കേരളത്തിലെ വൈദ്യപാരമ്പര്യത്തെ നോക്കിയാല്‍ സാമാന്യമായി ഏറ്റവും പ്രചാരത്തിലുള്ള ഗ്രന്ഥമാണ് അഷ്ടാംഗഹൃദയം. ഇന്നും ആരോഗ്യരംഗത്ത് പ്രത്യേകിച്ച് കേരളത്തില്‍ ആയുര്വേദവിദ്യാര്ഥികള് ഉപയോഗിക്കുന്നത് വാഗ്ഭടനാല് എഴുതപ്പെട്ട അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും ആണ്.
ഇവിടെ ചിന്തിക്കേണ്ട വിഷയം ആയുര്‍വേദമെന്നാല്‍ അത് ചികിത്സാ സംപ്രദായം മാത്രമാണോ അതോ ഭാരതത്തിന്റെ അടിസ്ഥാനമായ മോക്ഷശാസ്ത്രം തന്നെയാണോ ചരകത്തേയും സുശ്രുതത്തേയും അടിസ്ഥാനമാക്കി വാഗ്ഭടനാല് എഴുതപ്പെട്ട അഷ്ടാംഗഹൃദയം. അതായത് ചികിത്സാ ശാസ്ത്രമെന്നു മാത്രം വിളിക്കുന്ന ആയുര്‍വേദം യഥാര്‍ഥത്തില്‍ പഞ്ചമവേദമെന്നാണ് അറിയപ്പെടുന്നത്. വേദത്തിന്റെ അടിസ്ഥാനതത്ത്വം മോക്ഷത്തെ പ്രദാനം ചെയ്യുക എന്നതാണ്. ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് മെഡിസിനെന്ന പോലെ ഒരു ചികിത്സാ പദ്ധതിയെന്ന രീതിയില്‍ മാത്രമാണ് ആയുര്‍വേദത്തെ നാം സ്വീകരിക്കുന്നത് അല്ലാതെ ആയുര്‍വേദത്തെ മോക്ഷത്തെ പ്രദാനം ചെയ്യുന്ന ഒന്നായി പറയുവാന്‍ ശ്രമിക്കാറില്ല. മോക്ഷപ്രദാനമാണെന്നതിന് അഷ്ടാംഗഹൃദയകാരന്‍ പറയുന്നുണ്ടോ എന്ന് നോക്കാം.
രാഗാദികളാണ് രോഗങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞുകൊണ്ടാണ് ആചാര്യന് അഷ്ടാംഗഹൃദയത്തെ തുടങ്ങുന്നത്. രാഗാദികളെന്നതിന് രാഗ ദ്വേഷ ലോഭ മോഹ മദ മാത്സ്യര്യ ഡംഭാഹംകാരങ്ങളെയാണ് ആചാര്യന് വര്‍ണിക്കുന്നത്. തുടര്‍ന്ന് ധര്മാര്ഥസുഖസാധനമായിരിക്കുന്ന ആയുസ്സിനെ ആഗ്രഹിക്കുന്നവനാല്‍ ആയുര്‍ വേദോപദേശങ്ങില് ഏറ്റവും പ്രയത്നം ചെയ്യപ്പെടേണ്ടത് ആവശ്യമാകുന്നു എന്ന് ആചാര്യന് ഉപദേശിക്കുകയും ചെയ്യുന്നു.
തുടര്‍ന്നുള്ള ശ്ലോകങ്ങള്‍ക്കു ശേഷം ആചാര്യന് പറയുന്നു കാലാര്ത്ഥകര്മ്മണാംയോഗോ ഹീനമിത്ഥ്യാ?തിമാത്രകഃ. സംയഗ്യോഗശ്ചവിജ്ഞേയോ രോഗാ ആരോഗ്യൈകകാരണം. ദോഷോകോപകാരണമായി ഹീനമിഥ്യാദി യോഗവും, ആരോഗ്യകാരണമായി സമ്യക് യോഗമാകുന്ന സമയോഗവും ആണ് ശ്ലോകത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതായത് രോഗത്തിന് കാരണം മിഥ്യാജ്ഞാനവും രോഗനിവാരണത്തിന് സമ്യക് ജ്ഞാനവും ആണ് വിധിച്ചിരിക്കുന്നത്. എന്താണ് സമ്യക് ജ്ഞാനം എന്താണ് ഹീനമിഥ്യത്വം.
ഇവിടെ സമ്യക്ജ്ഞാനം കൊണ്ട് ബ്രഹ്മാത്മൈകത്വവിജ്ഞാനരൂപമായ ജ്ഞാനത്തെയാണ് ആചാര്യന് പറയുന്നത്. ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി എന്നതനുസരിച്ച് ബ്രഹ്മത്തെ അറിയുന്നവര്‍ ബ്രഹ്മമായിത്തന്നെ തീരുന്നു. ജീവഭാവേന ശരീരത്തില്‍ പ്രതിഭാസിക്കപ്പെടുന്ന ചൈതന്യം പരമാര്ഥത്തില് ബ്രഹ്മസ്വരൂപം തന്നെയാണെന്നുള്ള നിര്‍ണയമാണ് സമ്യക് ജ്ഞാനം. ബ്രഹ്മവിദാപ്നോതി പരം എന്ന് തൈത്തിരീയവും, ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ തേഷാമാദിത്യവത് ജ്ഞാനം പ്രകാശയതി തത്പരം എന്ന് ഭഗവത് ഗീതയും പറയുന്നു. മൃത്യുവിനെ തരണം ചെയ്യുവാന്‍ ജ്ഞാനം മാത്രമാണ് മാര്‍ഗമെന്ന് ശ്വേതാശ്വതരവും പറയുന്നു. തമേവ വിദിത്വാതിമൃത്യുമേതി നാന്യപന്ഥാ വിദ്യതേ?യനായ എന്ന് ശ്വേതാശ്വതരം.പ്രാണനും ഇന്ദ്രിയങ്ങളും അവ ഉപഗമിക്കുന്നതായ വിഷയങ്ങളും കൂടിച്ചേര്‍ന്നതായ ശരീരമാകുന്ന ഉപാധിയല്ല താനെന്നും ഇവയെയെല്ലാം പ്രകാശിപ്പിക്കുന്നതായ ആത്മാവാകുന്നു താനെന്നുമുള്ളതാണ് സമ്യക് ജ്ഞാനം.
എന്താണ് മിഥ്യാജ്ഞാനം. നാനാവിധവിഷയങ്ങളെ ഉപഗമിക്കുന്നവയാണ് ഇന്ദ്രിയങ്ങള്‍. അജ്ഞാനത്താല്‍ ഇന്ദ്രിയവിഷയങ്ങളില്‍ പ്രാണന് രമിക്കുകയും താന്‍ ശരീരമാണെന്നുള്ള മിഥ്യജ്ഞാനത്താല് ജീവന് ബന്ധിക്കപ്പെടുകയും ചെയ്യുന്നു. അതില്‍ നിന്നുണ്ടാകുന്ന രാഗാദികളാണ് രോഗത്തിന് കാരണം. ദ്വൈതഭാവനയാല് ജീവന് താന്‍ ബ്രഹ്മത്തില്‍നിന്ന് ഭിന്നനാണെന്ന് തെറ്റിദ്ധരിക്കുന്നു. എന്നാല്‍ ഗുരൂപദേശം കൊണ്ടും ശാസ്ത്രാഭ്യാസം കൊണ്ടും സിദ്ധമാകുന്ന ബ്രഹ്മാത്മൈക്യസാക്ഷാത്കാരരൂപമായ സമ്യക്ജ്ഞാനത്താല് ജീവന് മുക്തിയെ പ്രാപിക്കുന്നു. ബ്രഹ്മാത്മൈകത്വവിജ്ഞാനം സമ്യക് ജ്ഞാനം ശ്രുതേര്മതം എന്ന് വിവേകചൂഡാമണി പറയുന്നു.
അപ്പോള്‍ യഥാര്‍ഥത്തില്‍ എന്താണ് ആയുര്‍വേദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഉള്ള സംശയം വരുമ്പോള്‍ ആചാര്യന് പറയുന്നു ആയുര്‍വേദോ?മൃതാനാം. അമൃതവിദ്യയെ പ്രാപിക്കുന്നതാണ് ആയുര്‍വേദത്തിന്റെ പരമമായ ലക്ഷ്യം. എന്താണ് അമൃതം. അപ്പോള്‍ ആചാര്യന് പറയുന്നു അമൃതവിദ്യാ ഇന്ദ്രിയേഭ്യഃ പരാ ഹ്യര്ഥാ അര്ഥേഭ്യഃ പരം മനഃ. മനസസ്തു പരാ ബുദ്ധിര്ബുദ്ധേരാത്മാ മഹാന് പരഃ. മഹതഃ പരം അവ്യക്തം, അവ്യക്താദമൃതഃ പരഃ. അമൃതാന്ന പരം കിഞ്ചിത് സാ കാഷ്ഠാ പരാ ഗതിഃ എന്ന് പ്രമാണം. പ്രാണന്റെ വിയോഗത്തില്‍ ശരീരം നശിക്കുമെങ്കിലും ജനനമോ മരണമോ ഇല്ലാത്ത ആത്മാവ് സചേതനമായി തന്നെ നിലനില്ക്കുന്നു.
സംസാരമാകുന്ന വൃക്ഷത്തിന് മൂലമായി നില്ക്കുന്ന ഈ ആത്മാവ് അമൃതസ്വരൂപമാകുന്നു അഥവാ നശിക്കാത്തതാകുന്നു. തദേവ ശുക്രം തത് ബ്രഹ്മ, തദേവാമൃതമുച്യതേ, അതു തന്നെ ശുക്രമായിട്ടുള്ളത്, അത് തന്നെയാണ് ബ്രഹ്മം അതു തന്നെയാണ് അമൃതം എന്ന് കഠോപനിഷത്. ശങ്കരഭാഷ്യത്തില്‍ ശുക്രമെന്നതിന് ചൈതന്യാത്മജ്യോതിസ്വഭാവത്തോടു കൂടിയ ബ്രഹ്മം എന്നാണ് ആചാര്യസ്വാമികള്‍ അര്‍ഥം കല്പിച്ചിരിക്കുന്നത്. ഈ സംസാരവൃക്ഷത്തിന് മൂലമായിട്ടുള്ള വസ്തു ചൈതന്യാത്മകമായ ജ്യോതിസ്സാകുന്ന സ്വഭാവത്തോടുകൂടിയതാകുന്നു. എല്ലാത്തിലും വലുതായതുകൊണ്ട് അതിനെ ബ്രഹ്മമെന്നു പറയുന്നു.
അമൃതമെന്നു പറയുന്നതും അതിനെ തന്നെയാണ് എന്നിങ്ങനെ ആചാര്യസ്വാമികള്‍ തന്റെ ഭാഷ്യത്തില്‍ വ്യക്തമാക്കുന്നു. ഈ അമൃതസ്വരൂപമായ ആത്മാവ് തന്നെയാണ് സച്ചിദാനന്ദലക്ഷണത്തോടു കൂടിയ ബ്രഹ്മമായി ശ്രുതികളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നതും. ഈ അമൃതത്ത്വത്തെ പ്രദാനം ചെയ്യുന്നതാണ് ആയുര്‍വേദം. അതായത് പരാഗതിയെ പ്രാപിക്കുന്നതിന് തടസ്സമായി നില്ക്കുന്ന ദ്വൈതബുദ്ധിയെ നശിപ്പിച്ച് , ആരോഗ്യത്തെ പ്രദാനം ചെയ്യുന്ന വിശിഷ്ടമായ സമ്യക് ജ്ഞാനത്തെ പ്രദാനം ചെയ്ത് പരഗതിസ്വരൂപമായ ബ്രഹ്മാത്മൈകത്വവിജ്ഞാനത്തെ പ്രദാനം ചെയ്യുന്നതാണ് ആയുര്‍വേദം എന്ന് അര്‍ഥം.
അഷ്ടാംഗഹൃദയവ്യാഖ്യാനമായ ഹൃദയബോധികാ വ്യാഖ്യാനത്തില്‍ വളരെ വ്യക്തമായി പറയുന്നു. സമ്യക് യോഗശ്ച ആരോഗ്യകാരണം. ഏകമദ്വിതീയമസ്മാന്നാസ്ത്യേവ കിഞ്ചിത് ദ്വിതീയമീദൃശം നിദാനം. ഒന്നുമാത്രമേയുള്ളു രണ്ടാമതൊന്നില്ലായെന്നര്ഥം. ആചാര്യന്മാരായ ഹാടകനും ഹൃദ്യാകാരനും തങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെ ഇതെ തത്ത്വത്തെ തന്നെയാണ് പറയുന്നത് എന്ന് ഹൃദയബോധികാ വ്യാഖ്യാനകാരനായ ശ്രീദാസപണ്ഡതിന് തന്റെ വ്യാഖ്യാനത്തില്‍ വിശേഷമായി പറയുന്നുമുണ്ട്.
അതായത് അഷ്ടാംഗഹൃദയകാരനായ വാഗ്ഭടന് മിഥ്യാജ്ഞാനരൂപമായ ദ്വൈതം തന്നെയാണ് രോഗകാരണമെന്നും ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് സമ്യക് ജ്ഞാനമായ അദ്വൈതമാണെന്നും പാരമാര്ഥികമായി ആയുര്‍വേദം സമ്യക് ജ്ഞാനത്തെ പ്രദാനം ചെയ്യുന്ന മോക്ഷശാസ്ത്രമാണെന്നും അല്ലാതെ വെറും ചികിത്സാ പദ്ധതി മാത്രമല്ലായെന്നും തന്റെ ഗ്രന്ഥത്തില്‍ വളരെ കൃത്യമായി നിര്‍വചിക്കുന്നു. വിഷയങ്ങളെ പൂര്‍ണമായി മനസ്സിലാക്കാതെയുള്ള പഠനം ആകണം മോക്ഷരൂപമായ ആയുര്‍വേദത്തെ ഇന്നത്തെ രോഗനിവാരണത്തിനുമാത്രമായി ഉപയോഗിക്കുന്ന അലോപ്പതിയെ പോലെ ചിന്തിക്കുന്നതിന് കാരണം. അതുകൊണ്ട് തന്നെ ആയുര്‍വേദ വിദ്യാര്‍ഥികള്‍ ആചാര്യന് വിശേഷമായി പറയുന്ന ഈ തത്ത്വങ്ങളേയും അറിഞ്ഞ് പഠിക്കുക എന്നതാണ് കരണീയമായിട്ടുള്ളത്.
മോക്ഷശാസ്ത്രമെന്ന് ആചാര്യന് തന്നെ പറയുന്ന ഉപവേദമെന്നു വിളിക്കുന്ന ഈ ആയുര്‍വേദം പഠിക്കുന്നതിന് സംസ്കൃതം വേണ്ടായെന്ന തീരുമാനമനുസരിച്ച് സംസ്കൃതത്തെ ആയുര്‍വേദ സിലബസില്‍ നിന്ന് ഒഴിവാക്കുക എന്ന തീരുമാനം എടുക്കുന്ന അധികാരികളുടെ വിഷയ വിവരമില്ലായ്മ ചിന്തിക്കുമ്പോഴാണ് ഏറ്റവും പരിഹാസ്യമായി തോന്നുന്നത്. ഇപ്പോഴെങ്കിലും നാം ചിന്തിച്ചില്ലായെങ്കില്‍ ഈ മഹത്തായ പാരമ്പര്യം നശിക്കുന്നതിന് മൗനാനുവാദം കൊടുത്ത നാമും ഒരു കാരണമാകും.. ഹരി ഓം
പ്രതികരിക്കാൻ ഇവിടെ എഴുതുക: