‍ ലക്ഷ്യമിടുന്നതെന്താണ്? അത് ആത്യന്തികമായി മാനവികതയെ അംഗീകരിക്കുന്നതാണോ? അത് വകവെച്ചുകൊടുക്കേണ്ടതുണ്ടോ? ഇതിനുള്ള സാംസ്കാരികമായ മറുപടി അല്ല, പാടില്ല എന്നതാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പ്രബുദ്ധ കേരളമെന്ന് നാം ഉദ്ഘോഷിക്കുന്ന ഈ സംസ്ഥാനത്ത് ഈ മറുപടി ശക്തമായി ഉയരുന്നില്ല. അതിനുവേണ്ടി ജനാധിപത്യവാദികള്‍ ശക്തിയുക്തം മുന്നോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അങ്ങനെ വന്നാല്‍ ഈ ഗുണ്ടായിസം എന്നന്നേക്കുമായി അവസാനിക്കുമെന്നതില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: