1898 മുതലാണത്രേ ഭാരതത്തിലെ നിരത്തുകളിൽ മോട്ടോർ കാറുകൾ ഓടിത്തുടങ്ങിയത് . അതിനുശേഷം ഏകദേശം അഞ്ചു ദശാബ്ദത്തോളം, ഇറക്കുമതി ചെയ്യപ്പെട്ട കാറുകളായിരുന്നു ഇവിടെ, ഇരമ്പമുണ്ടാക്കി പാഞ്ഞുപോയിരുന്നത്. 1942 ൽ ബിഎം ബിർള ബ്രിട്ടണിലെ വിഖ്യാതമായ മോറിസ് മോട്ടോർസുമായി ചേർന്ന് ഗുജറാത്തിലെ ഓഖയിൽ ഹിന്ദുസ്ഥാൻ മോട്ടോർസ് എന്ന പേരിൽ ഭാരതത്തിലെ ആദ്യ കാർ ഫാക്ടറി സ്ഥാപിച്ചു.
സ്വാതന്ത്ര്യാനന്തരം 1948 ൽ ഫാക്ടറി കൂടുതൽ സൗകര്യങ്ങളോടെ കൊല്ക്കത്തയിലെ ഉത്തർപാറയിലേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെനിന്നു പുറത്തിറങ്ങിയ ആദ്യ കാർ മോറിസിന്റെ ‘മോറിസ് 10 ‘ എന്ന മോഡലിൽ നിർമ്മിച്ച ഹിന്ദുസ്ഥാൻ 10 എന്ന ആദ്യ ഇന്ത്യൻ കാർ ആയിരുന്നു. തുടർന്ന് 1954 ൽ മോറിസ് ഓക്സ് ഫോർഡ് II വിന്റെ മോഡലിൽ ഹിന്ദുസ്ഥാൻ മോട്ടോർസ് ലാൻഡ് മാസ്റ്റർ പുറത്തിറക്കി . തുടർന്ന് 1957 ലാണ് മോറിസ് ഓക്സ്ഫോർഡ് സീരീസ് III യിൽ സാക്ഷാൽ അംബാസഡറിന്റെ പിറവി ..പിന്നീടങ്ങോട്ട് ഏകദേശം കാൽ നൂറ്റാണ്ടോളം ഇന്ത്യൻ നിരത്തുകളിലെ രാജാവായി മാറിയ അംബാസഡർ വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കിത്തുടങ്ങിയത് 1958 ലാണ്.
മന്ത്രിമാരുടെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും പട്ടാള മേധാവികളുടെയും ഔദ്യോഗികവാഹനമായി നീലയും ചുവപ്പും ബീക്കൺ ലൈറ്റുകൾ മിന്നിച്ചു ഭാരതത്തിലെ രാജവീഥികളിൽ തികഞ്ഞ തലയെടുപ്പോടെ ഒപ്പം അല്പ്പം അഹങ്കാരത്തോടെ ആംബി ചീറിപ്പാഞ്ഞു . വെള്ള നിറത്തിൽ, ശുചിത്വത്തിന്റെ പര്യായമെന്നോണം വെള്ള തുണി പൊതിഞ്ഞ സീറ്റുകളും വെള്ള വിരിയിട്ട ജാലകവുമായി പൊതുമേഖലാ സ്ഥാപനങ്ങളിലെയും മറ്റും ഉന്നത ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട വാഹനമായി നിറഞ്ഞ ഗൗരവത്തോടെ കടന്നുപോയി. നിരവധി തന്ത്ര പ്രധാന ചർച്ചകൾക്ക് അംബാസ്സഡർ വേദിയായി. എത്രയോ വലിയ വലിയ ചിന്തകൾ അവന്റെയകത്തു വച്ച് ഉരുതിരിഞ്ഞു . തീരുമാനങ്ങൾ എടുക്കപ്പെട്ടു.
അവരെ വഹിക്കുന്ന അതെ ശ്രദ്ധയോടെ കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമീണ വഴികളിലൂടെ ഗർഭിണികളായ സ്ത്രീകളെ തന്റെ സുരക്ഷിതമായ പിൻസീറ്റിൽ വഹിച്ച് അതിവേഗതയിൽ അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു. നവജാത ശിശുക്കൾ ആദ്യമായി യാത്ര ചെയ്തത് അമ്മയുടെ ഗർഭ പാത്രം പോലെ സുരക്ഷിതമായ ആംബിയിൽ തന്നെയായിരുന്നു. നവ ദമ്പതികളെ വഹിച്ചു മോടിയിലും വിദേശത്തുനിന്നു നാട്ടിൽ വരുന്നവരെ വഹിച്ച് , ഉള്ളിൽ നിറയുന്ന അത്തറിന്റെ സുഗന്ധത്തോടെയും അവൻ ഓട്ടം തുടർന്നു . രാമായണവും മഹാഭാരതവും വീടുകളിലേക്ക് കടന്നു വന്നത് ഇവന്റെ പുറകിൽ കെട്ടിവച്ചു കൊണ്ടുവന്ന ബ്ലാക്ക് & വൈറ്റ് ടി വി കളിലൂടെയായിരുന്നു.
ഈ കാലയളവിൽ നിരവധി മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും അംബാസഡർ വിധേയനായി. വുഡൻ ഇന്റീരിയർ ഭാഗങ്ങളോടെ 1962 ൽ മാർക്ക് – 2, ഗ്രില്ലിലും ഹെഡ് ലാംപിലും ഇന്റീരിയറിലും പുതുമകളോടെ 77 ൽ മാർക്ക് 3, 79 ൽ മുൻഭാഗത്ത് വലിയ മാറ്റങ്ങളോടെ മാർക്ക് 4 എന്നിവ പുറത്തിറങ്ങി. ഇതേ സീരീസിൽ ഒപ്പം 37 Bhp കരുത്തു നൽകുന്ന പെട്രോൾ വേർഷനിലും ആംബിയെത്തി. 1990 ൽ 55 Bhp കരുത്തുള്ള പെട്രോൾ എഞ്ചിനൊടെയും 37 Bhp പെട്രോൾ എഞ്ചിനോടേയും പുതിയ സ്റ്റിയറിങ്ങും കൂടുതൽ മെച്ചപ്പെട്ട ബ്രേയ്ക്കും ഇലക്ട്രിക്കൽ ഫിറ്റിങ്ങ്സും ഒക്കെയായി വിഖ്യാതമായ അംബാസഡർ നോവ പുറത്തിറങ്ങി. 92 ൽ കൂടുതൽ കരുത്തുള്ള ഇസുസു എഞ്ചിനൊടെയും സീറ്റിൽ പുതുമയോടെയും ഡാഷ് ബോർഡിലും മറ്റും മാറ്റങ്ങളോടെയും അംബാസഡർ 1800 ഇറങ്ങി. 2003 ൽ അടിമുടി പരിഷ്കാരിയായി അംബാസ്സഡർ ഗ്രാൻഡ് വന്നു. 2013 ൽ ഭാരത് സ്റ്റെജ് 4 സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്കരിച്ച ‘എൻകോർ’ ആയിരുന്നു അവസാന മോഡൽ.
ഭാരതത്തിന്റെ ചരിത്രത്തിലെ മറ്റൊരു ഇതിഹാസമായ മാരുതിയുടെ അശ്വമേധത്തിലും ഉദാരീകൃത നയങ്ങളുടെ ഭാഗമായി വാതിലുകൾ തുറന്നിട്ട ഭാരതത്തിലേക്ക് കടന്നുവന്ന നിരവധി വിദേശ ബ്രാൻഡുകളുടെ സാന്നിധ്യത്തിലും വില്പന തകർച്ച നേരിട്ട അംബാസഡറിന്റെ ഉത്പാദനം പൂർണ്ണമായി നിർത്തിവയ്ക്കാൻ 2014 ൽ ഹിന്ദുസ്ഥാൻ മോട്ടോർസ് തീരുമാനിച്ചു. അല്പദൂരം നടന്നാൽ തളർന്നു പോവുന്ന പുതു മുറക്കാരനെ നിത്യം അതിവേഗ പ്രഭാത സവാരി നടത്തുന്ന പഴയ പട്ടാള മേജറെപ്പോലെ, ഇപ്പോഴും നിരത്തിലെ പുതു തല മുറ വാഹങ്ങങ്ങളെ പുച്ഛത്തോടെ നോക്കി പഴയ പടക്കുതിര കുതിച്ചു കൊണ്ടിരിക്കുന്നു. ഏഴു പതിറ്റാണ്ടോളം നീണ്ട ഗതകാല പ്രൗഡിയോടെ.
ഭാരതത്തിൽ, കാർ എന്ന വാഹനത്തിന്റെ പര്യായത്തോളം വളർന്ന ആംബി 2013 ൽ ലോകത്തെ മികച്ച ടാക്സി കാർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴും ഭാരതത്തിൽ വരുന്ന നിരവധി വിദേശികളും പിന്നെ പ്രശസ്തരായ പല വ്യക്തികളും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന വാഹനം ഈ പഴയ പടക്കുതിര തന്നെ. സാധാരണക്കാരന്റെ കാർ, രാഷ്ട്രീയകാരുടെ കാർ, ഭാരതത്തിന്റെ റോൾസ് റോയ്സ് എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട കാറും പ്രിയപ്പെട്ട ആംബിയല്ലാതെ മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: