നിങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാവും. ഇടതുപക്ഷം ഈയിടെ ഒരു ചെറിയ വീഡിയോ പുറത്തിറക്കിയിരുന്നു. അടിമുടി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന – പാവപ്പെട്ടവരെ പറ്റിക്കാൻ ശ്രമിക്കുന്ന ഒരു വീഡീയോ. ഗുജറാത്തിലെയും രാജസ്ഥാനിലെയുമൊക്കെ ചില കണക്കുകൾ കാണിച്ച് – അതിനൊപ്പം കേരളത്തിലെ കാര്യവും പറഞ്ഞുകൊണ്ടുള്ള ഒരു വീഡീയോ. ആ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷം കേമമാണെന്നും ബിജെപി മോശമാണെന്നും സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടുള്ള ചിന്താശേഷിയുള്ളവർ പരിഹസിച്ചു ചിരിച്ചു പോകുന്ന ഒരു വീഡിയോ.
ബിജെപിയുടെ പരസ്യവാചകമായ “വഴിമുട്ടിയ കേരളം വഴികാട്ടാൻ ബി.ജെ.പി.” എന്നതു വലിയ ഹിറ്റായപ്പോൾ അതിനെ പ്രതിരോധിക്കാനെന്നോണം പടച്ചുവിട്ടതാണു പാവപ്പെട്ടവന്മാർ. പക്ഷേ പറഞ്ഞിരിക്കുന്നതു മുഴുവൻ പരമാബദ്ധങ്ങളാണെന്നു മാത്രം. പേടി കുടുങ്ങിയവർ ചെയ്യുന്ന പാഴ്വേലകൾ എന്നമട്ടിൽ അതിനെയങ്ങു വെറുതെ വിട്ടാലോ എന്നു തോന്നും. പക്ഷേ അതു പാടില്ല. അപ്പോൾപ്പിന്നെ നമ്മൾ മലയാളികളെല്ലാം തികഞ്ഞ മണ്ടന്മാരാണെന്നു വന്നു പോകും. അതനുവദിക്കാൻ പറ്റില്ല. അതിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടിയേ മതിയാകൂ.
ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സ് അഥവാ മാനവവികസന സൂചിക. അതിൽപ്പിടിച്ചാണല്ലോ ഇടതുപക്ഷമേ നിങ്ങൾ അഭ്യാസം കാണിക്കുന്നത്. സമയമുണ്ടെങ്കിൽ ചില ചോദ്യങ്ങൾ ചോദിച്ചോട്ടെ? ഗുജറാത്തിലെയും കേരളത്തിലെയും സാമൂഹ്യാവസ്ഥകളുടെയും പുരോഗതിയുടെയും ചില സൂചകങ്ങൾ എടുത്തിട്ട് അതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷമെന്നാൽ കേമന്മാരും ബിജെപിയെന്നാൽ മോശക്കാരും എന്നു പറയുന്നത് എത്ര ഭീകരമായ അബദ്ധമാണ്? നിങ്ങൾ സ്വയം ഈ മണ്ടത്തരം വിശ്വസിച്ചിട്ടു തന്നെ പറയുന്നതാണോ അതോ സത്യമറിയാമെങ്കിലും മറച്ചുപിടിച്ചിട്ട് മറ്റുള്ളവരെ മണ്ടന്മാരാക്കാൻ ശ്രമിക്കുകയാണോ?
ഗുജറാത്തിലെ ആദിവാസി-പട്ടികവർഗ്ഗ-വിഭാഗങ്ങളുടെ ജനസംഖ്യ എത്രയാണെന്നറിയാമോ? അത് തൊണ്ണൂറുലക്ഷത്തിനടുത്താണ്. അതായത് മൊത്തം ജനസംഖ്യയുടെ ആറിലൊന്നോളം! എന്നാൽ കേരളത്തിലോ? അതു കേവലം മൂന്നര ലക്ഷം മാത്രമാണ്. അതായത് മൊത്തം ജനസംഖ്യയുടെ വെറും നൂറിലൊന്നോളം ഭാഗം മാത്രം. അപ്പോൾ സ്വാഭാവികമായും ആവറേജ് ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സ് അഥവാ ശരാശരി മാനവവികസന സൂചിക എന്നത് ഏതു സംസ്ഥാനത്തായിരിക്കും മുന്നിൽ നിൽക്കുക? അധികം ആലോചന വേണ്ടി വരുമോ – അതു മനസ്സിലാക്കാൻ?
ഒരിക്കൽക്കൂടി പറയാം. കേരളത്തിൽ കേവലം ഒരു ശതമാനം മാത്രമാണ് ആദിവാസി സമൂഹമെങ്കിൽ ഗുജറാത്തിലത് പതിനഞ്ചു ശതമാനമാണ്. ശരാശരി മാനവവികസനസൂചികയെ പിടിച്ചു താഴ്ത്തുന്നതിലെ പ്രധാനപ്പെട്ട ഘടകമാണത്. അതുപോലെ തന്നെ, ഗുജറാത്തും രാജസ്ഥാനുമൊക്കെ മൊത്തം വിസ്തൃതിയുടെ വലിയൊരളവോളം മരുഭൂമിയായിട്ടുള്ള സംസ്ഥാനങ്ങളാണ്. നേരേ മറിച്ച് കേരളമാകട്ടെ – നദികളുടെ എണ്ണത്തിലും മഴയുടെ ലഭ്യതയിലുമെല്ലാം തികച്ചും അനുഗൃഹീതമായിട്ടുള്ള ഹരിതദേശമാണ്. ആവാസവ്യവസ്ഥകളും ജനതതിയുടെ മൊത്തത്തിലുള്ള പുരോഗതിയും അതിനനുസരിച്ചു സ്വാഭാവികമായും വ്യത്യാസപ്പെട്ടുമിരിക്കും.
അങ്ങനെ, സാമൂഹ്യപരവും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ അനവധി കാരണങ്ങളാൽ കേരളത്തിലെ മാനവ വികസന സൂചിക മുമ്പേ തന്നെ മുൻപന്തിയിലാണ്. സാമാന്യ വിദ്യാഭ്യാസമുള്ള ഏതൊരാൾക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളാണിതൊക്കെ. അതിന്റെയൊക്കെ പേരിൽ നിങ്ങൾ ഇടതുപക്ഷം മേനി നടിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? എന്തൊരു തികഞ്ഞ വിഡ്ഢിത്തമാണത്!
മേൽപ്പറഞ്ഞ അതേ കാരണങ്ങളാൽത്തന്നെ ഗുജറാത്തിലെ മാനവ വികസന സൂചിക പിന്നിലുമാണ്. അതിനു ബിജെപിയെ തെറ്റുകാരാക്കുന്നത് എന്തടിസ്ഥാനത്തിലാണ്? എന്തൊരു തികഞ്ഞ വിഡ്ഢിത്തമാണത്! ആളുകളെ പറ്റിക്കാനായി നിങ്ങൾ അവതരിപ്പിക്കുന്ന ഓരോ കണക്കും അവയുടെ താരതമ്യവും അങ്ങേയറ്റം അർത്ഥശൂന്യമാണ്. കാരണം ഭരണനേട്ടങ്ങളുടെ താരതമ്യമാണു നടത്തേണ്ടതെങ്കിൽ ഗുജറാത്തിൽ ബിജെപി ഭരണം വന്നതിനു ശേഷം അവിടുത്തെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്താൻ അവർക്കു കഴിഞ്ഞിട്ടുണ്ടോ എന്നല്ലേ പരിശോധിക്കേണ്ടത്? അവർ ഭരണത്തിലെത്തുന്നതിനു മുമ്പും അതിനു ശേഷവുമുള്ള ജീവിതാവസ്ഥകളുടെ സൂചികകളല്ലേ താരതമ്യം ചെയ്യേണ്ടത്? സാമാന്യബുദ്ധിയുള്ളവർ അങ്ങനെയാണു മനസ്സിലാക്കുന്നത്. അല്ലെന്നുണ്ടോ ഇടതുപക്ഷമേ? ആ കണക്കുകൾ ചികഞ്ഞെടുത്ത് ഇതു പോലെ അവതരിപ്പിക്കാൻ തന്റേടമുണ്ടോ നിങ്ങൾക്ക്?
നരേന്ദ്രമോദിയുടെ സര്ക്കാര് മോശമാണ്. കാരണം ജപ്പാനിലെ ജീവിതനിലവാരം ഭാരതത്തേക്കാള് ഭേദമാണ് എന്നൊക്കെപ്പറയുന്നത് എന്തൊരു ശുദ്ധഭോഷ്ക്കാണ്? നരേന്ദ്രമോദിയുടെ കയ്യിൽ കിട്ടിയതിനു ശേഷം ഭാരതത്തിലെ ജീവിതാവസ്ഥ മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടോ എന്നാണു പരിശോധിക്കേണ്ടത്. ജപ്പാനിൽ മുമ്പേ തന്നെ ചില മെച്ചപ്പെട്ട അവസ്ഥയുള്ളത് നരേന്ദ്രമോദിയുടെ കുറ്റമല്ല. കാലാന്തരത്തിൽ മറ്റ് അനുകൂലസാഹചര്യങ്ങൾ കൂടി ഉണ്ടായാൽ ഭാരതം ജപ്പാനെ മറികടന്നെന്നുമിരിക്കും. പക്ഷേ എന്നു വച്ച് അതു വരെയുള്ള കാലയളവിൽ ജപ്പാനെ ചൂണ്ടിക്കാണിച്ച് കേന്ദ്രസര്ക്കാരിന് കുറച്ചുകാട്ടുന്നത് ശുദ്ധ അസംബന്ധമല്ലെങ്കിൽ മറ്റെന്താണ്?
ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം അവിടെ എന്തു സംഭവിച്ചു എന്നാണു വിലയിരുത്തി നോക്കേണ്ടത്. അവിടെ നില നിന്നിരുന്ന സംഖ്യകളിൽ എന്തു മാറ്റം വന്നുവെന്നാണു പരിശോധിക്കേണ്ടത്. അവിടെ കാർഷികമേഖലയിൽ വമ്പൻ കുതിച്ചു ചാട്ടമുണ്ടായിട്ടില്ലേ? വ്യാവസായിക മേഖല വലിയ വളർച്ച കൈവരിച്ചിട്ടില്ലേ? തൊഴിൽ മേഖലയിൽ അഭൂതപൂർവ്വമായ പുരോഗതി ഉണ്ടായിട്ടില്ലേ? ഇവയ്ക്കോരോന്നിനും വ്യക്തമായ കണക്കുകളില്ലേ? അവയുടെ അടിസ്ഥാനത്തിലല്ലേ അവിടുത്തെ സര്ക്കാര് അനവധി അവാർഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയിട്ടുള്ളതും? അതൊന്നും ബിജെപിക്കാർ നൽകിയ അവാർഡുകളല്ലല്ലോ.
ബിജെപിയുടെ ഭരണമികവ് വ്യക്തമാകുന്ന അത്തരം കണക്കുകളും താരതമ്യങ്ങളും ആളുകളിൽ നിന്നു മറച്ചു വച്ചിട്ട് നിങ്ങൾ മറ്റൊരു സംസ്ഥാനമായ കേരളത്തിലെ കണക്കുകളുമായി വരുന്നത് ശുദ്ധ തട്ടിപ്പല്ലേ? പെട്ടെന്ന് ആലോചിക്കാൻ മുതിരാത്ത ചില ആളുകളെ പറ്റിക്കുക എന്നതല്ലേ നിങ്ങൾ ഉദ്ദേശിക്കുന്നത്? അല്ലെങ്കിൽത്തന്നെ ഒന്നു ചോദിക്കട്ടെ ഇടതുപക്ഷമേ കേരളം എന്നു മുതൽക്കാണു നിങ്ങളുടെ സ്വന്തം സംസ്ഥാനമായത്? നിങ്ങളിവിടെ തുടർച്ചയായി ഭരിച്ചിട്ടൊന്നുമില്ലല്ലോ? ഇടതുപക്ഷത്തിന്റെ ഭരണമികവ് ആവർത്തിക്കട്ടെ. “മികവ്” ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള താരതമ്യമാണു ചെയ്യേണ്ടതെങ്കിൽ നിങ്ങൾ മുപ്പത്തഞ്ചു വർഷത്തോളം ഭരിച്ചിരുന്ന ബംഗാളിനെയല്ലേ ഉദാഹരണമായി എടുക്കേണ്ടത്? ബിജെപി പോലും ഗുജറാത്തിൽ അത്രയും കാലം ഭരിച്ചിട്ടില്ലല്ലോ. തുടർച്ചയായി ഒരേ പാർട്ടി ഭരിക്കുമ്പോളല്ലേ ഭരണത്തിന്റെ മികവ് അവിടെ പ്രതിഫലിക്കുക? അപ്പോൾ നിങ്ങളുടെ അതേ ലോജിക്കു വച്ചിട്ട് താരതമ്യം ചെയ്യണമെങ്കിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യമാണു വേണ്ടതെങ്കിൽ ഗുജറാത്തിനെയും ബംഗാളിനെയുമല്ലേ താരതമ്യം ചെയ്യേണ്ടത്?
ഇനി സാക്ഷരതയുടെ കാര്യമെടുക്കാം. രാജസ്ഥാനിലും ഗുജറാത്തിലുമൊന്നും ഒന്നൊഴിയാതെ ഓരോരുത്തർക്കും സാക്ഷരത നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതു ബിജെപിയുടെ വലിയ അപരാധമായി നിങ്ങൾ പറഞ്ഞു വയ്ക്കുന്നുണ്ടല്ലോ. പക്ഷേ ബംഗാളിലെ സാക്ഷരതാ നിലവാരം ഗുജറാത്തിനേക്കാളും മൂന്നു സ്ഥാനം താഴെയാണല്ലോ കാണുന്നത്? ഇടതുഭരണം വളരെ മോശമാണെന്നല്ലേ അതിനർത്ഥം? മുപ്പത്തഞ്ചു കൊല്ലം ഭരിച്ചപ്പോൾ നിങ്ങളവിടെ എന്തെടുക്കുകയായിരുന്നു? അക്ഷരാഭ്യാസം ഉണ്ടായാൽ അണികൾ കൊഴിയുമെന്ന ആധിയോ മറ്റോ ഉണ്ടായിരുന്നോ?
ഗുജറാത്തിൽ കുറവാണെന്നും പറഞ്ഞ് ആളെപ്പറ്റിക്കാനായി പറഞ്ഞുകൂട്ടിയ സംഗതികൾ ഏത് എടുത്തു നോക്കുമ്പോളും ബംഗാൾ ഗുജറാത്തിനേക്കാൾ പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: