യുദ്ധങ്ങളെക്കുറിച്ച് പറയുന്നത് അത്രയ്ക്ക് പുതുമയുള്ള കാര്യമല്ല. ഏത് നിമിഷവും എവിടെയും അത് എങ്ങനെയും പൊട്ടിപ്പുറപ്പെടാം. പരശതം യുദ്ധങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്ന് ലോകത്ത് നിലവിലുണ്ട്. അതിനിടയിലും പക്ഷെ മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് ആശങ്കയോടെ വിചാരിക്കുന്നവരുമുണ്ട്. എന്നാല്‍ അത് എങ്ങനെ ആയിരിക്കുമെന്നുള്ളതാണ് അതിനേക്കാള്‍ വലിയ പ്രശ്നം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സി.ജെ.എം ജോഡ് പറഞ്ഞിട്ടുള്ളത് ഇനിയൊരു ലോക മഹായുദ്ധം കഴിഞ്ഞുണ്ടാവുന്ന യുദ്ധം തീര്‍ച്ചയായും അമ്പും വില്ലും കൊണ്ടുള്ളതായിരിക്കുമെന്നാണ്. ആധുനിക യുദ്ധമുറകള്‍ എല്ലാം തന്നെ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അമ്പും വില്ലിന്റെയും സാധ്യത പെട്ടെന്ന് ചിരിയുണര്‍ത്താം. പക്ഷെ അതിലൊരു ദീര്‍ഘവീക്ഷണമുണ്ട്. മൂന്നാം ലോക മഹായുദ്ധത്തില്‍ മനുഷ്യരാശി മുഴുവന്‍ ഇല്ലാതാവുകയും പിന്നീട് സുദീര്‍ഘമായ കാലം കഴിയുമ്പോള്‍ ഭൂമിയില്‍ ഉണ്ടാകിനിടയുള്ള ആദിമ നിവാസികള്‍ പരസ്പരം പൊരുതുന്നത് അമ്പും വില്ലും കൊണ്ടായിരിക്കുമെന്നാണ് ജോഡ് നിരീക്ഷിച്ചത്.
നിത്യവും ഇങ്ങനെയൊരു ലോകമഹായുദ്ധം മനുഷ്യന്റെ ചിന്തകളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും അതിനെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണങ്ങള്‍ ആരും തന്നെ കാര്യമായി എടുക്കുന്നില്ല എന്നും വരാം. കാരണം വളരെ വ്യക്തം; സ്വാര്‍ത്ഥത തന്നെ. നമ്മള് ജീവിക്കുന്നത് അടുത്ത തലമുറയ്ക്ക് കൂടിയാണെന്നുള്ള ബോധ്യം ഉണ്ടെങ്കില്‍ ഈ ആശങ്കകള്‍ നമ്മോടൊപ്പം ഉണ്ടാവും. പക്ഷെ അപ്പോഴും ഒന്നു തീര്‍ച്ച ഇനി വരാനിരിക്കുന്നത് ജലയുദ്ധം തന്നെയാണെന്നുള്ള കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ യു.എന്‍ ഈ പ്രശ്നം പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജീവജലമെന്നും പ്രാണജലമെന്നും പറയുമ്പോള്‍ തന്നെ അത്തരമൊരു അമൃത കുംഭം ഭൂമിയില്‍ വറ്റിക്കൊണ്ടിരിക്കുകയാണെന്ന അപകടകരമായ യാഥാര്‍ത്ഥ്യം മനുഷ്യന് മനസിലാക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്ക് മുമ്പ് വെനിസ്വലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നിലും യഥാര്‍ത്ഥത്തില്‍ ഈ കുടിവെള്ള പ്രശ്നം തന്നെയാണ്. രണ്ടു മാസത്തേയ്ക്കാണ് രാഷ്ട്രത്തലവന് നിക്കോളാസ് മഡുറെ അടിയന്തരാവസ്ഥ പ്രഖ്യാപിചിട്ടുള്ളത്. ലോകത്തിലേ തന്നെ വന്‍കിട ജലവൈദ്യുത പദ്ധതികളും ഭീമന് മാളുകളുമുള്ള ഈ ലാറ്റിനമേരിക്കന്‍ രാജ്യത്ത് അതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ജലം കൊണ്ട് മുറിവേറ്റ് അവിടെയെല്ലാം താറുമാറായപ്പോള്‍ നിത്യവും അഞ്ചും ആറും മണിക്കൂറാണ് പവര്‍ക്കട്ട്. ഇനി അതും കൂടാനിരിക്കുന്നതേയുള്ളൂ. പല വ്യവസായശാലകളും പൂട്ടി. ജനം പ്രശ്നത്തിലാണ്. പക്ഷെ പ്രധാനമന്ത്രി പറയുന്നത് അമേരിക്കയുമായി ബന്ധം പുലര്‍ത്തുന്ന ചില ഭീമന് കമ്പനികളെ നിലയ്ക്ക് നിര്‍ത്തി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പുരോഗതിയിലേക്ക് നയിക്കുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ എന്നാണ്.
ചരിത്രത്തില്‍ത്തന്നെ ഒട്ടേറെ വൈരുദ്ധ്യങ്ങളുടെ നാമമായ ചാവുകടല്‍ പേരുപോലെ തന്നെ ചത്തുകൊണ്ടിരിക്കുകയാണ്. പക്ഷികള്‍ പോലും കുറുകെ പറക്കാന്‍ ഭയപ്പെടുന്ന ഈ കടല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇല്ലാതാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ നല്കുന്ന സൂചന. എന്നാല്‍ ഒട്ടുവളരെ അനുഗ്രഹങ്ങളുടെ ദാതാവാണ് ഈ കടല്‍. ഉപ്പുവെള്ളത്തിന്റെ സാന്ദ്രത കൂടുതലുള്ള ചാവു കടലില്‍ നമ്മള് പൊങ്ങിക്കിടക്കും. താഴില്ല. ഇസ്രായേലിന്റെ പൊതുസ്വത്തായ ഈ കടലിന്റെ ഏറിവരുന്ന വരള്‍ച്ച മാറ്റാന്‍ അവരും തൊട്ടയല്‍പ്പക്കത്തുള്ള ചില രാജ്യങ്ങളും കൂടി മെഡിറ്ററേനിയന്‍ കടലുമായി ബന്ധപ്പെടുത്തി പുതിയ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ വെള്ളം നിറയ്ക്കാനുള്ള വലിയൊരു പദ്ധതി ആവിഷ്ക്കരിച്ചെങ്കിലും ചില സൗന്ദര്യപിണക്കങ്ങളുടെ പേരില്‍ ഇന്നും അത് നടന്നിട്ടില്ല. ചുരുക്കത്തില്‍ എവിടെയും നിലനില്‍ക്കുന്നത് പ്രത്യക്ഷത്തില്‍ പറഞ്ഞില്ലെങ്കിലും പല സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും ഇത്തരം പ്രശ്നങ്ങള്‍ തന്നെയാണ്.
നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഇപ്പോള്‍ മഴയുടെയും വെള്ളത്തിന്റെയും അനിവാര്യതയെക്കുറിച്ച് കുട്ടികള്‍ പോലും ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. അത്രയ്ക്ക് കഠിന വേനലാണ് നമ്മള് അനുഭവിച്ചത്. ഉത്തരേന്ത്യയില്‍ മാത്രം നേരത്തെ കേട്ടുകൊണ്ടിരുന്ന കുഴഞ്ഞുവീണുള്ള മരണങ്ങള് കേരളത്തില്‍ ഇപ്പോള്‍ നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു. ഇത്തരം മരണങ്ങള്‍ക്ക് പിന്നില്‍ കൊടിയ ചൂടേല്‍പ്പിക്കുന്ന കഠിനമായ രോഗപ്രശ്നങ്ങളുണ്ട്. ഒരു കാലത്തും മഴയോ വെള്ളമോ ഒഴിയില്ലെന്ന് സ്വയം പ്രഖ്യാപിക്കപ്പെട്ട ആത്മവിശ്വാസങ്ങളെല്ലാം നമുക്ക് നഷ്ടമായി. പ്രകൃതിയെ അത്രത്തോളം പീഡിപ്പിച്ചതിന്റെ ഫലമാണ് ഈ കൊടും വരള്‍ച്ച. ചെറുശേരിയുടെ കൃഷ്ണഗാഥയില്‍ മഴകാത്ത് കിടക്കുന്ന വേഴാമ്പലിന്റെ മനോഹരമായ ഉപമയുണ്ട്. ഈ ആ വേഴാമ്പല്‍ ഇന്‍ മലയാളി തന്നെയാണ്. വേഴാമ്പലിന് മഴ കാത്തുകിടക്കാനുള്ള സ്വാഭാവികമായ ശക്തി ദൈവം നല്‍കിയിട്ടുണ്ട്. പക്ഷെ മനുഷ്യന് എത്ര നാള്. വെള്ളം സമൃദ്ധമായിട്ടും അത് നാളേയ്ക്ക് വേണ്ടി കരുതാന്‍ മാത്രമല്ല അതിലേയ്ക്കുള്ള ചിന്തകള്‍ പോലും നമുക്കിടയില്‍ വേരൂന്നിയിട്ടില്ല. കുപ്പിവെള്ളം കൊണ്ട് കുടിയ്ക്കുകയും ചിലപ്പോള്‍ കുളിക്കുകയും ചെയ്യുന്ന മലയാളികള്‍ നമ്മുടെ നാട്ടിലുള്ളപ്പോള്‍ അത്തരം ചിന്തകള്‍ക്ക് എന്ത് പ്രസക്തി. നിത്യവും വനരോദനം പോലെ കുടിവെള്ളത്തെക്കുറിച്ച് നമ്മള് പറയുന്നുണ്ടെങ്കിലും നമ്മെ ഭരിക്കുന്നവരോ നയിക്കുന്നവരോ അതിന് തക്കതായ പ്രതിവിധികള്‍ കാണാന്‍ മുന്നോട്ട് വരുന്നില്ല. നമ്മുടെ 44 നദികളും പ്രയോജനമില്ലാതെ പാഴാവുകയാണ്. പലതുള്ളി പെരുവെള്ളം എന്ന പഴയ കവിത പറയാനും വായിക്കാനുമല്ലാതെ നമ്മുടെ ഉള്ളിലേയ്ക്ക് കടന്ന് വരുന്നില്ല. എല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നും രാഷ്ട്രീയ നേതൃത്വം നടപ്പാക്കണമെന്നും വിചാരിക്കുന്ന മലയാളികളുടെ കുബുദ്ധികള്‍ കാലികമായി പരിഷ്ക്കരിച്ച് അവനവന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുകയാണെങ്കില്‍ കുടിവെള്ളത്തിന്റെ പ്രശ്നം മാത്രമല്ല പലതും പരിഹരിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: