ഭാരതീയതയും ഹിന്ദുത്വവും പര്യായപദങ്ങളായി കരുതി അതിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവായിരുന്നു കഴിഞ്ഞയാഴ്ച തൊണ്ണൂറ്റി ആറാം വയസ്സില്‍ അന്തരിച്ച പ്രൊഫസര്‍ ബല്‍രാജ് മധോക്ക്. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗങ്ങളില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.
വാസ്തവത്തില്‍ ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി ബംഗാളില്‍ ആരംഭിച്ച പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയും പ്രൊഫ.മധോക്കിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ രൂപീകരിച്ച ജനസംഘവും തത്സമമായി രാജസ്ഥാനിലും മധ്യഭാരതിലും സെന്‍ട്രല്‍ പ്രോവിന്സസിലും ആരംഭിച്ചിരുന്ന ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഹകരിച്ചുകൊണ്ട് രൂപീകൃതമായ പാര്‍ട്ടിയായിരുന്നു ഭാരതീയ ജനസംഘം. അടിയന്തരാവസ്ഥയ്ക്കെതിരെ നിലകൊണ്ട കക്ഷികള്‍ ഒരുമിച്ചു ചേര്‍ന്നു ജനതാപാര്ട്ടിയുണ്ടാക്കിയപ്പോള്, ബല്‍രാജ് മധോക്ക് അതില്‍ ചേരാതെ ഭാരതീയ ജനസംഘം എന്ന പാര്‍ട്ടി നിലനിര്‍ത്തുകയാണെന്നു പ്രഖ്യാപിച്ചു.
അതില്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്ഢ്യത്തെക്കാള്, ഒരുതരം ശാഠ്യമാണ് പ്രകടമായത്.
കശ്മീര്‍ രാജ്യത്തെ ബാള്ടിസ്ഥാനിലാണദ്ദേഹം ജനിച്ചത്. ബാള്ടിസ്ഥാന് ഇന്നു പാക് അധീന കശ്മീരിന്റെ ഭാഗമാണ്. കശ്മീരിന്റെ ഭാരതത്തിലേക്കുള്ള സമ്പൂര്‍ണ ലയനം അപൂര്‍ണമായി അവശേഷിക്കെയാണ് പ്രൊഫ. മധോക് സ്വര്ഗസ്ഥനായത്.
പ്രൊഫസര്‍ ബല്‍രാജ് മധോക്ക്
ലാഹോറിലെ ഡിഎവി കോളേജില്‍ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കശ്മീരിലെ സംഘത്തിന്റെ പ്രമുഖ കാര്യകര്‍ത്താവായി. അവിടുത്തെ കാര്യവാഹ് സ്ഥാനവും വഹിച്ചുവെന്നു തോന്നുന്നു. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ച് ആഴ്ചകള്‍ക്കകം പാക്കിസ്ഥാന് ആക്രമണമുണ്ടായതും അതില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനായി വിമാനമാര്‍ഗം ശ്രീനഗറില്‍ സൈന്യത്തെ എത്തിച്ചതും മറ്റും നാം രോമാഞ്ചത്തോടെ സ്മരിക്കാറുണ്ട്.
അക്കാലത്ത് അവിടുത്തെ രാജാവായിരുന്ന ഹരിസിങിന്റെ മേല്‍ ഷേക്ക് അബ്ദുള്ളയുടെ പ്രേരണയില്‍ പ്രധാനമന്ത്രി നെഹ്റു നടത്തിയ സമ്മര്‍ദ്ദത്തിലെ ചതികളും പൂജനീയ ഗുരുജി സര്‍ദാര്‍ പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരം രാജാവിനെ മുഖം കാണിച്ച് ഭാരതവുമായി ലയനക്കരാര്‍ ഒപ്പിട്ടതും തുടര്‍ന്നുള്ള സംഭവങ്ങളും ഇന്നും ജനങ്ങള്‍ക്കുമുമ്പില്‍ മറകൂടാതെ വ്യക്തമാക്കപ്പെട്ടിട്ടില്ല.
മഹാരാജാ ഹരിസിങിനെ നെഹ്റു സ്ഥാനത്യാഗം ചെയ്യിക്കുകയും തന്റെ പ്രിയപ്പെട്ട രാജ്യത്തുനിന്നും അക്ഷരാര്‍ത്ഥത്തില്‍ ബഹിഷ്കരിക്കുകയുമായിരുന്നു.
ഭാരതസേനയ്ക്ക് ശ്രീനഗറില്‍ ഇറങ്ങാന്‍വേണ്ടി, വിമാനത്താവളം സജ്ജമാക്കിയത് ആയിരക്കണക്കിന് സ്വയംസേവകരുടെ ദിവസങ്ങള്‍ നീണ്ട അഹോരാത്ര പ്രയത്നം കൊണ്ടാണ്. അതിന് നേതൃത്വം നല്‍കിയത് പ്രൊഫ.ബല്‍രാജ് മധോക് ആയിരുന്നു. ആ പരീക്ഷണഘട്ടത്തിലെ സ്വയംസേവകരുടെ അമാനുഷികമായ ത്യാഗത്തിന്റെയും സേവനങ്ങളുടെയും ഇതിഹാസം ഒരു ആഖ്യായികാ രൂപത്തില്‍ പ്രൊഫ. മധോക് ”ജീത് യാ ഹാര്” (ജയമോ തോല്‍വിയോ?) എന്ന പേരില്‍ എഴുതി.
സംഘത്തിന്റെയും അതില്‍ പങ്കെടുത്ത പ്രധാന സ്വയംസേവകരുടെയും പേരുകള്‍പോലും ആത്മകഥാ രൂപത്തിലുള്ള ആ നോവലില്‍ കൊടുത്തിരുന്നതിനാല്‍ ശ്രീഗുരുജി അതിനോട് വിമനസ്കത കാട്ടി.
കശ്മീരില്‍ തുടര്‍ന്ന് ഷേക് അബ്ദുള്ള സുല്‍ത്താനെപ്പോലെ വാഴ്ചയാരംഭിച്ചു. സംസ്ഥാനത്തു സംഘപ്രവര്‍ത്തനം നിരോധിക്കുകയും പ്രൊഫ.മധോക് ഉള്‍പ്പെടെ അവിടത്തെ പ്രമുഖരായ പ്രചാരകന്മാര്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി വേട്ടയാരംഭിക്കുകയും ചെയ്തു. പ്രൊഫസര്‍ മധോക് തന്റെ കേന്ദ്രം ദല്‍ഹിയിലേക്കു മാറ്റി.
കൂട്ടത്തില്‍ പറയട്ടെ കമല്‍ ഗുപ്ത, മഹേശ് ചന്ദ്ര എന്ന പ്രചാരകന്മാര് അക്കൂട്ടത്തില്‍ തിരുവിതാംകൂറില്‍ കോട്ടയത്തും ആലപ്പുഴയിലും പ്രചാരകന്മാരായി വന്നു. അവരായിരുന്നു കോട്ടയത്തും ആലപ്പുഴയിലും സംഘപ്രവര്‍ത്തനം ആരംഭിച്ചത്. കമല്‍ജി ചെന്നൈ സെന്‍ട്രലിനടുത്ത ബേസില്‍ ബ്രാഡ്ജ് എന്ന സ്റ്റേഷനില്‍ അപകടമരണത്തില്‍ പെട്ടു. ജഗദീശ്ജി അവസാനംവരെ മധോക്കിനൊപ്പം നിന്നു. 1972 ല്‍ പ്രൊഫ.മധോക്കിനെതിരെ കാണ്‍പൂര്‍ സമ്മേളനത്തില്‍ അച്ചടക്ക നടപടി എടുത്തപ്പോഴും ജഗദീശ്ജി ഒപ്പം നിന്നു. ജനസംഘത്തിന്റെ ദല്‍ഹിയിലെ ശബ്ദമായിരുന്ന ബല്രാജ്ജി.
ദേശീയകാര്യദര്ശിമാരില് ഒരാള്‍ അദ്ദേഹമായിരുന്നു. 1960 ല്‍ ദല്‍ഹി ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വിജയിച്ചതോടെ പ്രൊഫ.മധോക് ലോകപ്രസിദ്ധനായി. ദല്‍ഹിയിലെ വെന്നിക്കൊടിയുടെ ഉദ്ഘാടനം അതായിരുന്നു. വാജ്പേയിയും മധോക്കും ചേര്‍ന്ന ജനസംഘത്തിന്റെ പട, മറ്റെല്ലാ കക്ഷികളെക്കാളും നെഹ്റുവിന്റെ ആക്രമണ ലക്ഷ്യമായി.
1966 ല്‍ അദ്ദേഹം ജനസംഘാധ്യക്ഷനായി.
അക്കാലത്താണ് ഏകാത്മമാനവത ജനസംഘത്തിന്റെ നയരേഖയായി ദീനദയാല്‍ ഉപാധ്യായ ആവിഷ്കരിച്ചതും അംഗീകരിക്കപ്പെട്ടതും. അതിലെ ചില തത്വങ്ങളോട് (വിശേഷിച്ചു നിരുപാധികമായ സ്വത്തധികാരത്തെ സംബന്ധിച്ചവ)അദ്ദേഹത്തിനു വിയോജിപ്പുണ്ടായി. എന്നാല്‍ പ്രതിനിധി സഭ ഏതാണ്ട് ഏകകണ്ഠമായി അതംഗീകരിച്ചതില് അദ്ദേഹത്തിനു വിഷമമുണ്ടായി. അടുത്തവര്‍ഷം ദീനദയാല്‍ജി അധ്യക്ഷനായപ്പോള് അദ്ദേഹത്തിന് ഗത്യന്തരമില്ലാതായി.
രണ്ടുമാസത്തിനകം ദീനദയാല്‍ജി വധിക്കപ്പെട്ടശേഷം തന്റെ അവകാശം പ്രൊഫ.മധോക് ഉന്നയിച്ചുവെങ്കിലും പിന്തുണയ്ക്കാന്‍ ആരുമില്ലായ്മയാല് വാജ്പേയി അധ്യക്ഷനാകുകയായിരുന്നു.
മുന്‍ പ്രസിഡന്റ് എന്ന നിലയ്ക്ക് പാര്‍ട്ടിയില്‍ അദ്ദേഹത്തിന് വിശിഷ്ടസ്ഥാനം നല്കപ്പെട്ടിരുന്നു. 1972 ലെ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ അദ്ദേഹം പരാജയപ്പെട്ടത് ബാലറ്റ് പേപ്പറില്‍ കൃത്രിമം നടന്നതിനാലാണെന്നദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കേസ് നടത്താനുള്ള എല്ലാ സഹായവും പാര്‍ട്ടി വാഗ്ദാനം ചെയ്തെങ്കിലും, പാര്‍ട്ടി കേസ് നടത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
പ്രൊഫ.മധോക്കിന്റെ മഷിയുണങ്ങാത്ത പേനയില്‍നിന്ന് നമുക്ക് ഒട്ടേറെ വിലപ്പെട്ട പുസ്തകങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജീത് യാ ഹാര്? നേരത്തെ പരാമര്‍ശിക്കപ്പെട്ടു.
ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവചരിത്രവും (പോര്‍ട്രെയിറ്റ് ഓഫ് എ മാര്‍ടയര്‍) ഭാരതവല്ക്കരണവും തന്നെയാണ് ഏറ്റവും പ്രധാനം. നമ്മുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്.
പ്രൊഫ.മധോക്കിന്റെ കേരള സന്ദര്‍ശനങ്ങളില്‍ ഒപ്പം സഞ്ചരിക്കാനും പലപ്പോഴും പ്രസംഗങ്ങള്‍ വിവര്‍ത്തനം ചെയ്യാനും അവസരം ലഭിച്ചിട്ടുണ്ട്.
ആശയങ്ങളുടെ അടുക്കും ചിട്ടയും വ്യക്തതയും മൂലം വിവര്‍ത്തനം എളുപ്പമായിരുന്നു. അവയുടെ മൂര്‍ച്ച എവിടെയും തുളച്ചു കയറാന്‍ തക്കതായിരുന്നു. പത്രസമ്മേളനങ്ങളില്‍, നടത്തുന്ന അഭിപ്രായങ്ങള്‍ ജേര്‍ണലിസ്റ്റുകളെ അമ്പരപ്പിച്ചിരുന്നു.
അതേസമയം വ്യക്തിപരമായ സുഖസൗകര്യങ്ങളെപ്പറ്റി ഒട്ടും വ്യാകുലപ്പെട്ടിരുന്നില്ല. ആഹാരത്തിന്റെ കാര്യത്തിലും ശാഠ്യം കാട്ടിയില്ല.
കോഴിക്കോട്ടുനിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിച്ചു തുടര്‍ യാത്രക്ക് വണ്ടി പിടിച്ചപ്പോഴും പ്രസന്നവദനനായിരുന്നു. കശ്മീരിലും തുടര്‍ന്നും അനുഭവിച്ച അഗ്നിപഥ യാത്ര നോക്കുമ്പോള്‍ അതൊന്നും സാരമായി തോന്നിയിരിക്കില്ല.
അവസാനകാലത്തും അദ്ദേഹത്തിന്റെ മനസ്സ് സജീവമായിരുന്നു. അമൃതാ ടിവിയില്‍ ജോലി ചെയ്തിരുന്ന അനു നാരായണന് അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം തേടിയപ്പോള്‍ സമ്മതിച്ചുവെങ്കിലും പെട്ടെന്ന് പത്നി, അതിനദ്ദേഹത്തോട് കയര്‍ത്ത ശബ്ദം ഫോണിലൂടെ കേട്ടപ്പോള്‍ ശ്രമം ഉപേക്ഷിച്ചുവത്രേ.
ഒരു നൂറ്റാണ്ടിനടുത്ത സംഘര്‍ഷനിര്‍ഭരമായ ജീവിതം അവസാനിച്ചപ്പോള്‍ ഹിന്ദുത്വത്തോട് താല്‍പ്പര്യമുള്ള പതിനായിരക്കണക്കിനാളുകളുടെ മനസ്സില്‍ തേങ്ങല്‍ അനുഭവപ്പെട്ടുവെന്നു തീര്‍ച്ച. നമ്മുടെ മാധ്യമങ്ങള്‍ക്ക് അതു ശ്രദ്ധേയമായില്ല എന്നതില്‍ അതിശയിക്കാനില്ല. ഇന്ന് ദല്‍ഹിയില്‍ സ്ഥാപിതമായ അധികാരത്തിന്റെ ആദ്യത്തെ കാല്‍വെപ്പു പ്രൊഫ.ബല്‍രാജ് മധോക്കിന്റെതായിരുന്നു എന്നു നമുക്ക് ഓര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: