പട്ടാമ്പി:: പെരുമുടിയൂരില്‍ അഗ്നിഷ്ടോമ സോമയാഗത്തിന് തുടക്കമായി. ദര്ഭയില് യജമാനന് ചെറുമുക്ക് വല്ലഭന് നമ്പൂതിരിയും പത്നി ജയശ്രീ അന്തര്‍ജനവും ഇരുന്നു. ആചാര്യന് വല്ലഭന് ഭട്ടതിരിപ്പാട് ചൊല്ലിക്കൊടുത്ത സൂര്യഗായത്രിമന്ത്രം ഏറ്റുചൊല്ലി ജയമാനന്‍ ഹവിസ്സ് അഗ്നിയില്‍ സമര്‍പ്പിച്ചതോടെ പത്തുനാള്‍ നീണ്ടു നില്ക്കുന്ന സോമയാഗത്തിന്റെ മുന്നോടിയായ കൂശ്മാണ്ടി ഹോമത്തിന് തുടക്കമായി.
യജുര്‍വേദത്തിലെ കൂശ്മാണ്ടി ഗണത്തില്‍ പെട്ട മന്ത്രഭാഗങ്ങളെ കൊണ്ടുള്ള ആദ്യ സമര്‍പ്പണമാണ് കൂശ്മാണ്ടി ഹോമം. ദുരിതനിവാരണത്തിനും ഒരു മഹത്കര്‍മ്മം നടക്കുന്നതിന് മുമ്പായി, അന്തരീക്ഷവും യജ്ഞാങ്കണവും ശുദ്ധമാക്കുന്നതിനും വേണ്ടിയാണ് ഈ ഹോമം നടത്തുന്നത്. തുടര്‍ച്ചയായി മൂന്നു ദിവസം ഈ ഹോമം നടക്കും. വൈകിട്ട്, യജ്ഞാങ്കണത്തില്‍ താന്ത്രിക വിധിപ്രകാരമുള്ള മഹാ ദുര്‍ഗ്ഗായാഗം നടന്നു. 108 ദുര്ഗ്ഗാലയങ്ങളിലെ മണ്ണ് കൊണ്ടുവന്ന്, യജ്ഞാങ്കണത്തില്‍ സമര്‍പ്പിച്ച് ദുര്‍ഗ്ഗാ പ്രീതിക്കായി നടത്തുന്ന പൂജാ സമര്‍പ്പണമാണ് മഹാദുര്ഗ്ഗായാഗം.
സോമയാഗത്തിന്റെ ആധാനത്തിനാവശ്യമായ യാഗാശ്വം യാഗശാലയിലെത്തി. കുമ്പിടി സ്വദേശി മുസ്തഫയില്‍ നിന്ന് അലങ്കരിച്ച യാഗാശ്വത്തെ പ്രധാന ഋത്വിക്ക് ചെറുമുക്ക് വൈദികന് വല്ലഭന് അക്കിത്തിരിപ്പാട് ഏറ്റുവാങ്ങി. യാഗത്തിനാവശ്യമായ പശുവിനെയും, കിടാവിനെയും മറ്റ് മൃഗങ്ങളെയും നേരത്തെതന്നെ യാഗശാലയില്‍ എത്തിച്ചിരുന്നു. എറണാകുളം സ്വദേശിയായ വിശ്വനാഥ ഷേണായിയാണ് യജ്ഞഗോവിനെ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: