‘പാര്‍ട്ടിക്കോട്ട’യിലെ പാര്‍ട്ടി ഓഫീസില്‍ക്കയറി പെണ്‍കുട്ടികള്‍ നേതാക്കളെ തല്ലിയെന്നു ‘വ്യാജരേഖയുണ്ടാക്കുന്ന’ ഗതികേടില്‍ പാര്ട്ടിയെത്തിയോ അതോ യഥാര്‍ത്ഥത്തില്‍ തല്ലുന്ന സ്ഥിതിവിശേഷം സംജാതമായോ എന്ന് ചോദിച്ചാല്‍, ‘നീ ഇപ്പോഴും അമ്മയെ തല്ലുന്നുണ്ടോ’ എന്നതിനു മറുപടി പറയുംപോലെയാവും ഉത്തരം.
സംസ്ഥാന മുഖ്യമന്ത്രി, അതും പോലീസ് മന്ത്രി സ്വന്തം ജില്ലയിലെ ആഭ്യന്തര ക്രമസമാധാന പ്രശ്നങ്ങള്‍ അറിയുന്നില്ലെന്ന് വന്നാല്‍ പിന്നെയെന്താണ് ആ ‘മഹാപ്രതിഭ’യുടെ പണിയെന്നു ചോദിച്ചാല്‍ ഉത്തരംമുട്ടും.
”എന്തിനീ ക്രൂരത. ഇങ്ങനെ ചെയ്യരുത്. ഇത് ശരിയല്ല. നിങ്ങള്‍ സംഘടിതമായി ഒരു അജണ്ടയുടെ അടിസ്ഥാനത്തില്‍ ഇങ്ങനെ വേട്ടയാടാന്‍ ശ്രമിക്കരുത്. ഞങ്ങള്‍ അങ്ങനെയുള്ളവരല്ല. അപേക്ഷിയ്ക്കുകയാണ്, ഇങ്ങനെ ചെയ്യരുത്.” രോദനത്തില്‍ കുതിര്‍ന്ന ഈ അപേക്ഷ ആസാം സ്വദേശി അമീര്‍ ഉള് ഇസ്ലാം പെരുമ്പാവൂരില്‍ കൊലപ്പെടുത്തിയ ജിഷയുടെ ബന്ധുക്കളുടേതല്ല; പാലക്കാട് വിക്ടോറിയ കോളേജില്‍ ജീവിക്കിരിക്കെ ശവക്കല്ലറ എസ്എഫ്ഐക്കാര്‍ പണിഞ്ഞ പ്രിന്‍സിപ്പല്‍ എന്‍. സരസുവിന്റെയോ അവരുടെ വീട്ടുകാരുടെയോ അല്ല. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ എസ്എഫ്ഐയുടെ പീഡനത്തിനിരയായി ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്ത്ഥിനിയുടേതല്ല.
വയനാട്ടെ മുത്തങ്ങയില്‍ കിടപ്പാടത്തിനായി സമരം ചെയ്തതിന് ഭരണഭീകരതയുടെ വെടിയുണ്ടയേല്ക്കേണ്ടിവന്ന വനവാസികളുടേതല്ല. അരിപ്പയില്‍ ഭൂസമരം നടത്തിവരുന്ന ശ്രീരാമന് കൊയ്യോന്റെയും കൂട്ടരുടേതുമല്ല. ചെങ്ങറയിലെ സമരഭൂവില്‍ നിന്ന് ളാഹ ഗോപാലന്റെയും കൂട്ടരുടേതുമല്ല. മറിച്ച് കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിന്റെ, തലശ്ശേരിയിലെ എംഎല്‍എയയായ, മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ, എ.എന്‍. ഷംസീറിന്റേതാണ്.
എന്താണ് കാരണമെന്നോ? എംഎല്‍എയെയും പാര്‍ട്ടിയെയും കേരളത്തിലെയും ദേശീയതലത്തിലെയും മാധ്യമങ്ങളും ജനങ്ങളും വിമര്‍ശിക്കുന്നു. എന്തിനാണെന്നോ? ഒരു ദളിത് കുടുംബത്തെ പീഡിപ്പിച്ചതിന്. അതിനു കാരണമെന്തെന്നോ? അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വളരെ ‘നിസ്സാരമായ, തീരെ പ്രാദേശികമായ’ ഒരു വിഷയത്തെ ഊതിപ്പെരുപ്പിച്ചതിന്.
അതായത്, സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് അവര്‍ പറയുന്ന തലശ്ശേരിയില്‍, സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടാന്‍ അര്‍ഹായ പത്ത് സിപിഎം നേതാക്കളില്‍ ഒരാളായ കാരായി രാജന് എതിരെ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടമ്മല്‍ രാജന് മത്സരിച്ചു. പാടില്ലാത്ത കാര്യമാണല്ലോ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടേണ്ട ഒരു നേതാവിനെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുകയോ? തെരഞ്ഞെടുപ്പിനുശേഷം തുടങ്ങിയതാണ് തുടര്‍പ്രക്രിയകള്‍.
ദളിത് വിഭാഗത്തില്‍പ്പെട്ട രാജന്റെ പെണ്മക്കളെ, വിശ്വസാഹോദര്യവും മാനവികതയും വര്‍ണ്ണ-വര്ഗ്ഗരാഹിത്യവും പ്രസംഗിക്കുന്ന സിപിഎം നേതാക്കള്‍ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കല്‍ പതിവാക്കി. തീര്‍ന്നില്ല, രാജനെ കൈയേറ്റം ചെയ്തു. അതായത് കരണക്കുറ്റിയ്ക്കടിച്ച് ചെവിക്കല് പൊട്ടിക്കാന്‍ ശ്രമിച്ചു. മക്കളില്‍ രണ്ടു സഹോദരിമാര്‍, അഖിലയും അഞ്ജനയും ഇക്കാര്യം അന്വേഷിക്കാന്‍ തലശ്ശേരി കുട്ടിമാക്കൂലിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ചെന്നു. കുട്ടികളായിരിക്കെ അവര്‍ കയറിയ പടവുകള്‍. ബാല്യകാല കളിക്കൂട്ടുകാരന് ഷിജില്‍ പ്രാദേശിക പാര്‍ട്ടി നേതാവ്. പക്ഷേ ഈ പരിഗണനയൊന്നും പാര്‍ട്ടി ഓഫീസില്‍ കിട്ടിയില്ല.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക, അതും ദളിത് പെണ്ണ് പാര്‍ട്ടി ഓഫീസില്‍ കയറി ചോദ്യം ചെയ്യാന്‍ വരികയോ? പിന്നെ മറിച്ചൊന്നാലോചിച്ചില്ല, കിട്ടിയതുകൊണ്ട് രണ്ടിനേയും തല്ലി. നാട്ടുകാരറിഞ്ഞു, നാലുപേര്‍ വിമര്‍ശിച്ചു. അപ്പോള്‍ പ്രാദേശിക നേതാക്കള്‍ ആശുപത്രിയില്‍ പോയി കിടന്നു. പോലീസ് കേസെടുത്തു. വധശ്രമത്തിനു തുല്യം. കടന്നുകയറ്റം, ആയുധംകൊണ്ടുള്ള ആക്രമണം, സ്വത്തു നശിപ്പിക്കല്‍. പോരെ? അങ്ങനെ പോലീസ്-ഭരണകൂട-പാര്‍ട്ടി അച്ചുതണ്ടിന്റെ ആസൂത്രണത്തില്‍ ദളിത് യുവതികളെ പോലീസ് സ്റ്റേഷന് കയറ്റി, ചതിയിലൂടെ ജയിലിലടയ്ക്കാന്‍ വഴിതുറന്നു.
ഒന്നുമറിയാത്ത, 17 മാസം പ്രായമുള്ള ഒരു കൈക്കുഞ്ഞും ജയിലില്‍ കിടന്നു. ഈ സംഭവത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലെന്ന് പോലീസ് ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ വിശദീകരണം. എനിക്കെല്ലാം അറിയാമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ വിവരണം. വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാദ്ധ്യമങ്ങള്‍ക്ക് ഗൂഢ അജണ്ടയാണെന്ന് സ്ഥലം എംഎല്‍എയും കുട്ടി സഖാക്കളും പാര്‍ട്ടി ഔദ്യോഗിക മാധ്യമങ്ങളും. ഇങ്ങനെയായിരുന്നു സ്റ്റാലിന്റെ റഷ്യയിലും ഹിറ്റ്ലറുടെ ജര്‍മനിയിലും പോള്പോള്ട്ടിന്റെ കംബോഡിയയിലും ഉഗാണ്ടയില്‍ ഇദി അമിന്റെയും ലീ പെങ്ങിന്റെ ചൈനയിലും ഇങ്ങടുത്ത് ജ്യോതിബസുവിന്റെ ബംഗാളിലും. പാര്‍ട്ടി-ഭരണകൂടം-പോലീസ് ഒരേതരത്തിലും തലത്തിലും വരുന്ന ഗ്രഹണകാലം.
നന്മയുടെ സൂര്യന് കെട്ടടങ്ങിപ്പോകുന്ന കാലം. ഇത്തരമൊരു കരാളകാലം മുമ്പ്, 40 വര്‍ഷംമുമ്പ് അടിയന്തരാവസ്ഥയിലൂടെ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും നടപ്പാക്കിയിരുന്നു. അന്ന് ഇന്ദിരയുടെ പക്ഷത്തായിരുന്നു ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. അന്നത്തെ സുഖാനുഭവത്തിന്റെ ലഹരിയില്‍ ഇന്നിപ്പോള്‍ അതേ അവസ്ഥയിലേക്ക് ഒരു ഭരണക്രമം ആഗ്രഹിക്കുന്നുണ്ടാവാം സിപിഎം, അതിനു കുടപിടിയ്ക്കാന് നില്ക്കുന്നുണ്ടാവാം സിപിഐ. പക്ഷേ, ഇന്ന് അതത്ര എളുപ്പമാകാനിടയില്ല.
എന്നാല്‍, ഞെട്ടിക്കുന്ന ഒരു സ്ഥിതിവിശേഷം കൂടി കാണാതെ പോകരുത്, തലശ്ശേരിയിലെ കോടതിക്ക്, ഈ യുവതികളെ റിമാന്റ് ചെയ്യുംമുമ്പ് പോലീസിന്റെ പ്രഥമ വിവരറിപ്പോര്‍ട്ട് വായിക്കാന്‍, അതിലെ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ തോന്നിയില്ലെ, കഴിഞ്ഞില്ലെ. കൊച്ചുകുട്ടിയുമായി കോടതി മുറിയില്‍ കയറി നില്ക്കാന് ‘പ്രതിക’ളെ കൊണ്ടെത്തിച്ച സാഹചര്യം എന്താണെന്ന് അന്വേഷിക്കാന്‍ തോന്നിയില്ലെ.
സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ ഒരു എതിര്‍പ്പുമില്ലാതെ ഹാജരായ ”കൊടുംപ്രതികളെ” സ്വന്തം ജാമ്യത്തില്‍ വിടാന്‍ കോടതിക്ക് എന്തുകൊണ്ട് തോന്നിയില്ല. പല കേസുകളിലും പോലീസിനെ നിര്ത്തിപ്പൊരിക്കാറുള്ള കോടതി വാര്‍ത്തകള്‍ വായിച്ചിട്ടുള്ള ആര്‍ക്കും അങ്ങനെ സംശയം തോന്നാം. പക്ഷേ, ശരിയാണ് കോടതിയുടെ മുമ്പാകെ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ മാത്രമാണ് കോടതി തീരുമാനത്തിന് അടിസ്ഥാനമാക്കേണ്ടത്, അങ്ങനെ തന്നെയാവണം ഈ കേസിലും. അല്ലാതെ തലശ്ശേരിയില്‍ മാത്രം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ സ്വാധീനമൊന്നും കോടതിയെ ബാധിക്കാന്‍ ഇടയില്ലല്ലോ.
എന്നാല്‍, ഈ നിസ്സാര സംഭവങ്ങളുടെ പേരില്‍ സിപിഎമ്മിനെ മാധ്യമങ്ങളും മറ്റ് തല്‍പ്പരകക്ഷികളും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അതിലൊന്നും വഴങ്ങുകയോ ഭയപ്പെടുകയോ പതറുകയോ ചെയ്യുന്നവരല്ല ഞങ്ങള്‍ എന്നും വീരവാദം പറഞ്ഞാണ് തുടക്കത്തില്‍ വിവരിച്ച ഷംസീറിന്റെ രോദനം.
അതായത്, പ്രചരിക്കുന്ന വാര്‍ത്തയും നടത്തുന്ന ചര്‍ച്ചയും വിമര്‍ശനവും മറ്റും മറ്റും ‘ക്രൂരത’യാണ്, ഈ ക്രൂരത നിര്‍ത്തണമെന്നാണ് അപേക്ഷ. പക്ഷേ, ഷംസീര്‍ ഓര്‍ക്കുന്നില്ലേ, ഇല്ലാക്കഥകള്‍ മെനഞ്ഞ്, ‘നാരില്കെട്ടി കോലില്‍ വീശി’ നാട്ടിലും നഗരത്തിലും നാലാളുകൂടുന്ന കവലകളിലും ഷംസീറിന്റെ പാര്‍ട്ടിയും നേതാക്കളും നടത്തിയ പ്രചാരണങ്ങള്‍. ഷംസീറിന്റെ തൊഴുകൈയും കരച്ചിലും ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചത് കേരളത്തിലും ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുനടന്ന കുത്തബ്ദീന്‍ അന്‍സാരിയുടെ മുഖമാണ്. 2002 ലെ ഗുജറാത്ത് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍ക്കോ ദത്ത പകര്‍ത്തിയ ചിത്രം. (അതൊരു കൃത്രിമച്ചിത്രമായിരുന്നുവെന്നത് വേറൊരു കാര്യം; ഗുജറാത്ത് സംഭവത്തിന്റെ പ്രതീകചിത്രമായി പ്രചരിപ്പിച്ച, സെബാസ്റ്റ്യന്‍ ഡിസൂസ പോസ് ചെയ്യിപ്പിച്ച് എടുത്ത അശോക് പരമാറിന്റെ ചിത്രം പോലെതന്നെ.) ആ അന്‍സാരിയെ മുന്നില്‍നിര്‍ത്തി ഷംസീറിന്റെ പാര്‍ട്ടി ബിജെപി-ആര്‍എസ്എസ്-സംഘടനകള്‍ക്കും നരേന്ദ്രമോദിക്കും എതിരെ നടത്തിയ പ്രചാരണങ്ങള്‍ പച്ച നുണയായിരുന്നുവെന്ന് ഷംസീര്‍ ഏറ്റുപറഞ്ഞാല്‍ പോലും ഈ മുതലക്കണ്ണീരിനോട് ആര്‍ക്കെങ്കിലും സഹതാപം ഉണ്ടായേക്കാനിടയില്ല.
കാരണം വിതച്ചതാണല്ലോ ഇപ്പോള്‍ സിപിഎം കൊയ്യുന്നത്. ഗുജറാത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍, പത്തുമാസം തികഞ്ഞ ഗര്‍ഭിണിയെ ശൂലംകൊണ്ട് വയര്‍ പിളര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്ത് ചുട്ടുകൊന്ന് ശൂലത്തില്‍ തറച്ചെന്നും കൂട്ട ബലാത്സംഗങ്ങള്‍ നടത്തിയെന്നും ചോര കുടിച്ചെന്നും പാര്‍ലമെന്റു മുതല്‍ പഞ്ചായത്തുവരെ പച്ചനുണ പറഞ്ഞു നടന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു എംഎല്‍എ ഒരുളുപ്പും ഇല്ലാതെ അപേക്ഷിക്കുന്നു, സത്യം പ്രചരിപ്പിക്കുന്ന ഈ ‘ക്രൂരത അരുതേ അരുതേ’ എന്ന്. മുതലക്കണ്ണീര് എന്നത് ഭാഷാപരമായ ഒരു പ്രയോഗമാണ്. പക്ഷേ, സിപിഎമ്മിന്റെ ഈ കണ്ണീരൊഴുക്കിന് കാണ്ടാമൃഗ കരച്ചിലെന്നോ മറ്റോ പുതിയതൊന്ന് രൂപപ്പെടുത്തേണ്ടിവരും.
‘പാര്‍ട്ടിക്കോട്ട’യിലെ പാര്‍ട്ടി ഓഫീസില്‍ക്കയറി പെണ്‍കുട്ടികള്‍ നേതാക്കളെ തല്ലിയെന്നു ‘വ്യാജരേഖയുണ്ടാക്കുന്ന’ ഗതികേടില്‍ പാര്ട്ടിയെത്തിയോ അതോ യഥാര്‍ത്ഥത്തില്‍ തല്ലുന്ന സ്ഥിതിവിശേഷം സംജാതമായോ എന്ന് ചോദിച്ചാല്‍, ‘നീ ഇപ്പോഴും അമ്മയെ തല്ലുന്നുണ്ടോ’ എന്നതിനു മറുപടി പറയുംപോലെയാവും ഉത്തരം.
സംസ്ഥാന മുഖ്യമന്ത്രി, അതും പോലീസ് മന്ത്രി സ്വന്തം ജില്ലയിലെ ആഭ്യന്തര ക്രമസമാധാന പ്രശ്നങ്ങള്‍ അറിയുന്നില്ലെന്ന് വന്നാല്‍ പിന്നെയെന്താണ് ആ ‘മഹാപ്രതിഭ’യുടെ പണിയെന്നു ചോദിച്ചാല്‍ ഉത്തരംമുട്ടും. കാരണം, ജിഷ വധക്കേസില്‍ പോലീസിനെ അണിയിയ്ക്കാന്‍ പൊന്‍തൂവല്‍ തൊപ്പിയുമായി ഇറങ്ങിയ മുഖ്യമന്ത്രി തലശ്ശേരിയിലെ ദളിത് പീഡനക്കേസിന്റെ മറുപടി പോലീസിനുവിടുന്നത് എന്ത് യുക്തിയിലാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം ആക്രമിച്ച കേസിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അരമണിക്കൂര്‍ നീണ്ട ദൃക്സാക്ഷി വിവരണം പോലുള്ള പ്രഭാഷണമായിരുന്നു മുഖ്യമന്ത്രിയ്ക്കെന്നുകൂടി ഓര്‍ക്കണം.
ഇനി, തലശ്ശേരിയിലെ എംഎല്‍എ ആയ ഷംസീര്‍ ഈ ദളിത് യുവതികളുടെ പരാതിയുണ്ടായിട്ടും ഇത്രവലിയ സംഭവങ്ങള്‍ നടന്നിട്ടും അവരുടെ വീട്ടില്‍ പോയി അന്വേഷിയ്ക്കാതിരുന്നത് കുറ്റബോധംകൊണ്ടായിരിയ്ക്കുമോ. ഷംസീര്‍ സിപിഎം നേതാവു മാത്രമല്ല, സ്ഥലം എംഎല്‍എ കൂടിയാണ്. മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധി. മുഖ്യമന്ത്രിയായെങ്കിലും പിണറായി വിജയനും എംഎല്‍എ ആയെങ്കിലും ഷംസീര്‍മാര്‍ക്കും ഒരിക്കലും അവരുടെ പാര്‍ട്ടി നേതാക്കളെന്ന പരിമിതിക്ക് അപ്പുറം ചിന്തിക്കാനും വളരാനുമാവില്ലതന്നെ. ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ചാല്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യണം.
സ്ത്രീകളെ പരസ്യമായി അപമാനിച്ചാല്‍, അപമാന സൂചന നല്കിയാല്, സ്ത്രീപീഡന വകുപ്പുകള്‍ ചുമത്തിക്കേസെടുക്കണം. ടിവി ചാനലില്‍ പരസ്യമായി രണ്ടു യുവതികളെ അപമാനിച്ച എംഎല്‍എ ഷംസീര്‍ ഇപ്പോഴും വീരവാദങ്ങള്‍ വിളമ്പുകയാണ്. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് പി. പി. ദിവ്യയും ഷംസീറും നടത്തിയ അപമാനമാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്ന് അഞ്ജന പറയുമ്പോള്‍ കേസെടുക്കാന്‍ പോലീസ് മടിയ്ക്കുന്നതെന്തുകൊണ്ടാണ്.
ഇത് സെല്‍ഭരണമല്ല, അതിനും അപ്പുറമുള്ള ഭീകരാവസ്ഥയാണ്.
ഇടതുപക്ഷ വിദ്യാര്‍ത്ഥി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ദുസ്സാഹസത്തിന് മോദിയേയും ബിജെപിയേയും എബിവിപിയേയും പുലഭ്യം പറഞ്ഞ് പൂരം കളിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തമ്പേറടിക്കാന്‍ കേരളത്തിലും വന്ന കനയ്യ കുമാറിനു പാടാന്‍ പുതിയ ചില വരികള്‍ ഇങ്ങനെ:
സിപിഎം സേ ആസാദി
എല്‍ഡിഎഫ് സേ ആസാദി
ആക്രമണ് സേ ആസാദി
സെല്‍ ഭരണോം സേ ആസാദി
പിണറായി സേ ആസാദി
** ** **
പിന്കുറിപ്പ്: ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്തയുടെ വകയല്ലെന്ന് ചിന്തകെട്ടവര് പറഞ്ഞപ്പോള്‍ കൈയടിച്ചു പ്രോത്സഹിപ്പിച്ചവരില് കോണ്‍ഗ്രസുകാരുമുണ്ടായിരുന്നു. ഇപ്പോള്‍ ദളിത് യുവതികള്‍ പരസ്യമായി ആക്ഷേപിയ്ക്കപ്പെടുകയും പീഡിപ്പിയ്ക്കപ്പെടുകയും ചെയ്തപ്പോഴും അവര്‍ ഉള്ളാലെ കൈയടിയ്ക്കുകയാണ്, രാഷ്ട്രീയം ആസ്വദിയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: