ഇടുക്കി: ജില്ലയില്‍ അഞ്ച് സ്ഥലങ്ങളില്‍ നിയമംലംഘിച്ച് ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ജില്ലാ ഭരണകൂടവും വനംവകുപ്പും പോലീസും അനങ്ങാപ്പറനയം സ്വീകരിക്കുന്നു. മൂന്നാര്‍-മാട്ടുപ്പെട്ടി റൂട്ടില്‍ കൊരണ്ടക്കാട് എന്ന സ്ഥലത്താണ് പത്തോളം ആനകളുമായി ആനസവാരി ഊര്‍ജ്ജിതമായി നടക്കുന്നത്. ഈ സ്ഥലം കര്‍മലഗിരി സ്കൂളിന്റെ വകയാണ്. വസ്തു സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്‍കിയാണ് ആനസവാരി കേന്ദ്രം നടത്തുന്നത്.
അടിമാലി,തേക്കടി എന്നീ സ്ഥലങ്ങളിലാണ് മറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.അടിമാലിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തില്‍ കഴിഞ്ഞവര്‍ഷം ആനയുടെ ചവിട്ടേറ്റ് അന്യസംസ്ഥാനക്കാരിയായ വിനോദസഞ്ചാരി മരിച്ചിരുന്നു. ഇതിന് ശേഷം ആനസവാരി കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നിയമലംഘനം ശക്തമായി തുടരുകയാണ്. അരമണിക്കൂര്‍ ആനയുടെ പുറത്തുകയറുന്നതിന് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപവരെയാണ് വാങ്ങുന്നത്. ഒരു ആനയുടെ പുറത്ത് ഒരേസമരം മൂന്നും നാലും പേര് കയറും.
ചുരുക്കിപ്പറഞ്ഞാല്‍ മുപ്പത് മിനിറ്റുകൊണ്ട് ചുരുങ്ങിയത് 1000 രൂപയാണ് നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നത്. ഒരു ആനസവാരി കേന്ദ്രത്തില്‍നിന്ന് എല്ലാ ചെലവുകളും കഴിഞ്ഞ് മുക്കാല്‍ ലക്ഷത്തോളം രൂപയാണ് ഉടമയ്ക്ക് ദിവസം ലഭിക്കുന്നത്. ആനയെ ഇത്തരത്തില്‍ ഉപയോഗിക്കണമെങ്കില്‍ പെര്‍ഫോമിങ് അനിമല്‍ രജിസ്ട്രേഷന് ആക്ട് പ്രകാരം അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ചും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആനയുടെ ഉടമസ്ഥാവകാശം, മെഡിക്കല്‍ സ്ഥിതി എന്നിവ ഹാജരാക്കിയെങ്കിലേ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഈ നിയമം ലംഘിച്ച് ആനകളെ പ്രദര്‍ശിപ്പിച്ചാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും ജില്ലാ കളക്ടര്‍ക്കും ആനയെ പിടിച്ചെടുക്കുന്നതിനുള്ള അവകാശമുണ്ട്. ഇത്തരത്തിലുള്ള ആനസവാരി കേന്ദ്രങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നതായി നാട്ടില്‍ പാട്ടാണ്. ജില്ലയില്‍ ആനസവാരി കേന്ദ്രങ്ങള്‍ നടത്തുന്നതിന് ആര്‍ക്കും ലൈസന്‍സില്ലെന്ന് ഇടുക്കി എഡിഎം ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: