മനുഷ്യന് മരിക്കുന്നു. പുസ്തകം മരിക്കുന്നില്ല. നൂറ്റാണ്ടുകളെ അതിജീവിച്ച് തലമുറകളെ ചരിത്രവും സംസ്കാരവും പഠിപ്പിച്ചു കൊണ്ട് ജ്ഞാനത്തിലൂടെയുള്ള സഞ്ചാരമാണ് പുസ്തകങ്ങള്‍ നടത്തുന്നത്. ലോക പുസ്തക ദിനമാണ് ഇന്ന്. പുസ്തകങ്ങളുടെ പ്രാധാന്യവും ഭാവിയിലേക്ക് അതുവഴിയുള്ള കരുതലിനെയും ഒര്മ്മിപ്പിക്കുകയാണ് ഈ ദിനം. ലോകം എഴുത്തിന്റെയും വായനയുടെയും രാജശില്പികളായി അംഗീകരിക്കുന്ന സെര്വാന്റീസിന്റെയും വില്യം ഷേക്സ്പിയറുടെയും നാനൂറാം ചരമ വാര്‍ഷിക ദിനമെന്ന പ്രത്യേകതയും കൂടി ഇത്തവണത്തെ ലോക പുസ്തക ദിനത്തിനുണ്ട്. പാശ്ചാത്യ നോവല്‍ സാഹിത്യ രംഗത്ത് സെര്‍വാന്റിസിന്റെ ഡോണ്‍ ക്വിക്സോട്ട് ആദ്യ സംരംഭമായി വിലിയിരുത്തപ്പെടുന്നു. നമ്മള് സര്‍വ്വ സാധാരണയായി പറയുന്ന ലക്ഷണമൊത്ത നോവലിന്റെ എല്ലാ സ്വഭാവങ്ങളും ഈ കൃതിക്കുണ്ട്. അതു പോലെ തന്നെയാണ് ലോക നാടക മേഖലയില്‍ ഷേക്സ്പിയര് കൃതികള്‍ക്കുള്ള പ്രസക്തിയും.
ഒരു മനുഷ്യന് ജീവിക്കുമ്പോള്‍ അയാളെ മാത്രമാണ് അറിയുന്നത്. ഒരാള്‍ പുസ്തകം വായിക്കുമ്പോള്‍ അയ്യായിരം വര്‍ഷത്തെ അറിയുന്നുവെന്ന ഉംമ്പര്‍ട്ടോ എക്കോ പറഞ്ഞിട്ടുണ്ട്. എഴുത്തുകാരനും വലിയ വായനക്കാരനും അതിലുപരി പുസ്തക സൂക്ഷിപ്പുകാരനുമായിരുന്നു എക്കോ. പുസ്തക രചനയെക്കുറിച്ചും വായനയെകുറിച്ചും ലോകം പ്രത്യേകം ഓര്‍ക്കുന്ന ഈ വേളയില്‍ ഉംമ്പര്‍ട്ടോ എക്കോയെ പോലെ മറ്റൊരു വായനക്കാരനെ അനുസ്മരിക്കാന്‍ കഴിയില്ല. പുസ്തക വായന നമുക്ക് നല്‍കുന്നത് നാളെയുടെയും കൂടിയുള്ള സംസ്കാരമണ്. വായനയിലൂടെ അറിവ് മാത്രമല്ല ഉണ്ടാവുന്നത്. തന്റെ ചുറ്റുപാടുമുള്ള ലോകത്തിന്റെ ഭാഗമായി തീരുകയാണ് വായനക്കാരന്. വായനയ്ക്ക് വായനയുടേതിനെക്കാള് വലിയ ദൗത്യമുണ്ട്. അത് മറവിക്ക് എതിരെയുള്ള പ്രതിരോധമാണ്. വിശക്കുന്ന മനുഷ്യാ പുസ്തകമെടുക്കൂ എന്ന് ബ്രഹ്ത് എഴുതിയിട്ടുണ്ട്. വിശപ്പിന്റെ സമയത്ത് പുസ്തകമെടുത്താല്‍ അത് വയര്‍ നിറയ്ക്കുമെന്നല്ല അര്‍ത്ഥം. വിശപ്പിനെക്കുറിച്ചുള്ള കാരണങ്ങള്‍ അറിയാന്‍ കഴിയും എന്നുള്ളതാണ്. അത് സാമൂഹിക വ്യവസ്ഥയുമായി ബന്ധപ്പെട്ട് നില്ക്കുന്നു.
ഇന്നത്തെ ആധുനിക ലോകത്ത് പുസ്തകം മരിക്കുന്നുവെന്ന് വായന ഇല്ലാതാകുന്നുവെന്നും പറയുന്നവര്‍ കേരളത്തിലുണ്ട്. ലോക വ്യാപകമായി പക്ഷെ, ഇത്തരമൊരു വിലാപമില്ല. യൂറോപ്പ് ഇപ്പോഴും വായനയുടെ സമ്പത്തും സമൃദ്ധിയുമാണ്. ഈയിടെ ഫ്രാങ്ക് ഫര്‍ട്ട് പുസ്തകമേളയില്‍ കണ്ടത് ഇതിന് ഉദാഹരണമാണ്. നമ്മുടെ നാട്ടില്‍ നിന്നുപോയ പുസ്തക വായനാ ചര്‍ച്ചകളും വായനശാല ലൈബ്രറികളുടെ കുറവുകളും മറ്റും ചൂണ്ടിക്കാട്ടിയാണ് ഇത്തരം വിലാപങ്ങള്‍ ചിലര്‍ നടത്തുന്നത്. എന്നാല്‍ പണ്ടെത്തെക്കാളും ജ്ഞാന ശാഖകള്‍ അനേകമായി വളര്‍ന്നതും വിവിധങ്ങളായ വിഷയങ്ങളെ അധികരിച്ചുള്ള വൈവിദ്ധ്യങ്ങളായ പുസ്തക പ്രസാധനങ്ങളും നിലിനില്‍ക്കെ വായനയുടെ മരണം ഒരിക്കലും സംഭവിക്കുകയില്ല. പക്ഷേ വൈവിദ്ധ്യപൂര്‍ണ്ണമായ ഈ വായനാരീതികള്‍ പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്ന് മാത്രം. കൊച്ചിയില്‍ തന്നെ ഒരുവര്‍ഷം 30 കോടി രൂപയുടെ പുസ്തക വില്പനയാണ് നടക്കുന്നത്.
പഴയ കാലത്തും ഇന്നുള്ളതു പോലെ പുസ്തകത്തിന് വമ്പിച്ച പ്രാധാന്യം ഉണ്ടായിരുന്നു. ഓരോ രാജ്യങ്ങളിലും ഓരോ കാലഘട്ടത്തിലും ഉണ്ടായ അധിനിവേശങ്ങളോടൊപ്പം നശിപ്പിക്കപ്പെട്ട കൂട്ടത്തില്‍ പുസ്തകങ്ങളും ഉണ്ടായിരുന്നു. പ്രാചിന അലക്സാഡ്രിയയില്‍ ഉണ്ടായിരുന്ന വലിയ പുസ്തക നിധി ആക്രമണ കാലത്ത് തീയിട്ട് നശിപ്പിക്കുകയുണ്ടായി. മാസങ്ങളോളം തീ പടര്‍ച്ച ഉണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കഴിഞ്ഞിടെ ലോകത്തിലെ തന്നെ വലിയ ലൈബ്രറി അലക്സാഡ്രിയയില്‍ പുനര്‍നിര്‍മിക്കുകയുണ്ടായി. ഒരു കോടിയിലേറെ പുസ്തകങ്ങളാണ് അവിടുത്തെ ശേഖരത്തില്‍ ഉള്ളത്. ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ തങ്ങളുടെ ലക്ഷ്യമായി തന്നെയാണ് ഇതിനെ കണ്ടത്. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇതിലേക്ക് ഫ്രഞ്ച് സര്‍ക്കാര്‍ സംഭാവന ചെയ്തത്. ഇതെല്ലാം സൂചിപ്പിക്കുന്നത്. എന്തിനെയും വായന അതി ജീവിക്കും എന്നു തന്നെയാണ്. പണ്ടും ഇന്നും അതിവിശിഷ്ടമായ പുസ്തക ചികിത്സ രോഗ ശമനത്തിന് നല്ലൊരു ഔഷധമായി പല രാജ്യങ്ങളും വിശ്വസിച്ചു പോരുന്നു. അത്തരം ചികിത്സകളും നടത്തുന്നുണ്ട്. പ്രാചിന ലോകത്ത് ഭരണാധികാരികള്‍ പലരും കൊട്ടാരങ്ങളോടൊപ്പം ഗ്രന്ഥപ്പുരകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു. 20-ാം നുറ്റാണ്ടില്‍ ആധുനിക മനശാസ്ത്രം ഫ്രോയ്ഡിനെ പോലെയുള്ളവര്‍ വിപൂലികരിച്ചെടുത്തതില് പുസ്തകങ്ങള്‍ക്കുള്ള സ്ഥാനവും വലുതാണ്.
ഷേക്സ്പിയറുടെ കൃതികളില്‍ ആധുനിക മനോവിശ്ലേഷണത്തിന്റെ നല്ല വിത്തുകള്‍ ഉള്ളതായി നമുക്ക് അറിയാം. അതില്‍ ഹാംലെറ്റിനുള്ള പ്രാധാന്യം വലുതാണ്. ഉംമ്പര്‍ട്ടോ എക്കോയുടെ കൊട്ടാര സദൃശ്യങ്ങളായ നാലു വീടുകളില്‍ ഓരോന്നിലും ഓരോ ലക്ഷം പൂസ്തകങ്ങള്‍ വീതം ഉണ്ടെന്നുള്ളതാണ് സത്യം. പുസ്തകങ്ങളെ കാലാതീതമായി സംരക്ഷിക്കാനുള്ള വീടുകളാണ് ഈ കൊട്ടാരങ്ങള്‍ എന്നുതന്നെ പറയാം. ലോകം കണ്ട എറ്റവും വലിയ വായനക്കാരന്റെ പുസ്തക പ്രണയം. വായിക്കുമ്പോള്‍ വായനക്കാരന് എഴുത്തുകാരന് കൂടിയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: