കേരളം മുഴുവന്‍ കനത്തമഴ. തുള്ളിക്ക് അനേകംകുടംപോലെ കൊള്ളപ്പിടിച്ചമഴ. തണുപ്പിന്റെ സൂചിമുനകളായും മഴ മാറിക്കഴിഞ്ഞു.
ആദ്യ മഴയ്ക്കൊപ്പം ഭൂമിപക്ഷേ തണുത്തില്ല. മഴനനവിനുമീതെ നേര്‍ത്തൊരു വെയില് ചാഞ്ഞപ്പോള്‍ തീരാനേ ഉണ്ടായിരുന്നുള്ളൂ തണുപ്പ്. എന്നാലിപ്പോള്‍ ഡിസംബറിലെ തണുപ്പുപോലെയാണു കൊച്ചിയില്പ്പോലും. ശരിക്കും ഭൂമിതണുത്തു. മനുഷ്യന്റെ മനസും തണുത്തു. അത്രയ്ക്കനുഭവിച്ചല്ലോ വേനല്‍ച്ചൂട്. എല്ലാം കത്തിക്കരിഞ്ഞ് എല്ലാം വറ്റി വരണ്ട്… കുഴഞ്ഞുവീണു. മരണവും സൂര്യാതപവുമൊക്കെയായി കേള്‍ക്കാത്ത ദുരിതവും കാണാത്ത രോഗവുമൊക്കെ കണ്ടു.
ഇപ്പോള്‍ മഴയെക്കുറിച്ചു നിറയെ പരാതിയാണ്. എന്തൊരു മഴയെന്നു പരിഭവം. മഴകൊണ്ടുവന്ന തടസങ്ങളെക്കുറിച്ച് ആവലാതികള്‍ അനേകം. പണ്ടും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു ആവലാതികള്‍. മഴക്കൊള്ളകൂടുമ്പോള്,കാറ്റു പിശറും ഏറുമ്പോളതു മഴപ്പേടിയായിമാറുന്നു. അങ്ങനെ ഇപ്പം മഴപ്പേടികൂടിയിരിക്കുന്നു. വെള്ളക്കെട്ട്, റോഡുതോടാകുന്നു, ഗതാഗതം കുരുക്കിലാകുന്നു, മരംവീഴ്ച, വീടുതകര്ച്ച,കടല്‍ക്ഷോഭം, മത്സ്യത്തൊഴിലാളികളുടെ വറുതി,പകര്‍ച്ചവ്യാധികള്‍…മഴപ്പേടിയുടെ ആയിരം നാവുകള്‍ ഇങ്ങനെ.
മഴ കാത്തിരുന്ന വേഴാമ്പലായി മാറിയവര്‍ ഇങ്ങനെ മഴവേണ്ടായിരുന്നുവെന്ന് ആവലാതി പറയുന്നു. ഓരോരുത്തരുടെ ആഗ്രഹംപോലെയാണോ മഴപെയ്യുക.അല്ലല്ലോ. മഴവേണം.പക്ഷേ മഴപ്പേടിയോ.മഴയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ കവിടി നിരത്തി അറിയാന്‍ കഴിയില്ല.എന്നാലും സ്വാഭാവികമായുണ്ടാകുന്ന അപകടങ്ങളും വരുത്തിവെക്കുന്നവയുമുണ്ട്.
എല്ലാറ്റിനും സര്‍ക്കാരിനെ കുറ്റംപറയുകയല്ല.മഴക്കാലത്തിനു മുന്‍പായി സര്‍ക്കാര്‍ ചെയ്യേണ്ട പലമുന്കരുതലുകളുണ്ട്.മഴക്കാലപൂര്‍വ ശുചീകരണംപോലുള്ളവ.ആരുഭരിച്ചാലുംമഴക്കാലത്ത് അലംഭാവംമൂലം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ അനവധിയാണ്.
മഴക്കാലപൂര്‍വ ശുചീകരണവും കെടുതികള്‍ക്കു നേരെയുള്ള പ്രതിരോധവും ഒരിക്കലും നേരെചൊവ്വേ നടക്കാറില്ല. മഴയ്ക്കു മുന്‍പേ തുടങ്ങി മഴയെ ജാഗ്രതയോടെ നേരിടേണ്ടതിനു പകരം മഴയ്ക്കിടയിലുള്ള ശുചീകരണ ആഭാസമാണ് പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ നടക്കുന്നത്,പ്രത്യേകിച്ച് കൊച്ചിയില്‍.
കെടുകാര്യസ്ഥതയുടെ നാണംകെട്ട മാതൃകയായി കൊച്ചി കോര്പ്പറേഷനെന്നൊരു വെള്ളാന നമുക്കുണ്ട്.അധികാരത്തിലിരിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥര്ക്കുംമാത്രമായി ഈ സ്ഥാപനത്തെ എന്തിനു നിലനിര്‍ത്തണം.ഉള്ളതുകൊണ്ടുള്ള ജനദ്രോഹം ഇല്ലാത്തതിന്റെ പേരില്‍ അനുഭവിക്കേണ്ടി വരികയില്ലല്ലോ.
ജനനികുതികൊണ്ട് ജനത്തെ വഞ്ചിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ എന്തിന്റെപേരിലാണെങ്കില്പോലും നിലനിര്ത്തിക്കൂടാത്തതാണ്.
കൊതുക്,കുടിവെള്ളക്ഷാമം,പൈപ്പുപൊട്ടല്‍,മാലിന്യം,ഗതാഗതക്കുരുക്ക് തുടങ്ങിജനജീവിതം സ്തംഭിക്കാനുള്ളതെല്ലാം കൊച്ചികോര്പ്പറേഷന് വേണ്ടുവോളം ചെയ്യുന്നുണ്ട്.
മഴപെയ്താല്‍ എറണാകുളം പണ്ട് കുളമായിരുന്നു.ഇന്നു പക്ഷേ കായലാണ്.നാളെ എന്തായിരിക്കുമെന്നറിയില്ല.
മഴയായാല്‍ കൊച്ചിയിലൂടെ നടക്കാന്‍ കഴിയില്ല.എന്തും സംഭവിക്കാം.തിരിച്ചു വീട്ടിലെത്തുമെന്ന് ഒരുറപ്പുമില്ല.ഗ്യാരണ്ടിയില്ലാത്തൊരു ജീവിതം.കഴിഞ്ഞ ദിവസം കൊച്ചിയില്‍ മഴയത്ത് ഒരു എംഎല്‍എ ചാനലിലും പത്രങ്ങളിലും പടവും വാര്‍ത്തയും വരാന്‍വേണ്ടി എന്തൊക്കയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷം താനുംകൂടിയുണ്ടായിരുന്ന സര്‍ക്കാര്‍ ഇങ്ങനെയൊക്ക കാട്ടിക്കൂട്ടിയതെന്നു മഴയത്തു ബോധ്യപ്പെടുത്തുകയായിരുന്നോ അദ്ദേഹം. അതെ,മഴവേണം. പക്ഷേ മഴപ്പേടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: