കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ പോലീസ് ഊരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ അമ്മ പ്രഭാവതിയമ്മയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ പൂര്‍ത്തിയായി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ അവരുടെ സര്‍വീസ് ആനുകൂല്യങ്ങളില്‍ നിന്ന് സര്‍ക്കാരിന് ഈ തുക ഈടാക്കാമെന്നും ജസ്റ്റീസ് പി.ഡി. രാജന് നിര്‍ദേശിച്ചു. തുക ഒരു മാസത്തിനകം കൈമാറണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിന്റെ രേഖകള്‍ തിരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിബിഐ പ്രതികളാക്കിയ ഇ.കെ. സാബു, ടി. അജിത് കുമാര്‍ എന്നിവര്‍ തങ്ങളെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. കേസില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന ഒന്നുമുതല്‍ മൂന്നുവരെ പ്രതികളും പോലീസ് ഓഫിസര്‍മാരുമായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നിവരുടെ സര്‍വീസ് ആനുകൂല്യങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ തുകതിരിച്ചു പിടിക്കേണ്ടത്. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. സുരേഷ് – ഹരിയാന സര്‍ക്കാര്‍ കേസില്‍ സുപ്രീം കോടതിയുടെ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കൊലപാതകക്കേസുകളിലെ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ അതിന് ഇരകളാകുന്നവരുടെ കുടുംബത്തിന് ഇടക്കാല നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സമാനമായ കേസാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് എന്ന് കണ്ടെത്തിയാണ് അമ്മ പ്രഭാവതിയമ്മയ്ക്ക് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടത്.
2005 സെപ്തബര്‍ 29 നാണ് ഒരു മോഷണ കുറ്റം ആരോപിച്ച് 28 കാരനായിരുന്ന ഉദയകുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ മരണമടഞ്ഞു. കേസ് തേച്ചുമായ്ച്ചു കളയാന്‍ പോലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അനേ്വഷണത്തില്‍ പ്രധാനപ്പെട്ട മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. കൂടാതെ രേഖകള്‍ നശിപ്പിക്കാനും തിരുത്താനും കൂട്ടു നിന്ന ഏഴുപേരെകൂടി സിബിഐ പ്രതികളാക്കി പിന്നീട് കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമങ്ങള്‍ നടന്നു. ഒരവസരത്തില്‍ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തിരുന്നു.
സിബിഐ വീണ്ടും പുനരനേ്വഷണം നടത്തണമെന്ന പ്രതികളുടെ ഹര്‍ജിയിലായിരുന്നു ഇടക്കാല സ്റ്റേ. അന്തിമ വിധിയില്‍ ഹൈക്കോടതി ഈ ആവശ്യം തള്ളി. ഒന്നിനു പുറകെ ഒന്നായി ഫയല്‍ ചെയ്യുന്ന പ്രതികളുടെ ഹര്‍ജികള്‍ വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്ന് ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന പ്രഭാവതിയമ്മ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്. ഇരുവരേയും കുറ്റവിമുക്തരാക്കണമെന്ന ആവശ്യം വിചാരണ സമയത്ത് പ്രതികള്‍ക്ക് ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: