പാശ്ചാത്യ വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ ആദ്യ ഭാരത വനിതയായിരുന്നു ആനന്ദി ഗോപാല്‍ ജോഷി.
1865 മാര്‍ച്ച് 31 ന് ബോംബെ പ്രസിഡന്‍സിയില്‍പ്പെട്ട കല്യാണില്‍ ജനിച്ചു. യമുന എന്നായിരുന്നു ആദ്യകാലത്തെ നാമധേയം. പാരമ്പര്യമായി ഭൂ പ്രഭുക്കന്മാരായിരുന്ന , എന്നാല്‍ പില്ക്കാലത്ത് ക്ഷയം സംഭവിച്ച ബ്രാഹ്മണ കുടുംബത്തില്‍ ആയിരുന്നു ജനനം. തന്റെ ഒന്‍പതാമത്തെ വയസ്സില്‍ തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഗോപാല്‍ റാവുവുമായി വിവാഹം നടന്നു. അദ്ദേഹമാണ് ആനന്ദി എന്ന് പുനര്‍ നാമകരണം ചെയ്തത്.
സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടണം എന്ന കാഴ്ചപാട് ഉള്ള വ്യക്തിയായിരുന്നു ഗോപാല്‍ റാവു. അദ്ദേഹം ഇംഗ്ലീഷ് പഠിക്കുന്നതിന് ആനന്ദിയെ പ്രേരിപ്പിച്ചു, സഹായിച്ചു.
തന്റെ പതിനാലാമത്തെ വയസ്സില്‍ ആനന്ദി ഒരു കുഞ്ഞിന് ജന്മം നല്കി . പക്ഷെ പത്തു ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞ് മരണപ്പെട്ടു . അത് അവരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. വേണ്ടത്ര വൈദ്യസഹായം ലഭിക്കാത്തതിനാലാണ് കുഞ്ഞ് മരണപ്പെട്ടത് എന്നും അതിനാല്‍ തനിക്ക് പാശ്ചാത്യ വൈദ്യ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടണം എന്നും ആനന്ദി നിശ്ചയിച്ചു. ഗോപാല്‍ റാവു ആനന്ദിയെ പ്രോത്സാഹിപ്പിച്ചു. അതാവട്ടെ ഭാരതത്തില്‍ അന്നുവരെ ഒരു സ്ത്രീയും കൈവച്ചിട്ടില്ലാത്ത മേഖലയുമായിരുന്നു.
സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത് സാധാരണമല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ആനന്ദിയുടെ കുടുംബത്തില്‍ നിന്നുതന്നെയായിരുന്നു പ്രധാന വെല്ലുവിളി. പക്ഷേ ആനന്ദിയുടെ പഠിക്കാനുള്ള താല്പര്യം കണ്ട് അവരെ പഠിപ്പിക്കാനായി ദൃഡ നിശ്ചയം ചെയ്ത ഗോപാല്‍ റാവു ഒന്നുകൊണ്ടും പതറിയില്ല. ഒരുവേള ആനന്ദിയുടെ മാതാപിതാക്കളുടെ എതിര്‍പ്പിനെ മറികടക്കാന്‍ അദ്ദേഹം തന്റെ ജോലിയും കുടുംബത്തിന്റെ താമസവും കല്‍ക്കത്തയിലേക്ക് മാറ്റി! ആനന്ദി പഠിക്കാനുള്ള സമയത്ത് പാചകം ചെയ്യുന്നതോ അടുക്കളയില്‍ മറ്റുള്ളവരെ സഹായിക്കുന്നതോ പോലും അദ്ദേഹത്തെ ശുണ്ഠി പിടിപ്പിക്കുമായിരുന്നത്രേ.
1880 ല്‍ അദ്ദേഹം ആനന്ദിയുടെ, അമേരിക്കയില്‍ മെഡിസിനില്‍ പഠനം നടത്താനുള്ള താല്പര്യം കാണിച്ചും അതിനോടൊപ്പം അവിടെ തനിക്കുള്ള ജോലി സാദ്ധ്യതയെ കുറിച്ചന്വേഷിച്ചും പ്രസിദ്ധ മിഷണറിയായിരുന്ന Royal Wilder ക്കെഴുതി . അവര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ സഹായം നല്‍കാമെന്ന് Wilder മറുപടി നല്കി. ആ നിര്‍ദ്ദേശം പക്ഷേ ജോഷി ദമ്പതികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. അങ്ങനെ ആ വഴി അടഞ്ഞു.
പക്ഷെ Wilder ഒരു നല്ല കാര്യം ചെയ്തു. ഗോപാല്‍ റാവുവിന്റെ കത്ത് Princeton’s Missionary Review വില്‍ പ്രസിദ്ധീകരിച്ചു. Theodicia Carpenter എന്ന അമേരിക്കന്‍ വനിത ഇത് വായിക്കാനിടയായി. ആനന്ദിയുടെ പഠിക്കാനുള്ള താല്പര്യവും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഗോപാല്റാവുവിന്റെ മനോഭാവവും അവരെ സ്പര്‍ശിച്ചു . ജോഷി ദമ്പതികളുടെ അമേരിക്കയിലെ താമസത്തിന് ഏര്‍പ്പാട് ചെയ്യാമെന്ന് അവര്‍ വാക്കുനല്കി .
Thorborn എന്ന ഡോക്ടര്‍ ദമ്പതികള്‍ ആനന്ദിയെ Women’s Medical College of Pensnylvania എന്ന സ്ഥാപനത്തില്‍ അപേക്ഷിക്കാന്‍ ഉപദേശിച്ചു. അവിടെ ലോകത്തിലെ ആദ്യത്തെ , സ്ത്രീകള്‍ക്കായുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കോഴ്സ് ആരംഭിക്കാനിരിക്കുകയായിരുന്നു . ആനന്ദിയുടെ ഉപരിപഠന തീരുമാനമറിഞ്ഞ് യാഥാസ്ഥിതിക ഹിന്ദു സമൂഹം അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചു. വലിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികളാവട്ടെ അവളെ പ്രോത്സാഹിപ്പിച്ചു. പക്ഷെ അവള് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം എന്നവര്‍ ശഠിച്ചു.
ആനന്ദിയുടെയും ഗോപാല്‍ റാവുവിന്റെയും നിശ്ചയ ദാര്ഡ്യത്തിനു മുന്പില് എതിര്‍പ്പുകള്‍ ഒന്നൊന്നായി കീഴടങ്ങി. സെറംപൂര്‍ കോളേജ് ഹാളില്‍ അവര്‍ തന്റെ സമുദായത്തെ അഭിസംബോധന ചെയ്തു. ഹിന്ദു സമാജത്തില്‍ നിന്ന് കൂടുതല്‍ വനിതാ ഡോക്ടര്‍മാര്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ പറ്റി അവര്‍ സദസ്സിനെ ഉദ്ബോധിപ്പിച്ചു.
ഉപരിപഠനം നടത്തി ഭാരതത്തില്‍ വനിതകള്‍ക്കായി ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്ന് അവര്‍ വെളിപ്പെടുത്തി. മാത്രമല്ല താനൊരിക്കലും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയില്ല എന്നും അവര്‍ ശപഥം ചെയ്തു. ഈ പ്രസംഗം അവര്‍ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു. രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്ന് അവര്‍ക്ക് ധനസഹായം പ്രവഹിച്ചു. അന്നത്തെ വൈസ്രോയി 200 രൂപ സഹായ ധനമായി നല്കി.
ആനന്ദി അമേരിക്കയിലേക്ക് കപ്പല്‍ കയറി. Theodicia Carpenter അമേരിക്കയില്‍ അവരെ സ്വീകരിച്ചു. WMCP യില്‍ പ്രവേശനത്തിന് അപേക്ഷിച്ചു . അതോടൊപ്പം ഒരു കത്തും വച്ചിരുന്നു. അതില്‍ അവര്‍ ഇങ്ങനെയെഴുതി. :
‘എന്റെ സുഹൃത്തുക്കളുടെയും സമുദായത്തിന്റെയും കൂട്ടായ എതിര്‍പ്പിനെ അതിജീവിച്ച് താങ്കളുടെ നാട്ടില്‍ എന്നെ എത്തിച്ച എന്റെ നിശ്ചയ ദാര്‍ഡ്യം എന്റെ ഉദ്ദേശ ലക്ഷ്യം നേടെണ്ടതിലേക്കായി എന്നെ ഇനിയും മുന്നോട്ടു നയിക്കേണ്ടിയിരിക്കുന്നു. അതാവട്ടെ , മതിയായ വൈദ്യ സഹായമില്ലാതെ ദുരിതമനുഭവിക്കുന്ന എന്റെ നാട്ടിലെ പാവപ്പെട്ട സ്തീകള്‍ക്ക് അത് ലഭ്യമാക്കുക എന്നതാണ് താനും. മനുഷ്യത്വത്തിന്റെ ശബ്ദം എന്നോട് കൂടെയുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ പരാജയപ്പെടാന്‍ പാടില്ല. നിരാലംബരായ നിരവധിപേരെ സഹായിക്കുന്നതിനായി ഞാന്‍ എന്റെ പ്രയാണം തുടരുന്നു.’
ആനന്ദിക്ക് കോളേജില്‍ പ്രവേശനം ലഭിച്ചു. അതി ശീതമായ കാലാവസ്ഥയും ശീലമില്ലാത്ത ഭക്ഷണവും മൂലം സ്വതവേ ദുര്‍ബ്ബലമായ അവരുടെ ശരീരം ക്ഷയരോഗ ബാധിതമായി. പക്ഷെ അതൊന്നും വക വയ്ക്കാതെ 1886 മാര്‍ച്ച്് പതിനൊന്നിന് അവര്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . MD ബിരുദ ധാരിണിയായി. തിളക്കമാര്‍ന്ന വിജയത്തില്‍ വിക്ടോറിയ രാജ്ഞി അവരെ അഭിനന്ദിച്ച് സന്ദേശമയച്ചു.
1886 ന്റെ അവസാന പാദത്തില്‍ അവര്‍ ഭാരതത്തിലേക്ക് തിരിച്ചു. ഒരു ജേതാവിന്റെ പരിവേഷത്തോടെ ഭാരതത്തിലിറങ്ങി.
കോലാപ്പൂര്‍ മഹാരാജാവ് Albert Edward Hospital  physician-in-charge ആയി അവരെ നിയമിച്ചു. ആനന്ദിയുടെ രോഗം പക്ഷെ കൂടുതല്‍ വഷളാവുകയായിരുന്നു.
ലോകമാന്യ തിലകന് അവര്ക്കിപ്രകാരം എഴുതി :
‘വ്യാപകമായ എതിര്‍പ്പുകള്‍ക്കും നിരവധിയായ ബുദ്ധിമുട്ടുകള്‍ക്കിടയിലും നീ എപ്രകാരമാണ് ഒരു വിദേശ രാജ്യത്ത് പോയി അശ്രാന്ത പരിശ്രമത്തിനൊടുവില്‍ വിജ്ഞാന സമ്പാദനം ചെയ്തത് എന്ന് ഞാനറിയുന്നു. നീ നമ്മുടെ കാലഘട്ടത്തിലെ ശ്രേഷ്ഠ വനിതകളില്‍ ഒരാളാണ്. നിനക്ക് പണത്തിന് അതിയായ ആവശ്യം വന്നിരിക്കുന്നു എന്ന് ഞാന്‍ അറിയാനിടയായി. ഞാന്‍ കേവലം ഒരു പത്രം നടത്തിപ്പുകാരനാണ്. എന്റെ വരുമാനമാവട്ടെ പരിമിതവും. എങ്കിലും ഒരു നൂറു രൂപ ഇതോടൊന്നിച്ചു അയക്കുന്നു. ‘
അതിന് അല്പ ദിവസങ്ങള്‍ക്ക് ശേഷം , 1887 ഫെബ്രുവരി 26 ന് അവര്‍ മരണത്തിനു കീഴടങ്ങി.
കേവലം 21 വയസ്സ് മാത്രമായിരുന്നു അവരുടെ പ്രായം. മരണം അകാലത്തില്‍ കൊണ്ടുപോയത് കൊണ്ടുമാത്രം, താന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച അറിവുപയോഗിച്ച് ആയിരങ്ങളെ സേവിക്കുക എന്ന തന്റെ ലക്ഷ്യം നിറവേറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെങ്കിലും, തളരാത്ത വിജ്ഞാന തൃഷ്ണയുടെയും അപരിമിതമായ ഇച്ഛാശക്തിയുടെയും പ്രതീകമായി, പില്ക്കാലത്ത് നിരവധി പേര്‍ക്ക് പ്രചോദനമായി മാറിയ ആനന്ദി ഗോപാല്‍ ജോഷി ഭാരത ചരിത്രത്തില്‍ ജ്വലിച്ചു നില്ക്കുന്നു. ഒപ്പം ജീവിത പങ്കാളിയും ഗാര്‍ഹിക സാഹചര്യങ്ങളും സ്ത്രീ ശാക്തീകരണത്തില്‍ എത്ര മഹത്തായ പങ്കു വഹിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായി ഗോപാല്‍ റാവുവും.
1888 ല്‍ Caroline Wells Healey Dall അവരുടെ ജീവചരിത്രം രചിച്ചു. ദൂരദര്ശന് അവരുടെ ജീവിതം പ്രമേയമാക്കി ആനന്ദി ഗോപാല്‍ എന്ന സീരിയല്‍ സംപ്രേഷണം ചെയ്തു.
അതേ പേരില്‍ ഒരു മറാത്തി നോവലിനും അവരുടെ ജീവിതം പ്രമേയമായി. പിന്നീടു ഇത് ഇംഗ്ലീഷിലെക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു.
The Institute for Research and Documentation in Social Sciences (IRDS) എന്ന , ലക്നോ ആസ്ഥാനമായ NGO മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ആനന്ദി ഗോപാല്‍ ജോഷി അവാര്‍ഡ് നല്കി വരുന്നു.
സ്ത്രീകളുടെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ അവരുടെ പേരില്‍ ഒരു ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: