ഐശ്വര്യ സമൃദ്ധമായിരുന്ന രാവണന്റെ ലങ്കയില്‍ ഇപ്പോള്‍ വിധവകളായ സ്ത്രീകളുടെ രോദനം മാത്രം കേള്‍ക്കുന്നു. ഭര്‍ത്താവു നഷ്ടപ്പെട്ട ഭാര്യമാര്‍, പുത്രനെ നഷ്ടപ്പെട്ട മാതാക്കള്‍, സഹോദരന് വധിക്കപ്പെട്ടവര്‍ ഇങ്ങനെയുള്ള സ്ത്രീകളുടെ ദീനരോദനങ്ങള്‍ ആരുടെയും കരളലിയിപ്പിക്കും. അവര്‍ ഉറക്കെ പറഞ്ഞു ”വൃദ്ധയും വിരൂപയുമായ ശൂര്‍പ്പണഖ രാമനെ കാമിച്ചതിന്റെ ഫലം ഇപ്പോള്‍ നമ്മള് അനുഭവിക്കാറായി.
ശൂര്‍പ്പണഖയെ എന്തിനു പറയുന്നു. രാവണന് പേപ്പെരുമാളല്ലേ? ജാനകിയെ മോഹിച്ച് ഇതാ നമ്മുടെ പതിന്നാലായിരത്തെ മുടിച്ചതല്ലേ? ശക്തനായ ബാലിയെ ഒരമ്പെയ്ത് വധിച്ചില്ലേ? അസാധ്യമായ സമുദ്രത്തില്‍ ചിറകെട്ടി കടന്നില്ലേ? ഇതൊക്കെ കണ്ടിട്ടും രാമന് നിസ്സാരനാണെന്ന് കരുതിയതുകൊണ്ടാണ് ഈ ആപത്തൊക്കെ വന്നത്. ശ്രീരാമപത്നിയെ മടക്കി നല്‍കണമെന്ന് ആദ്യമേ പറഞ്ഞതിന് വിഭീഷണനെ നാട്ടില്‍നിന്ന് ആട്ടിയോടിച്ചില്ലേ? വിവേകിയും സത്യവ്രതനുമായ വിഭീഷണന് മേലില്‍ ലങ്കാനിവാസികള്‍ രാവണന്റെ കുറ്റങ്ങള്‍ എണ്ണിയെണ്ണി പറയുന്നു.
”നല്ല മക്കളേയും തമ്പിമാരെയും മന്ത്രിമാരെയുമൊക്കെ കൊല്ലിച്ചിട്ട് ലോകഭോഗങ്ങള്‍ അനുഭവിക്കാന്‍ എന്തെല്ലാമാണ് ഇവന് കാട്ടികൂട്ടിയത്. ദേവസ്വവും ബ്രഹ്മസ്വവുമായ സ്വത്തൊക്കെ പിടിച്ചുപറിച്ചു. നാട്ടിലിരുന്ന് പ്രജകളെ പീഡിപ്പിച്ച് കാട്ടിലാക്കി. അന്യായമാര്‍ഗത്തിലൂടെ പണം വാരിക്കൂട്ടി. സുഹൃത്തുക്കളെയൊക്കെ വെറുപ്പിച്ചു.
ധര്‍മ്മിഷ്ഠന്മാരുടെ മുതല്‍ കൈയടക്കി. ഗുരുത്വദോഷിയായ ഇന്ന് ആരോടും ഒരു കൃപയുമില്ല. അനേകം സ്ത്രീകളെ മാനംഭംഗപ്പെടുത്തിയ ഇവന് ഒരു സ്ത്രീകാരണം ആപത്തുവന്നിരിക്കുന്നു. ഇവന് കാരണം നമ്മളും ഇപ്പോള്‍ ദുഃഖിക്കാറായിരിക്കുന്നു.” ഇതൊക്കെ കേട്ട് ദുഃഖാര്‍ത്തനായ രാവണന് യുദ്ധത്തിനു പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: