എന്‍ഡോസള്‍ഫാന്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ക്ക് പ്രത്യേക ആമുഖമില്ലതെ മനസ്സിലാകുന്ന, ഒരു ദുരവസ്ഥയാണ്. ഔചിത്യബോധമില്ലാതെ എപ്പോള്‍ വേണമെങ്കിലും ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന അതിഥിയാണ് മരണമെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ഭീകരത ഏതു നിമിഷവും ഏതു കുട്ടിയിലും ഏതു രൂപത്തിലും വന്നുപെട്ടാല്‍ ആജീവനാന്തം അതൊരു തീരാവേദനയായി അവരുടെ കണ്മുന്പില് ഉണ്ടാവും.
കശുവണ്ടി തോപ്പുകളില്‍ ഏകദേശം 20 വര്‍ഷത്തോളം അടിച്ചിരുന്ന മാരകമായ വിഷമാണ് എന്‍ഡോസള്‍ഫാന്‍. ഈ വിഷം അവരുടെ കുടിവെള്ളത്തിലും ഭൂമിയിലും ഒക്കെ അലിഞ്ഞു ചേര്‍ന്ന് അവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ വളര്‍ച്ചയിലും, പ്രജനനശേഷിയിലും മറ്റും ഉണ്ടാകാന്‍ തുടങ്ങി. ആഗോളതലത്തില്‍ എന്‍ഡോ സള്ഫാന് നിരോധിക്കാന്‍ 2011 ല്‍ തീരുമാനമായതാണ്. എന്നാല്‍ ഇന്നും വികസ്വര രാജ്യങ്ങളില്‍ ഇതിന്റെ ഉപയോഗം തുടരുന്നുണ്ട്.
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് വികസനം തീരെ കടന്നു ചെന്നിട്ടില്ലാത്ത ജില്ലയാണ് സപ്തഭാഷാസംഗമഭൂമിയായി അറിയപ്പെടുന്ന കാസര്‍ഗോഡ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ചെന്നുപറ്റാന്‍ തുലോം ബുദ്ധിമുട്ടാണ്. ഭാഷാന്യൂനപക്ഷങ്ങള് ധാരാളമുള്ള ഇവര്‍ക്ക് കഴിഞ്ഞ ആറു പതിറ്റാണ്ടിനു മേലെയായി മാറി വന്ന ഇടതു വലതു ഭരണക്കാര്‍ നല്‍കിയിട്ടുള്ളത് വെറും അവഗണന മാത്രം.
കാസര്‍ഗോഡ് ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിലായിട്ടാണ് എന്‍ഡോസള്‍ഫാന്‍ ഭീകരത കാണാന്‍ കഴിയുന്നത്. ധാരാളം പൊതുജന സമരങ്ങളുടെയും മറ്റും ഫലമായി ചെറിയ ആനുകൂല്യങ്ങളും കുട്ടികള്‍ക്കായി സ്കൂളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എന്‍ഡോ സള്ഫാന് ഇരയാണെന്നു തെളിയിക്കാനും മറ്റും ഈ പാവങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നു.
ഒരു മാസം മുന്‍പ് കാന്‍സര്‍ രോഗിയായ 60 വയസു കഴിഞ്ഞ ഒരാള്‍ താന്‍ എന്ഡോസല്ഫാന്റെ ഇരയാണെന്ന് തെളിയിക്കാനാവാതെ ആനുകൂല്യങ്ങള്‍ ഒന്നും കിട്ടാതെ ഇത്തിരി വിഷത്തില്‍ ജീവനൊടുക്കിയിരുന്നു. അങ്ങനെ എത്രയെത്ര അവഗണനയുടെ, ചിറ്റമ്മ നയത്തിന്റെ കദനകഥകള്‍ ഈ തുളുനാടിന്റെ തേങ്ങലായി അലയടിക്കുന്നു.
എന്‍ഡോ സള്ഫാന് ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ ഹൃദയസ്പര്‍ശിയായ എത്രയോ അനുഭവങ്ങള്‍. ഒരു വീട്ടില്‍ എത്താന്‍ ദുര്‍ഘടമേറിയ വഴിയില്‍ (ഈ തെരഞ്ഞെടുപ്പു സമയത്ത് കേരളത്തിലെ മറ്റൊരു ജില്ലയിലും കാണാത്ത പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് ഇപ്പോഴും ദേവലോകം, സ്വര്‍ഗ്ഗലോകം എന്നൊക്കെ പേരിട്ടു വിളിക്കുന്ന ഈ സ്ഥലങ്ങളില്‍) കൂടി വണ്ടിയോടിച്ചു വനം പോലെയുള്ള വഴിയില്‍ കൂടി കൊത്തുകല്ലും പടികളും വിള്ളലും മറ്റുമുള്ള ഒറ്റയടി പാതയില്‍ കൂടി 15 മിനിട്ടോളം നടന്നാണ് ഇരിക്കാനൊ നടക്കാനോ വയ്യാത്ത 12 വയസ്സുള്ള ഒരു കുട്ടിയുടെ വീട്ടില്‍ എത്തുന്നത്.
ഈ കുട്ടി എങ്ങനെ സ്കൂളില്‍ പോകും? അസുഖം വന്നാല്‍ എങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോകും? കുടിവെള്ളം എത്തിയിട്ടില്ല വീട്ടില്‍. അങ്ങനെ എന്തല്ലാം ദുരിതങ്ങള്‍. മനസ്സില്‍ മായാതെ നില്ക്കുന്ന മറ്റൊരനുഭവം ഉണ്ട്. ആ വീട് വലിയ കലാകാരന്റെ പഴയ കുടുംബം. വാര്‍ദ്ധ്യക്യത്തിലേക്ക് എത്തിനില്‍ക്കുന്ന അച്ഛനും അമ്മയും 24 വയസുള്ള മകന്, കണ്ടു നില്ക്കാന് കഴിയില്ല കട്ടിലില്‍ ചുരുണ്ട് കിടന്നിരുന്ന ആ രൂപം.
ഈ അമ്മയും അച്ഛനും അതെന്നും കാണാന്‍ വിധിക്കപ്പെട്ടവരും. ധാരാളം ശില്പങ്ങളും ചിത്രങ്ങളും ആ വീട്ടില്‍ കാണാന്‍ സാധിച്ചു, ചന്ദനത്തില്‍ കൊത്തിയ നെഹ്രുവിന്റെ ഒരു ശില്പവും ഉണ്ടായിരുന്നു. ഈ വീടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്താണെന്നല്ലേ? നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2013 ല്‍ അവിടെ ചെന്ന് നിന്ന് സംസാരിച്ച അതെ തിണ്ണയിലാണ് ഞങ്ങളും നിന്നത്. അന്നദ്ദേഹം അവരോടു പറഞ്ഞു എന്‍ഡോ സള്‍ഫാന്റെ ഇരകളെ സര്‍ക്കാര്‍ ദാത്തെടുക്കണം എന്ന്.
അവിടെ കുടിവെള്ളം എത്താന്‍ ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന്, അവിടേക്ക് വരാന്‍ നല്ല വഴിയുണ്ടാക്കുമെന്ന്, അമ്മക്ക് പെന്ഷന് ശരിയാക്കുമെന്ന്, അങ്ങനെ എന്തെല്ലാം വാഗ്ദാനങ്ങള്‍ ആ പാവങ്ങള്‍ക്ക് നല്കി. ഇതിന്റെ കൂടെ അന്നത്തെ പത്രവും ഗവന്മെന്റ് ഓര്‍ഡര്‍ ഒക്കെ ആ അച്ഛന് എടുത്തു കാണിച്ചു തന്നു. പൈപ്പ് വന്നു, വെള്ളം ഇനിയും എത്തിയില്ല, വഴി പകുതി വെട്ടി, മുകളില്‍ ഇരുന്നു നിരങ്ങിയാല്‍ താഴെ വന്നെ നില്ക്കൂ, അത് ഞങ്ങള്‍ക്ക് അനുഭവത്തില്‍ മനസ്സിലായി, പെന്ഷന് ശരിയായില്ല, ദത്തും എടുത്തില്ല. പ്രായമേറും തോറും അവര്‍ക്കും അരക്ഷിതത്വം.
അച്യുതാനന്ദനും നേരിട്ടു ചെല്ലാതെ വാഗ്ദാനങ്ങള്‍ കൊടുത്തിട്ടുണ്ട്, ഇനിയും ഇവര്‍ ഇത് സഹിക്കണോ? അവര്‍ തന്നെ തീരുമാനിക്കട്ടെ. കാസര്‍ഗോഡ് ജില്ലക്കാര്‍ നേരിടുന്ന ഒരായിരം പ്രശ്നങ്ങളില്‍ വളരെ പ്രധാനമാണ് ഈ വിപത്ത്. മുഖ്യമന്ത്രിയും മന്ത്രി പുംഗവന്മാരും അവനവന്റെ സ്ഥലത്ത് വിദേശ രീതിയില്‍ റോഡുകളും മറ്റും നിര്‍മ്മിച്ച് നാട്ടുകാരെ വിലക്കെടുക്കുമ്പോള്‍ ഇവരും കേരളീയരാണ്, ഇവരുടെയും നികുതിപണം ഖജനാവില്‍ എത്തുന്നുണ്ട്, ഇവര്‍ക്കും പേരിനു എം എല്‍ എ യും എം പി യും ഉണ്ട് ഇതൊക്കെ ഓര്‍ക്കേണ്ടതുണ്ട്. എത്രനാള്‍ ഒരു ജനതയെ വിഡ്ഢികളാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: