ബത്തേരി : സി.കെ. ജാനുവെന്ന ഗോത്ര സമരനായിക എംഎല്‍എ ആവുന്നതും കാത്ത് കഴിയുന്ന പതിനായിരങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ അങ്ങ് പനവല്ലിയില്‍ ജാനു എംഎല്എയാവുന്നതും കാത്തിരിക്കുന്ന ഒരു കൊച്ചുമിടുക്കിയുണ്ട് ജാനുവിന്റെ സ്വന്തം ജാനകികുട്ടി. സമരകാലത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് സി.കെ. ജാനു കണ്മഷിയും പൊട്ടും ചാന്തും പൗഡറും കുഞ്ഞുടുപ്പുകളുമെല്ലാം കരുതിവെച്ചത്.
ചത്തീസ്ഗഢ് അനാഥാലയത്തിലെ മൂന്ന് വയസ്സുകാരിയെയാണ് കുറച്ചു നാള് മുന്‍പ് ജാനു ദത്തെടുത്തത്. ജാനകികുട്ടി. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന നീണ്ട കാലത്തെ ആഗ്രഹം കേരളത്തില്‍ സഫലമാകാതെ വന്നതോടെയാണ് ചത്തീസ്ഗഢില്‍ നിന്ന് ദത്തെടുത്തത്. ജാനകികുട്ടി മലയാളമെല്ലാം പഠിച്ചുവരുന്നു. അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണെന്നും വൈകാതെ മകളെ ബത്തേരിയിലേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് ചൂടില്‍ മകളെ കൊണ്ടുവരാനായില്ലായെന്ന് ജാനുചേച്ചിയുടെ കുറ്റസമ്മതം.
വൈകാതെ കുഞ്ഞിനെ ബത്തേരിയില്‍ കൊണ്ടുവരുമെന്ന് സി.കെ. ജാനുവിന്റെ പാര്‍ട്ടിയായ ജെആര്‍എസിന്റെ സംസ്ഥാന സെക്രട്ടറി തെക്കന്‍ സുനില്‍ ജന്മഭൂമിയോട് പറഞ്ഞു. ഏപ്രില്‍ പത്തിന് ബത്തേരിയില്‍ നടന്ന ജെആര്‍എസ് പ്രഖ്യാപന കണ്‍വെന്‍ഷനിലേക്ക് ജാനകികുട്ടിത്ത് എത്തുമെന്നാണ് സി.കെ. ജാനു പറഞ്ഞത്.
ദേശീയതലത്തില്‍ ശ്രദ്ധയാകര്ഷിച്ചിരിക്കയാണ് ബത്തേരി മണ്ഡലത്തില മത്സരം. മുത്തങ്ങ സമര നായികയും ഗോത്രമാഹസഭ അധ്യക്ഷയുമായ സി.കെ.ജാനു ജനാധിപത്യ രാഷ്ട്രീയ സഭ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എ ബാനറില്‍ മത്സരത്തിനിറങ്ങിയതാണ് ബത്തേരി മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്.
മാനന്തവാടി തൃശിലേരി ചെക്കോട്ട് അടിയ കോളനിയിലെ കരിയന്റെ മകളാണ് 46കാരിയായ ജാനു. സി.പി.എം നിയന്ത്രണത്തിലുളള കര്‍ഷക തൊഴിലാളി യൂണിയനിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1982ല്‍ സിപിഎം വിട്ട ജാനു പിന്നീട് എന്‍ജിഒകളുമായി സഹകരിച്ച് ആദിവാസി വിഷയങ്ങളില്‍ വ്യാപരിക്കാന്‍ തുടങ്ങി. 1992ല്‍ സൗത്ത് സോണ്‍ ആദിവാസി ഫോറം അധ്യക്ഷയായ അവര്‍ 1994ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഭാരതത്തില്‍ നിന്നുള്ള ആദിവാസി വിഭാഗങ്ങളെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
ആദിവാസികള്‍ക്കിടയിലെ ഭൂരാഹിത്യം, ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സമരങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്കി. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയില്‍ 2003 ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി 19 വരെ നടന്ന ഭൂസമരമാണ് ഇതില്‍ പ്രധാനം. 2001ല്‍ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തിയ 48 ദിവസം നീണ്ട കുടില്കെട്ട് സമരത്തിനു പിന്നാലെ 2002ല്‍ രൂപീകരിച്ച ഗോത്രമഹാസഭയുടെ നേതൃത്വത്തിലായിരുന്നു മുത്തങ്ങ സമരം. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഗോത്രമഹാസഭ ഒറ്റക്കെട്ടായി ജാനുവിനു പിന്നിലുണ്ട് എന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: