മോഹന്‍ജി അന്തരിച്ചു, 2015 ജൂണ്‍ നാലിന്റെ രാവിലെ വാര്‍ത്ത വായിച്ചപ്പോള്‍, ആകെയൊരു മരവിപ്പ്.ഓര്‍മ്മകള്‍ ഒരു മുപ്പത് വര്ഷംപിന്നിലേക്ക്.
1984…രണ്ട് കൊല്ലം ശാഖയില്‍ പോയി ,ITC കഴിഞ്ഞ ഒന്‍പതാം ക്ലാസ്സുകാരന് പ്രാന്ത കാര്യാലയത്തില്‍ നിന്ന് പഠിക്കാന്‍ മോഹം. വീട്ടില്‍ ഒരു തരത്തിലും സമ്മതിക്കുന്നില്ല. ആര്.ഹരിയേട്ടന് ധൈര്യം കൊടുത്തപ്പോള്‍, ഒടുവില്‍ അവന്റെ വാശി തന്നെ ജയിച്ചു. അങ്ങനെ എളമക്കര ഗവണ്മെന്റ് സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍. കാര്യാലയത്തിന്റെ വിശാലമായ പൂമുഖം കടന്ന്! ചെല്ലുന്ന, കൂറ്റന്‍ സ്വീകരണ മുറിയില്‍ പ്രൗഡഗംഭീരമായ നിശബ്ദതയുടെ പശ്ചാത്തലത്തിലെ ഡോക്ടര്‍ജിയുടെ അര്‍ദ്ധകായ പ്രതിമ. ഭിത്തിയില്‍ മഹാരഥന്മാരുടെ ചിത്രങ്ങള്‍.
ആ ഗാംഭീര്യവും ഗൗരവവും ഒരു മനുഷ്യ രൂപത്തിലേക്ക് ചുരുങ്ങിയ ആ മനുഷ്യനെ ആദ്യം കണ്ടപ്പോള്‍ തന്നെ ഉള്ളു കിടുങ്ങിപ്പോയി. സൗമ്യരും ,സദാ പ്രസന്നരുമായ പ്രചാരകന്മാരെ മാത്രം കണ്ടു പരിചയമുള്ള ആ പതിനാലുകാരന്, ഈ മൗനത്തിന്റെ മാമലയെ ഭയം തോന്നിയങ്കില്‍ അത് സ്വാഭാവികം മാത്രമായിരുന്നു. വാശി പിടിച്ച് വന്നും പോയി, ഇനി രക്ഷയില്ല എന്ന നിസ്സഹായാവസ്ഥയും.
വൈകുന്നേരം ശാഖ സമയം. മുഖ്യശിക്ഷകന്‍ പഠനം കഴിഞ്ഞു പോയി. കാര്യാലയത്തിലെ മുതിര്‍ന്ന സ്വയംസേവകരും, പ്രചാരകരുമൊക്കെ ധ്വജമുയര്‍ത്തി പ്രാര്‍ത്ഥന ചൊല്ലി പിരിയുന്നതായിരുന്നു കുറേക്കാലമായി അവിടുത്തെ രീതി. ‘താന്‍ ITC കഴിഞ്ഞില്ലേ ,ഇന്ന് മുതല്‍ താന്‍ ശാഖയെടുത്താല് മതി’. മൗനത്തിന്റെ വടവൃക്ഷം ആദ്യമായി ആ പയ്യനോട് സംസാരിച്ചത് അതായിരുന്നു. അങ്ങിനെ ഹരിയേട്ടനും ,വേണുവേട്ടനും ,മാധവ്ജിയും ,പരമേശ്വര്ജിയുമെല്ലാം ആ കൊച്ചു സ്കൂള്‍ വിദ്യാര്‍ഥിയുടെ ആജ്ഞകള്‍ അനുസരിക്കാന്‍ തുടങ്ങി. എത്ര വലിയ അധികാരിയാണങ്കിലും ശാഖയില്‍ എല്ലാവരും സ്വയംസേവകര്‍ മാത്രം. അവിടുത്തെ സര്‍വ്വാധികാരി മുഖ്യശിക്ഷകന്‍ തന്നെ. പതിന്നാലു വയസ്സില്‍ ലോകം കീഴടക്കിയ പത്രാസ്.
വിദ്യാര്‍ഥികളില്‍ മുന്‍ഗാമികളായ മൂവര്‍സംഘം ഇപ്പോഴത്തെ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് നന്ദേട്ടന്, ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റിന്റെ അറ്റോര്‍ണി പദവിയിലുള്ള അഡ്വ.നഗരേഷ്, ഓര്‍ഗനൈസറിലെ ബാലശങ്കരിന്റെ അനുജന് സതീഷ് ഇവരെ നിലക്ക് നിര്‍ത്തിയ മോഹന്‍ജിയുടെ കഥകള്‍ കേട്ടപ്പോള്‍ ഒതുങ്ങുന്നതാണ് നല്ലത് എന്ന് മനസ്സിലായി.
വിദ്യാര്‍ഥികളോട് ഒരു വിട്ടുവീഴ്ചയുമില്ല. വൈകുന്നേരങ്ങളില്‍ സൊറ പറയുന്ന കൂട്ടത്തിലിരുന്നാല് പറയുന്നവര്‍ക്കും കൂട്ടത്തിലുള്ളവര്‍ക്കും കിട്ടും, വയറു നിറയെ. അത് എത്ര വലിയ കൊമ്പനായാലും…
ഒരിക്കല്‍ ഒരു അഖില ഭാരതീയ ബൈഠക്കിനു എത്തിയ സുമുഖനായ ഒരു ക്ലീന്‍ ഷേവ് കാരനെ ശ്രദ്ധിച്ചു. അധികം ആരോടും സംസാരിക്കാത്ത അന്തര്‍മുഖനായ അയാളും രണ്ട് മൂന്നു ദിവസം ശാഖയിലുണ്ടായിരുന്നു. കൂടുതലും സംസാരിച്ചത് മോഹന്ജിയോടു. കാണുമ്പോള്‍ ആദ്യം മനസ്സിലുയര്‍ന്ന ചോദ്യം ‘ഇയ്യാളെന്താ മോഹന്‍ജിക്ക് പഠിക്കുകയാണോ’ എന്നാണു. നന്ദേട്ടന് ആണ് പറഞ്ഞത്, അദ്ദേഹം ഗുജറാത്തിലെ പ്രചാരകനാണ് എന്ന്!
ഈ മനുഷ്യന്റെ ചില വിചിത്രസ്വഭാവങ്ങളാണ് ഞങ്ങള്‍ കുട്ടികള്‍ ശ്രദ്ധിച്ചത്. പുട്ടിയിട്ട് പെയിന്റടിച്ചത് പോലെ മിനുസമായ മുഖം. ദിവസം മൂന്ന് പ്രാവശ്യമാണ് ഷേവ് ചെയ്യുന്നത്. ശാഖ കഴിഞ്ഞാല്‍ ,ഗണവേഷം കഴുകി കഞ്ഞി മുക്കിയിട്ടും. പിറ്റേന്ന് അത് തേച്ച് ഇസ്തിരിയിട്ട് ഇരുമ്പിന് കൂടു പോലാക്കും. ഇത് പോലെ എപ്പോഴും ഫ്രഷ് ആയിരിക്കുന്ന ആള്‍ക്കാരെ അധികം ഉണ്ടാവില്ല. പലരേം കണ്ടിട്ടുണ്ട്. ഇതെന്തൊരു ജന്മമാണപ്പാ.
പിന്നീട് മുരളീമനോഹാര്‍ ജോഷിയുടെ ഏകാതായാത്രയില് അദ്ദേഹത്തോട് നിഴല്‍ പറ്റി നീങ്ങിയ ഒരു കറുത്ത കൂളിംഗ് ഗ്ലാസ്സ് വെച്ച താടിക്കാരന് അയാള്‍ തന്നയാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ ഒരു ചെറിയ അത്ഭുതം. ആ മനുഷ്യന് ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഒരു സ്വകാര്യ അഹങ്കാരം. ഇയ്യാളും ഒരിക്കല്‍ ഒരു പതിനാല് കാരന്റെ ആജ്ഞ അനുസരിച്ചിട്ടുണ്ട്.
സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ വര്‍ഷമായിരിക്കും 1984, ബ്ലൂസ്ടാര്‍ ഓപ്പറേഷന്,ഇന്ദിരാഗാന്ധിയുടെ കൊലപാതകം, ഭോപ്പാല്‍ ദുരന്തം എന്നിങ്ങനെ ലോകത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങള്‍ കാര്യാലയത്തിലെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയങ്ങളായി. ഹരിയേട്ടന്റെയും,പരമേശ്വര്‍ജിയുടെയും ,മാധവ്ജിയുടെയുമൊക്കെ ധിഷണയും പാണ്ടിത്യവുമെല്ലാം മൂര്‍ച്ച കൂട്ടിയ ചര്‍ച്ചകളില്‍ കേള്വിക്കാരാകാനുള്ള ഭാഗ്യം ജീവിതത്തിലെ ഏറ്റവും വലിയ നിധിയാണ്. അതില്‍ നിന്ന് ഒരിക്കലും മോഹന്‍ജി വിലക്കിയിട്ടില്ല. ആ അറിവുകളാണ് പിന്നീടുള്ള വീഥികളിലും കാഴ്ച്ചപ്പാടുകളിലും വഴിവിളക്കുകളായത്.
മാധവ നിവാസ് എന്ന വലിയ കെട്ടിടവും അതിലെ സംഘദൗത്യങ്ങളുമായി ഒരു പുരുഷായുസ്സ് മുഴുവന്‍ ഒരു നെയ്വിളക്കായി എരിച്ച് തീര്‍ത്ത ഈ കര്‍മ്മ യോഗിയെ അധികം വെള്ളി വെളിച്ചത്തിലേക്ക് ആരും കണ്ടിട്ടില്ല. അതുപോലെ തന്നെ ഏത് മാനസികാവസ്ഥയിലും ഈ ഫോട്ടോയില്‍ കാണുന്ന പോലെ നിഷ്കാമനായ മനുഷ്യരെ കാണാന്‍ നമുക്കും ബുദ്ധിമുട്ടാണ്. പ്രതാപികളായ പല മുതിര്‍ന്ന പ്രചാരകരും ചിലപ്പോള്‍ വെറും മനുഷ്യരെപ്പോലെ വികാരധീനരാകുന്നതും കരയുന്നതും ഒക്കെ കണ്ടിട്ടുണ്ട്. പക്ഷെ എത്ര വലിയ കൊടുങ്കാറ്റിലും പതറാത്ത ഇതുപോലെ ഹിമാലയ തുല്യനായ വേറൊരു മനുഷ്യന് ഇല്ല, അറിയില്ല .
കഴിഞ്ഞ മാര്‍ച്ച് അവസാനമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യാലയത്തില്‍ പോയത്. സംഘത്തിന്റെ വഴിത്താരയിലെ ദീപസ്തംഭാങ്ങളെല്ലാം അവിടെ ഒരു മേല്‍ക്കൂരക്ക് കീഴില്‍. പരമേശ്വര്‍ജി ,വേണുവെട്ടന്, ഹരിയേട്ടന്, എം.എ.സാര്‍. ആയ കാലത്ത് ശരീരവും ബുദ്ധിയും ഭീകരമായി പ്രവര്‍ത്തിപ്പിച്ച്, ഇപ്പോഴും കീഴടങ്ങാന്‍ തയ്യാറാകാത്ത മനസ്സുമായി കഴിയുന്ന മഹാരഥര്ക്കിടയില് പ്രായത്തിന്റെ അവശതകളെ തെല്ലും ഗൗനിക്കാതെ മോഹന്‍ജി. മുമ്പില്‍ നിന്നപ്പോള്‍ പ്രായം മുപ്പത് വയസ്സ് കുറഞ്ഞ പോലെ. എന്നെ മനസ്സിലായിരിക്കുന്നു അദ്ദേഹത്തിനു ഒരേയൊരു ചോദ്യം മാത്രം ‘ ഭക്ഷണം കഴിച്ചില്ലല്ലോ, കഴിച്ചിട്ടുവരൂ. ഊണ് കഴിഞ്ഞിട്ടില്ല. ഞാനിവിടെയുണ്ടാകും’.
ഒരുപാട് ഓടിനടന്ന കാര്യാലയത്തിലെ വിശാലമായ ഊണ് മുറിയില്‍, വേണുവേട്ടനോടൊപ്പം ഭക്ഷണം കഴിച്ച് വന്നപ്പോള്‍ മോഹന്‍ജി നല്ല ഉറക്കം. വിളിക്കാന്‍ ധൈര്യമുണ്ടായില്ല . കുറച്ചുനേരം ആ കാല്ക്കീഴില് നിന്നു. ഇക്കാര്യം പിന്നീടൊരു ദിവസം നന്ദേട്ടന് ഓണ്‍ലൈനില്‍ വന്നപ്പോള്‍ പറഞ്ഞു. അദ്ദേഹത്തിനും ഇത് തന്നയാണ് പറയാനുണ്ടായിരുന്നത്. മോഹന്‍ജിയുടെ മുന്പില് ചെന്നാല്‍ എല്ലാ ധൈര്യവും ചോര്‍ന്നു പോകും …’man of principles’…നന്ദേട്ടന് ഉപയോഗിച്ച വാക്കുകള്‍ ശരിക്കും …
അങ്ങിനെ ഒരു കാലഘട്ടം കൂടി കഥാവശേഷനായി ……പകരം വെക്കാനില്ലാത്ത ഒരുപാട് ഓര്‍മ്മകള്‍ തന്നു കൊണ്ട് ….
ഒരുരുള തിലോദകം…രണ്ട് തുള്ളി കണ്ണീരും ,ദീപ്തസ്മരണകളും കൊണ്ട് ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: