കാഞ്ഞങ്ങാട് നഗരത്തിന് ഏറെ അകലെയല്ലാതെ കിഴക്കുംകര ഗ്രാമത്തിലെത്തിയാല് ‘ഗോപീഥം’ എന്നൊരു വീട് കാണാം. സംരക്ഷണം എന്നാണ് ആ വാക്കിനര്‍ത്ഥം. എന്നാല്‍ പേര് വന്നതിന് കാരണം വാക്കിന്റെ മഹനീയമായ അര്‍ത്ഥതലങ്ങളല്ല. അതൊരു സംരക്ഷകന്റെ പേരാണ്. മെഡിക്കല്‍ ക്യാമ്പുകള്‍ക്കും ആശുപത്രി വരാന്തകള്ക്കുമപ്പുറം വെളിച്ചം കണ്ടിട്ടില്ലാത്ത, എഴുന്നേറ്റിരിക്കാന്‍ പോലും സാധിക്കാത്ത ശരീരവുമായി ജീവിതം ജീവിച്ചു തീര്‍ക്കുന്ന ധന്യയെന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ സംരക്ഷകന്റെ പേര്. സുരേഷ് ഗോപിയെന്ന നന്മമരത്തിന്റെ പേര്.
എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ വിഷം തീണ്ടിയ ആയിരക്കണക്കിന് ഇരകളുടെ കരള്‍പിളരും കാഴ്ചകളാണ് കാസര്‍കോടിന്റെ മുഖചിത്രം. മറ്റുള്ളവരെപ്പോലെ കാഴ്ച കണ്ട് സഹതപിക്കാന്‍ മാത്രമായിരുന്നില്ല സുരേഷ് ഗോപി കാസര്കോട്ടെത്തിയിരുന്നത്. സഹായിക്കാന്‍ കൂടിയായിരുന്നു. നിലക്ക് നിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള കുപ്പത്തൊട്ടിയായി ഭരണകൂടം മാറ്റിയ മണ്ണിലേക്ക് സുരേഷ് ഗോപി നിരന്തരം എത്തിക്കൊണ്ടിരുന്നു. ദുരിത തീമഴ ഏറ്റുവാങ്ങിയ ജനത വേദനകള്‍ മാറ്റിവച്ച് അദ്ദേഹത്തിന്റെ ഓരോ വരവും ആഘോഷമാക്കി മാറ്റി. വെള്ളിത്തിരയിലെ കഥാപാത്രങ്ങള്‍ക്കുള്ള കയ്യടി ആയിരുന്നില്ല അത്. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ദുരിതജന്മങ്ങളെ ചേര്‍ത്തുപിടിച്ച് ഞാനുണ്ട് കൂടെയെന്ന് പറയുന്ന പച്ച മനുഷ്യനുള്ള ആദരവായിരുന്നു അത്.
കാസര്‍കോട്ടെത്തി വെറും വാക്ക് പറഞ്ഞ് മടങ്ങുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പോലെയായിരുന്നില്ല സുരേഷ് ഗോപി. ആറ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കാണ് സുരേഷ് ഗോപിയുടെ കാരുണ്യത്താല്‍ വീടൊരുങ്ങിയത്. ധന്യക്ക് പുറമെ നീലേശ്വരം തൈക്കപ്പുറത്തെ അഫ്സല്, ചെറുവത്തൂര്‍ മയ്യിച്ചയിലെ അങ്കിത, കാസര്‍കോട് കല്ലക്കട്ടയിലെ ഹസീന, ചീമേനി ചന്ദ്രവയലിലെ ഹര്‍ഷ, കയ്യൂരിലെ പവിത്രന് എന്നിവര്‍ ഇന്ന് ജീവിക്കുന്നത് ഈ സ്നേഹത്തണലിലാണ്. ഇതിന് പുറമെ സമരസമിതി മുന്‍കയ്യെടുത്ത് നടത്തുന്ന സ്നേഹവീട് എന്ന പുനരധിവാസ കേന്ദ്രത്തിന് 25 ലക്ഷം രൂപയും സുരേഷ് ഗോപി നല്കി. ചെറുതും വലുതുമായ കണക്കിലോ വാര്‍ത്തയിലോ ഉള്‍പ്പെടാത്ത സഹായങ്ങള്‍ വേറെയും.
കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ സാഹിത്യവേദിയാണ് വീട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. സുരേഷ് ഗോപി സാമ്പത്തിക സഹായം നല്കിയപ്പോള് വീടൊരുക്കാന്‍ നാടൊന്നടങ്കം കൂലിയില്ലാതെ പരിശ്രമിച്ചു. സ്നേഹഭവനം ഒരുങ്ങിയപ്പോള്‍ അത് കൂട്ടായ്മയുടെ വിജയം കൂടിയായി. വീടുകളുടെ താക്കോല്‍ദാനം ആ ഗ്രാമങ്ങളുടെ ഉത്സവമായത് അങ്ങനെയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്കിതയുടെ വീടിന്റെ താക്കോല്‍ദാനത്തിന് സുരേഷ് ഗോപിയെത്തിയപ്പോള്‍ നാട്ടുകാരിലുണ്ടായ ആവേശം ഇപ്പോഴും ഓര്‍മയിലുണ്ട്. അങ്കിതയെ വാരിപ്പുണര്‍ന്ന് ഉമ്മവെക്കുന്ന ചിത്രം മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ‘വര്‍ഷങ്ങളായി ദുരിതബാധിതര്‍ക്കൊപ്പമുണ്ട് അദ്ദേഹം. എന്ത് സഹായം ചെയ്യാനും മടിയില്ലാതെ’. സാഹിത്യവേദിയെ നയിക്കുന്ന എഴുത്തുകാരന് അംബികാസുതന്‍ മാങ്ങാടിന്റെ വാക്കുകള്‍. ‘സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പുണ്ട്. എന്നാല്‍ അദ്ദേഹത്തിലുള്ള നന്മ കാണാതിരിക്കാനാകില്ല’. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരത്തിന് നേതൃത്വം നല്കുന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണന് സാക്ഷ്യപ്പെടുത്തുന്നു.
ഇത്രയും ഇവിടെ വിവരിക്കാന്‍ കാരണം സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ചിലരുയര്‍ത്തിയ വിമര്‍ശനങ്ങളാണ്. വിമര്‍ശനമെന്ന് പറയാന്‍ സാധിക്കില്ല. കേരളത്തിന് ലഭിച്ച സമ്മാനത്തില്‍ അസഹിഷ്ണുത പൂണ്ടവരുടെ അശ്ലീല പ്രസംഗമായിരുന്നു അത്. നെഹ്റു കുടുംബത്തിന് പാദസേവ ചെയ്തവര്‍ കലാകാരന്മാരായി രാജ്യസഭയിലെത്തിയപ്പോള്‍ കയ്യടിച്ചിരുന്ന ഇടത് മനോരോഗികള്‍ ഇപ്പോള്‍ പുലമ്പുന്നത് ആര്‍ക്ക് വേണ്ടിയാണെന്നത് പകല്‍പോലെ വ്യക്തമാണ്. രാഷ്ട്രീയ നേട്ടത്തിനോ പബ്ലിസിറ്റിക്കോ ആയിരുന്നില്ല സുരേഷ് ഗോപിയുടെ സേവനങ്ങള്‍. അട്ടപ്പാടിയിലുള്‍പ്പെടെ കേരളത്തിലെമ്പാടും സേവനത്തിന്റെ നൂറ് കണക്കിന് ഉദാഹരണങ്ങള്‍ സുരേഷ് ഗോപിക്ക് പറയാനുണ്ടാകും. ടെലിവിഷന്‍ ചാനലില്‍ അദ്ദേഹം അവതരിപ്പിച്ച കോടീശ്വരന് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് വ്യക്തിപരമായ സഹായങ്ങള്‍ നല്കിയതും നമുക്ക് മുന്നിലുണ്ട്. അത് തിരിച്ചറിയാനും അംഗീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായി എന്നതാണ് നാം കാണേണ്ടത്.
മോദിയെ ഇഷ്ടപ്പെട്ട് ബിജെപിയിലെത്തിയത് മുതലാണ് ചിലര്‍ക്ക് സുരേഷ് ഗോപി വെറുക്കപ്പെട്ടവനാകുന്നത്. ഇടത്പക്ഷ കേരളത്തില്‍ അറിയപ്പെടുന്ന ഒരു നടന് ബിജെപിയെയും മോദിയെയും പിന്തുണക്കുന്നത് ദഹിച്ചില്ലെന്നത് തന്നെ കാരണം. രാജ്യം മുഴുവന്‍ അസഹിഷ്ണുതയാണെന്ന് പ്രചരിപ്പിക്കുന്നവരുടെ സഹിഷ്ണുത എത്രത്തോളമെന്ന് സുരേഷ് ഗോപിക്കെതിരെ നടന്ന മാന്യതയില്ലാത്ത പ്രചാരണങ്ങള്‍ തെളിയിക്കുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നവരെ വ്യക്തിപരമായി അവഹേളിക്കുകയെന്ന ഇടത് രാഷ്ട്രീയ ഭീകരതയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ സുരേഷ് ഗോപിക്കെതിരെ നടത്തിയത്. എന്നാല്‍ ആക്രമണത്തിന് മുന്നില്‍ പതറാതെ താന്‍ മോദി ആരാധകന് തന്നെയെന്ന് സധൈര്യം സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരുന്നു.
സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനം എതിരാളികളെ ശരിക്കും നിരാശപ്പെടുത്തിയെന്നതാണ് വസ്തുത. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഇവിടെയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസ് മോദിയെ ‘ഓര്‍മപ്പെടുത്തിയതാണ്’ ഇതിലെ ഏറ്റവും വലിയ തമാശ. അവരെന്തുകൊണ്ട് രാജ്യസഭയിലെത്തിയില്ലെന്നത് ഷാനവാസ് ഹൈക്കമാന്റിനോട് ചോദിക്കുന്നതാകും ഉചിതം. മറ്റുചിലര്‍ നിരാശ തീര്‍ത്തത് സുരേഷ് ഗോപി അഭിനയിച്ച സിനിമയിലെ ഡയലോഗ് പുറത്തിറക്കിയാണ്. സിനിമയിലുള്ള ഡയലോഗിനൊക്കെ നായകന് എങ്ങനെ ഉത്തരവാദിയാകുമെന്നൊന്നും ചോദിക്കരുത്. യുക്തിയല്ല എന്തെങ്കിലുമൊക്കെ പറഞ്ഞ് അവഹേളിക്കണം എന്ന ഉദ്ദേശ്യം മാത്രമാണ് ഇത്തരം പ്രകടനങ്ങള്‍ക്ക് പിന്നില്‍. രാജ്യസഭാ എംപിയായി പത്ത് വര്‍ഷം രാജ്യം ഭരിച്ച (?) മന്മോഹന് സിംഗിനെയും എംപിയായ യച്ചൂരിയെയും നേതാക്കന്മാരാക്കി നടക്കുന്നവരാണ് മത്സരിക്കാതെ ജനപ്രതിനിധിയായെന്ന് പരിഹസിക്കുന്നത്. അതോ അവര്‍ക്ക് ജനാധിപത്യ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയില്ലെന്നാണോ.
രാഷ്ട്രീയ നിലപാടുകള്‍ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അത് അംഗീകരിക്കുകയാണ് രാഷ്ട്രീയ മാന്യത. ഞെരളത്ത് ഹരിഗോവിന്ദന് ഇടത് വേദിയില്‍ വരുമ്പോള്‍ പ്രശംസിക്കാനും സന്യാസിമാര്‍ക്കൊപ്പം പാടുമ്പോള്‍ അവഹേളിക്കാനും തോന്നുന്നത് ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ആമാശയം നിറക്കാന്‍ ആശ്രയമാക്കിയ മനോരോഗികളുടെ ലക്ഷണമാണ്. അത് തന്നെയാണ് സുരേഷ് ഗോപിയുടെ കാര്യത്തിലും. നേരത്തെ രാഷ്ട്രീയമായ ഇത്തരം തെരഞ്ഞെടുപ്പുകള്‍ സുരേഷ് ഗോപി നടത്തിയപ്പോള്‍ ആരും അസഹിഷ്ണുതയുടെ വാളുയര്ത്തിയിരുന്നില്ല. മോദിയെ കണ്ടപ്പോഴാണ് കഥ മാറിയത്. നരേന്ദ്ര മോദിയിലൂടെ ബിജെപിയിലേക്ക് ആകൃഷ്ടരാകുന്നവര്‍ നിരവധിയാണ്. സമ്മാനം നല്‍കിയല്ല ഇവരെയൊന്നും മോദി ആരാധകരാക്കുന്നത്. അതറിയണമെങ്കില്‍ ആ മഞ്ഞക്കണ്ണട ഊരിവെച്ച് നോക്കണം. അതിനും സൗകര്യമില്ലാത്തവരോട് സുരേഷ് ഗോപിയെപ്പോലെ സിനിമാ സ്റ്റൈലില്‍ പോടാ പുല്ലേന്ന് പറയുകയേ നിര്‍വ്വാഹമുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: