തനിക്ക് എസ്എഫ്ഐക്കാര്‍ കുഴിമാടം ഒരുക്കിയതിന് പിന്നില്‍ ഇടത് അധ്യാപക സംഘടനയാണെന്ന് പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്ത വനിത പ്രിന്‍സിപ്പല്‍ ഡോ.കെ സരസു. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ എന്നും ഞാന്‍ നിലകൊണ്ടിട്ടുള്ളൂ. ഇടത് അനുഭാവമുള്ള ഒരു സംഘം അധ്യാപകര്‍ കാട്ടിക്കൂട്ടിയ ഗുണ്ടായിസത്തെയും അഴിഞ്ഞാട്ടത്തെയും ഞാന്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ് എനിക്കെതിരെ ഇത്തരം നടപടികള്‍ക്ക് അവരെ പ്രേരിപ്പിച്ചതെന്ന് ഡോ. സരസു പറയുന്നു.
വെറുതെ ഫയല്‍ മാത്രം ഒപ്പിട്ടു പോവുന്ന ഒരു പ്രിന്സിപ്പലായിരുന്നില്ല താന്‍. കേരള സര്‍വീസ് റൂള്‍ അനുസരിച്ചുള്ള അച്ചടക്കം കോളേജില്‍ നടക്കുന്നുണ്ടോ എന്നു കൂടി ശ്രദ്ധിക്കുമായിരുന്നു. അതില്ലായെന്ന് കണ്ടാല്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിയിലെ അംഗങ്ങള്‍, അവര്‍ പലപ്പോഴും ഗുണ്ടകളെ പോലെയാണ് തന്നോട് പെരുമാറിയിരുന്നത്. ഇവര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഭീഷണിയുമായി രംഗത്ത് എത്തുമായിരുന്നു.
ആവശ്യത്തിനും അനാവശ്യത്തിനും സമരം നടത്തുന്ന സംഘടനകളാണ് ഇടതുപക്ഷ സംഘടനകള്‍. കോളേജില്‍ മുടങ്ങിക്കിടക്കുന്ന ഒട്ടേറെ വികസന പദ്ധതികളുണ്ട്. ഇവ നേടിയെടുക്കുന്നതിലൊന്നും ഇവര്‍ക്ക് താത്പര്യമില്ല. കോളേജിന്റെ വികസനത്തിന് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ പൊതുമരാമത്ത് വകുപ്പില്‍ ഉപയോഗിക്കാതെ കെട്ടികിടക്കുകയാണ്. ഇത് ചെലവഴിപ്പിക്കാനൊന്നും ഒരു ഇടതുപക്ഷ സംഘടനകള്‍ക്കും താത്പര്യമില്ല.
കോളേജിന്റെ വികസനവും കുട്ടികള്‍ക്ക് മികച്ച രീതിയിലുള്ള വിദ്യാഭ്യാസവും നല്‍കുക എന്നതുമായിരുന്നു എന്റെ ലക്ഷ്യം. സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തനിക്ക് ബാധ്യതയുണ്ട്. കോളേജില്‍ നടക്കുന്ന ഒരു പരിപാടിക്ക് പുറത്തു നിന്നും ആളു വരുന്നുണ്ടെങ്കില്‍ അക്കാര്യം അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോളേജ് പ്രിന്‍സിപ്പലിനെ അറിയിക്കണം. ആ പരിപാടിയുടെ ലക്ഷ്യം, ഫണ്ട് തുടങ്ങിയ കാര്യങ്ങളും അറിയിക്കണം. ഈ നിയമം എല്ലാവരും പാലിക്കണമെന്ന് എല്ലാ സംഘടനകളെയും അറിയിച്ചതാണ്. എന്നാല്‍ ഈ നിയമം ലംഘിച്ച് നിരവധി പരിപാടികളാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനകള്‍ കോളേജില്‍ നടത്തിയിട്ടുള്ളത്.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് പോലെ പാലക്കാട് വിക്ടോറിയ കോളേജിനെയും മാറ്റുക എന്നതാണ് ഇടതുപക്ഷ അധ്യാപക സംഘടനയുടെയും എസ്എഫ്ഐയുടെയും ലക്ഷ്യം. ഇക്കാര്യത്തില്‍ അവര്‍ പകുതി വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ ശക്തമായ ഇടപെടലുകള്‍ മൂലം അവര്‍ക്ക് അതില്‍ പൂര്‍ണവിജയം നേടാന്‍ കഴിഞ്ഞിട്ടില്ല.
ഈ അടുത്ത കാലത്ത് കോളേജ് കൗണ്‍സിലിന്റെ തീരുമാനപ്രകാരം ഒരു പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകള്‍ എസ്എഫ്ഐ കുട്ടികളെ കൂട്ടുപിടിച്ച് തനിക്കെതിരെ സമരം നടത്തുകയും പരീക്ഷ ദിവസം ഓഫീസ് റും അടച്ച് പൂട്ടുകയും ഒരാളെപ്പോലും ഓഫീസില്‍ കയറാന്‍ അനുവദിക്കുകയും ചെയ്തില്ല. തുടര്‍ന്ന് പോലീസ് സഹായത്താലാണ് ഓഫീസ് റൂം തുറക്കുകയും പരീക്ഷയുമായി മുന്നോട്ട് പോകാന്‍ സാധിച്ചതും. ആരോടും തനിക്ക് വ്യക്തിവൈരാഗ്യമില്ല. എന്റെ ഓരോ പ്രവര്‍ത്തിയും കോളേജിന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു.
126 വര്‍ഷത്തെ ചരിത്രമുള്ള ഈ കോളേജിന് ഒരു പാട് നല്ലകാര്യങ്ങള്‍ ചെയ്തിട്ടുള്ള ഒരു അധ്യാപികയാണ് ഞാന്‍. ദളിത്, സ്ത്രീ സംരക്ഷകര്‍ എന്ന ഇടതു സംഘടനകളുടെ വാദം ശുദ്ധ നുണയാണ്. ഈ കോളേജിന്റെ നന്മയ്ക്ക് വേണ്ടി നിലകൊണ്ട ഒരു സ്ത്രീയായിരുന്നു ഞാന്‍. എനിക്ക് എന്ത് സംരക്ഷണമാണ് ഇവര്‍ തന്നത്? 27 വര്‍ഷം ഈ കോളേജില്‍ അധ്യാപികയായിരുന്നു ഞാന്‍. കഴിഞ്ഞ വര്‍ഷമാണ് പ്രിന്‍സിപ്പലായത്. എന്റെ ജീവിതവും ജീവനും ഈ കോളേജിന് വേണ്ടിയാണ് ചെലവഴിച്ചത്. അവസാനം എനിക്ക് അവര്‍ ശവക്കല്ലറയും പണിതു തന്നു. ഞാന്‍ അധ്യാപികയായി ജനിച്ചത് ഇവിടെയാണ്. ഇവിടെ തന്നെ എന്റെ ശവസംസ്കാരവും അവര്‍ നടത്തി. ഇത്രയും നല്ലൊരു യാത്രയയപ്പ് ആര്‍ക്കും കിട്ടിക്കാണില്ലെന്നും ഡോ. സരസു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: