ഒരിക്കലെങ്കിലും ഈ വരികള്‍ മൂളാത്ത ഒരു മലയാളിയുമുണ്ടാവില്ല.മറ്റു ഭാഷകളില്‍ ,അവരവരുടേതായ രീതികളില്‍ ,ബാല്യങ്ങള്‍ ഇത് എറ്റുമൂളിയിട്ടുമുണ്ടാകും. ലീവിന് വരുന്ന പട്ടാളക്കാരുടെയും , ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന മലയാളികളുടെയും ബടായികളില് എറ്റവും വലിയ സ്ഥാനം ട്രെയിനിനും ,ട്രെയിന്‍ യാത്രക്കുമുണ്ട്.
‘ട്രെയിന്‍ ഇറ്റാര്‍സി സ്റ്റെഷന് വിട്ടതും, ഞാനുറങ്ങിപ്പോയി. പിന്നെ വാറങ്കല്‍ വന്നാ ഉണര്‍ന്നത്’.
‘ഒന്നും പറയണ്ടന്നെ… ഫാനാണെങ്കില്‍ വര്‍ക്ക് ചെയ്യുന്നില്ല, ചംബലിലൂടെ പോകുന്നത് കൊണ്ട് ജനല്‍ തുറക്കാന്‍ പോലീസ് കാര്‍ സമ്മതിച്ചുമില്ല. എന്താ ചൂട്’.
‘ജമ്മുവീന്ന് കേറുമ്പം നാല് ഡിഗ്രിയാ. ഇവിടെത്തിയപ്പോ ചൂട് സഹിക്കാന്‍ വയ്യ.’
ഇങ്ങനെ എത്രയെത്ര സംഭാഷണങ്ങള്‍ നമ്മള് കേട്ടിരിക്കുന്നു. ജനന മരണങ്ങള്, വിവാഹങ്ങള്‍, വിടപറയലുകള്‍, കൂടിച്ചേരലുകള്‍, വിരഹ ദുഃഖങ്ങള്‍. അങ്ങിനെ, നമ്മുടെ തീവണ്ടികള്‍ കൂകിപ്പായാത്ത ഒന്നും സാധാരണക്കാരന്റെ ജീവിത മേഖലകളിലില്ല.
ഇംഗ്ലണ്ടില്‍ ,വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ചതില്‍ ഒരു നിര്‍ണായക പങ്ക് തന്നെയാണ് ജയിംസ് വാട്ടിന്റെ ആവിയന്ത്രത്തിനുള്ളത്. ഭീമമായ ,യാന്ത്രിക ശക്തി പ്രദാനം ചെയ്യാന്‍ കഴിയുന്ന ആവിയന്ത്രത്തിന്റെ ചിറകിലേറി യൂറോപ്പില്‍ വന്‍ വ്യവസായങ്ങള്‍ മുളച്ച് പൊന്തി. പടര്‍ന്നു പന്തലിച്ചുയര്ന്ന മര്‍ദ്ദത്തിലുള്ള നീരാവിയെ ഒരു ചലിക്കുന്ന യന്ത്രത്തിന്റെ ജീവരക്തമാക്കി മാറ്റാന്‍ കഴിഞ്ഞതോടെ മാനവ ചരിത്രം വഴിമാറിയൊഴുകി. ആവിയന്ത്രം പിടിപ്പിച്ച കപ്പലുകള്‍ മഹാസമുദ്രങ്ങള്‍ താണ്ടി പുതിയ തീരങ്ങള്‍ തേടിയലഞ്ഞു. കല്‍ക്കരി, ജലവും വായുവും പോലെ മനുഷ്യന് അവിഭാജ്യമായി ഉരുക്ക് പാളങ്ങളിലൂടെ തീയും പുകയും തുപ്പിക്കൊണ്ട് തീവണ്ടികള്‍ കുതിച്ച് പായാന്‍ തുടങ്ങിയതും ഇക്കാലത്ത് തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടെ…
ഭാരതത്തില്‍ ഒരു കിലോമീറ്റര്‍ പോലും റെയില്‍വെ ലൈന്‍ ഇല്ലാതിരുന്ന കാലത്ത് തന്നെ Great Indian Penisular Railway (GIPR) സ്ഥാപിക്കപ്പെട്ടു. അതിവിശാലമായ ഭൂവിഭാഗം, വിവിധ ഭാഷകള്‍, പാരമ്പര്യങ്ങള്‍ എന്ന് തുടങ്ങി വൈവിധ്യങ്ങളാല്‍ സമൃദ്ധവും സങ്കീര്‍ണവുമായ ഈ ഭൂമിയെ വരുതിക്ക് നിര്‍ത്തണമെങ്കില്‍ വേഗത്തിലുള്ള ഗതാഗതം അത്യാവശ്യമാണെന്ന് അറിയാവുന്ന ബ്രിട്ടീഷ് ഭരണാധികാരികള്‍, ഇവിടുത്തെ റെയില്‍വേ വികസനത്തിന് വന്‍ പ്രാധാന്യം തന്നയാണ് നല്‍കിയത്. ബ്രിട്ടീഷ് ഭരണത്തിലുണ്ടായിരുന്ന എറ്റവും വലുതും, സമ്പന്നവും ജനനിബിഡവുമായിരുന്ന ഭൂമിയായിരുന്നു ഭാരതം.
ആയിരക്കണക്കിന് കിലൊമീറ്റര് വ്യാപിച്ച് കിടക്കുന്ന ഇവിടുത്തെ വന്‍ പ്രകൃതിവിഭവങ്ങള്‍ കപ്പല്‍ കയറണമെങ്കില്‍, അവ വന്‍ തോതിലും വേഗത്തിലും തുറമുഖങ്ങളിലെത്തിയെ മതിയാകൂ. ലോകപ്രസിദ്ധമായ നിലമ്പൂര്‍ തേക്കുകള്‍ കൊണ്ടുപോകാന്‍ വേണ്ടി മാത്രമാണ് ഷോര്‍ണൂര്‍ നിലമ്പൂര്‍ ലൈന്‍ പണിഞ്ഞത് തന്നെ. അതുപോലെ ,ഏത് നിമിഷവും കലാപസാധ്യതയുള്ള നാട്ടുരാജ്യങ്ങളിലെക്ക് പെട്ടന്നുള്ള സൈനിക നീക്കം നടത്തണമെങ്കിലും റെയില്‍വെ കൂടിയേ കഴിയൂ. ഇതൊക്കെക്കൊണ്ട് തന്നെ ബ്രിട്ടനില്‍ തീവണ്ടിയോടി അധികം വൈകാതെ തന്നെ ഭാരതത്തിലും ആദ്യ വണ്ടി പുക തുപ്പി. മുംബൈ വി.ടി മുതല്‍ താന വരെയാണ് ആദ്യ ട്രെയിന്‍ ഓടിയത്. തുടര്‍ന്ന് 1859 ല്‍, ദക്ഷിണേന്ത്യയിലെ റെയില്‍ വികസനത്തിനായി The Great Southern India Railway Co സ്ഥാപിക്കപ്പെട്ടു.
81 കിലൊമീറ്ററുള്ള ദക്ഷിണേന്ത്യയിലെ ആദ്യ ലൈന്‍, ട്രിച്ചി നാഗപട്ടണം 1861ല്‍ കമ്മീഷന് ചെയ്തു. ഇതേ മോഡലില്‍ Eastern Railway company കിഴക്കന്‍ ഭാഗങ്ങളിലെ വികസനത്തിനായി സ്ഥാപിക്കപ്പെടുകയും, അലഹബാദ് ജബല്‍പൂര്‍ ലൈന്‍ 1867 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പ്രഗദ്ഭനായ എഞ്ചിനിയറും അഡ്മിനിസ്ട്രേറ്ററുമായ റോബര്‍ട്ട് ബ്രൈറ്റണ് ആണ് GIPR ന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പിച്ചത്. ബോംബെ-താന റൂട്ടില്‍ ട്രെയിനോടി പന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോഴേക്കും, 1870 ല്‍ ബോംബെക്കും കൊല്ക്കത്തക്കുമിടയില്, കല്‍ക്കരിവണ്ടികള്‍ കൂകിപ്പായാന്‍ തുടങ്ങി.
1880 ആയപ്പോഴേക്കും ബോംബെ, മദ്രാസ്, കൊല്‍ക്കത്ത എന്നീ തുറമുഖ നഗരങ്ങള്‍ റയില്‍ വഴി ബന്ധിപ്പിക്കപ്പെട്ടു. കേരളത്തിന്റെ കുരുമുളകും ഏലവും, ഛത്തീസ്ഗഡിന്റെ ഇരുമ്പയിരും, ബീഹാറിന്റെ കല്‍ക്കരിയും, കൊലാറിന്റെ സ്വര്‍ണവും, ഗുജറാത്തിന്റെ വജ്രവും, ബനാറസിന്റെ സില്‍ക്കും, ആസ്സാമിന്റെ തേയിലയും, കശ്മീരിന്റെ കുങ്കുമവും…അങ്ങിനെയങ്ങനെ ഭാരതമെന്ന പൊന്മുട്ടയിടുന്ന താറാവിന്റെ രക്തധമനികളെല്ലാം ഇത് വഴി കപ്പല്‍ കയറി.
അതുവരെ കല്‍ക്കരി എന്‍ജിനുകള്‍ ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന ഭാരതത്തില്‍ 1895ല്‍ സ്വന്തമായി ലോക്കൊമോട്ടീവുകള്‍ ഉണ്ടാക്കാന്‍ ആരംഭിച്ചു. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക എന്‍ജിനുകള്‍ കയറ്റി അയച്ചിരുന്നത് ഇവിടെനിന്നായിരുന്നു.
പിന്നീടങ്ങോട്ടുള്ള ദശകങ്ങളില്‍ ഭാരതത്തിന്റെ എല്ലാ കോണുകളിലേക്കും ഉരുക്കുപാളങ്ങള്‍ പടര്‍ന്ന് കയറി. പെഷവാറും, കൊല്‍ക്കത്തയും, മുംബൈയും, മദ്രാസും, ദല്‍ഹിയുമെല്ലാം കൈയ്യെത്തും ദൂരത്തായത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. സത്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ജനവികാരത്തെ എകോപിപ്പിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ തന്നെ നിര്‍മ്മിച്ച റെയില്‍വേക്കുള്ള പങ്ക് വളരെ വലുതാണ്. ഈ ചൂളംവിളിക്കൊപ്പമാണ് സ്വാമി വിവേകാനന്ദനും, മഹാത്മാ ഗാന്ധിയുമെല്ലാം മഹത്തായ ദേശീയ ബോധത്തിന്റെ സന്ദേശങ്ങള്‍ ആസേതു ഹിമാചലം പടര്‍ത്തിയത്. ഭാരതത്തെ കൊള്ളയടിക്കാന്‍ പണിത അതെ മാര്‍ഗ്ഗം, ഭസ്മാസുര തുല്യമായി അവരെത്തന്നെ തിരിഞ്ഞ് കൊത്തി എന്ന് വേണമെങ്കില്‍ പറയാം.
1907 ആയപ്പോഴേക്കും എല്ലാ റയില്‍വെ കമ്പനികളും സര്‍ക്കാര്‍ ഏറ്റെടുത്ത് ലയിപ്പിച്ചു. 1914 ല്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ എറ്റവും ആശ്രയിച്ച ഗതാഗത സംവിധാനമായിരുന്നു ഇന്ത്യന്‍ റയില്‍ വേ. യുദ്ധത്തിനു ശേഷം, 1920 കളിലെ സാമ്പത്തിക രംഗത്തെ ഉണര്‍വില്‍, ഭാരതത്തിലെ റയില്‍ ശ്രംഖല 61000 കിലോമീറ്ററായി ഉയര്‍ന്നു. തുടര്‍ന്ന് വന്ന വന്‍ ക്ഷാമവും രണ്ടാം ലോകമഹായുദ്ധവും റയില്‍ വേയെ ഏതാണ്ട് തകര്‍ത്തു എന്ന് തന്നെ പറയാം. പകുതിയോളം വാഗനുകളും, ലോക്കമോട്ടീവുകളും മധ്യപൂര്വെഷ്യയിലെക്കു മാറ്റപ്പെട്ടു. ആയിരക്കണക്കിന് കിലോമീറ്റര്‍ റയില്‍ ലൈനുകള്‍ പൊളിച്ചെടുത്ത്, യുദ്ധാവശ്യങ്ങള്‍ക്കായി കൊണ്ടുപോയി.
ചുരുക്കത്തില്‍, സ്വാതന്ത്ര്യ സമയത്ത് നമുക്ക് കിട്ടിയത്, പഴകിപൊളിഞ്ഞ വാഗനുകളും, തുരുമ്പിച്ച് തീര്‍ന്ന പാളങ്ങളും, വന്‍ സാമ്പത്തിക ബാധ്യതയുമുള്ള റയില്‍ വേയുടെ ഒരു അസ്ഥിപഞ്ചരം മാത്രം. അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, പ്രതിസന്ധികളെയും അപകടങ്ങളെയുമെല്ലാം അതിജീവിച്ച് ,ദേശീയജീവിതത്തിന്റെ നാടീഞരമ്പുകളായി ,ഒരുലക്ഷത്തില്‍ പരം കിലോമീറ്റര്‍ നീളത്തില്‍ പടര്‍ന്നുകിടക്കുന്ന ഉരുക്ക് പാളങ്ങളിലൂടെ ഭാരതത്തിന്റെ ഹൃദയതാളമായി പതിനായിരക്കണക്കിനു തീവണ്ടികള്‍ കൂകിപ്പായുന്നു.
അങ്ങിനെ യാത്ര തുടങ്ങിയ ഇന്ത്യന്‍ റയില്‍ വെ, കല്‍ക്കരിയില്‍ നിന്നും ഡീസലിലേക്കും, വൈദ്യുതിയിലെക്കും പരകായ പ്രവേശം നടത്തി. ഇന്ന് മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ബുള്ളറ്റ് ട്രെയിനുകള്‍ക്ക് കാതോര്‍ക്കുമ്പോഴും ഇന്ത്യന്‍ റയില്‍ വെ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ ജനകീയ മുഖം കാരണമാണ്.
ചില കണക്കുകള്‍ കൗതുകകരവും അഭിമാനദായകവുമാണ്
ഇന്ത്യന്‍ റയില്‍ വേ പാളങ്ങളുടെ നീളം 1,50,000 കിലൊമീറ്റരാനു
ഒരു വര്‍ഷം വഹിക്കുന്നത് 1058 മില്യന്‍ ടണ്‍ ചരക്കുകളാണ്
ഒരു വര്‍ഷം ഇന്ത്യന്‍ റയില്‍ വേയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 817 കോടിയാണ. അതായത്, ലോകജനസംഖ്യയേക്കാള്‍ അധികം ..
മുംബൈ സബര്‍ബന്‍ റയില്‍ വേയിലെ ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം. ന്യൂസിലന്റിലെ ജനസംഖ്യയേക്കാള്‍ അധികമാണ്.
ലോകത്തിലെ എറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ഇന്ത്യന്‍ റയില്‍ വെ
ലോകത്തിലെ എറ്റവും കുറഞ്ഞ റയില്‍ നിരക്കാണ് ഇന്ത്യന്‍ റയില്‍ വെയുടെത്
‘ബ്രസ്സല്‍സില്‍ നിന്നും പാരീസിലേക്കുള്ള ട്രെയിനില്‍ കയറിയപ്പോള്‍ ,ഞാന്‍ നമ്മുടെ നാട്ടിലെ വൃത്തികെട്ട സ്റ്റെഷനുകളെക്കുറിച്ചും ട്രെയിനുകളെക്കുറിച്ചും ഓര്‍ത്ത് പോയി ‘എപ്പോഴെങ്കിലും യൂറോപ്പില്‍, ഒരു ട്രെയിന്‍ യാത്ര നടത്തിയ ഒട്ടുമിക്ക എഴുത്തുകാരുടെയും ഒരു സ്ഥിരം ക്ലീഷേ ഡയലോഗാണിത്’. ട്രെയിന്‍ യാത്രക്ക് വിമാനത്തെക്കാള്‍ ചിലവും, നാലും മൂന്നുമേഴു ജനങ്ങളുമുള്ള രാജ്യങ്ങളെപ്പറ്റിയാണ് ഈ നെടുങ്കന്‍ വാചകം.
മിഥുനം സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന പോലെ, ചെകിടത്തോന്നു പൊട്ടിച്ചിട്ടു, മേല്പറഞ്ഞ കണക്കുകള്‍ മുന്പൊട്ട് ഇട്ടു കൊടുത്താല്‍, അവനല്ല അവന്റെ അപ്പന് പറയും ‘ഹമാരാ റയില്‍ ഗാഡി ‘ എന്ന്…
ഇത്രത്തോളം സാമാന്യ ജനത്തിന്റെ നിത്യജീവിതവുമായി ഇഴുകിച്ചേര്‍ന്ന ഒരു സംവിധാനം ‘ ദി ഗ്രേയ്റ്റ് ഇന്ത്യന്‍ റയില്‍ വെ ‘ പോലെ മറ്റൊന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: