സംസ്ഥാനത്തെ സ്ക്കൂളുകള്‍ മധ്യവേനല്‍ അവധികഴിഞ്ഞ് ഇന്ന് തുറക്കുന്നു. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഇത്തവണ വേനല്‍ കടുത്തതായിരുന്നു. നാട് വേനലില്‍ വെന്തുരുകി. ഒഴിവു കാലം ആസ്വദിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് വിദ്യാര്‍ത്ഥികള്‍.
പ്രകൃതിയോട് മനുഷ്യന് കാണിച്ച ക്രൂരതയാണ് കൊടിയ ഉഷ്ണത്തിന് കാരണമെന്ന് മനസ്സിലാക്കി വയനാട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ‘ഒരു മരം’ പദ്ധതിക്ക് ജില്ലയില്‍ ഇന്ന് തുടക്കം കുറിക്കുന്നു. വനം വകുപ്പിന്റേയും, സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ ആയിരക്കണക്കിന് തൈകളാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം നടത്താനായി സ്ക്കൂളിലെത്തിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സംരക്ഷണമെന്ന ആശയം എത്തിക്കുന്നതോടൊപ്പം, പ്രകൃതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വമേല്പ്പിക്കുക എന്ന അതിപ്രധാനമായ നടപടിയാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് കളക്ടര്‍ വിശിദീകരിക്കുന്നു. മരം നട്ടാല്‍ മാത്രം പോര അത് സംരക്ഷിക്കാനുള്ള നടപടിയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കളക്ടര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.
പുതിയ തലമുറയിലൂടെ പ്രകൃതിക്ക് കാവലേല്പ്പിക്കുന്ന ജില്ല കളക്ടറുടെ നടപടി പ്രശംസനീയമെന്ന് നാട്ടുകാരും അധ്യാപക രക്ഷകര്‍ത്താക്കളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇതിന് ഘടകവിരുദ്ധമായി ചില പ്രധാന അധ്യാപകരും, പിടിഎ കമ്മറ്റികളും ചേര്‍ന്ന് സ്ക്കൂളിലെ തണല്‍ മരങ്ങള്‍ കഴിഞ്ഞമാസം മുറിച്ച് നീക്കിയതായി പ്രകൃതി സ്നേഹികളും നാട്ടുകാരും പരാതിപ്പെടുന്നു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നത് അംഗീകരിക്കാമെങ്കിലും വിറകിനെന്ന പേരില്‍ മരം മുറിക്കുന്നത് നിയന്ത്രിക്കേണ്ടതാണെന്നാണ് ഇവരുടെ അഭിപ്രായം.
സംസ്ഥാനത്ത് പുതിയ അദ്ധ്യയനവര്ഷത്തിലെത്തി ചേരുന്ന വിദ്യാര്‍ത്ഥികള്‍ മാത്രം ഒരു മര തൈവീതം നട്ട് സംരക്ഷിച്ചാല്‍ കാലവസ്ഥയില്‍ ഗണ്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. മരം നടീല്‍ സംസ്ക്കാരത്തിന്റെ ഭാഗമാക്കേണ്ടിയിരിക്കുന്നു.
വയനാട് ജില്ലയിലെ കാലാവസ്ഥയില്‍ ഉണ്ടായ വന്‍ ഉഷ്ണമാണ് വയനാട് ജില്ലാ കളക്ടറുടെ ഈ നടപടിക്ക് കാരണമായത്. ജില്ലയില്‍ നടന്ന വ്യാപകമായ മരം മുറിയാണ് സംസ്ഥാനത്തെ ഏറ്റവും കൂടിയ ചൂട് ജില്ലയില്‍ ഉണ്ടാകാന്‍ ഇടയാക്കിയത്. കാലാവസ്ഥയിലെ ഈ മാറ്റം ജന്തു സസ്യജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന തിരിച്ചറിവാണ് കളക്ടറുടെ നടപടി.
പ്രകൃതിക്ക് തന്നാല്‍ കഴിയുന്നത് എന്ന അര്‍ത്ഥത്തില്‍ മരം നടീലിനെ കാണുമ്പോള്‍ സ്ക്കൂളിലെ തണല്‍ മരങ്ങള്‍ വ്യാപകമായി വെട്ടി നശിപ്പിക്കുന്നവരെ സാമൂഹ്യ ദ്രോഹികളായും, അവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: