ഇന്ന് ലോക മാതൃദിനം. പല ദിനങ്ങളും അതിന്റെ അന്തസത്ത കളയാതെയും അര്‍ഹിക്കുന്ന ആദരവ് നല്‍കിയും കൊണ്ടാടുമ്പോള്‍ മാതൃദിനത്തിന് അതിന്റേതായ പ്രാധാന്യം നഷ്ടപ്പെടുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വര്‍ഷത്തില്‍ മുന്നൂറ്ററുപത്തഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ ജീവിതത്തിരക്കുകളാലും സ്വാര്‍ത്ഥതകളാലും മനുഷ്യന് ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്. നാടെങ്ങും ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ബോധപൂര്‍വം വിസ്മരിപ്പിക്കപ്പെടുന്ന ആ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. ‘മനുഷ്യാ, നീ മൂലം നിന്റെ മാതാപിതാക്കളുടെ കണ്ണ് നിറയുമ്പോള്‍ നിന്റെ നാശത്തിലേക്കുള്ള ആദ്യ പടി നീ ചവിട്ടുന്നുവെന്നോര്‍മ്മിക്കുക’യെന്ന കവിതാ ശകലം ഈ വേളയില്‍ അര്‍ത്ഥവത്താണ്. മാതാ പിതാ ഗുരു ദൈവം എന്ന തത്വവും ഈ ദിനത്തിന് യോജിച്ചത് തന്നെ.
എത്രപേര്‍ക്കറിയാം മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമാണെന്ന്. നമ്മുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് സാക്ഷിയാകാനും താങ്ങാകാനും, നമ്മുടെ സന്തോഷത്തിലും സങ്കടങ്ങളിലും പങ്കുകൊള്ളാനും എന്നും അവരൊപ്പമുണ്ടാകും. എന്നാല്‍ നിവര്‍ന്ന് നില്ക്കാന് കെല്പ്പാകുമ്പോള് തളര്‍ന്നു പോയ അവരെ സഹായിക്കാന്‍ മെനക്കെടാത്തത് മനുഷ്യന്റെ അഹന്തയെ വിളിച്ചോതുന്നു.
യുവതലമുറ കൂട്ടുകാരുമായി സംസാരിക്കുമ്പോള്‍ കടന്നു വരുന്ന ഒരു വാക്കാണ് ‘പുരാവസ്തു’. ഏതെങ്കിലും ശില്പ്പങ്ങളെയും മറ്റും ഉദ്ദേശിച്ചല്ല ഈ വാക്ക്. പകരം വീട്ടില്‍ ഒരു കാലത്ത് താങ്ങും തണലുമായിരുന്ന, ഇന്ന് ഒന്നിനും കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്ന മുതിര്‍ന്നവരെ കുറിച്ചാണെന്ന് ഓര്‍ക്കണം. അത്രത്തോളം അധപതിച്ചിരിക്കുന്നു കേരള ജനത. അവര്‍ക്ക് വേണ്ടത് ആഡംബരവും മറ്റുള്ളവരുടെ മുന്നില്‍ ആളാകാനൊരു അവസരവും. അതിനൊരു കുറച്ചിലാണല്ലോ ഈ പുരാവസ്തു.
എന്തിന് വേണ്ടിയാണ് മാതൃദിനം ആഘോഷിക്കുന്നത്. സ്ത്രീയെ അമ്മയായി കാണണമെന്നാണ് തത്വം. ഇന്ന് എത്രപേര്‍ അത് പാലിക്കുന്നുണ്ട്. തമിഴ് ജനത ഒന്നടങ്കം സ്ത്രീകളെ ‘അമ്മ’ എന്ന് സംബോധന ചെയ്യുമ്പോള്‍ മലയാളിക്ക് അത് സാധിക്കാതെ പോകുന്നത് വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍.
കേരളജനതയ്ക്ക് ഇത്തവണ മാതൃദിനം അത്ര അഭിമാനകരമായിരിക്കില്ല. മെയ് എട്ടിന് ഏവരും മാതൃദിനം ആഘോഷിക്കുമ്പോള്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ ഓര്‍ത്ത് പ്രബുദ്ധരെന്ന് പുകള്‍പ്പറ്റ കേരളജനത വേദനിക്കും, ഒപ്പം ലജ്ജിക്കും. ആ അമ്മയുടെ വിലാപം ഒരോ മലയാളിയുടേയും ഉറക്കം കെടുത്തും. സഹായങ്ങള്‍ ലഭിച്ചേക്കാം എങ്കിലും അതൊന്നും നഷ്ടപ്പെട്ടതിന് പകരമാവില്ലെന്ന സത്യം ആ അമ്മയെ പോലെ നമുക്കും അറിയാം. എന്നാല്‍ ഒന്ന് ചെയ്യാന്‍ കഴിയും. ആ അമ്മയ്ക്ക് നീതി നേടി കൊടുക്കാന്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: