അഞ്ച് പതിറ്റാണ്ടിനിടെ സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉണ്ടായ പരാജയം പാര്‍ട്ടിയെ ആഴത്തില്‍ ചിന്തിപ്പിക്കുകയാണ്. കേരളത്തില്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞു എന്നതു മാത്രമാണ് ഏക ആശ്വാസം. 2011 ലെ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഒറ്റക്ക് മത്സരിച്ച് ലഭിച്ച സീറ്റുകള്‍ പോലും ഇത്തവണ കോണ്‍ഗ്രസ്സുമായി കൂട്ടുച്ചേര്ന്നിട്ടും ലഭിച്ചില്ലെന്നതാണ് ഏറെ രസകരം. മാത്രമല്ല, സീറ്റുകളുടെ എണ്ണം പകുതിയായി കുറയുകയും ചെയ്തു.
തമിഴ്നാട്ടില്‍ ഉണ്ടായിരുന്ന പത്തുസീറ്റുകളും നഷ്ടപ്പെട്ടു. ആസാമിലും ഒറ്റസീറ്റുപോലും ഇല്ല. ഇതിനിടയിലാണ് ബംഗാളില്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്നത്. മൂന്നരപതിറ്റാണ്ട് ഒറ്റക്കുഭരിച്ച ബംഗാളില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കേണ്ടി വന്നു എന്നതുതന്നെ പാര്‍ട്ടി എത്തിയിട്ടുള്ള ഗുരുതരമായ പ്രതിസന്ധിയെയാണ് തെളിയിക്കുന്നത്.
പാര്‍ട്ടി കേന്ദ്രകമ്മിറ്റി നടക്കുന്നതിനിടയില്‍ ഒരു മുതിര്‍ന്നനേതാവ് രാജിവെക്കുകയും പരസ്യമായി പത്രസമ്മേളനത്തില്‍ അത് പ്രഖ്യാപിക്കുകയും ചെയ്തത് ഉണ്ടാക്കിയ നാണക്കേട് ചില്ലറയൊന്നുമല്ല, സാധാരണ കോണ്‍ഗ്രസ്സിലാണ് ഇത്തരം നാടകങ്ങള്‍ പതിവ്. എന്നാല്‍ അതിന് കാരണങ്ങള്‍ പലതാവും. പക്ഷേ ഇവിടെ അതല്ല.
വിശാഖപട്ടണം പാര്‍ട്ടികോണ്‍ഗ്രസ്സ് അംഗീകരിച്ച തീരുമാനത്തില്‍ നിന്നും പാര്‍ട്ടി വ്യതിചലിച്ചുഎന്നതാണ് രാജിവച്ച ജംഗ്മതി സാംങ്വാന് അഭിപ്രായപ്പെട്ടത്. അവരുടെ ഭര്‍ത്താവ് സാംങ്വാന് മൂന്നുതവണ ഹരിയാനയിലെ പാര്ട്ടിസംസ്ഥാനസെക്രട്ടറികൂടിയായിരുന്നുവെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും എസ്.രാമന്ചന്ദ്രന്പിള്ളയും ബദല്‍പ്രമേയം അവതരിപ്പിക്കുകയും വോട്ടിനിടുകയും ചെയ്തു. വോട്ടില്‍ ഇവര്‍ക്ക് ബഹുഭൂരിപക്ഷംപേരും അനുകൂല നിലപാടാണ് കൈക്കൊണ്ടതെങ്കിലും അവസാന വിജയികളായത് യെച്ചൂരിയും ബംഗാള്‍ ഘടകവുമാണ്. പാര്‍ട്ടിയുടെ ബംഗാള്‍ നേതാക്കള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും നേതാക്കള്‍ക്ക് കഴിഞ്ഞില്ല. എന്തിനധികം ശാസനാപ്രമേയം പോലും ഉണ്ടായില്ല. എന്തുകൊണ്ടാണിതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി എത്തിയിട്ടുള്ള തകര്‍ച്ചയേയാണ് ഇത് സൂചിപ്പിക്കുന്നത്.
വേണ്ടി വന്നാല്‍ മുസ്ലീം ലീഗുമായി കൂട്ടുച്ചേര്ന്നും തിരഞ്ഞെടുപ്പിനെ നേരിടണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ട എംവി.രാഘവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ രണ്ടുതവണ ആലോചിക്കേണ്ടിവന്നില്ല. രാഘവന് മാത്രമല്ല, കേരളത്തില്‍ ഒരുകാലത്ത് പാര്‍ട്ടി കെട്ടിപടുത്ത ബഹുജനനേതാക്കളായ പി.വി.കുഞ്ഞിക്കണ്ണന്, പുത്തലത്ത് നാരായണന്, സി.കെ.ചക്രപാണി, കെ.ചാത്തുണ്ണിമാസ്റ്റര്‍, പാട്ട്യം രാജന്, സി.പി.മൂസാന്‍കുട്ടി, സി.വാസുദേവമേനോന്‍ തുടങ്ങിയവരേയും പുറത്താക്കുകയായിരുന്നു. അന്ന് അതിനെ പിന്തുണച്ച ഇ.കെ.നായനാരും ടി.ശിവദാസമേനോനും തന്ത്രത്തില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഗൗരിയമ്മയുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു.
എന്നാല്‍ അതിനേക്കാളെല്ലാം ഗൗരവമേറിയ ഒരു വിഷയമാണ് പ്രകാശ് കാരാട്ട് ചര്‍ച്ചയ്ക്കെടുത്തത്. കോണ്‍ഗ്രസ്സിന് ബദല്‍ കമ്യൂണിസ്റ്റ് എന്നതായിരുന്നു ഇന്ത്യയിലുടനീളം ഒരുകാലത്ത് ഉയര്‍ന്ന മുദ്രാവാക്യം. കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ കമ്യൂണിസിറ്റ് പാര്‍ട്ടിക്കുമാത്രമേ കഴിയൂ എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ ബിജെപിയെ തോല്‍പ്പിക്കാന്‍ അതേ കോണ്‍ഗ്രസ്സുമായി കൂട്ടുചേരുകയാണ് ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്തത്. 1970ല്‍ സിപിഐ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്നപ്പോള്‍ അതിനെതിരെ സിപിഎം ഉയര്‍ത്തിയ മുദ്രാവാക്യങ്ങലൊന്നും പഴയകാലനേതാക്കളോ പ്രവര്‍ത്തകരോ മറന്നിരിക്കാമെന്നാണ് ഇപ്പോഴത്തെ നേതൃത്വം കരുതുന്നതെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. സിപിഐ ക്കെതിരെ സിപിഎം ഉന്നയിക്കാത്ത ആരോപണങ്ങളില്ല.
പക്ഷേ ഇത്തവണത്തെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ എഐസിസി അധ്യക്ഷ സോണിയാഗാന്ധിയോടും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും ഒപ്പമാണ് സിപിഎം നേതാക്കള്‍ വേദിപങ്കിട്ടതെന്നത് ശ്രദ്ധേയമാണ്. സിപിഐക്കാര്‍ വല്യേട്ടനെതിരെ ഒരക്ഷരം പോലും പറഞ്ഞില്ല. കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്നാണ് ഇഎംഎസ് നമ്പൂതിരിപ്പാട് പ്രസംഗങ്ങളിലും ലേഖനങ്ങളിലും എഴുതിപ്പിടിപ്പിച്ചത്. എന്നിട്ടെന്തായി? ഇപ്പോള്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള ചെകുത്താന്മാരുമായാണ് പാര്‍ട്ടി കൂട്ടികൂടിയിരിക്കുന്നത്. ഇത് എത്രയോ വര്‍ഷം മുമ്പ് ബിജെപിയുടെ സമുന്നത നേതാവായിരുന്ന കെ.ജി.മാരാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്നതിനെ പലരും പുച്ഛിച്ച് തള്ളുകയാണ് ഉണ്ടായത്.
ബംഗാളിലെ അവസ്ഥ താമസംവിന ത്രിപുരയിലും പാര്‍ട്ടിക്ക് നേരിടേണ്ടിവരും അതിന്റെ സൂചനകളും കണ്ടുതുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂലും അവിടെ ശക്തിപ്രകടിപ്പി ച്ചുകഴിഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്നും എംഎല്‍എമാര്‍ തൃണമൂലിലേക്ക് ഒഴുകുന്നു. ബിജെപി പലമണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്തും എത്തി. പാര്‍ട്ടി ബംഗാളില്‍ സ്വീകരിച്ച നിലപാടിലേക്ക് ത്രിപുരയും എത്തിച്ചേരും. മുന്‍കാല തീരുമാനങ്ങളും പ്രമേയങ്ങളും അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന സ്ഥിതിയിലാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: