കൊച്ചി: രാജ്യത്ത് മത്തിയുടെ ലഭ്യതയില്‍ വീണ്ടും കുറവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിച്ച മീനുകളുടെ അളവില്‍ കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ലെ സമുദ്രമത്സ്യ ലഭ്യതയെകുറിച്ച് സിഎംഎഫ്ആര്‍ഐ തയ്യാറാക്കിയ വാര്‍ഷിക പഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. സംസ്ഥാനത്ത് മത്തി കൂടാതെ അയലയുടെ ലഭ്യതയിലും ഗണ്യമായ കുറവുണ്ട്.
1998ന് ശേഷം കേരളത്തില്‍ മത്തി കുറയുന്നത് ആദ്യമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 32.8% കുറഞ്ഞ് 45,958 ടണ്‍ മത്തിയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലഭിച്ചത്. 2015ല്‍ ഇത് 68,431 ആയിരുന്നു. 2012 ല്‍ 3.9 ലക്ഷം ടണ്‍ മത്തി കേരള തീരങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മാത്രം മത്തിയുടെ കുറവ് മൂലം 1300 കോടി നഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. 2015 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അയലയുടെ ലഭ്യതയില്‍ 33% കുറവുണ്ടായതായി സിഎംഎഫ്ആര്‍ഐയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 47,253 ടണ്‍ അയലയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലഭിച്ചത്.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ചത് തിരിയാന്‍ മത്സ്യമാണ്. ഇത് കൂടുതലും വളം, തീറ്റ എന്നീ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനത്ത് അയലയാണ്. മത്തിയും അയലയും കഴിഞ്ഞാല്‍ സാധാരണയായി കൂടുതല്‍ കാണപ്പെടുന്ന കിളിമീനിന്റെ ലഭ്യതയിലും ഇത്തവണ കുറവുണ്ടായി.
മത്സ്യലഭ്യതയില്‍ കേരളം ആദ്യമായാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 2013 മുതല്‍ കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. ഗുജറാത്ത് തന്നെയാണ് തുടര്‍ച്ചയായി നാലാം വര്‍ഷവും ഒന്നാം സ്ഥാനത്തുള്ളത് (7.74 ലക്ഷം ടണ്‍). തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സിഎംഎഫ്ആര്‍ഐ കഴിഞ്ഞ വര്‍ഷം പുതുതായി കണ്ടെത്തിയ പുള്ളി അയല മത്സ്യം കേരള തീരങ്ങളില്‍ നിന്ന് മാത്രമാണ് ലഭിച്ചത്. സിഎംഎഫ്ആര്‍ഐയിലെ ഫിഷറീസ് റിസോഴ്സ് അസസ്മെന്റ് വിഭാഗമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അമിത മത്സ്യബന്ധനവും വന്‍തോതില്‍ ചെറുമീനുകളെ പിടിച്ചതുമാണ് മത്തിയുടെ കുറവിന് പ്രധാന കാരണമെന്ന് സി.എം.എഫ്.ആര്.ഐ. ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി. സിഎംഎഫ്ആര്‍ഐയിലെ ഫിഷറീസ് റിസോഴ്സ് അസസ്മെന്റ് വിഭാഗം മേധാവി ഡോ. ടി.വി. സത്യാനന്ദന് പഠന റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ വിശദീകരിച്ചു. വിവിധ ഗവേഷണ വിഭാഗം മേധാവികളായ ഡോ. സുനില്‍ മുഹമ്മദ്, ഡോ. ജി. മഹേശ്വരുഡു, ഡോ. പ്രതിഭാ രോഹിത്, ഡോ. പി.യു. സക്കറിയ, ഡോ ആര്. നാരായണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: