സങ്കടങ്ങളുടെ കത്തിയെരിയുന്ന വലിയ വിപിനങ്ങളെ സ്നേഹത്തിന്റെ പെരുമഴകൊണ്ട് അണയ്ക്കുന്നതാണ് അക്കിത്തത്തിന്റെ കവിത.അഹിംസാത്മകമായ ഒരു ദര്‍ശനത്തിന്റെ ഏകാത്മഭാവം ഇതില്‍ നിറഞ്ഞിരിക്കുന്നു. വന്‍ ആശയങ്ങളെ അസാധാരണ നര്‍മ്മങ്ങള്‍ കൊണ്ട് പ്രകടമാക്കാന്‍ പോന്ന ഫലിത ബോധത്തിന്റെ ശക്തിയുള്ളതാണ് അക്കിത്തം കവിത. മനുഷ്യ ജീവിതത്തിന്റെ സ്തോഭജനകമായ പശ്ചാത്തലങ്ങളെ വിസ്തൃതമായ തുറന്നിടലുകള്‍ കൊണ്ട് അക്കിത്തം സൃഷ്ടിക്കുന്ന ലോകവും അതിന് പരിഹാരമായി പറയുന്ന മഹിതമായ സ്നേഹവും കൊണ്ടാണ് അക്കിത്തം വരുംനൂറ്റാണ്ടുകളുടെയും മഹാ കവി ആകുന്നത്.
ചങ്ങമ്പുഴയുടെ അനുരണനങ്ങളായി പലരും കവിത എഴുതുകയും അത്തരം സ്വാധീനത്തില്‍ നിന്ന് പുറത്തു കടക്കാനാവാതെ വെപ്രാളപ്പെടുന്ന ഒരു പ്രതിസന്ധിയിലാണ് ചങ്ങമ്പുഴയുടെ പ്രതിധ്വനി ആവാതെ സ്വവഴിയിലൂടെ അക്കിത്തം സഞ്ചരിച്ചത്. എഴുത്തച്ഛനു ശേഷം മലയാളത്തിലുണ്ടായ കവിത്രയത്തിന്റെ ശക്തിക്ക് പിമ്പേ വന്ന ജീ.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി തുടങ്ങിയ വലിയ കവികള്ക്കൊപ്പവും തുടര്‍ന്നും കവിതയുടെ വ്യത്യസ്ത സൗന്ദര്യ ഭാവ തലങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു അക്കിത്തം.
ഭാരതീയ പൈതൃകത്തിന്റെ നന്മ വിളയുന്ന പശ്ചാത്തലത്തിലൂടെ സ്വന്തം കാലഘട്ടത്തിലെ മനുഷ്യരുടെ അതി സങ്കീര്‍ണ്ണമായ വ്യഥകള്‍ വരക്കുകയായിരുന്നു അദ്ദേഹം. ഇടിഞ്ഞു പൊളിഞ്ഞ ലോക, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ബലി ദര്‍ശനം എന്നിങ്ങനെ മൂന്ന് കവിതകള്‍ മാത്രം മതി അക്കിത്തത്തെ വരും നൂറ്റാണ്ടുകളുടെയും കവിയാക്കാന്‍ എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. പൗരാണികതയിലെ പുതുമയും പുതുമയിലെ അത്യാന്താധുനികതയും ഇക്കവിതകളില്‍ കാണാവുന്നതാണ്. ചത്തുകിടക്കുന്ന അമ്മയുടെ മുലപ്പാല്‍ ചപ്പുന്ന പുതു നൂറ്റാണ്ടിലെ നവാതാഥിയെക്കുറിച്ച് അക്കിത്തം എഴുതുന്ന ദയനീയമായ ചിത്രം ഒന്നു കൊണ്ട്മാത്രം വരും കാലത്തിന്റെ കെട്ട വ്യവസ്ഥതിയെ കുറിച്ച് സൂചന നല്കുന്നു. മനുഷ്യന്റെ വഴുതി പോകുന്ന പിടികിട്ടാത്ത ജീവിതവും സ്വപ്നവും ഇതിലുണ്ട്.
ഭാരതീയ സംസ്കാരത്തിന്റെ സത്ത ഉള്‍കൊണ്ട് ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ച വിനയവും ലാളിത്യവുമായി ജീവിതവും അതു തന്നെ കവിതയുമായി തീര്‍ന്നതുമാണ് അക്കിത്തം. യൗവനത്തിന്റെ പെരുമ്പുളപ്പില് കമ്മ്യൂണിസത്തോട് ചായ്വ് ഉണ്ടാവുകയും പിന്നീട് അതിന്റെ കൊടും വിഷം തിരിച്ചറിഞ്ഞ് വിശാല മാനവികതയിലേക്ക് തിരിച്ചെത്തുകയുമായിരുന്നു അക്കിത്തം. ചെറുപ്പത്തിന്റെ ആവേശത്തില്‍ നിന്ന് പക്വമതിയുടെ ഇരുത്തമായിരുന്നു അത്. അക്കിത്തം പ്രവചിച്ച ആ വിഷം ലോകമാകെ പടരുന്നത് പിന്നീട് കണ്ടു.
കറുത്ത ഹാസ്യം എന്നു പറയാവുന്നതരം നര്‍മ്മബോധമാണ് അക്കിത്തത്തിന്റെ കവിതകളില്‍ ഉള്ളത്. ഒരു വസ്തുതയുടെ നേര് വിപരീതംകൊണ്ട് അതിനെ നിശിതമായി വിമര്‍ശിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വെളിച്ചം ദു:ഖമാണുണ്ണി ….എന്ന് തുടങ്ങുന്ന രണ്ടുവരി കവിതകളില്‍ ഈ കറുത്ത ഹാസ്യം വിടര്‍ന്ന് പരിലസിക്കുന്നുണ്ട്. തമസ്കരിക്കപ്പെടുന്ന വെളിച്ചത്തെ കുറിച്ചുള്ള ഗഹനമായ ഇത്തരം ആപ്ത വാക്യങ്ങള്‍ മലയാളത്തില്‍ ഏറെയില്ല. ഭാരതീയ സംസ്കൃതിയുടെ ഉദാത്ത ഭാവമായ എല്ലാത്തിനെയും ഉള്‍ക്കൊള്ളുക എന്ന വിശാലമായ മനസ് അക്കിത്തത്തിന്റെ കവിതകളിലുണ്ട്. ഇത് എന്റെതല്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന ‘ഇദം നമ മ’ യാണത്. ബലി ദര്‍ശനം എന്ന കവിത ഇത്തരമൊരു ത്യാഗത്തിന്റെ ഊഷ്മള ഭാവം ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് വാമനനെ കവി പ്രതിനായകനാക്കാത്തത്. നമ്മുടെ കവികള്‍ക്കും എഴുത്തുകാര്‍ക്കും സാധിക്കാതെ പോയ വലിയൊരു മാറ്റച്ചിന്തയുടെ നാന്ദിയാണ് ബലി ദര്‍ശനത്തിലുള്ളത്.
നിസ്വാര്‍ഥമായ സ്നേഹത്തിന്റെയും അതിരില്ലാത്ത കാരുണ്യത്തിന്റെതുമായ ദര്‍ശനം. മനുഷ്യന് പക്ഷികളെയും മൃഗങ്ങളെയും സസ്യങ്ങളെയും അവനോടെപ്പം ഒരുമിച്ച് കാണുന്ന വിശാലമായ ഒരു കൂട്ടായ്മ്മയുടെ അനവദ്യസുന്ദരമായ ചേര്‍ച്ച. മനസാക്ഷിയുള്ളവനാണ് കവിയായിരിക്കുക എന്നതിന്റെ ഉള്ളടക്കമാണ് അക്കിത്തത്തിന്റെ കവിത. മനസാക്ഷിയുള്ളവനോ അനീതിക്കെതിരെ പ്രതീകരിക്കാനാവൂ.
അക്കിത്തം തന്റെ കവിതകളിലൂടെ സൃഷ്ടിച്ച സൗന്ദര്യ സങ്കല്പമുണ്ട്. അത് ആഖ്യാന രീതിയുടെ ദിവ്യമായ പരിമളമാണ്. ഇത്തരം സര്‍ഗാത്മകമായ നിര്‍മ്മിതിയുടെ ശില്പഭദ്രത അക്കിത്തത്തിന്റെ കവിതകള്‍ക്കുണ്ട്. ആശയപരമായ മാനുഷീകതയോട് കൂടിച്ചേര്‍ന്ന് നില്ക്കുന്ന പരമമായൊരു കാരുണ്യ ബോധം ഈ കവിയുടെ ചിന്തകളില്‍ നിറയുന്നുണ്ട്.
എല്ലാ കവിതകളുടെയും രക്തയോട്ടം നിര്‍ണ്ണയിക്കുന്നത് ഈ മാനുഷീക ഭാവമാണ്. അതിനാല്‍ തന്നെ അക്കിത്തത്തിന്റെ എല്ലാ കവിതകളും ഒരര്‍ത്ഥത്തില്‍ ഒറ്റക്കവിതയാണ്. ഇന്നത്തെ കാലത്ത് എഴുത്തുകാരെല്ലാം സ്വന്തം സൃഷ്ടികളെ മാര്‍ക്കറ്റ് ചെയ്ത് പ്രശസ്തരാകുമ്പോള്‍ തന്റെ കവിതകളുടെ കാമ്പും കാതലും അറിയാവുന്ന അക്കിത്തം അന്നും ഇന്നും ഇത്തരം മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായില്ല. സാമുവല്‍ ബക്കറ്റ് പറഞ്ഞതുപോലെ എഴുതി കഴിഞ്ഞതിനു ശേഷം വായനക്കാര്‍ തീരുമാനിക്കുന്നതാണ് മൂല്യം. അക്കിത്തത്തിന്റെ കവിതള്‍ മനപ്പൂര്‍വ്വമായ പ്രചരണങ്ങളില്ലാതെ തലമുറകള്‍ തോറും കൈമാറുകയാണ്. അവ വരുംനൂറ്റാണ്ടുകളുടെയും കവിതകളായിരിക്കും……
പ്രതികരിക്കാൻ ഇവിടെ എഴുതുക: