ഇന്ത്യയുടെ വേദനമുഴുവനും കൊല്ലം പരവൂരില്‍ തളംകെട്ടി നില്ക്കുമ്പോള് അനുനിമിഷം കൂടിവരുന്ന മരണവും ഗുരുതരാവസ്ഥയും അതുണ്ടാക്കുന്ന വേദനയുടെടേയും കരച്ചിലിന്റെയും വെള്ളപ്പൊക്കം എന്നാണിനി നീന്തിത്തീര്ക്കുക. ദുരന്തത്തിന്റെ ആഴം മുഴുവനും ലോകം അറിഞ്ഞു കഴിഞ്ഞു. തിരിച്ചറിയാനാവാത്ത വിധംഛിന്നഭിന്നമായി തെറിച്ചുപോയ ശവശരീരങ്ങള്‍. കത്തിക്കരിഞ്ഞ് വേടുപിടിച്ച് ചുരുങ്ങിപ്പോയ ചുള്ളിക്കമ്പുപോലെയായ മൃതശരീരങ്ങള്‍. ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ട് ഒരു പരിഹാസംപോലെ ഇത്തിരി ജീവന് തങ്ങി നില്ക്കുന്നവ വേറെ.. മരണത്തിനും ജീവിതത്തിനുമിടയില്‍ പ്രാണന് ഊഞ്ഞാലുപോലെ ആടുന്നവ വേറെ. ഇങ്ങനെ ദുരന്തത്തിന്റെ കാണാക്കാഴ്ചകളും എഴുതാക്കാഴ്ചകളുമായി വേദനയുടെ നീറുന്ന എപ്പിസോഡുകല്‍. കമ്പപ്പുര തകര്ന്നുതെറിച്ച കോണ്‍ക്രീറ്റു കഷ്ണംകൊണ്ട് രണ്ടുകിലോമീറ്റര്‍ അകലെയുണ്ടായിരുന്ന ആളുപോലും മരിച്ചെന്നത് സ്ഫോടക ശക്തിയുടെ വീര്യം എത്രത്തോലമാണെന്നു കാണിക്കുന്നു.
ദുരന്ത നിവാരണമോ അതിനെക്കുറിച്ചുള്ള കരുതലോ ജാഗ്രതയോ ഇനിയും കേരളംപോലുള്ള പ്രബുദ്ധ സംസ്ഥാനത്തിനു അന്യമാണ്. പത്രങ്ങളിലും ചാനലകളിലും വാര്‍ത്തകളായും രാഷ്ട്രീയകാരുടെ വാക്പോരുകളുമായും ഈ ദുരന്തം തുടര്‍ന്ന് പോയേക്കാം.
ദുരന്തങ്ങള്‍ക്ക് കാലദേശങ്ങളില്ല. പലതും മനുഷ്യനിര്മ്മിതവുമല്ല. എന്നാല്‍ മനുഷ്യനാസ്ഥയും ജാഗ്രതക്കുറവും നിയമബാഹ്യവുമായ കാരണങ്ങളാല്‍ നിരവധി ദുരന്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ തേടി പരിഹരിക്കാനോ ഇല്ലാതാക്കാനോ ശ്രമിക്കേണ്ടതിനു പകരം താല്ക്കാലികമായ എളുപ്പ വഴികളിലൂടെ എന്തെങ്കിലും ചെയ്തെന്ന് വരുത്തിത്തീര്‍ക്കുകയാണ് പതിവ്. നട്ടെല്ലുള്ള പോലീസോ ഇച്ഛാശക്തിയുള്ള സര്‍ക്കാരോ മാനുഷികമുഖമുള്ള നിയമസംവിധാനമോ ഇവിടെയില്ല.
പരവൂര്‍ ദുരന്തത്തിനു പിന്നിലും ഒട്ടോറെ ദുരൂഹതകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ലൈസന്‍സ് പുതുക്കിയില്ലെന്നും അനുമതി ഇല്ലായിരുന്നു എന്നും നടത്തിയതിനു പിന്നില്‍ പോലീസിന്റെയും രാഷ്ട്രീയകാരുടെയും സമ്മര്‍ദമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. മത്സരവെടിക്കെട്ടാണ് നടന്നതെന്നും ഇത്ര വിപുലമായ രീതിയില്‍ ഇത് നടത്താനുള്ള സ്ഥലസൗകര്യങ്ങളോ സുരക്ഷയോ ഉണ്ടായിരുന്നില്ലെന്നും ആരോപണങ്ങളുണ്ട്. രണ്ട് കിലോമീറ്റര്‍ അകലത്തില്‍ വരെ ആള് നാശവും വസ്തുവക നഷ്ടങ്ങളും ഉണ്ടാകും വിധം ഉഗ്ര സ്ഫോടക ശേഷിയുള്ള വെടിമരുന്നുകള്‍ അനുവദനീയമായ അളവിലും കൂടുതല്‍ കമ്പപുരയില് ഉണ്ടായിരുന്നുവെന്നത് സത്യമാണ്.
എന്തെങ്കിലും ഉണ്ടാകുമ്പോള്‍ മാത്രം അതിനെ കുറിച്ച് ചിന്തിക്കുകയും താല്‍ക്കാലികമായി എന്തെങ്കിലും ചെയ്ത് ജനത്തെ പറ്റിക്കുകയെന്ന ക്രൂരവിനോദം മാത്രമായിരിക്കും ഉണ്ടാവുക. ജുഡീഷ്യല്‍ അന്വേഷണം എന്ന തമാശയാണ് ഇവിടെയും വി.എസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എതെങ്കിലുമൊരു റിട്ട. ജഡ്ജിയ്ക്ക് ഓര്‍ക്കാപ്പുറത്ത് തന്റെ അധികാരം പേരിനുമാത്രം കൊണ്ട് നടക്കാവുന്ന ഒരു വിനോദം മാത്രമായിരിക്കും ഇത്. ഇങ്ങനെ കാക്കത്തൊള്ളായിരം കമ്മീഷനുകള്‍ കണ്ടിട്ടുണ്ട് കേരളം.
വെടിക്കെട്ട് നിരോധിക്കാനാവില്ലെന്നും നിയന്ത്രിക്കാമെന്നും മതാചാരനുഷ്ടാനങ്ങളുടെ വൈകാരികത അതിന് ഉണ്ടെന്ന് പറയുന്നതും സ്വാഭാവികമായി മനസ്സിലാക്കാം. പക്ഷേ നിയന്ത്രണം എങ്ങനെ എത്രവരെ ഇതുതന്നെയാണ് എന്നത്തെയും പ്രശ്നം. അനധികൃതമായതെല്ലാം അധികൃതമായി നടക്കുന്ന പ്രാകൃതാവസ്ഥയിലാണ് ഇന്ന് സംസ്ഥാനം. കേരളം മുഴുവന്‍ വെന്തുനീറുന്ന ഈ ദുരന്തം വെളിവും വെളിയാഴ്ചയുമില്ലാത്ത ചാനല്‍ ചര്‍ച്ചകളുടെ ഇരയാകാനുള്ള ദുര്വിധിമാത്രമായി തീരുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: