കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ കേരളം ഒരുപോലെ വേദനിക്കുന്ന സമയത്ത് അസാധാരണ പ്രതിസന്ധി തരണം ചെയ്ത് ജീവന് രക്ഷിയ്ക്കാനായി ദല്‍ഹിയില്‍ നിന്നും പറന്നെത്തുകയായിരുന്നു എയിംസ്, രാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ ജംഗ് എന്നീ ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങുന്ന 27 അംഗ വിദഗ്ധ സംഘം. ആ നടുക്കുന്ന ഓര്‍മ്മകളില്‍ കേരളത്തോടൊപ്പം നിന്ന് അനേകം പേരുടെ ജീവന് രക്ഷിക്കാന്‍ മെഡിക്കല്‍ കോളേജിനോടൊപ്പം നില്‍ക്കുകയായിരുന്നു ഈ ഡോക്ടര്‍ സംഘം.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും പാരാ മെഡിക്കല്‍ തുടങ്ങി എല്ലാ ജീവനക്കാരുടേയും അഭിനന്ദനീയമായ സേവനത്തോടൊപ്പം മറുനാട്ടുകാരുടെ ഈ നിസ്വാര്‍ത്ഥ സേവനത്തിന് ആദ്യമേ നമുക്ക് നന്ദി പറയാം. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ സംഘം കേരളത്തിലെത്തിയെത്തിയത്. ദുരന്തം നടന്ന അന്നു രാവിലെ പത്തുമണിക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഈ ആശുപത്രികളില്‍ അറിയിപ്പ് ലഭിച്ചത്. ഇവരില്‍ പലരും ഡ്യൂട്ടിയിലായിരുന്ന സമയത്താണ് അറിയിപ്പ് വന്നത്. അപ്പോള്‍ തന്നെ മറ്റൊന്നും ചിന്തിക്കാതെ അവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു.
പ്രധാനമന്ത്രിയോടൊപ്പം എയിംസിലെ ചീഫ് ഡയറക്ടര്‍ പ്രൊഫ. എം.സി. മിശ്ര, ട്രോമാ സര്‍ജറി മേധാവി ഡോ. സുഷ്മ സാഗര്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മനീഷ് സിംഗാള്‍, സീനിയര്‍ ട്രോമാ സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. സുബോധ്കുമാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ ആദ്യ സംഘം രാവിലെ 10.30ന് ദല്‍ഹിയില്‍ നിന്നും പുറപ്പെട്ടു. ഇതിനു പിന്നാലെ 11.30 ഓടെ എല്ലാവിധ സജ്ജീകണങ്ങളും ജീവന് രക്ഷാ മരുന്നുകളുമായി രണ്ടാം സംഘവും പുറപ്പെട്ടു. ഇതില്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി മേധാവി പ്രൊഫ. മനോജ് ജായുടെ നേതൃത്വത്തിലുള്ള സംഘവും സഫ്ദര്‍ജംഗ് ആശുപത്രിയിലെ പൊള്ളല്‍ ചികിത്സാ വിദഗ്ധന്‍ ഡോ. പിയൂഷ് കെ. തയാലിന്റെ നേതൃത്വത്തിലുള്ള സംഘവും ഉണ്ടായിരുന്നു.
ആദ്യസംഘം പ്രധാനമന്ത്രിയ്ക്കൊപ്പം ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും അവിടെനിന്ന് ഹെലികോപ്ടറില്‍ സംഭവ സ്ഥലത്തും എത്തി. രണ്ടാം സംഘം മൂന്നരയോടെ തിരുവനന്തപുരത്തെത്തി. ഇതില്‍ ഒരു സംഘം കൊല്ലത്തേക്കും ഒരു സംഘം തിരുവന്തപുരം മെഡിക്കല്‍ കോളേജിലേക്കും തിരിച്ചു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് അപകടത്തിന്റെ തീവ്രത ഈ സംഘത്തിന് മനസിലായത്.
പ്രധാനമന്ത്രിയോടൊപ്പമുള്ള സംഘം കൊല്ലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. അവിടത്തെ അതീവ ഗുരുതരമായ രോഗികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് രണ്ടാം സംഘത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഈ സംഘം മെഡിക്കല്‍ കോളേജില്‍ എത്തുന്ന സമയത്ത് 125 ഓളം രോഗികള്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. അതില്‍ 65 ഓളം പേര് അതീവ ഗുരുതരാവസ്ഥയിലായിലായിരുന്നു. അപകടം പറ്റിയ എല്ലാവരുടെയും അവസ്ഥ ആദ്യം ഈ സംഘം നേരിട്ട് വിലയിരുത്തി. അവര്‍ ഇവിടെയെത്തിയ സമയം മുതല്‍ പിറ്റേന്ന് അതിരാവിലെ വരെ ഇവിടത്ത ജീവനക്കാരോടൊപ്പം വിശ്രമമില്ലാതെ വാര്‍ഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലുമുള്ള രോഗികളെ കണ്ട് അവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍ദാസ് തുടങ്ങി ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും ഇവര്‍ക്ക് പൂര്‍ണ പിന്തുണ നല്കി.
രോഗികള്‍ക്ക് ആവശ്യമായ അടിയന്തിര ചികിത്സകളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് പ്രത്യേക ചികിത്സാ അവലോകന യോഗത്തില്‍ ഈ വിദഗ്ധ സംഘം സമര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അവലോകനയോഗത്തില്‍ ഇവിടത്തെ രോഗികളെ ദല്‍ഹിയിലേക്കു മാറ്റേണ്ട സാഹചര്യമില്ലെന്ന് ഈ സംഘം വിലയിരുത്തി. പകരം മികച്ച ചികിത്സ ഇവിടത്തന്നെ ഏര്‍പ്പെടുത്താനുള്ള എല്ലാ സഹായവും ഇവര്‍ വാഗ്ദാനം ചെയതു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുള്‍പ്പെട്ട പ്രത്യേക സംഘം രൂപികരിച്ചു. പതിനഞ്ചോളം സങ്കീര്‍ണ ഓപ്പറേഷനുകള്‍ ഈ സംഘം നടത്തി. ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും ടീമുകളായി തിരിഞ്ഞ് എല്ലാ രോഗികളുടേയും സ്ഥിതിഗതികള്‍ ഇവിടത്തെ ഡോക്ടര്മാരുമായിച്ചേര്ന്ന് വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം എയിംസിലെ ട്രോമ ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. കപില്‍ ദേവ് സോണിയും മെഡിക്കല്‍ കോളേജിലെത്തി.
മെഡിക്കല്‍ കോളേജില്‍ പൊള്ളലേറ്റ കിടക്കുന്ന എല്ലാ തീവ്ര പരിചരണ വിഭാഗത്തിലും ഒരു വിദഗ്ധന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കി. കൂടുതല്‍ രോഗികള്‍ക്ക് തീവ്ര പരിചരണത്തിനായി താത്കാലിക ഐസിയു സംവിധാനവും ഉണ്ടാക്കി. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഈ ദല്‍ഹി സംഘം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടൊപ്പം പ്രവര്‍ത്തിക്കുന്നത്.
അനേകം രോഗികളെ അപകടനിലയില്‍ നിന്നും തിരിച്ചു കൊണ്ടു വരാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കൊപ്പം ഈ സംഘത്തിന് സാധിച്ചു. എങ്കിലും ഇപ്പോഴും പല രോഗികളുടേയും നില ഗുരുതരമാണ്. അതിനാല്‍ ഇവിടെ തങ്ങി വിദഗ്ധ ചികിത്സയില്‍ ഭാഗമാകുകയാണ് ഈ 27 അംഗ സംഘം. ഈ സംഘത്തില്‍ നാല് മലയാളികളുമുണ്ട്.
എയിംസിലെ വിദഗ്ധ സംഘം
പ്രൊഫ. എം.സി. മിശ്ര, ഡോ. സുബോധ് കുമാര്‍, ഡോ മനീഷ് സിംഗാള്‍, ഡോ. സുഷ്മ സിംഗാള്‍, ഡോ, സ്മാഷാനിക് ചൗഹാന്, ഡോ. രവി കിരണ്‍ നല്ലാ, ഡോ. അമൂല്യ റാത്തന്‍, ഡോ. മഥുര്‍ ഉണിയാല്‍, ഡോ. ഹര്‍ഷിദ് അഗര്‍വാള്‍, ക്രിട്ടിക്കല്‍ കെയറിലെ ഡോ. കപില്‍ ദേവ് സോണി, ഡോ. ഉജ്ജ്വല്‍ ദ്വാണ്ടി, അന്‍സില്‍ വി. രാജന്, വിനോദ് യു.ബി., വിനോദ് കെ.ആര്. ചൗധരി, വിനോദ് വി.ആര് ജോഷി, ജോസഫ് കെ മാത്യു എന്നിവരാണ് എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘത്തിലുള്ളത്.
റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ വിദഗ്ധ സംഘം
പ്ലാസ്റ്റിക് സര്‍ജറി പ്രൊഫസര്‍ ഡോ. മനോജ് ജാ, ഡോ. രാകേഷ് കെ.ആര്, ഡോ. രമ്യ, ഡോ. പ്രദീപ്, ഡോ. സാഹിബ് എന്നിവരാണ് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്നും വന്ന വിദഗ്ധ സംഘം.
സഫ്ദര്‍ജംഗ് ആശുപത്രിയിലെ വിദഗ്ധ സംഘം
ബേണ്‍സ് & പ്ലാസ്റ്റിക് സര്ജന് ഡോക്ടര്‍ പിയൂഷ് കെ തയാല്, ഡോ ഗൗരവ് കെ ഗുപ്ത, ഡോ. ചാന്ദിനി ശങ്കര്‍, ഡോ. നീരജ്, ഡോ. ജ്യോതി ബാല, ഡോ. രാകേഷ് കെ.ആര്., ഡോ. സുരീന്ദര്‍ കുമാര്‍ ഗോയല്‍, ഡോ. നവിന് കെ.വി., ജോബിന് എസ്. ബേബി, അശോക് കുമാര്‍ എന്നിവരാണ് സഫ്ദര്‍ ജംഗ് ആശുപത്രിയിലെ വിദഗ്ധ സംഘം. പലരും അപ്രതീക്ഷിതമായിട്ടാണ് കുടുംബത്തെ വിട്ടു കേരളത്തിലേക്ക് വന്നത്. എങ്കിലും ഓരോ ജീവനും രക്ഷിച്ചെടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയാണ് ഈ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: