കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്ന സ്വര്‍ഗീയ കെ.ജി.മാരാരുടെ 21-ാം ബലിദാനദിനമാണിന്ന്. ആദര്‍ശത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിക്കൊണ്ട് നാലു പതിറ്റാണ്ടോളം കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റേയും പിന്നീട് ജനസംഘത്തിലൂടെ ജനതാപാര്‍ട്ടിയിലും അങ്ങനെ ബിജെപിയുടേയും അമരക്കാരനായി മാറിയ മാരാര്‍ജി പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ എവിടെയും എത്തിയില്ലെങ്കിലും കേരളത്തിലെ ലക്ഷക്കണക്കിന് സ്വയംസേവകരുടേയും ബിജെപി പ്രവര്‍ത്തകരുടേയും മനസ്സില്‍ ചിരപ്രതിഷ്ഠ നേടി.
1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ കേവലം ആയിരത്തില്‍ത്താഴെ വോട്ടിന് മാരാര്‍ജി പരാജയപ്പെട്ടപ്പോള്‍, അതില്‍ ഖേദം മാരാര്ജിക്കുണ്ടായില്ല. പക്ഷെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെ മനസ്സില്‍ തീര്‍ത്താല്‍ തീരാത്ത വേദനയാണ് അത് സൃഷ്ടിച്ചത്.
പാപ്പിനിശ്ശേരിയിലെ ഗവ. യുപി സ്കൂളില്‍ അധ്യാപകനായിരിക്കെയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി പൊതുപ്രവര്‍ത്തനരംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. അന്ന് സംഘപ്രചാരകനായിരുന്ന പി.പരമേശ്വര്‍ജിയുടെ മാര്‍ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാരാര്‍ജി അധ്യാപകവൃത്തി ഉപേക്ഷിച്ച് കഠിനകണ്ഠകാകീര്ണമായ സംഘത്തിന്റെ പന്ഥാവ് തെരഞ്ഞെടുക്കുന്നത്. അവിടുന്നങ്ങോട്ട് വച്ചടി വച്ചടി മുന്നോട്ട് നീങ്ങിയ മാരാര്‍ജി ജനസംഘത്തേയും ബിജെപിയേയും വളര്‍ത്തിയെടുക്കാന്‍ രാപ്പകല്‍ ഭേദമെന്യേ കേരളത്തിലുടനീളം സഞ്ചരിച്ചു. ഇന്നത്തെ യാതൊരുവിധ സൗകര്യങ്ങളുമില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, കെ.രാമന്‍പിള്ള എന്നീ ത്രിമൂര്‍ത്തികള്‍ ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയെടുത്തത്. ഈ മൂവരുടേയും പങ്ക് ആര്‍ക്കും ഒരുകാലത്തും വിസ്മരിക്കാന്‍ കഴിയില്ല.
1975ലെ അടിയന്തിരാവസ്ഥക്കാലത്ത് പതിനെട്ട് മാസം ജയിലില്‍ കിടന്ന മാരാര്‍ജി ജനതാപാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലയുടെ അമരക്കാരനായാണ് പിന്നീടെത്തുന്നത്. 1980ല്‍ ഭാരതീയ ജനതാപാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായി. പിന്നീട് പ്രസിഡണ്ടും. തന്റെ അസുഖബാധിതമായ ശരീരം സംരക്ഷിക്കുവാന്‍ ശ്രമിക്കാതെ പ്രസ്ഥാനത്തിന്റെ അമരക്കാരനായി അങ്ങോളമിങ്ങോളം സഞ്ചരിക്കാനാണ് ആ മനുഷ്യന് എക്കാലത്തും താല്പര്യപ്പെട്ടത്.
ഒരു ന്യൂനപക്ഷം മാത്രമായ മാരാര്‍ വിഭാഗത്തിന്റെ നാലു നേതാക്കള്‍ കേരള രാഷ്ട്രീയത്തിന്റെ വിധാതാക്കളായി ഒരുകാലത്ത് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിപരമല്ല. ബിജെപിയിലെ കെ.ജി.മാരാരും കോണ്‍ഗ്രസ്സിലെ കെ.കരുണാകരനും സിപിഐയിലെ എന്‍.ഇ. ബലറാമും ജനതാദളിലെ കെ.ചന്ദ്രശേഖരനും ഇതിനെ കേരളത്തിലുടനീളം പൊതുയോഗങ്ങളില്‍ തമാശരൂപേണ അവതരിപ്പിക്കുന്നതില്‍ മാരാര്‍ജി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.
വായനയും യാത്രയുമായിരുന്നു മാരാര്‍ജിയുടെ പ്രത്യേകതകള്‍. അതത് കാലത്തിറങ്ങുന്ന സിനിമകള്‍ കാണുന്നതിനും അത് പിറ്റേന്ന് പൊതുയോഗങ്ങളില്‍ ഭംഗ്യന്തരേണ ഫലിതരൂപത്തില്‍ അവതരിപ്പിക്കുന്നതിലും അദ്ദേഹത്തിന് ഒരു പ്രത്യേക ചാതുര്യം തന്നെയായിരുന്നു. ഏറ്റവും ഒടുവില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും ആ മനസ്സില്‍ രൂപംകൊണ്ടതും അത് ലേഖന രൂപത്തിലാക്കിയതും കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചായിരുന്നു. മാരാര്‍ജിയുടെ മരണത്തിന് ശേഷം മാതൃഭൂമി പത്രം ആ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.
രാഷ്ട്രീയത്തേക്കാളുപരി ഏവരുടെ മനസ്സിലും ഒരു വ്യക്തമായ ചിത്രം പ്രതിധ്വനിപ്പിക്കുവാന്‍ മാരാര്‍ജിക്ക് കഴിഞ്ഞിരുന്നു. ഇതിന്റെ വ്യക്തമായ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ ഭൗതിക ശരീരവും കൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്നും കണ്ണൂര്‍ ജില്ലയിലെ പയ്യമ്പലത്തിലേക്കെത്തിയത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ രാത്രിയില്‍ തെരുവോരങ്ങളില്‍ പതിനായിരങ്ങളാണ് കാത്തുനിന്നത്. യാതൊരുവിധത്തിലുള്ള അധികാരങ്ങളിലും ,എത്താതെ ആഡംബരങ്ങളില്‍ ജീവിക്കാതെ, സാധാരണക്കാരില്‍ ഒരാളായി ജീവിച്ച മാരാര്‍ജിക്ക് ജനങ്ങളുടെ ഇടയില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന് തെളിവായിരുന്നു അത്. അതുതന്നെയാണ് നിയമസഭാംഗമല്ലാതിരുന്നിട്ടും പ്രത്യേക യോഗം വിളിച്ച് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുവാനും അനുസ്മരണം നടത്തുവാനും കേരള നിയമസഭ തയ്യാറായി. മറ്റൊരു പാര്‍ട്ടിയുടെ നേതാവിനും ലഭിക്കാത്ത അംഗീകാരമായിരുന്നു അത്.
ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിങ്ങ് ഡയറക്ടറായും വര്‍ഷങ്ങളോളം അദ്ദേഹം പ്രവര്‍ത്തിച്ചു. ജന്മഭൂമി ജീവനക്കാരുടെ വേദനകളില്‍ പങ്കാളിയാവാനും അത് മാറ്റിയെടുക്കുവാനും തന്നാല്‍ കഴിയും വിധം എക്കാലത്തും പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്ക്കും അറിയാം. കേരളത്തിലുടനീളം യാത്രചെയ്ത് ജന്മഭൂമിക്കുവേണ്ടി ഷെയര്‍ പിരിക്കുകയും ജീവനക്കാരുടെ ശമ്പളം കണ്ടെത്താനും അദ്ദേഹം വഹച്ച പങ്ക് വാക്കുകളില്‍ ഒതുങ്ങില്ല. ചന്ദ്രികയുടെ പത്രാധിപരും കേരളത്തിന്റെ ഉപമുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ അമരക്കാരനുമായ സി.എച്ച്. മുഹമ്മദ്കോയ ഒരിക്കല്‍ മാരാര്ജിയോട് ചോദിക്കുകയുണ്ടായി.
അധികാരത്തില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് ഒരു പത്രം നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് എന്തെന്നറിയാം. എങ്ങനെയാണ് മാരാര്‍ജി താങ്കള്‍ ജന്മഭൂമി പത്രം ഒരു വിധത്തിലുള്ള അധികാരവുമില്ലാതെ നടത്തിക്കൊണ്ടുപോകുന്നത് എന്ന്. അതിന് മാരാര്‍ജിയുടെ മറുപടി ഇങ്ങനെയായിരുന്നു. കേരളത്തില്‍ സംഘ സ്വയംസേവകര്‍ ഉള്ളിടത്തോളം കാലം ജന്മഭൂമി മുന്നോട്ടുപോകുന്നതിന് യാതൊരുവിധ തടസ്സവും ഉണ്ടാകില്ല എന്ന്. അതിന്നും അദ്ദേഹത്തിന്റെ ആ വാക്കുകളാണ് ഇന്നും ജന്മഭൂമിയെ മുന്നോട്ട് നയിക്കുന്നത്.
ചിലരുടെ വേര്‍പാടുകള്‍ നികത്താനാവാത്ത വിടവുകളാണ് എന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ പരമേശ്വര്‍ജി പറഞ്ഞതുപോലെ മാരാര്‍ജിയുടെ വേര്‍പാട് ഒരിക്കലും നികത്താനാവില്ല. ആ ഓര്‍മ്മകളാണ് ഇന്നും കേരളത്തിലെ ലക്ഷക്കണക്കായ ബിജെപി പ്രവര്‍ത്തകരെ ആദര്‍ശ പ്രചോദിതരായി മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: