പ്രചാരത്തിൽ ഇരിക്കുന്ന വിശ്വാസം വിശുദ്ധ തോമാ ശ്ലീഹ എന്ന് മലയാളികൾ വിശേഷിപ്പിക്കുന്ന സെന്റ് തോമസ് അപ്പോസ്തലൻ AD 52 ൽ മുസിരീസ് തുറമുഖത്ത് കപ്പലിറങ്ങുകയും കേരളത്തിൽ പ്രേഷിത പ്രവര്‍ത്തനം ചെയ്യുകയും ചെയ്തു എന്നതാണ്. എന്നാൽ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ 2006 സെപ്റ്റംബർ 27 നു സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടത്തിയ ഒരു പ്രസംഗത്തിൽ, സെന്റ് തോമസ് ഇന്നത്തെ പാക്കിസ്ഥാന് വഴി പടിഞ്ഞാറൻ ഭാരതത്തിൽ വന്നിരുന്നു എന്ന് പറഞ്ഞതായി അറിഞ്ഞത്. അതാണ് ഈ വിഷയത്തിൽ ചരിത്രപരമായ ഒരു പഠനം നടത്താൻ പ്രേരണയായത്.
ഈ വിഷയത്തിൽ നിലവിലുള്ള വിശ്വാസങ്ങളും അവയുടെ ചരിത്രപരമായ അവലോകനവുമാണ് താഴെ കൊടുക്കുന്നത് :
1. ഏഴ് പള്ളികൾ :
————————–
വി . തോമാശ്ലീഹ കേരളത്തിൽ ഏഴു പള്ളികൾ സ്ഥാപിച്ചു എന്ന് വിശ്വസിക്കുന്നു. – പാലയൂർ, കൊടുങ്ങല്ലൂർ, കോക്കമംഗലം , നിരണം, നിലക്കൽ,കൊല്ലം, കോട്ടക്കാവ് . എന്നാൽ ചരിത്രപരമായ വസ്തുത ഒന്നാം നൂറ്റാണ്ടിലല്ല രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ പോലും ലോകത്ത് ഒരിടത്തും ക്രിസ്ത്യാനികൾ ദേവാലയങ്ങൾ സ്ഥാപിച്ചിട്ടില്ല. വീടുകളിലാണ് അവർ കൂടിയിരുന്നത്.
2. ഏഴു കുരിശുകൾ:
——————————
തോമാശ്ലീഹ കേരളത്തിൽ ഏഴു കുരിശുകൾ സ്ഥാപിച്ചു എന്നാതാണ് വിശ്വാസം. എന്നാൽ ചരിത്രപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത വാദം ആണിത്. കുരിശ് ഒന്നാം നൂറ്റാണ്ടിൽ ഒരു ക്രൈസ്തവ ചിഹ്നം അല്ല. ലോകത്ത് ഒരിടത്തും അന്ന് കുരിശിനെ വണങ്ങുന്ന പതിവ് ഉണ്ടായിരുന്നില്ല. ആ പതിവ് തുടങ്ങിയത് നാലാം നൂറ്റാണ്ട് മുതല്ക്കാണ്. ക്രിസ്തുവിനെ എന്നല്ല ആദ്യകാലത്ത് ക്രൈസ്തവരെയെല്ലാം പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കുരിശിനെ അവർ വെറുപ്പോടെയാണ് കണ്ടിരുന്നത്. പിന്നെ കുരിശിനെ ഔദ്യോഗിക ചിഹ്നമായി കോണ്സ്റ്റന്റൈൻ ചക്രവര്‍ത്തി സ്വീകരിക്കുകയും ക്രിസ്തുമതം സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി തീരുകയും ചെയ്തതിനു ശേഷമാണ് അതിനെ ക്രൈസ്തവരുടെ ആരാധനാലയങ്ങളിൽ സ്ഥാപിച്ചു തുടങ്ങിയത്.
3. ശവ കുടീരം – തിരു ശേഷിപ്പുകൾ
—————————————————-
ഭാരതത്തിലെ ക്രൈസ്തവ വിശ്വാസം അനുസരിച്ച് മദ്രാസിലെ മൈലാപ്പൂരിലാണ് ശവകുടീരം . പോർച്ചുഗീസുകാർ 1522 ലും 23 ലും തുറന്നു പരിശോധിച്ചപ്പോൾ അതിൽ അസ്ഥിപഞ്ജരം ഉണ്ടായിരുന്നു. ടി.കെ ജോസഫിന്റെ പ്രാചീന ഇന്ത്യയിലെ ക്രിസ്തുമത പ്രചാരം എന്ന പുസ്തകത്തിൽ ഇങ്ങനെ കാണുന്നു. – AD 1123 ൽ മാർ യൂഹന്നാൻ മൂന്നാമൻ എന്ന പാത്രിയർക്കീസ് റോമിൽ വച്ച് കല്ലിസ്ടാ എന്ന മാർപ്പാപ്പയെ കണ്ടു. തന്റെ അധീനതയിലുള്ള പ്രദേശത്ത് (ഏഡേസ്സ , ഇപ്പോഴത്തെ തുർക്കി ) തൊമാശ്ലീഹായുടെ ഖബർ എന്നും ഭൗതിക ശരീരം ഇപ്പോഴും അഴുകാതെ ഇരിക്കുന്നുണ്ട് എന്നും ബൈബിൾ തൊട്ടു സത്യം ചെയ്യുന്നു. അങ്ങനെയെങ്കിൽ പോർച്ചുഗീസുകാർ കണ്ടെടുത്ത അസ്ഥികൂടം ആരുടെതാണ്?
മറ്റു പ്രസ്താവനകൾ
———————————
മാർപ്പാപ്പയുടെ പശ്ചിമ ഭാരത വാദത്തോട് ചേർത്ത് വായിക്കാവുന്ന ചില പ്രസ്താവനകൾ താഴെ കൊടുക്കുന്നു
“ഭാരത മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഉത്ഭവം തേടിയുള്ള അന്വേഷണങ്ങൾ എല്ലാം തോമാശ്ലീഹ കേരളത്തിൽ വരികയും സമൂഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു എന്നോ അഥവാ ശ്ലീഹ ഇവിടെ വന്നിട്ടില്ലാ എന്ന് ഉറപ്പിച്ചു പറയുന്നതിൽ പരാജയപ്പെടുന്നു . (മേജർ ആർച്ച് ബിഷപ് മാർ വർക്കി വിതയത്തിൽ ) നമ്മുടെ കര്‍ത്താവിന്റെ അപ്പോസ്തലനായ അദ്ദേഹത്തിന്റെ പേര് തോമസെന്നോ മറ്റെന്തു തന്നെ ആണെങ്കിലും അദ്ദേഹം തെക്കേ ഇന്ത്യയോ സിലോണോ സന്ദർശിക്കുകയും അവിടെ ക്രിസ്തീയ സമൂഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു എന്ന് പറയുന്നതിൽ തെളിവിന്റെ ലാഞ്ചന പോലുമില്ല. (Jarl Charpentier- St Thomas the Apostle and India)
ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ A D 52 ൽ സെന്റ് തോമസ് മുസിരീസിൽ കപ്പലിറങ്ങുകയും ഇവിടെ പ്രേഷിത പ്രവര്‍ത്തി ചെയ്യുകയും ചെയ്തു എന്നത് ഒരു സാങ്കല്‍പ്പിക കഥയാവാനെ തരമുള്ളൂ. AD 345 ൽ ഒരു സംഘം സുറിയാനികളുമായി കൊടുങ്ങലൂരെത്തിയ ഏഷ്യൻ വ്യാപാരി ക്നാനായി തൊമ്മനെ ഒന്നാം നൂറ്റാണ്ടിലെ അപോസ്തലനായി വിദഗ്ധമായി മാറ്റിയെടുക്കുകയായിരുന്നു എന്ന് വേണം കരുതാൻ.
ഒരു മെത്രാനും രണ്ടു കശീശന്മാരും രണ്ടു ശേമ്മാശ്ശൻമാരും ഏഴു ഗോത്രങ്ങളിലെ എഴുപത്തിരണ്ട് കുടുംബങ്ങളിൽ നിന്നുള്ള നാനൂറു ആളുകളും ക്നാനായി തൊമ്മന്റെ സംഘത്തിൽ ഉണ്ടായിരുന്നു. ചക്രവര്‍ത്തി 72 പദവികൾ നല്കി തൊമ്മനെ ആദരിച്ചു. പള്ളിയും വീടും നഗരവും കെട്ടാൻ അനുമതി നല്കി. ഈ വ്യാപാരിയായ ക്നാനായി തോമ്മനെയാവണം തോമാ ശ്ലീഹയായി അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: