ഒരു പ്രൈമറി വിദ്യാലയം എന്നാല്‍ വെറുമൊരു കെട്ടിടം മാത്രമല്ല. വിണ്ടുകീറിയ ബെഞ്ചുകളും ഡെസ്ക്കുകളും ഓടുപൊട്ടിയ വരാന്തകളും മര ജനാലകളും മാത്രമല്ല. ചരല് വിരിച്ച മുറ്റം മാത്രമല്ല. മുറ്റത്ത് തണല്‍ വിരിച്ചു നിന്ന വാളന്‍പുളിമരം മാത്രമല്ല.
നിങ്ങളുടെ പ്രൈമറി വിദ്യാലയം നിങ്ങളുടെ വികാരമാണ്. നിങ്ങളുടെ ബാല്യമാണ്. നിങ്ങള്‍ ആദ്യം ചുവടുവച്ച സരസ്വതീ ക്ഷേത്രം. നനഞ്ഞ വസ്ത്രങ്ങളുടെയും പാലിന്റെയും ബിസ്കറ്റിന്റെയും മണമുള്ള നിങ്ങളുടെ പ്രൈമറി വിദ്യാലയം. അവിടെ ഒപ്പം പഠിച്ചവനോളം ഉറ്റ സുഹൃത്ത് അതിന്നു ശേഷം നിങ്ങള്‍ക്കുണ്ടായിട്ടില്ല. ഇന്ന് നിങ്ങള്‍ വലിയ ഒരാളാണ്. ലോകമറിയുന്ന നേതാവ്. ലോകമറിയുന്ന സിനിമാ താരം. പ്രശസ്തനായ ജഡ്ജി. വക്കീല്‍. മാധ്യമപ്രവര്ത്തകന്. പക്ഷേ നിങ്ങള്‍ തുടങ്ങിയത് ഇവിടെ നിന്നാണ്. കാലാന്തരത്തില്‍ ആര്‍ക്കും വേണ്ടാതായ ഈ ക്ലാസ് മുറികളില്‍ നിന്ന്.
ലോകം കണ്ടു തുടങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ ആദ്യം കാണാന്‍ തുടങ്ങിയത് ആ ക്ലാസ് മുറിയാണ്. വേദനയിലും വിയര്‍പ്പിലും ആദ്യ താങ്ങായത് സ്കൂള്‍ മുറ്റത്തെ ആ മരമാണ്.
പറക്കമുറ്റിയ മക്കള്‍ ചിറകുകള് ഉണങ്ങിത്തുടങ്ങിയ അമ്മയെ വൃദ്ധസദനത്തില്‍ തള്ളുന്നതു പോലെ തങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസിനോടു ചേര്ന്ന്ന്നു പോകാത്ത സ്കൂളുകള്‍ തങ്ങള്ക്കെന്തിനാണെന്ന് ആധുനിക മലയാളി. ബാല്യത്തെ മുറിക്കുകയാണവന്. ഓര്‍മകളെ അറുത്തു ദൂരെ എറിയുകയാണവന്. സ്വീകരണപ്പന്തലിന് മുന്നിലെ വാഴകളെപ്പോലെ അവന്. വേരുകളില്ല. രൂപം മാത്രം.
അങ്ങിനെ എളുപ്പം പൂട്ടേണ്ടവയല്ല പ്രൈമറി വിദ്യാലയങ്ങള്‍. എളുപ്പം തൂത്തെറിയപ്പെടേണ്ടതല്ല ആ ഓര്‍മകള്‍. പരിമിതികള്‍ ഒട്ടേറെയുണ്ടാവാം. മറ്റു സ്കൂളുകളുടെയത്രയും സൗന്ദര്യമോ സൗകര്യമോ ഇല്ലായിരിക്കാം. അത്ര ഹൈട്ടെക്കൊ ഹൈജെനിക്കോ അല്ലായിരിക്കാം. ഒരു കോളേജ് അദ്ധ്യാപനെക്കാളും ശിക്ഷണവും പരിഗണനയും അര്‍ഹിക്കുന്നുണ്ട് ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്. പക്ഷേ അയാളിപ്പോളും അരശിക്ഷിതനും കടുത്ത അരക്ഷിതനും. മറ്റു സ്ഥാപനങ്ങളുടെ ശമ്പളവര്‍ദ്ധനവുകള്‍ അയാളെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്, തീര്‍ച്ച.
ഒരു പ്രൈമറി വിദ്യാലയം ആ പ്രദേശത്തിന്റെ സാംസ്കാരിക ചിഹ്നമായി, പൊതുവായ ഓര്‍മയായി ആദ്യം തിരിച്ചറിയേണ്ടത് നമ്മള് ഓരോരുത്തരുമാണ്. തങ്ങളുടെ കുട്ടി സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുന്നുവെന്ന് ഓരോ രക്ഷിതാവും ഉറപ്പു വരുത്തട്ടെ. അതോടൊപ്പം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളും ഏറ്റവും ആധുനിക സൗകര്യങ്ങളും അനുവദിച്ച് സര്‍ക്കാര്‍ ജനത്തിനൊപ്പം നില്ക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: