മോഹഭംഗവും നഷ്ടസ്വപ്നവും കണക്കുപിഴയ്ക്കലും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മോഹവും സ്വപ്നവും യാഥാര്‍ത്ഥ്യമല്ലെന്നറിഞ്ഞുതന്നെയാണ് അവ സഫലമാക്കണമെന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍, കണക്ക് അങ്ങനെയല്ല. വൈക്കം മുഹമ്മദ് ബഷീര്‍ ഒഴികെ ആരുകൂട്ടിയാലും ഒന്നും ഒന്നും രണ്ടാണ്; അല്ലാതെ ഇമ്മിണി ബല്യ ഒന്നല്ല. അതിനാല്‍ കണക്കിലെ പിഴവ് അതുകൂട്ടിയും കിഴച്ചും കഴിയുന്ന മനസ്സുകള്ക്കുണ്ടാക്കുന്നത് വലിയ ആഘാതമായിരിയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി അഞ്ചുനാള്‍ മാത്രം ശേഷിക്കെ ചിലരുടെ കണക്കുകള്ക്കുണ്ടായ പിഴവും അവയുടെ ആഘാതവും അത് പ്രകടമാക്കുന്ന വിഭ്രാന്തിയും മുമ്പ് ആര്‍ക്കുമുണ്ടായിട്ടില്ലാത്ത തരത്തിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ, ഇടത്തും വലത്തും ചാടിക്കളിച്ചിരുന്ന കേരളത്തിന്റെ രാഷ്ട്രീയ താളമനുസരിച്ചാണെങ്കില്, മുഖ്യമന്ത്രിക്കസേരയിലിരിക്കേണ്ടതാരെന്നു മാത്രം നോക്കിയാല്‍ മതിയെന്ന സ്വപ്നം കണ്ടിരുന്നവര്‍ ഇപ്പോള്‍ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും ഒക്കെനോക്കിയിട്ടും കസേരയിലേക്കുള്ള അകലം കൂട്ടുന്നതേ ഉള്ളൂ. സര്‍വേയില്‍ 110, അവകാശവാദത്തില്‍ നൂറ്, ഉറപ്പില്‍ ഭരണഭൂരിപക്ഷം ഒക്കെ പ്രചരിപ്പിച്ചിരുന്ന ഇടതുമുന്നണിക്ക് ഇപ്പോള്‍ ആഗ്രഹം ഏതുവിധത്തിലും വിജയിക്കുന്ന സീറ്റെണ്ണം 50 തികയ്ക്കണമെന്നാണ്. അപ്പോള്‍ ഭരണമോ? അതെല്ലാം മറന്നേക്കൂ, അമ്പത് എഴുപതാക്കാനുള്ള കണക്കുകൂട്ടലുകളിലാണ് ഇപ്പോഴത്തെ കള്ളക്കളികള്‍.
എല്‍ഡിഎഫ് നേതാക്കള്‍ തുടക്കത്തിലേ ഉപേക്ഷിച്ചു തള്ളിയ 40 സീറ്റുകളുണ്ട്. അതിനു പുറമേ, ഉറപ്പിച്ച 48 സീറ്റുകളില്‍ പാര്‍ട്ടിയുടെ പ്രചാരണവും വിജയസാധ്യതയും മൂന്നാം സ്ഥാനത്തേക്കായെന്നാണ് ഒടുവിലത്തെ അവരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മുതല്‍ ഓരോ വോട്ടര്‍മാരുടെയും മനസ്സ് പഠിച്ച്, നിഴല്‍ വോട്ടിങ് നടത്തി, ഭൂരിപക്ഷം എത്രയെന്നുവരെ നിശ്ചയിക്കുന്ന കണക്കപ്പിള്ളമാരാണ് പൊതുവേ സിപിഎം നേതാക്കള്‍. അങ്ങനെ കണക്കെടുത്താണ് അവര്‍ വിജയിയ്ക്കാന്‍ ഉറപ്പില്ലാത്തവ ഘടകക്ഷികള്‍ക്ക് കൊടുക്കുന്നത്. ഭൂരിപക്ഷം കൂട്ടുക മാത്രമാണ് പിന്നെ പ്രവര്‍ത്തനം. എന്നാല്‍, അതൊക്കെ പഴയ കാലകഥ. ഇത്തവണ കണക്കെല്ലാം പിഴയ്ക്കുന്നു. കൂടേണ്ട ഭൂരിപക്ഷം ദിനംപ്രതിയെന്നോണം കുറയുന്നു. അടവുപിഴയ്ക്കുന്നു.
ചുവടിടറുന്നു. കണ്ണൂര്‍ അമ്പാടിമുക്കിലെ ഫ്ളെക്സ് ബോര്‍ഡ് സംസാരിക്കില്ലായിരിയ്ക്കാം, പക്ഷേ, പ്രച്ഛന്നവേഷം കെട്ടിയ വ്യാജ അര്‍ജ്ജുനന്മാരും കൃഷ്ണന്മാരും തമ്മില്‍ത്തമ്മില്‍ പറയുന്നു, ‘ഗാണ്ഡീവം പിടിച്ച കൈ അഴയുന്നു, ശരീരം വിറയ്ക്കുന്നു, ദേഹം ചുട്ടുപൊള്ളുന്നു, എന്റെ മനസ്സ് ഭ്രമിക്കുന്നു.’ ആ വിഭ്രമഭ്രമത്തില് നിന്നാണ് ബിജെപി-കോണ്‍ഗ്രസ് ബന്ധം എന്ന ആക്ഷേപം വന്നത്. പക്ഷേ ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം ദോസ്തിയും കേരളത്തിലെ ഗുസ്തിയും കേരളത്തില്‍വന്ന് തുറന്നുകാട്ടിയ പ്രധാനമന്ത്രി മോദി ആ തന്ത്രവും പൊളിച്ചടുക്കി.
ഇനിയിപ്പോള്‍ നനഞ്ഞു, കുളിച്ചുകയറിയാലോ എന്നൊരു തോന്നല്‍ സിപിഎം നേതാക്കളില്‍ ഇല്ലാതില്ല. പക്ഷേ, ആത്മഹത്യയ്ക്കും വേണല്ലൊ ഒരു ധൈര്യമൊക്കെ. അതിന്റെ ഭാഗമായി പുതിയ കണക്കുകൂട്ടലിലാണ്, അമ്പത് തികയ്ക്കുക, അത് മലബാറില്‍ നിന്നൊപ്പിക്കുക.
മലബാറില്‍ ഒരു കൂട്ടരുണ്ട്. മലപ്പുറം പണ്ട് കൊടുത്തതിന്റെ നന്ദിയുണ്ടാവാതിരിക്കില്ല. വേണ്ടിവന്നാല്‍ കേരളം രണ്ടുതുണ്ടാക്കാം. പല തുണ്ടമാക്കുന്നതാണല്ലോ ചെമ്പടയുടെ അടിസ്ഥാന നയം; അത് രാജ്യമായാലും മനുഷ്യശരീരമായാലും. അതിനാല്‍ ബിജെപിയെ ചെറുക്കാന്‍ ഇതു കൂടിയേ തീരൂ എന്ന നയം പറഞ്ഞുതുടങ്ങുകയായിരുന്നു. അത് ഫലിക്കുന്നു. അങ്ങനെ സിപിഎം പറഞ്ഞുകൊടുത്തത് കേട്ട്, ബിജെപിയാണ് മുഖ്യ എതിരാളിയെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതുതന്നെ കെ.എം. മാണിയും പറഞ്ഞപ്പോള്‍ സിപിഎമ്മാണ്, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മറ്റും ആശ്വാസമായി. മലബാറിലേക്ക് പാര്‍ട്ടി ഒതുങ്ങി ‘സിപിഐ (എം എം)’ ആയാലും തരക്കേടില്ല, ഭരണം കിട്ടണം എന്ന അതിമോഹത്തിലാണ് സഖാക്കള്‍. പക്ഷേ അതിന് സീറ്റെണ്ണം എല്‍ഡിഎഫിന് അമ്പതു തികയണം. കണക്കുകള്‍ പിന്നെയും പിഴയ്ക്കുകയാണ്. കൂടുതല്‍ പിഴപ്പിയ്ക്കാനും വയറ്റുപ്പിഴപ്പ് മുടക്കാനും എത്തിയ മോദിയെ ചെറുക്കാന്‍ യെച്ചൂരിക്കും കഴിയുന്നില്ല, ഇനി കനയ്യയിലാണ് അവസാന പ്രതീക്ഷ. അതുവരെ, ബിജെപി-കോണ്‍ഗ്രസ് ധാരണയെന്ന വായ്ത്താരി ആവര്‍ത്തിച്ചുകൊണ്ടിരിയ്ക്കും.
എല്‍ഡിഎഫിന്റെ കണക്കു പിഴപോലെ യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്കുള്ള മോഹവും സ്വപ്നവും ഒപ്പം കണക്കു കൂട്ടലും പൊലിഞ്ഞു. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് എത്ര സീറ്റു കിട്ടുമെന്ന ചോദ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് നേതാക്കള്‍. വിജയം നൂറു ശതമാനം ഉറപ്പിക്കാവുന്ന സീറ്റെണ്ണം കോണ്‍ഗ്രസിന് രണ്ടേരണ്ടെണ്ണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുതന്നെ രഹസ്യമായി സമ്മതിക്കുന്നു. മുന്നണികള്‍ സഹായിച്ചാല്‍ കഷ്ടിച്ച് യുഡിഎഫിന് നാല്‍പ്പതു സീറ്റു കടക്കാമെന്നതാണ് ഒടുവിലത്തെ സ്ഥിതി. വെള്ളിയാഴ്ചത്തെ ‘ഫത്വ’വും ഞായറാഴ്ചത്തെ ‘ഇടയലേഖന’വും മാത്രമാണ് ഇനി തുണയെന്നാണ് യുഡിഎഫിലെ കോണ്‍ഗ്രസ് നേതാക്കളുടെതന്നെ കുമ്പസാരം. ‘ഈ പാപിയോടു പൊറുക്കേണമേ’ എന്ന വിലാപമാണെങ്ങും.
യുഡിഎഫിലെ ഘടകകക്ഷികളെ ഇത്രമാത്രം കോണ്‍ഗ്രസ് അവിശ്വസിച്ച, സംശയിച്ച ഒരു കാലം മുമ്പുണ്ടായിട്ടില്ല; കോണ്‍ഗ്രസുമായി ഇത്രമാത്രം ഘടകകക്ഷികള്‍ അകന്നുപോയ കാലവും.
നരേന്ദ്രമോദി ചോദിച്ച, ചൂണ്ടിക്കാണിച്ചതു തന്നെ അവരുടെ പ്രശ്നം; ബംഗാളിലെ ദോസ്തി. ബംഗാളിലെ സഖ്യനയം നടപ്പാക്കാന്‍ ഞങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ഇടനിലയെന്തിനെന്നാണ് ഇപ്പോള്‍ ഘടകക്ഷികളുടെ സംശയം. അണികളുടെ ഈ ചോദ്യത്തിന് നേതാക്കള്‍ക്ക് പരസ്യപ്രസ്താവനയിലൂടെ മറുപടിയില്ല. പക്ഷേ അടിവലിയുണ്ടാകുമെന്നുറപ്പ്. ദുര്‍ബ്ബലമായ കോണ്‍ഗ്രസും സീറ്റുകുറഞ്ഞ സിപിഎമ്മും ശക്തി പ്രകടിപ്പിക്കുന്ന ബിജെപി സീറ്റുനേട്ടവും ചേര്‍ന്ന്, സംസ്ഥാനത്തെ ത്രികോണ സീറ്റുനേട്ടമാണ് ഘടകകക്ഷികളുടെ നേട്ടം, അതാണവരുടെ നോട്ടം; മണ്ഡലങ്ങളിലെ ത്രികോണ മത്സരമല്ല. മുസ്ലിംലീഗിന്റെ രാഷ്ട്രീയ നയപരിപാടികളില്‍ പങ്കാളിയായ ഒരു പ്രമുഖ പത്രപ്രവര്ത്തകന് ഇതിനു ന്യായം പറഞ്ഞത് കശ്മീര്‍ സര്‍ക്കാരിനെ ഉദാഹരിച്ചാണ്; അവിടെ പിഡിപിയും ബിജെപിയും ഒന്നിച്ചില്ലെ, സര്‍ക്കാര്‍ രൂപീകരിച്ചില്ലെ?
കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കണക്കുപിഴച്ചത് ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയറിയാതെ പോയതോടെയാണ്. കണക്കില്‍ പിന്നെയും പിഴവുവന്നത് ബിഡിജെഎസിന്റെ സാധ്യത അറിയാതെ പോയതാണ്. ഇരുപാര്‍ട്ടികളുടെയും പിന്തുണക്കാരായിരുന്നവര് മാത്രമല്ല, അനുഭാവികളും പ്രവര്‍ത്തകരുംപോലും ബിജെപി പക്ഷത്തെത്തി. സിപിഎമ്മിന്റെ ആദര്‍ശവ്യതിയാനവും ആവിഷ്കാരാഭാസവും പാര്‍ട്ടിയംഗങ്ങളെ അകറ്റി. സ്വാഭാവികമായും വെറുംആള്ക്കൂട്ടം മാത്രമായ കോണ്‍ഗ്രസിലേക്ക് അവര്‍ പോയില്ല, പോകില്ല. കേഡര്‍ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് മറ്റൊരു കേഡര്‍ പാര്ട്ടിയോടേ അനുഭാവം തോന്നൂ, ഒരുപക്ഷേ വിരുദ്ധാദര്ശമാണെങ്കില് കൂടിയും.
കോണ്‍ഗ്രസ് മടുത്തവര്‍ക്ക് മികച്ചൊരു മാതൃകയായി മാറുന്നത് ഭരിയ്ക്കാനറിയാവുന്ന, അധികാരമുള്ളവരാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് വിട്ടവര്‍ ബിജെപിയിലായി ഇടത്-വലത് മുന്നണി പക്ഷത്തുനിന്നു പിരിയുന്നവരുടെ വിശ്വാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിത്വവും ലക്ഷ്യവും മാര്‍ഗവും ഒട്ടേറെപ്പേരെ ആകര്‍ഷിച്ച് മനസ്സുമാറ്റി. കേരളത്തിലെ നേതാക്കളും മോദി-കുമ്മനം വ്യക്തിത്വങ്ങളും തമ്മിലുള്ള താരതമ്യവും നടന്നു. അതെല്ലാം ബിജെപി പക്ഷത്തേക്കുള്ള ജനമനസ്സിന്റെ ചായ്വിനു കാരണമായത് കോണ്‍ഗ്രസ്-സിപിഎം നേതാക്കളുടെ കാല്ക്കുലേറ്ററുകൡ തെളിഞ്ഞില്ല.
എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളിലായി തിരിഞ്ഞുനിന്നിരുന്ന പിന്നാക്ക സമുദായ ജനതയുടെ വോട്ട് ബിഡിജെഎസ് എന്ന പൊതുവേദിയിലേക്ക് ഒന്നിച്ചപ്പോള്‍, അത് ബിജെപി പക്ഷത്തേക്ക് ചേര്‍ന്നപ്പോള്‍ സംഭവിച്ച വലിയ ബാലന്‍സ് നഷ്ടം ഇരുമുന്നണികളും കണക്കാക്കിയതില്‍ പിശകിപ്പോയി. വി.എം. സുധീരനും പിണറായി വിജയനും അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനോടുള്ള വ്യക്തിവിരോധവും മറ്റും മാത്രമല്ല ബിഡിജെഎസിനോടുള്ള യോജിപ്പിനു തടസ്സമായത്. സമുദായത്തിന്റെ പേരില്‍ നേതൃത്വത്തിലെത്തിയവര്ക്ക് ആ സ്ഥാനങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ഒരു വലിയ സമുദായത്തെത്തന്നെ അവഗണിച്ചു, അവരുടെ വിശ്വാസങ്ങളെയും വിഗ്രഹങ്ങളെയും അപമാനിച്ചു. ഫലമോ? ഇപ്പോള്‍ കണക്കുപിഴച്ചു, കണിശത ചതിച്ചു.
പശ്ചിമബംഗാളിലെ കാര്യത്തില്‍ കോണ്‍ഗ്രസ്-സിപിഎം ദേശീയ നേതാക്കളുണ്ടാക്കിയ ഒരു സഖ്യധാരണയുണ്ടായിരുന്നു. ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് ഭരണം. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ അത് ആകെ കുഴപ്പത്തിലായി. ആ ദേശീയ പദ്ധതി തകരുന്നതാണ് എ.കെ. ആന്റണിയുടെ മുഖ്യ പ്രശ്നം. കേരളത്തില്‍ കോണ്‍ഗ്രസ് ഭരണവും ബംഗാളില്‍ സിപിഎം ഭരണവും എന്ന പങ്കുവക്കല്‍ കണക്കുകൂട്ടല്‍ തകരുന്നു. കേരളവും കോണ്‍ഗ്രസിന് കൈമോശം വരുന്നു. മാത്രമല്ല, ബിജെപി അവിടെ കയറിയിരിയ്ക്കാന്‍ പോകുന്നു. പോരേ വിഭ്രാന്തി പിടിക്കാന്‍. ആന്റണിയുടെ അന്തംവിട്ട കണക്കുകള്‍ക്കു പിന്നില്‍ അങ്ങനെ ചിലതൊക്കെക്കൂടിയുണ്ട്.
കേരള ഭരണം എങ്ങനെയാകണമെന്ന് ബിജെപി നിര്ണയിക്കുന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങള്‍. 50 സീറ്റു തികയ്ക്കാന്‍ പാടുപെടുന്ന രണ്ടുമുന്നണികള്ക്കു മുന്നില്‍ എഴുപതിനപ്പുറം കടക്കുമെന്ന ആത്മവിശ്വാസത്തോടെ നടന്നു കയറുന്ന എന്‍ഡിഎക്ക് നരേന്ദ്രമോദി നയിച്ച നാലുറാലികളുടെ ആവേശം കൂടുതല്‍ ശക്തി പകര്‍ന്നു. യോജിപ്പിനു വേണ്ടിയുള്ള മോദിയുടെ ആഹ്വാനമാണിപ്പോള്‍ കേരളം ആവര്‍ത്തിക്കുന്നത്; ”നാം ഒന്നാകണം, നാടു നന്നാകണ”മെന്ന്. പക്ഷേ, ‘നാം ഒന്നാകണം, ബിജെപിയെ പുറത്താക്കണ’മെന്ന് എതിര്‍പ്പിന്റെ കപടരാഷ്ട്രീയമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനും. ആ ‘ദോസ്തി-ഗുസ്തി’യുടെ നാണക്കേട് എത്ര പ്രചാരണത്തില്‍ മറച്ചാലും അവര്‍ക്ക് മാറുകയുമില്ല.
** ** **
പിന്കുറിപ്പ്: നമ്മുടെ മദനിയെവിടെയെന്നൊരു ചോദ്യം. ഏതു മദനിയെന്നു മറുചോദ്യം വന്നു. മനുഷ്യാവകാശം എന്ന് മറുപടി; ജയില്‍മോചനം, നിയമസഭാ പ്രമേയം, ജയില്‍ സന്ദര്‍ശനം തുടങ്ങിയവ അനുബന്ധമായി. പക്ഷേ, ഉത്തരം മൗനം മാത്രം. അതെ, ഏതു പടക്കമായാലും നനഞ്ഞാല്‍ പൊട്ടാറില്ല എന്ന് കമ്പനിയുടെ നിയമപരമായ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: