കളമശ്ശേരി: ഭക്ഷ്യവസ്തുക്കളുടെ പരിശോധനക്കുള്ള കേന്ദ്രത്തിന് താല്പര്യം പ്രകടിപ്പിച്ച് കൊച്ചി സര്‍വ്വകലാശാലയിലെ സോഫിസ്റ്റികേറ്റഡ് ടെസ്റ്റ് ആന്റ് ഇന്‍സ്ട്രമെന്റേഷന്‍ സെന്റര്‍ (സ്റ്റിക്). ഭക്ഷണത്തിലെയും പച്ചക്കറികളിലെയും വിഷാംശം അടക്കമുള്ള ഘടകങ്ങള്‍ പരിശോധിക്കാനുള്ള സ്ഥിരം കേന്ദ്രം തുടങ്ങാന്‍ ഈ വര്‍ഷമാദ്യമാണ് സ്റ്റിക് ആശയരൂപീകരണം നടത്തിയതെന്ന് ഡയറക്ടര്‍ പ്രൊഫ.ജെ.ജഗന്നാഥ ഭട്ട് പറഞ്ഞു. എന്നാല്‍ സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ സാമ്പത്തികസഹകരണം ഉണ്ടായാലേ പദ്ധതി നടത്താനാകു.
കേരളസര്‍ക്കാരിന്റെ കീഴില്‍ കൊച്ചി സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ലബോറട്ടറിയാണ് സ്റ്റിക്. മാനകങ്ങളുടെ തുല്യത രേഖപ്പെടുത്തുക(കാലിബ്രേഷന്‍), രാസപദാര്‍ത്ഥങ്ങളുടെ സാമ്പിളുകളുടെ പരിശോധന തുടങ്ങിയവയാണ് സ്റ്റിക് ഇപ്പോള്‍ ചെയ്യുന്നത്. വ്യാവസായ ശാലകള്‍ക്കും ഗവേഷകര്‍ക്കുമാണ് സ്റ്റിക്കിന്റ സേവനം ലഭിക്കുന്നത്.
വിഷപച്ചക്കറികളുടെ പരിശോധനക്ക് കൊച്ചി സര്‍വ്വകലാശാല കാമ്പസില്‍ കേന്ദ്രം തുടങ്ങുന്നത് സ്റ്റികിന്റെ കമ്മിറ്റിയില്‍ ചര്‍ച്ചക്ക് വന്നിരുന്നു. കമ്മിറ്റി ഇത് അംഗീകരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകളില്‍ കേന്ദ്രം തുടങ്ങുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചതായും ഡോ.ഭട്ട് പറഞ്ഞു. ഇതിനായുള്ള പദ്ധതിരേഖ ഭാവിയില്‍ ഉണ്ടാക്കും. ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുന്നതിന് പുതിയ ലാബ് തന്നെ ഇവിടെ തുടങ്ങേണ്ടി വരും. ഇപ്പോഴുള്ള ഉപകരണങ്ങള്‍ വലിയ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. പുതിയ ഉപകരണങ്ങള്‍, ആളുകള്‍ എന്നിങ്ങനെ പൂര്‍ണ്ണതോതില്‍ ഭക്ഷ്യപരിശോധന സൗകര്യങ്ങള്‍ ഇവിടെ നിര്‍മ്മിക്കണം.
കേരള സര്‍ക്കാര്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്റ് എന്‍വയണ്‍മെന്റും കുസാറ്റും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് സ്റ്റികിന്റെ പ്രായോജകര്‍. ഇവരാരെങ്കിലും ഫണ്ട് നല്കാന് തയ്യാറായാല്‍ പരിശോന സംവിധാനം കുസാറ്റില്‍ തന്നെ സ്ഥാപിക്കാന്‍ കഴിയും. കേരളത്തില്‍ ഇപ്പോള്‍ വിഷപച്ചക്കറി പരിശോധന കാര്യക്ഷമമായി നടത്താന്‍ കഴിയുന്ന ലാബുകള്‍ കുറവാണ്. അതുകൊണ്ട് തന്നെ സ്റ്റികിന്റെ ഭാവി വികസന പരിപാടികളില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യപരിശോധന ലാബ് ഉണ്ടാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വകലാശാലയുടെയും കേരള സര്‍ക്കാരിന്റെയും കൂട്ടുപങ്കാളിത്തത്തില് പ്രവര്‍ത്തനം തുടങ്ങിയ സ്റ്റിക് ഒരു ദശാബ്ദത്തില്‍ അധികം നീണ്ട പ്രവര്‍ത്തനത്തിലൂടെ മികവിന്റെ കേന്ദ്രമെന്ന പേര് നേടിയെടുത്ത് കഴിഞ്ഞു. പുത്തന്‍ ഉപകരണങ്ങള്‍ എത്തിച്ചും, പുതിയ ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെന്നും സ്വയം പര്യാപ്തതയും വ്യവസായ ലോകത്ത് സ്വന്തം പേരും ഈ സ്ഥാപനം നേടിയിട്ടുണ്ട്.
ഗവേഷകര്‍ക്കും, രാസവ്യവസായങ്ങള്ക്കും ഉപകാരപ്പെടുന്ന തരത്തില്‍ പരീക്ഷണങ്ങളും, മാനകങ്ങളുടെ കൃത്യത നിര്‍ണ്ണയിക്കലും ആണ് പ്രധാനമായും സ്റ്റിക് ചെയ്യുന്നത്. ഗവേഷക വിദ്യാര്‍ത്ഥികള്‍, രാസപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവരാണ് സ്റ്റികിന്റെ പ്രധനപ്പെട്ട ഉപഭോക്താക്കള്‍. ഇവര്‍ ആവശ്യപ്പെടുന്ന ടെസ്റ്റുകള്‍ നടത്തി ഫലം നല്‍കുകയാണ് സ്റ്റിക് ചെയ്യുന്നത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് സ്ഥാപനത്തിനുള്ള ഫണ്ട് നല്‍കുന്നത്. നാനോ ടെക്നോളജി പോലുള്ള മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് പര്യാപ്തമാണ് ഇവിടെ ഇപ്പോഴുള്ള സൗകര്യങ്ങള്‍. 13 തരം ഉപകരണങ്ങള്‍ ഇവിടെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. വര്‍ഷം 20000 അധികം സാമ്പിളുകള്‍ സ്റ്റിക് കൈകാര്യം ചെയ്യുന്നുണ്ട് എന്ന് കേന്ദ്രത്തിന്റെ ഡയറക്ടര്‍ പ്രൊഫ.ഡോ.ജെ.ജഗന്നാഥ ഭട്ട് പറയുന്നു. പരീക്ഷണങ്ങള്‍ക്ക് പുറമെ ഈ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനം നേതൃത്വം നല്‍കുന്നുണ്ട്.
കാലിബ്രേഷന്‍ ടെസ്റ്റിങ് സ്ഥാപനങ്ങള്‍ക്ക് ദേശീയ തലത്തില്‍ നല്കുന്ന എന്‍എബിഎല്‍ അക്രഡിറ്റേഷന് സ്റ്റികിന് ലഭിച്ചിട്ടുണ്ട്.
എന്‍എഡി, കൊച്ചി ഷിപ്യാര്ഡ്, കെല്‍ട്രോണ്‍, സ്പെഷ്യല്‍ എകണോമിക് സോണ്‍, ഐഎസ്ആര്‍ഒ തുടങ്ങിയസ്ഥാപനങ്ങളാണ് സ്റ്റികിന്റെ പ്രധാനപ്പെട്ട ഉപഭോക്താക്കള്‍.
കാലിബ്രേഷന്‍ ആണ് സ്റ്റികിന്റെ പ്രധാന ധര്‍മ്മം. അളവ് തൂക്ക സംവിധാനങ്ങളുടെ തുല്യതയും മാനകവും അളക്കാനും കൃത്യത ഉറപ്പു വരുത്താനും ഉള്ള സംവിധാനമാണ് കാലിബ്രേഷന്‍. സ്റ്റികിലെ ഇലക്ട്രോടെക്നിക്കല്‍, തെര്‍മല്‍, മെക്കാനിക്കല്‍ കാലിബ്രേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കാലിബ്രേഷന്‍ അളക്കാം.് അനലോഗ് ആന്റ് ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍, എല്‍സിആര്‍ മീറ്റര്‍, പവര്‍ ഹാര്‍മോണിക് അനലൈസര്‍, ഓസ്സിലോസ്കോപ്പുകള് എന്നിങ്ങനെ നിരവധി ഉപകരണങ്ങള്‍ ഇവിടെയുണ്ട്.
തെര്‍മല്‍ കാലിബ്രേഷന്‍ അളക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് പ്ലാറ്റിനം റെസിസ്റ്റന്‍സ് തെര്‍മോ മീറ്റര്‍, തെര്‍മോ കപ്പള്‍സ്, റിലേറ്റീവ് ഹ്യുമിഡിറ്റി ഇന്‍ഡിക്കേറ്ററുകള്‍ എന്നീ സംവിധാനങ്ങളും ഉണ്ട്.
കാലിബ്രേഷന്‍ സംവിധാനം ഉപഭോക്താക്കള്‍ക്ക് അടുത്തേക്ക് എത്തിക്കാന്‍ സഞ്ചരിക്കുന്ന കാലിബ്രേഷന്‍ യൂണിറ്റും ഉണ്ട്. ഇതിന് ഓണ്‍സൈറ്റ് കാലിബ്രേഷന്‍ എന്നാണ് പേര്.
സ്റ്റികിനുള്ളിലെ മികവിന്റെ കേന്ദ്രമാണ് സെയ്ഫ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രത്യേക പരിണനയിലാണ് സോഫിസ്ടികേറ്റഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റ് ഫെസിലിറ്റി എന്ന സെയ്ഫ് സ്ഥാപിച്ചത്. ഇന്ത്യയിലെ തന്നെ ഇത്തരത്തിലെ 12ാമത്തെ കേന്ദ്രമാണ് സെയ്ഫ്.
സി.എച്ച്.എന്‍ അനലൈസര്‍, ഫോറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍, ഗ്യാസ് ക്രോമാറ്റോഗ്രാഫ് മാസ് സ്പെക്ട്രോ മീറ്റര്‍. ഇന്ഡക്ടീവിലി കപ്പ്ള്‍ഡ് പ്ലാസ്മ അറ്റോമിക് എമിഷന്‍ സ്പെക്ട്രോമീറ്റര്‍ തുടങ്ങിയ അത്യാധുനീക ഉപകരണങ്ങള്‍ ആണ് ഇവിടെയുള്ളത്.
ഈ സേവനങ്ങള്‍ക്ക് പുറമെ ചെറുകിട മീഡിയം വ്യവസായങ്ങള്‍ക്ക് പരീക്ഷണ, ഗവേഷണ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇന്‍ക്യുബേഷന്‍ സെന്റര്‍, പരീശീലന ക്ലാസ്സുകള്‍, ഉപഭോകതൃ സേവനം എന്നിവയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: