സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം നാട്ടു രാജ്യങ്ങളെല്ലാം ഭാരതത്തിലോ പാക്കിസ്ഥാനിലോ ലയിച്ചുകൊണ്ടിരുന്നു. എന്നാൽ സ്വതന്ത്രമായി നില്‍ക്കാനായിരുന്നു ഹൈദരാബാദ് നൈസാമിന്റെ തീരുമാനം.
സ്വാതന്ത്ര്യാനന്തരം ഭാരതം മുഴുവൻ ‘ഭാരത് മാതാ കി ജയ്’ ഘോഷമുയർന്നപ്പോൾ ഹൈദരാബാദിൽ അലയടിച്ചത് ‘ആസാദ് ഹൈദരാബാദ് പൈൻദാബാദ് ‘ (സ്വതന്ത്ര ഹൈദരാബാദ് വിജയിക്കട്ടെ ) വിളികളായിരുന്നു.
നൈസാമുമായി നിരവധി ചർച്ചകൾ ഭാരതം നടത്തി. പക്ഷെ ഫലം കണ്ടില്ല. അപ്പോഴാണ് ഒരു വർഷത്തേക്ക് ‘തല്‍സ്ഥിതി നിലനിർത്തുക ‘ എന്ന ആശയം നൈസാം അവതരിപ്പിച്ചത്. ആ കാലയളവിനുള്ളിൽ കഴിയാവുന്നത്ര ആയുധം ശേഖരിക്കുക എന്നതായിരുന്നു നൈസാമിന്റെ ഗൂഡോദ്ദേശ്യം. വിഷയത്തിൽ സഭയെ ഇടപെടുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്കും നൈസാം ദൂതനെ അയച്ചു. ആ സമയത്താണ് ‘മജ്ലിസ് – ഇ – ഇത്തെഹാദ് – ഉൽ മുസ്ലിമീൻ’ എന്ന തീവ്ര ഇസ്ലാമിക നിലപാടുകളുള്ള സംഘടന അതിന്റെ നേതാവായിരുന്ന കാസിം റസ്വിയുടെ നേതൃത്വത്തിൽ ‘റസാക്കർമാർ’ എന്ന സായുധ വിഭാഗം രൂപീകരിക്കുന്നത്.
നൈസാമിന് അനുകൂലമായി ഹൈദരാബാദിലെ മുസ്ലീങ്ങളെ സംഘടിപ്പിച്ച് മത പരിവർത്തനത്തിലൂടെ ഹിന്ദു ജനസംഖ്യ കുറയ്ക്കുകയായിരുന്നു മജ്ലിസ് – ഇ – ഇത്തെഹാദ് – ഉൽ മുസ്ലിമീന്റെ ലക്ഷ്യം.
ഹൈദരാബാദിനെ സ്വതന്ത്ര രാജ്യമായി നിലനിർത്തുകയോ പാക്കിസ്ഥാനോട് കൂട്ടി ചേര്‍ക്കുകയും ചെയ്യുകയോ ആയിരുന്നു റസക്കർമാരുടെ ലക്ഷ്യം.
ക്രൂര പീഡനങ്ങളാണ് റസാക്കർമാരിൽ നിന്ന് ഹിന്ദുക്കള്‍ക്കും ഭാരതത്തോട് കൂറു കാട്ടിയ മുസ്ലീങ്ങൾക്കും ഉണ്ടായത്. അത് യഥാർത്ഥത്തിൽ വംശീയ ഉന്മൂലന ശ്രമം തന്നെയായിരുന്നു. ഭരണകൂടവും പോലീസും എല്ലാം അവർക്ക് ഒത്താശ ചെയ്തു. ആയിരക്കണക്കിന് ഹിന്ദുക്കൾ ജയിലിലടക്കപ്പെട്ട് ഭരണകൂട ഭീകരതയ്ക്ക് ഇരകളായി.
വീടുകളും കച്ചവട സ്ഥാപനങ്ങളും ആക്രമിച്ചു കൊള്ളയടിച്ചു. കൃഷി നശിപ്പിച്ചു. സ്ത്രീകളുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. കാമഭ്രാന്തന്മാർ സ്ത്രീകളെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു.
വാറംഗൽ ജില്ലയിൽ എരപാലെം ഗ്രാമത്തിൽ ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മുപ്പത്തി അഞ്ചോളം പോലീസുകാരും എൺപതോളം റസാക്കർമാരും കടന്നുചെന്ന് എല്ലാ വീടുകളിലെയും സകല വസ്തുക്കളും കൊള്ളയടിച്ചു. സ്ത്രീകളെ പൊതു സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പരസ്യമായി ബലാത്സംഗത്തിന് ഇരയാക്കിയശേഷം വെടി വെച്ച് കൊന്നു. ആ രീതിയില്‍ അന്ന് അവിടെ കൊല്ലപ്പെട്ടത് എഴുപതു സ്ത്രീകളായിരുന്നു.
ഇങ്ങനെ നിഷ്ഠൂരമായ കൊലപാതകങ്ങളെ തുടർന്ന് ഹൈദരാബാദിലെ ഹിന്ദു ജനസംഘ്യ ഏഴു ശതമാനം ശോഷിച്ചു. ശേഷിച്ച ഹിന്ദുക്കളിൽ നല്ലൊരു ശതമാനം ഭാരതത്തിന്റെ അധീനതയിലുള്ള പ്രവിശ്യകളിലേക്ക് കുടിയേറി. പുറത്തുനിന്നും ഹൈദരാബാദിലെക്കു മുസ്ലീം ജനതയുടെ ഒഴുക്ക് തന്നെയുണ്ടായി.
ക്രമസമാധാനം കയ്യിലെടുത്ത റസാക്കർമാർ തെരുവിൽ അഴിഞ്ഞാടി. 1948 ഫെബ്രുവരി 1 നു ഉമ്രി എന്ന ഗ്രാമത്തിലെ ഹൈദരാബാദ് സ്റ്റേറ്റ് ബാങ്ക് (ഇപ്പോഴത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് ) ശാഖ ആയുധധാരികളായ നൂറുകണക്കിന് റസാക്കർമാർ ആക്രമിച്ചു. ഏഴു ജീവനക്കാരെ കൊലപ്പെടുത്തി.ലക്ഷക്കണക്കിന് രൂപ അപഹരിച്ചു. യഥാർത്ഥത്തിൽ ഭാരതത്തിൽ നിന്നുള്ള സാങ്കൽപ്പികമായ ആക്രമണത്തിൽ നിന്ന് ബാങ്കിനു സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടവരായിരുന്നത്രേ അവർ.
അതേ സമയം നൈസാം തന്റെ ആയുധ ശേഖരം നിറച്ചു കൊണ്ടിരുന്നു. സിഡ്നി കോട്ടൻ എന്ന ബ്രിട്ടീഷ് ആയുധ വ്യാപാരി മുഖേന വൻതോതിൽ ആയുധങ്ങൾ ഹൈദരാബാദിലെക്കൊഴുകി. പെട്രോളും സൾഫറും മറ്റു വൻതോതിൽ ശേഖരിക്കപ്പെട്ടു. നിരവധി വ്യവസായ ശാലകൾ ആയുധ നിർമ്മാണ ശാലകളായി രൂപാന്തരം പ്രാപിച്ചു. ചുറ്റുമുള്ള പ്രവിശ്യകളിലെ ഭരണാധികാരികൾ ഹൈദരാബാദിന്റെ ആയുധ ശേഖരണം മനസ്സിലാക്കി അവിടെ അടിയന്തിരമായി ഇടപെടണം എന്ന് ഭാരതത്തോട് അഭ്യർഥിച്ചു.
1948 സെപ്റ്റംബർ 7 ന് സ്ഥിതി ഗതികൾ നിയന്ത്രിക്കാനായി ഇന്ത്യൻ പട്ടാളത്തിന് ഹൈദരാബാദിൽ പ്രവേശിക്കാന്‍ ആഭ്യന്തര സെക്രട്ടറി വി.പി മേനോൻ ഹൈദരാബാദ് പ്രധാനമന്ത്രിക്കെഴുതി. പക്ഷെ മറുപടി വന്നില്ല. ആറു ദിവസത്തിന് ശേഷം, അതായത് സെപ്റ്റംബർ 13 നു ഇന്ത്യൻ സേന ഹൈദരാബാദിൽ പ്രവേശിച്ചു, ഓപ്പറേഷൻ പോളോ ആരംഭിച്ചു . ഹാപ്പി വാർ എന്നായിരുന്നു ഇതിനെ ടൈം മാഗസിൻ വിശേഷിപ്പിച്ചത്.
സെപ്റ്റംബർ 15 നു റസാക്കർമാരുടെ പരമോന്നത നേതാവായിരുന്ന ക്വാസിം റസ്വിയുടെ ജന്മസ്ഥലമായ ലത്തൂരും ഔറംഗബാദും ഒസ്മാനാബാടും അടക്കം നിരവധി പ്രദേശങ്ങൾ ഭാരതത്തിന് കീഴടങ്ങി. അഞ്ചാം ദിവസം മധ്യാഹ്നത്തിൽ അതായത് സെപ്റ്റംബർ 17 ന് ഹൈദരാബാദിന്റെ ചെറുത്തുനില്പ് അവസാനിച്ചു. നൈസാം വെടി നിർത്തൽ പ്രഖ്യാപിച്ചു. അടുത്ത ദിവസം, ഭാരതത്തിലെമ്പാടും ആഘോഷങ്ങൾക്ക് വഴിതുറന്ന് നൈസാം ഭാരതത്തിനു
മുൻപിൽ കീഴടങ്ങി.
ക്വാസിം റാസ്വിയും മറ്റു നേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. പക്ഷെ വിചാരണ സമയത്തേക്ക് വല്ലഭ് ഭായ് പട്ടേൽ കഥാവശേഷനായിരുന്നു . ഭാരതത്തിൽ നിലനിന്ന കോണ്‍ഗ്രസ് സർക്കാർ മത പ്രീണനത്തിന്റെ ഭാഗമായി ക്വാസിം റാസ്വിയെ നിസ്സാര ശിക്ഷക്ക് ശേഷം പാക്കിസ്ഥാനിലേക്ക് കുടിയേറാൻ അനുവദിച്ചു. പാക്കിസ്ഥാനാവട്ടെ അയാൾക്ക് രാഷ്ട്രീയ അഭയവും നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: