നമ്മുടെ രാജ്യം നമ്മുടെതല്ലെന്നു പറഞ്ഞ അടിയന്തരാവസ്ഥയുടെ പേടിപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക് 41വര്‍ഷം പൂര്‍ത്തിയാകുന്നു. അധികാരം നിലനിര്‍ത്താന്‍ അധികാരത്തെതന്നെ ദുരുപയോഗം ചെയ്തതിന്റെ പരിണതിയായിരുന്നു ഭാരതം മുഴുവന്‍ തടവറയാക്കി മാറ്റിയ 21മാസങ്ങള്‍. അടിയന്തരാവസ്ഥയുടെ ജീവിക്കുന്ന രക്തസാക്ഷികളായി വൈക്കം ഗോപകുമാറിനെ പോലെ ഒരുപാടുപേര് നമ്മുടെയിടയില്‍ ഇന്നും ജീവിക്കുന്നുണ്ട്.
പതിനാറാം വയസില്‍ ആര്‍എസ്എസ് പ്രചാരകനായി, ഇരുപത്തിയൊന്നാം വയസില്‍ ജില്ലാപ്രചാരകയായ വൈക്കം ഗോപകുമാര്‍, ഇത്രയും ചെയിയ പ്രായത്തില്‍ പ്രചാരകനായ ആദ്യവ്യക്തിയാകണം. ആലപ്പുഴ ജില്ലയില്‍ ആര്‍എസ്എസ് പ്രചാരകനായിരിക്കെ 1976 ആഗസ്റ്റ് ഒന്നിനാണ് ബസ് സ്റ്റാന്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കെ.പി. ഗോപകുമാറിനെ പോലീസ് അറസ്റ്റ്ചെയ്യുന്നത്. അന്നദ്ദേഹത്തിന്റെ പ്രായം ഇരുപത്തിനാലു വയസ്. കള്ളനോട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെയാണ് അറസ്റ്റു ചെയ്യുന്നതെന്നാണ് ഓടിക്കൂടിയ പൊതുജനങ്ങളോടു പോലീസ് പറഞ്ഞത്.
ആര്‍എസ്എസുകാരെ ‘കൈകാര്യം’ ചെയ്യാനായി തുടങ്ങിയ കൗസ്തുഭം എന്ന പോലീസ് ക്യാമ്പിലെത്തിച്ച ഗോപകുമാറിനെ രണ്ടാഴ്ചയിലധികം ക്രൂരമായ മര്‍ദ്ധനമുറകള്‍ക്ക് വിധേയനാക്കി. ജയപ്രകാശ് നാരായണിന്റെ ലോക് സംഘര്‍ഷ് സമിതി സംഘാടകനായിരുന്ന ഭാസ്കര്‍ റാവുവിനെ കണ്ടെത്താനും കുരുക്ഷേത്ര എന്ന പ്രസിദ്ധീകരണത്തിന്റെ ഉത്ഭവം അന്വേഷിച്ചുമായിരുന്നു മര്‍ദനം. അവിടംമുതല്‍ രണ്ടാഴ്ചക്കാലത്തോളം ഏറ്റവും പൈശാചികമായ മര്‍ദ്ദനമുറകളുടെ പരീക്ഷണങ്ങളെല്ലാം ആ ശരീരത്തില്‍ നടത്തി. നിരന്തരമായ ഉരുട്ടലില്‍ കാലിന്റെ മുട്ടുചിരട്ടകള്‍ തെന്നിമാറി. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ ശരീരം തകര്‍ന്നു നീരുവച്ച ഗോപകുമാറിനെ സ്ട്രെച്ചറില്‍ കിടത്തിയാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്.
1976 ആഗസ്റ്റ് 12ന് കണ്ണാട്ടു പുരയിടം എന്ന സ്ഥലത്തുവച്ചു അറസ്റ്റു ചെയ്തു എന്ന കള്ളരേഖയുണ്ടാക്കി പിറ്റേദിവസം മിസപ്രകാരം തിരുവനന്തപുരം ജയിലിലേക്ക് കൊണ്ടുപോയി.
1977 മാര്‍ച്ച് 22ന് തിരുവനന്തപുരം ജയിലില്‍ അവശേഷിച്ചിരുന്ന ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകരോടൊപ്പം ഏറ്റവും ഒടുവിലാണ് ഗോപകുമാര്‍ ജയില്‍ മോചിതനായത്.
“ശരീരത്തിനേറ്റ മൊത്തം ക്ഷതങ്ങള്‍ക്കും പരിക്കുകള്‍ക്കും അടിയന്തരാവസ്ഥക്കുശേഷം അഞ്ചുവര്‍ഷത്തോളം പഞ്ചകര്‍മചികിത്സ നടത്തി. അങ്ങനെയാണ് ശരീരം വീണ്ടെടുത്തത്.”
അടിയന്തരാവസ്ഥയുടെ ഇരുപത്തിയഞ്ചാംവാര്ഷികം നാടൊട്ടുക്ക് ജനാധിപത്യ സംരക്ഷണത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് ആചരിക്കുന്ന സമയത്ത് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗോപകുമാര്‍ ഒരു മേജര്‍ ഓപ്പറേഷനു വിധേയനാവുകയായിരുന്നു. ആ ഓപ്പറേഷനില്‍ അദ്ദേഹത്തിന്റെ വൃഷണസഞ്ചികള്‍ നീക്കം ചെയ്തു.
“ക്യാമ്പില്‍ വച്ച് ഗോപിനാഥന് നായര്‍ (മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത പോലീസുകാരന്) എന്നിലൊരു പുതിയ പരീക്ഷണം നടത്തി; ശാരീരിക പീഡനത്തില്‍ ഒരു പുതിയ രീതി. അദ്ദേഹം എന്റെ ലിംഗവും വൃഷണവും കൂട്ടിപ്പിടിച്ച് വലിച്ചിഴച്ചു. അടിയന്തിരാവസ്ഥക്കുശേഷം ഒരുപാട് ശാരീരിക പ്രശ്നങ്ങള്‍ക്ക് അത് കാരണമായി. ആയുര്‍വേദവും പാരമ്പര്യവൈദ്യവുമെല്ലാം പരീക്ഷിച്ചശേഷം ഒടുവില്‍ അത് നീക്കം ചെയ്തു. അത് അടിയന്തരാവസ്ഥയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആചരിക്കുന്ന സമയത്തായിരുന്നു എന്നൊരു കൗതുകമുണ്ട്,” നിസംഗത മുഖത്തു നിഴലിച്ച ഒരു ചിരിയോടെ അദ്ദേഹം പറയുന്നു.” (പീഡനമുറിയിലെ പതിനാറു ദിനങ്ങള്‍, മലയാളം വാരിക, നവമ്പര്‍ 2005).
വൈക്കം ക്ഷേത്രത്തിനു സമീപമുള്ള കെ പി ഗോപകുമാറിന്റെ കൊട്ടാരത്തില്‍ വീട് ചരിത്ര പ്രാധാന്യ മുള്ളതാണ്. മാര്‍ത്താണ്ഡ വര്‍മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചല്‍ യുദ്ധത്തില്‍ വെടിയേറ്റു മരിച്ച നാരായണന് നായര്‍ ഗോപകുമാറിന്റെ പൂര്വികനായിരുന്നു. ദേശത്തിനുവേണ്ടി ബലിദാനം നല്കിയ ആ വീരപുരുഷന്റെ തലമുറക്ക് മാര്‍ത്താണ്ഡ വര്‍മ രാജാവ് പണികഴിപ്പിച്ചു നല്കിയ വീടാണിത്. അമ്മയുടെ അമ്മാവനാണ് വൈക്കം സത്യഗ്രഹ നേതാക്കളില്‍ ഒരാളായിരുന്ന അഡ്വ. വൈക്കം എസ്. രാമന്‍പിള്ള . സത്യഗ്രഹകാലത്ത് അനേകം ദേശീയ നേതാക്കളും സത്യാഗ്രഹികളും കൊട്ടാരം വീട്ടില്‍ താമസിച്ചിരുന്നു.
ജയില്‍മോചിതനായശേഷം നീണ്ടകാലത്തെ ചികിത്സകള്‍ക്കുശേഷമാണ് നിവര്‍ന്നു നില്ക്കാന്പോലും ഗോപകുമാറിന് സാധിച്ചത്. ചെന്നെയില്‍ ശങ്കരന് കോവിലിനടുത്തുള്ള ഒരു സിദ്ധവൈദ്യന്റെ ചികിത്സയിലാണ് അദ്ദേഹം ഇപ്പോഴും. കര്‍മകാണ്ഡം അനുഭവിച്ചുതീര്‍ക്കാന്‍ ഗോപകുമാര്‍ മനസിനെ പാകപ്പെടുത്തിയിരിക്കുന്നു. സമാനമായ സാഹചര്യത്തിലോ അതിലും മോശമായ സാഹചര്യത്തിലോ ഇന്നും അവശേഷിച്ചിരിക്കുന്ന അനേകംപേരുടെ ഒരു പ്രതിനിധി മാത്രമാണ് വൈക്കം ഗോപകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: