സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ഭാരതം എറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു മേഖലയാണ് ആണവ ശക്തി. ഹോമി ജഹാംഗീര്‍ ഭാഭ എന്ന ദീര്‍ഘ ദര്ശിയുടെ കീഴില്‍ നാം ഒരുപാട് മുന്നേറുകയും ചെയ്തിരുന്നു.
പ്രതിരോധ പദ്ധതികളോട് വലിയ താത്പര്യം കാട്ടാതിരുന്ന നെഹ്റു ആദ്യ കാലങ്ങളില്‍ ,ആണവ പദ്ധതികള്‍ക്ക് പണം മുടക്കുന്നതില്‍ വലിയ വിമുഖതയാണ് കാട്ടിയത്. എങ്കിലും, ഭാഭയുടെ അന്യാദ്രുശമായ വ്യക്തിത്വത്തെ പൂര്‍ണമായും അവഗണിക്കുവാന്‍ നെഹ്രുവിനും കഴിയുമായിരുന്നില്ല മേഘ്നാദ് സാഹ, ചിദംബരം, രാജരാമണ്ണ തുടങ്ങിയ യുവപ്രതിഭകളുടെ ഒരു ടീം കൂടിയായപ്പോള്‍ നമ്മുടെ ആണവ മേഘല ഒരുപാട് മുന്നേറി. അങ്ങനെ താരാപ്പൂരില്‍ ആദ്യത്തെ ആണവ നിലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തൃശൂര്‍ പൂരത്തിന്റെ മത്സര വെടിക്കെട്ട് പോലെ അമേരിക്കയും സോവിയറ്റ് യൂണിയനും ആണവ സ്ഫോടനങ്ങള്‍ നടത്തുന്ന സമയം കൂടിയായിരുന്നു അത്.
അയല്‍ രാജ്യമായ ചൈന കൂടി ആണവശക്തി നേടിയപ്പോള്‍ നമ്മള് മാറിനില്‍ക്കുന്നതിലെ അപകടം വളരെ വ്യക്തമായി ഭാഭ നെഹ്രുവിനെ ധരിപ്പിച്ചു. 1962 ലെ യുദ്ധത്തിലെ നാണം കെട്ട തോല്‍വി കൂടിയായപ്പോള്‍ പദ്ധതിക്ക് പച്ചക്കൊടി വീശാന്‍ നെഹ്റു തയ്യാറായി. അപ്പോഴേക്കും കൂടുതല്‍ രാജ്യങ്ങള്‍ ആണവശക്തി നേടുന്നത് തടയാന്‍ വേണ്ടി വന്‍ ശക്തികള്‍ ഐക്യരാഷ്ട്ര സഭയില്‍ ഒരു ന്യൂക്ലിയര്‍ ഡെഡ് ലൈന്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തു. 1966 ആഗസ്റ്റിനു മുന്‍പ് ആണവപരീക്ഷണം നടത്തുന്നവരെ മാത്രമേ ആണവ ശക്തികളായി അംഗീകരിക്കൂ. അല്ലാത്തവ നിയമ വിരുദ്ധവും അന്താരാഷ്ട്ര നടപടികള്‍ക്ക് വിധേയവും ആയിരിക്കും എന്നതായിരുന്നു അത്. ആ സമയം ഭാരതത്തിന് വിലപ്പെട്ടതായിരുന്നു. നെഹ്രുവിനു ശേഷം വന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി എല്ലാ പിന്തുണയും കൊടുത്ത് 1965 ല്‍ പരീക്ഷണം നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി വന്ന നിര്‍ണായക ഘട്ടത്തില്‍ ഭാഭ സഞ്ചരിച്ച വിമാനം ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നു വീണു. അങ്ങിനെ പരീക്ഷണം മുടങ്ങി. അധികം താമസിയാതെ ശാസ്ത്രിയുടെ ദുരൂഹ മരണം കൂടിയായപ്പോള്‍ കാത്തുകാത്തിരുന്ന ന്യൂക്ലിയര്‍ ക്ലബ് അംഗത്വം ഭാരതത്തിന് നഷ്ടമായി.
അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി നിന്നിരുന്ന ഇന്ദിരാഗാന്ധി ജനശ്രദ്ധ തിരിച്ചുവിടാന്‍ 1974 ല്‍ ആണവ പരീക്ഷണം നടത്തി. അപ്പോഴേക്കും സോവിയറ്റ് യൂണിയന്റെ ഒരു സാമന്ത രാജ്യം പോലെയായിരുന്ന ഭാരതം അവരുടെ പിന്തുണയിലാണ് ഇത് നടത്തിയത്. ഒരു സ്ഫോടനം നടത്തി എന്നതല്ലാതെ അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളൊ നാമൊരു പൂര്‍ണ ആണവ ശക്തിയാകാനുള്ള അന്താരാഷ്ട്ര പിന്തുണ നേടാനോ ഒന്നും സര്‍ക്കാര്‍ ചെയ്തില്ല.
അതിനു ശേഷം 1994 ല്‍ പരീക്ഷണം നടത്താന്‍ നരസിംഹ റാവു പദ്ധതിയിട്ടങ്കിലും അമേരിക്ക അത് വിദഗ്ദ്ധമായി പൊളിച്ചു.
വളരെ വിപുലമായ തയ്യാറെടുപ്പുകള്‍ വേണ്ട ഒന്നാണ് ആണവ പരീക്ഷണം. വിജനമായ സ്ഥലത്ത്, നൂറുകണക്കിന് മീറ്റര്‍ ആഴത്തില്‍ ഷാഫ്റുകള് കുഴിക്കണം. അതില്‍ ക്യാമറകളും നിയന്ത്രണ സംവിധാനങ്ങളും സ്ഥാപിക്കണം. ജനങ്ങളെ മാറ്റണം. ആണവ ഇന്ധനം കൊണ്ടുവരണം. അത് കൃത്യമായി സ്ഥാപിക്കണം. ആയിരക്കണക്കിന് ആള്‍ക്കാരുടെ അധ്വാനം ആവശ്യമുള്ള ഈ പ്രവര്‍ത്തികള്‍ അതീവ രഹസ്യമായി ചെയ്യുകയും വേണം. ഈ ജോലികള്‍ ചെയ്യുന്ന 99 ശതമാനം ആള്‍ക്കാര്‍ക്കും തങ്ങളെന്തിനാണ് ഇത് ചെയ്യുന്നത് എന്നറിയില്ല. ശൂന്യാകാശത്ത് സദാ ജാഗരൂകരായ ചാര ഉപഗ്രഹങ്ങളുടെ കണ്ണ്വെട്ടിക്കുക എന്നതാണ് മറ്റൊരു കടമ്പ.
ഇതെല്ലാം അതിജീവിച്ച് 1998 മേയ് 11 ബുദ്ധപൂര്‍ണ്ണിമ ദിവസം ഭാരതം പൊഖ്റാനില്‍ വീണ്ടും അണുബോംബ് പരീക്ഷണം നടത്തുക തന്നെ ചെയ്തു. ഒരു സാധാരണ ഫിഷന് ബോംബും ഒരു തെര്മ്മൊ ന്യൂക്ലിയര്‍ അഥവാ ഹൈഡ്രജന്‍ ബോംബും ഒരു ലോ യീല്‍ഡ് ഫിഷന് ബോംബും ഒരുമിച്ചാണു സ്ഫോടനം നടത്തിയത്.
ഫിഷന് ബോംബ്
ഭാരം കൂടിയ ഒരു ന്യൂക്ലിയസ്സിനെ ഒരു ന്യൂട്രോണ്‍ കൊണ്ട് പ്രഹരിക്കുമ്പോള്‍ അത് ഭാരം കുറഞ്ഞ രണ്ടു മൂലകങ്ങളായി മാറും. ബാക്കിവരുന്ന പിണ്ഡം താപോര്‍ജമായി പുറന്തള്ളും. ഒരിക്കല്‍ തുടങ്ങിയാല്‍ സെക്കന്റിന്റെ നൂറിലൊരംശം സമയം കൊണ്ട് അത് കോടിക്കണക്കിനു ന്യൂക്ളിയസ്സുകളെ പിളര്‍ക്കുന്ന ചെയിന്‍ റിയാക്ഷന് ആയി മാറി ഒരു വന്‍ സ്ഫോടനം തന്നെ ഉണ്ടാകും. ഹിരോഷിമയിലും നാഗസാക്കിയിലും പെയ്തിറങ്ങിയ തീമഴ ഉണ്ടാക്കിയത് ഫിഷന് ബോംബുകളാണ്.
ഫ്യൂഷന്‍ അഥവാ ഹൈഡ്രജന്‍ ബോംബ്
ഫിഷന് നേരെ എതിര് പ്രവര്‍ത്തനമാണിത്. രണ്ട് ഹൈഡ്രജന്‍ ന്യൂക്ളിയസ്സുകളെ വന്‍ താപത്തിന്റെ പശ്ചാത്തലത്തില്‍ ഉരുക്കി ചേര്‍ക്കുമ്പോള്‍ അത് ഒരു ഹീലിയം ന്യൂക്ലിയസ്സായി മാറും. ബാക്കിവരുന്ന ദ്രവ്യം ഊര്‍ജമായി മാറി പൊട്ടിത്തെറിക്കും. ഫിഷനെക്കാള് നൂറുകണക്കിന് മടങ്ങ് സംഹാര ശേഷിയുണ്ട് ഫ്യൂഷന്‍. ഒരു ഫിഷന് ബോംബ് പൊട്ടിച്ചാണ് ഫ്യൂഷന്‍ വേണ്ട താപം ഉണ്ടാക്കുന്നത് തന്നെ. അതീവ സങ്കീര്‍ണമായ സാങ്കേതിക വിദ്യയാണ് ഇത്.
രണ്ട് ദിവസത്തിനു ശേഷം വീണ്ടും രണ്ട് പരീക്ഷണം കൂടി നടത്തി ഭാരതം അണുപരീക്ഷണങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു പരീക്ഷണത്തിന്റെ ആവശ്യമില്ലാത്ത വിധം സിമുലേഷന്‍ ഡാറ്റകള്‍ നടത്തിയാല്‍ സ്ഫോടനങ്ങളിലൂടെ നമുക്ക് ലഭിച്ച് കഴിഞ്ഞിരുന്നു. ഈ ഡാറ്റകള്‍ ഉണ്ടങ്കില്‍ എല്ലാ പരീക്ഷണങ്ങളും ലാബിലെ കമ്പ്യൂട്ടറുകളില്‍ നടത്താം.
ഭാരതത്തിനു മേല്‍ സദാ കണ്ണും കാതും കൂര്‍പ്പിച്ച് ചുറ്റിത്തിരിഞ്ഞ അമേരിക്കന്‍ ചാരോപഗ്രഹങ്ങളെ അതിവിദഗ്ധമായി കബളിപ്പിച്ചാണു നാം ഇത് സാധിച്ചത്. ഈ ഭൂഗോളത്തിന്റെ മുക്കും മൂലയും തങ്ങളുടെ ക്യാമറക്കണ്ണുകളിലാണു എന്ന് അഹങ്കരിച്ചിരുന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തെയാണ് നാം വെല്ലുവിളിച്ചത്. പ്രധാനമന്ത്രി അന്ന് വൈകിട്ട് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു ഇക്കാര്യം ലോകം അറിഞ്ഞത് തന്നെ.
വിശാലമായ മരുഭൂമിയില്‍ ഉപഗ്രഹങ്ങളെ കബളിപ്പിച്ചത് അതി വിദഗ്ദ്ധമായാണ്. കുറേപ്പേര് ഒരു ഭാഗം വെറുതെ കുഴിക്കും, മൂടും…മറ്റൊരു സ്ഥലത്ത് വീണ്ടും ഇത് ചെയ്യും…ഉപഗ്രഹങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നത്. അങ്ങനെ കുറെ ദിവസം കഴിയുമ്പോള്‍ ഇതില്‍ കാര്യമൊന്നുമില്ല എന്ന് കരുതി അവര്‍ നിരീക്ഷണം മാറും. പരീക്ഷണ ദിവസത്തോടടുപ്പിച്ച് ഏതാണ്ട് നാനൂറു പട്ടാള ട്രക്കുകകളുടെ ഒരു വ്യൂഹം ഒറീസ തീരത്തേക്ക് നീങ്ങി. വീലര്‍ ദ്വീപില്‍ ഭാരതം മിസൈല്‍ പരീക്ഷണം നടത്താന്‍ പോകുന്നു എന്നൊരു വ്യാജ വാര്‍ത്തയും പടച്ചു വിട്ടു. ഉപഗ്രഹങ്ങളുടെ ചാരക്കണ്ണുകള്‍ ഒറീസ്സ തീരത്ത് താണു പറന്നപ്പോള്‍ പടിഞ്ഞാറ് പൊഖ്റാനില്‍ ആണവസ്ഫോടനത്തിന്റെ പൊടിപടലങ്ങള്‍ക്കൊപ്പം ഭാരതത്തിന്റെ ഗരിമയും ആകാശം മുട്ടി.
പക്ഷേ യഥാര്‍ത്ഥ പരീക്ഷണങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഏതാണ്ടെല്ലാ ലോകരാജ്യങ്ങളും ഭാരതത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചു. വിദേശ നിക്ഷേപങ്ങളുടെ വരവ് നിലച്ചു. ഓഹരിവിപണി കൂപ്പ് കുത്തി. ഏറെ മുന്പോട്ട് പോയ ക്രയോജനിക് സാങ്കേതിക വിദ്യ റഷ്യയില്‍ നിന്നും കൈവിട്ട് പോയി. ഭാരതം ന്യൂക്ലിയര്‍ ക്ലബില്‍ അംഗമാകുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത അമേരിക്കയും ചൈനയും അവര്‍ കുന്നുകൂട്ടിയ അണുവായുധങ്ങളുടെ മുകളിലിരുന്ന് കൊണ്ട് ഭാരതത്തിനെതിരേ സര്‍വ്വ കുതന്ത്രങ്ങളും പയറ്റി. ലോക് ഹീല്‍ മാര്‍ട്ടിനില്‍ ട്രയിനിംഗിനു പോയ നമ്മുടെ എഞ്ചിനിയര്‍മാരെ അവരുടെ ബാഗുകള്‍ പോലും എടുക്കാന്‍ സമ്മതിക്കാതയാണ് ഇറക്കി വിട്ടത്. വരും ദിനങ്ങള്‍ ദുഷ്കരമായിരിക്കുമെന്നും ഇറാഖിനെപ്പോലെ ഉത്തരകൊറിയയെപ്പോലെ അഫ്ഗാനിസ്ഥാനെപ്പോലെ ഭാരതവും ലോകസമൂഹത്തില്‍ ഒറ്റപ്പെട്ട് തകര്‍ന്നടിഞ്ഞ് ഒരു പരാജയപ്പെട്ട രാജ്യമായി മാറുമെന്നും രാജ്യത്തിനകത്തെയും പുറത്തെയും ശത്രുക്കള്‍ ഒരു പോലെ അലറി വിളിച്ചു. അണുപരീക്ഷണം നടത്താന്‍ ഉത്തരവിട്ടത് ബിജെപി സര്‍ക്കാരായിരുന്നു എന്നത് എതിര്‍പ്പുകളുടെ മൂര്‍ച്ച കൂട്ടി.
പക്ഷേ, കാഴ്ചപ്പാടും നിശ്ചയദാര്‍ഡ്യവുമുള്ള ഒരു നേതൃത്വത്തിന് ഒരു വെല്ലുവിളിയും പ്രശ്നമല്ല എന്ന് വാജ്പേയിയും അദ്വാനിയും ജോര്‍ജ്ജ് ഫെര്ണാണ്ടസ്സുമടങ്ങിയ ടീം കാട്ടിത്തന്നു. നയതന്ത്ര രംഗത്തെ കര്മ്മകുശലതയിലൂടെ വാജ്പേയി മെല്ലെ മെല്ലെ ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് മാറ്റിയെടുത്തു. ഉത്തരവാദിത്വ ബോധമുള്ള അണുശക്തിയാണു ഭാരതം എന്ന സത്യം പതിയെ ലോകം മനസ്സിലാക്കി. ഉപരോധങ്ങള്‍ പിന്‍വലിയാന്‍ തുടങ്ങി. അന്ന്, നമ്മെ ഉപരോധിച്ച അതേ അമേരിക്കയും ജപ്പാനും കാനഡയും ആസ്ട്രേലിയയും ഇന്ന് ഭാരതവുമായി ആണവ സഹകരണത്തിനു മത്സരിക്കുന്നു. ഉപരോധങ്ങള്‍ വലിയൊരളവു വരെ അവസരങ്ങളാക്കി മാറിയിടത്താണ് നാം വിജയിച്ചത്. നിഷേധിക്കപ്പെട്ട ക്രയോജനിക് സാങ്കേതിക വിദ്യ നാം സ്വന്തമായി വികസിപ്പിച്ചെടുത്തു. കാര്‍ഗില്‍ യുദ്ധകാലത്ത് അമേരിക്ക നമുക്ക് ജിപിഎസ് വിവരങ്ങള്‍ നിഷേധിച്ചിരുന്നു. അതിനു പകരമായി നമ്മുടെ സ്വന്തം ആകാശ ദൂതന്മാര് ശൂന്യാകാശത്ത് കണ്ണ്ചിമ്മാതെ കാവലിരിക്കുന്നു. പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തത തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചു.
ഓപ്പറേഷന് ശക്തി വെറുമൊരു ശക്തിപ്രകടനം മാത്രമായിരുന്നില്ല അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ഈ മഹാരാജ്യത്തിന്റെ അഭിമാനത്തിന്റെ വിളംബരം കൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: