130 വയസ് പിന്നീട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ അവസാന ദശയിലേക്ക് കടക്കുകയാണോയെന്ന് സംശയിക്കുന്നവിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. കഴിഞ്ഞ 17 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്ന സോണിയാഗാന്ധി സ്ഥാനമൊഴിഞ്ഞ് മകനും ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഒരുകൂട്ടം നേതാക്കള്‍ ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ സോണിയെ അനുകൂലിക്കുന്നവരും അവരുടെ ഉപജാപകവൃന്ദവും ഇതിനെ എതിര്‍ക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യം വെയ്ക്കുന്ന കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രവാക്യം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മെയില്‍ നടന്ന ആസാം , കേരളം നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ തെളിയിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടുവെന്നുമാത്രമല്ല, ദയനീയ പരാജയമാണ് ഉണ്ടായത്.
15 വര്‍ഷമായി അധികാരത്തിലിരുന്ന ആസാം നഷ്ടപ്പെടുകയും ബി ജെ പി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തുവെന്നത് ശ്രദ്ധേയമാണ്. കേരളത്തിലാകട്ടെ കഴിഞ്ഞതവണ ഉണ്ടായിരുന്നതിന്റെ പകുതി സീറ്റെ ഇത്തവണ ലഭിച്ചുള്ളൂ. തമിഴ്നാട്ടില്‍ ഡി എം കെ യുമായി കൂട്ടുചേര്ന്നുവെങ്കിലും അതിന് ഫലവുമുണ്ടായില്ല.
ഇനി കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പ്രധാന രണ്ട് സംസ്ഥാനങ്ങളാണ് കര്‍ണ്ണാടകവും, ഹിമാചല്പ്രദേശവും. ഉത്തരാഖണ്ഡ്കോടതിയുടെ കാരുണ്യത്തിലാണ് ഭരണം തുടരുന്നത്. അടുത്തവര്‍ഷം കര്‍ണാടകത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും സ്ഥിതി ദയനീയമാണെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇതിനിടെ ഛത്തീസ്ഗഡില്‍ അവിടുത്തെ പ്രമുഖ നേതാവ് അജിത്ജോഗി കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ തളര്‍ത്തിയിരിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് അജിത് ജോഗിയുടെ മകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ജനസ്വാധീനമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകുകയോ അവരെ പുറത്താക്കുകയോ ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്ന് രാജ്യമെമ്പാടും കാണുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്നുപറയുന്നുണ്ടെങ്കിലും അവസാന വാക്ക് ഡല്‍ഹി നമ്പര്‍ 10 ജനപഥും സോണിയാഗാന്ധിയും രാഹുലുമാണ് എന്ന് ഏവര്‍ക്കും അറിയാം. അവര്‍ പറയുന്നതിനമപ്പുറമൊന്നും കോണ്‍ഗ്രസില്‍ നടക്കില്ല. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി കോണ്‍ഗ്രസിലെ സ്ഥിതി ഇതാണ്. തിരുവായ്ക്ക് എതിര്‍വായില്ല എന്നതാണ് അവസ്ഥ. രാഹുല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുവരുന്നതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നത് ആരും പ്രതീക്ഷിക്കുന്നില്ല.
മറിച്ച് സ്ഥിതി അതീവ ശോചനീയാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് ഓരോ സംഭവവികാസങ്ങളും തെളിയിക്കുന്നത്. അടുത്തവര്‍ഷം ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് അടുത്ത സുഹൃത്തുക്കളുടെ ഉപദേശം.
എന്നാല്‍ കോണ്‍ഗ്രസിനെ പാര്‍ലമെന്റില്‍ ശരിയായ വിധത്തില്‍ നയിക്കുന്നതിനോ, പാര്‍ട്ടിയുടെ കാഴ്ചപ്പാട് വിശദീകരിക്കുന്നതിനോ അദ്ദേഹത്തിന് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും തുറന്ന് സമ്മതിക്കുന്നു. മാത്രമല്ല പലപ്പോഴും പാര്‍ലമെന്റില്‍ നിന്നും ഒളിച്ചോടുന്നവസ്ഥയാണ്. നേതാക്കളുടെ ജീവിതം സുതാര്യമായിരിക്കണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ രാഹുലിന്റേത് വ്യത്യസ്തമാണ്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും സ്ഥിതി ഇതുതന്നെയായിരുന്നു. ഇങ്ങനെയുള്ള ഒരു നേതാവിന് രാജ്യത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നാണ് അണികളുടെ ചോദ്യം.
മച്ചിപശുവിനെ തൊഴുത്ത് മാറ്റിക്കെട്ടിയതുകൊണ്ട് എന്തുപ്രയോജനമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് കോണ്‍ഗ്രസിന്റെ മുന്നോട്ടുപ്രയാണം. സോണിയയെ മാറ്റി രാഹുല്‍ ആ സ്ഥാനത്തുവരുന്നത് കൊണ്ട് പ്രത്യേക പ്രയോജനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കോണ്‍ഗ്രസ് പിന്നോട്ട് പോകുകയാണ്. സീറ്റുകളുടെ എണ്ണവും കുറയുന്നു, ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണവും കുറയുന്നു. ഇതിന് മാറ്റം വരുത്താന്‍ രാഹുലിന്റെ നേതൃത്വത്തിനോ, പ്രതിച്ഛായക്കോ കഴിയുമെന്ന് നേതാക്കളോ, അണികളോ വിശ്വസിക്കുന്നില്ല.
ബി ജെ പി യാകട്ടെ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ശക്തമായി വരികയുമാണ്. കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ സാന്നിധ്യം നിയമസഭയില്‍ തെളിയിച്ചുകഴിഞ്ഞു. ഇപ്പോള്‍ കന്യാകുമാരി മുതല്‍ കാശ്മീരുവരെയുള്ള മിക്ക പ്രമുഖ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് പ്രാതിനിധ്യമായിക്കഴിഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ ഗ്രാഫാകട്ടെ അടിക്കടിപിന്നോട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: