ഇന്ത്യാ വിഭജനത്തിൽ എടുത്ത നിലപാടുകളിലും അതിനോട് അനുബന്ധിച്ച് നടന്ന വർഗ്ഗീയ ലഹളകൾ കൈകാര്യം ചെയ്ത രീതിയിലും ഏറെ തെറ്റുധരിക്കപ്പെട്ടതാണ് ഗാന്ധിജിയുടെ ഹിന്ദു ധർമ്മത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ. അതുപോലെ ഹരിജൻ എന്നപദം ഉപയോഗിച്ചതിലൂടെ ദളിതരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളും അടുത്തകാലത്തായി ഏറെ വിമർശനനങ്ങൾക്ക് പാത്രമായതായിത്തീർന്നിട്ടുണ്ട്. യഥാർത്ഥത്തിൽ ഇവയെക്കുറിച്ചെല്ലാം അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്തായിരുന്നു എന്നുള്ള ഒരു ലഘു പഠനമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്.
ഗാന്ധിജിയും മത വിശ്വാസവും
ഗാന്ധി ചെറുപ്പം മുതൽക്കേ ഒരു മത വിശ്വാസിയായിരുന്നു. ജൈനമത സിദ്ധാന്തങ്ങൾക്ക് പ്രാബല്യമുണ്ടായിരുന്ന ഒരു സാഹചര്യത്തിലാണ് അദ്ദേഹം വളർന്നത്. പതിമൂന്നാമത്തെ വയസ്സിലണ് രാമായണം അദ്ദത്തെ ആകർഷിക്കുന്നത്. ലണ്ടനിൽ വിദ്യാർഥിയായിരുന്ന കാലത്ത് ഭഗവദ് ഗീതയും. ഗീത തന്റെ ശബ്ദകോശമാണെന്ന് പിൽക്കാലത്ത് അദ്ദേഹം അവകാശപ്പെടുകയുണ്ടായി. ജൈന സിദ്ധാന്തങ്ങളെന്നപോലെ രാമായണം, മഹാഭാരതം, ഭഗവദ് ഗീത തുടങ്ങിയ ഗ്രന്ഥങ്ങളും അഹിംസയുടെ പ്രാധാന്യത്തെയാണ് ഉദ്ഘോഷിക്കുന്നത് എന്നദ്ദേഹം വിശ്വസിച്ചു. തോറോ, ടോൾസ്റ്റോയ് തുടങ്ങിയ പാശ്ചാത്യ ചിന്തകരുടെ പുസ്തകങ്ങൾ വായിച്ചപ്പോൾ ഈ വിശ്വാസം കൂടുതൽ ഉറയ്ക്കുകയാണ് ചെയ്തത്. അഹിംസയിൽ ഊന്നി നിന്നുകൊണ്ട് ചുറ്റുപാടുമുള്ള അനീതികളെ എതിർക്കുകയാണ് മത വിശ്വാസികളുടെ കടമ എന്ന് അദ്ദേഹം കരുതാൻ തുടങ്ങി. ബൈബിളും അദ്ദേഹത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങി. പക്ഷെ അദ്ദേഹത്തിന്റെ മൗലികമായ വീക്ഷണഗതി ഹിന്ദുമതത്തിന്റെതായിരുന്നു. താനൊരു സനാതന ഹിന്ദുവാണ് എന്നുപോലും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. തന്റെഅവകാശ പ്രമാണങ്ങളെ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു.
ഞാൻ ഒരു സനാതന ഹിന്ദുവാണെന്നു പറയുന്നതിനുള്ള കാരണമെന്തെന്നാൽ :
1. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഹൈന്ദവങ്ങളെന്നു കരുതപ്പെടുന്ന മറ്റെല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും തന്മൂലം അവതാരങ്ങളിലും പുനർ ജന്മത്തിലും ഞാൻ വിശ്വസിക്കുന്നു.
2.ഇന്ന് ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള പരുക്കൻ അർത്ഥത്തിൽ അല്ലെങ്കിലും എന്റെ അഭിപ്രായത്തിൽ തികച്ചും വൈദീകമായ വർണ്ണാശ്രമ ധർമ്മത്തിൽ ഞാൻ വിശ്വസിക്കുന്നു.
3. ഇന്ന് പ്രചാരത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ വിശാലമായ അർത്ഥത്തിലുള്ള ഗോസംരക്ഷണത്തിൽ ഞാൻ വിശ്വസിക്കുന്നു.
4. വിഗ്രഹാരാധനയിൽ എനിക്ക് അവിശ്വാസമില്ല (M K Gandhi : Young India , Octobar 8 , 1921 )
ഗാന്ധിജിയും ജാതി വ്യവസ്ഥയും
“അധ:കൃത ജാതിക്കാർ ജാതി വ്യവസ്ഥയുടെ ഒരു ഉപോത്പന്നമാണ്. ജാതി വ്യവസ്ഥ നിലനില്ക്കുന്നിടത്തോളം കാലം അധ:കൃത ജാതിക്കാരും നില നില്ക്കും. എന്നും അധ:കൃതരുടെ മോചനത്തിന് ജാതി വ്യവസ്ഥയെ നശിപ്പിക്കുക എന്നല്ലാതെ മറ്റു മാർഗ്ഗവുമില്ല ” എന്നും 1933 ൽ ഡോക്ടർ അംബേദ്ക്കർ പ്രസ്താവിക്കുകയുണ്ടായി. ഈ പ്രസ്താവനയെ വിമർശിച്ചു കൊണ്ട് ഗാന്ധിജി എഴുതി. :
“ശരീരത്തിൽ ഒരു വൃത്തികെട്ട മുഴയുണ്ടായത് കൊണ്ട് ശരീരം തന്നെ നശിപ്പിക്കണം എന്ന് പറയുന്നത് പോലെ, അല്ലെങ്കിൽ കളകൾ ഉള്ളതുകൊണ്ട് വിളയാകെ നശിപ്പിക്കണം എന്ന് പറയുന്നതുപോലെ തെറ്റാണ് അധ:കൃതർ ഉള്ളത് കൊണ്ട് ജാതി വ്യവസ്ഥയെ നശിപ്പിക്കണം എന്ന് പറയുന്നതും. എന്നാൽ നമ്മൾ മനസ്സിലാക്കുന്ന അർത്ഥത്തിൽ ഉള്ള അധ:കൃതത്വം പൂർണ്ണമായി നശിപ്പിക്കേണ്ടത് ആവശ്യമാണ്. അത് നീക്കം ചെയ്യപ്പെടേണ്ട ഒരു അധികപ്പറ്റാണ്. അയിത്തം ജാതി വ്യവസ്ഥയുടെ ഫലമല്ല, ഹിന്ദുമതത്തിൽ അടിഞ്ഞുകൂടി അതിനെ ദ്രവിപ്പിച്ചു നശിപ്പിച്ചു കൊണ്ടിരിക്കുന്ന മേലാളർ-കീഴാളർ വ്യത്യാസത്തിന്റെ ഫലമാണ്. അയിത്തത്തിനെതിരായ സമരം അങ്ങനെ ഈ മേലാളർ – കീഴാളർ വ്യത്യാസത്തിനെതിരായ സമരമാണ്.”
ജാതി വ്യവസ്ഥയെ നില നിർത്തി കൊണ്ടുതന്നെ ഉയര്ന്നവനെന്നും താഴ്ന്നവനെന്നും ഉള്ള വ്യത്യാസം നശിപ്പിക്കണം എന്നാണു ഗാന്ധിജി ആഗ്രഹിച്ചത്. ഈ വ്യത്യാസം നശിപ്പിക്കാൻ വേണ്ടി തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അയിത്തമെന്ന മാലിന്യം തുടച്ചു നീക്കിക്കൊണ്ട് ഹിന്ദുമതത്തെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാൽ വ്യത്യസ്ത മതക്കാർ തമ്മിലുള്ള മിശ്ര വിവാഹത്തെയോ മിശ്ര ഭോജനത്തെയോ അദ്ദേഹം അനുകൂലിച്ചില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ദേശീയ പുരോഗതിക്ക് മിശ്രഭോജനവും മിശ്ര വിവാഹവും ആവശ്യമാണെന്ന ആശയം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കടം വാങ്ങിയ ഒരു അന്ധ വിശ്വാസമാണ്.
അദ്ദേഹം ഇങ്ങനെയെഴുതി : തൊട്ടുകൂടായ്മ അവസാനിക്കുന്ന അതേ നിമിഷത്തിൽ ജാതി വ്യവസ്ഥ ശുദ്ധീകരിക്കപ്പെടും. അതായത് ഞാൻ വിഭാവനം ചെയ്യുന്നപോലെ അത് യഥാർത്ഥ വർണ്ണാശ്രമമായി, ഉയർന്നതോ താഴ്ന്നതോ അല്ലാത്തതും ഓരോന്നും മറ്റുള്ളവയെ പോലെതന്നെ ഹിന്ദുമതത്തിന്റെ സമ്പൂർണ്ണ ശരീരത്തിന് ആവശ്യമായതും ആയ നാല് വിഭാഗങ്ങളായി സ്വയം രൂപാന്തരപ്പെടും . ( M K Gandhi , Varnnaashrama Dharma , Page 40 )
വസ്തുനിഷ്ഠമായി നോക്കിയാൽ അദ്ദേഹം തുടങ്ങിവെച്ച അയിത്തോച്ചാടന സമരങ്ങളും ഹരിജന പ്രസ്ഥാനങ്ങളും ജാതി വ്യവസ്ഥയെ ശക്തിപ്പെടുത്താനല്ല, നാടുവാഴിത്തരത്തിന്റെ അടിത്തറ ഇളക്കാനാണ് സഹായിച്ചത്. അദ്ദേഹത്തിന്റെ സന്ദേശം രാജ്യത്തിന്റെ മുക്കിലും മൂലയിലും അതിവേഗം പടർന്നു പിടിക്കുകയും ജനലക്ഷങ്ങള്ക്ക് ഒരു പുതിയ ആവേശവും ദിശാബോധവും നല്കുകയും ചെയ്തു.
ഹിന്ദുമത വിശ്വാസിയായിരുന്നെങ്കിലും മറ്റു മതക്കാരുടെ വിശ്വാസ പ്രമാണങ്ങളെ അദ്ദേഹം എതിർക്കുകയുണ്ടായില്ല. എന്നല്ല, തന്റെ പ്രാർഥനാ യോഗങ്ങളിലും പ്രസംഗങ്ങളിലും അദ്ദേഹം അന്യ മത ഗ്രന്ഥങ്ങളായ ബൈബിളിനെയും ഖുർ ആനെയും അംഗീകരിക്കുകയും ചെയ്തു.
ഗാന്ധിജിയും ഭൗതീക – നിരീശ്വര വാദവും
ദാർശനിക രംഗത്തിൽ മഹാത്മാവ് ഒരു ആത്മീയവാദിയായിരുന്നു. ഭൗതിക വാദ – നിരീശ്വര ചിന്താഗതികളെ അദ്ദേഹം കഠിനമായി എതിർത്തു. നിരീശ്വരവാദിയുടെ ജീവിതത്തിന് ധാർമ്മികമായ അടിത്തറയോ ഉള്ളടക്കമോ ഉണ്ടാവുകയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: