കോണ്‍ഗ്രസിനകത്തെ സ്ഥാനാര്‍ത്ഥി പ്രശ്നം നിറിപ്പുകയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ഹൈക്കമാന്റുമായി ചര്‍ച്ച ആരംഭിച്ച് ദിവസങ്ങളെറെയായി. കൊണ്ടും കൊടുത്തും പറഞ്ഞും പറയിപ്പിച്ചും നീങ്ങുകയാണ് നേതാക്കള്‍. രാഹുല്‍ഗാന്ധി ഇടപെട്ടിട്ടും പ്രശ്നം തീരുന്നില്ലെന്ന് വന്നപ്പോള്‍ സാക്ഷാല്‍ സോണിയാഗാന്ധി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.
അഴിമതിയാരോപണവിധേയനായ അടൂര്‍ പ്രകാശിനും കെ.സി ജോസഫിനും കെ ബാബുവിനും ബെന്നിബഹനാനും ഒരു കാരണവാശാലും ഇത്തവണ സീറ്റ് നല്കുന്ന പ്രശ്നമില്ലെന്ന നിര്‍ബന്ധ നിലപാടിലാണ് സുധീരന്. എന്നാല്‍ അവര്‍ക്ക് സീറ്റില്ലെങ്കില്‍ താനും മത്സരിക്കുന്നില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. അഴിമതിക്കുപരി നാലിലേറെ തവണ മത്സരിച്ചവര്‍ക്ക് സീറ്റ് അനുവദിക്കാന്‍ പറ്റില്ലെന്ന് വി.എം സുധീരന് പറയുമ്പോള്‍ മാനദണ്ഡങ്ങള്‍ പലതുമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നത്. തുടര്‍ഭരണം നിലനിര്‍ത്താന്‍ ഈ സീറ്റുകളില്‍ യാതൊരു നീക്കുപോക്കിനും അദ്ദേഹം തയ്യാറല്ല. അങ്ങനെയെങ്കില്‍ വി.എം സുധീരന് എത്ര തവണ മത്സരിച്ചുവെന്നാണ് എ, ഐ വിഭാഗക്കാരുടെ ചോദ്യം. പാര്‍ലമെന്റിലേക്ക് അഞ്ച് തവണയും നിയമസഭയിലേക്ക് നാല് തവണയും മത്സരിച്ചയാളാണ് സുധീരന്. മാത്രമല്ല മന്ത്രിയും സ്പീക്കറുമായി.
ഇത്തവണപോലും സുധീരന് സ്ഥാനാര്ത്ഥിപട്ടികയിലുണ്ടാകുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും ഹൈക്കമാന്റ് തീരുമാനിക്കും എന്നായിരുന്നു സുധീരന്റെ മറുപടി. അതായത് താന്‍ മത്സരിക്കില്ലെന്ന ധീരമായ നിലപാടെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതിന് അര്‍ത്ഥം ഹൈക്കമാന്റ് പറഞ്ഞാല്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ എത്തുവാന്‍ യാതൊരുമടിയുമില്ലാ തനിക്കെന്ന്. പത്തു പെറ്റവളോട് ഒന്ന് പെറ്റവള്‍ വേദന പറയുന്നതു പോലെയായിരുന്നു സുധീരന്റെ നിലപാട്. മാത്രമല്ല ചിലര്‍ ചാരിത്ര്യപ്രസംഗം നടത്തുന്നതു പോലെയാണ് സുധീരന്റെ പ്രസ്താവനകള്‍ വിമര്‍ശിക്കാനും ഗ്രൂപ്പ് നേതാക്കള്‍ മടികാണിച്ചില്ല.
നേതാക്കള്‍ വിട്ടുവീഴ്ച ചെയ്യാതെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. ഇതു കൂടാതെ മിക്ക ജില്ലകളിലും സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള അസ്വാരസ്യം ഇപ്പോഴും പുകയുന്നു. കോണ്‍ഗ്രസിന് ഏറെ സാധ്യതയുള്ള ഒറ്റപ്പാലത്ത് നിശ്ചയിച്ചയാളെ രണ്ട് തവണമാറ്റി. ഇപ്പോഴും തീരുമാനമായില്ല. കോങ്ങാട് മണ്ഡലത്തില്‍ നിശ്ചയിച്ചയാളെ മാറ്റി. തൃശൂരിലും വടക്കാഞ്ചേരിയിലും തൃപ്പുണിത്തുറയിലും അടക്കം 40 ഓളം മണ്ഡലങ്ങളില്‍ തീരുമാനമാകാതെ കിടക്കുന്നു. ഘടകകക്ഷികളുമായുള്ള പ്രശ്നം വേറെ. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് പിറവം ഒഴികെ മറ്റൊരു സീറ്റുമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അങ്കമാലിയെ ചൊല്ലിയുള്ള അങ്കമാണ് അവരുടേത്. ആ സീറ്റ് കണ്ട് മോഹിക്കേണ്ടന്ന് തങ്കച്ചന് പറഞ്ഞതോടെ ജോണിനെല്ലൂരിന്റെ നിലപാടിന് പ്രസക്തിയേറി.
തിരുവമ്പാടി സീറ്റ് ലീഗിന് നല്‍കിയത് ഒരു മതവിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. അവരുടെയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിയത് ആ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ലീഗാവട്ടെ ഇതുവരേയും വീട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുമില്ല. ഗുരുവായൂര്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് കൊടുക്കാന്‍ തായ്യാറായില്ല. മാണി ഗ്രൂപ്പിന് ഒരു സീറ്റ് കൂടുതല്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിനാല്‍ മാണി എന്തു നിലപാട് കൈകൊള്ളുമെന്ന് കാണേണ്ടിയിരിക്കുന്നു.
ഇതിനിടക്ക് വിരോധാഭാസമെന്നു പറയട്ടെ പത്തനംതിട്ടയിലെ കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ നടക്കുന്നതെന്തെന്നു അവര്‍ക്കുതന്നെ അറിയുന്നില്ല. ഡിസിസി പ്രസിഡണ്ട് ആറന്മുള എംഎല്‍എയും ആയ കെ.ശിവദാസന്‍ നായര്‍ തുടക്കത്തിലേ ഒരു കാര്യം വ്യക്തമാക്കി. തനിക്കു വീണ്ടും ആറന്മുള സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന്. പതിനേഴോളം ഡിസിസി ഭാരവാഹികളും പറഞ്ഞു കോന്നിയില്‍ മന്ത്രി അടൂര്‍ പ്രകാശന് സ്ഥാനാര്‍ത്ഥിത്വം കൊടുക്കരുതെന്ന്. പക്ഷേ ചിത്രം പിന്നീട് മാറി. അടൂര്‍ പ്രകാശിനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഇല്ലെങ്കില്‍ പദവി രാജിവെക്കുമെന്നും ഒരു വിഭാഗം ഡിസിസി ഭാരവാഹികള്‍ പറഞ്ഞപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡണ്ട് കെ.ശിവദാസന്‍ നായര്‍ കെപിസിസി പ്രസിഡണ്ടിന് കത്ത് നല്കി. അങ്ങനെയെങ്കില്‍ സീറ്റ് കൊടുക്കരുതെന്നു പറഞ്ഞവര്‍ക്കെതിരെയും ഡിസിസി പ്രസിഡണ്ടിനെതിരെയും ആദ്യം നടപടിവേണമെന്നാണ് രണ്ടാമത് കൂട്ടര് ആവശ്യപ്പെട്ടത്. തീരുന്നില്ല കോണ്‍ഗ്രസ്സിലെ നാടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: