1992 ഒക്ടോബറില്‍ ആണ് ചരിത്രം കണ്ട എറ്റവും വലിയ പേമാരികളിലൊന്നു കേരളത്തില്‍ താണ്ഡവമാടിയത്. മിക്കവാറും എല്ലാ പുഴകളും കരകവിഞ്ഞു. ഞങ്ങളുടെ നാട്ടിലെ അച്ചന്‍കോവിലാറിലൂടെ ,മലമുകളിലെവിടെയോ കടപുഴകിയ വന്‍ മരങ്ങള്‍ ഘോഷയാത്ര തന്നെ നടത്തി. ഭീകരമായ പ്രളയത്തിന്റെ വാര്‍ത്തകളുമായി പത്രങ്ങളും ദൂരദര്‍ശനും നിറഞ്ഞു നിന്നു. അപ്പോഴാണ് ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. പത്തുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറന്നേക്കും. ജലനിരപ്പ് 750 അടിയായിക്കഴിഞ്ഞു. പരമാവധി പരിധിയായ 753 അടിയായാല്‍ ഡാം തുറന്ന് വിടും. ഡാമിന്റെയും ,പെരിയാറിന്റെയും പരിസരത്ത് 144 പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങി ജനങ്ങളുമായി സംസാരിച്ചു. ഇടുക്കിയും പരിസരവും ഒരു അജ്ഞാതമായ ഒരു ഭീതിയില്‍ വിറങ്ങലിച്ചു.
പ്രായത്തിന്റെ ചോരത്തിളപ്പും, അടങ്ങാത്ത ജിജ്ഞാസയുടെ വേലിയേറ്റവും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. നേരെ ഇടുക്കിയിലേക്ക്.വഴിനീളെയുള്ള മഴക്കെടുതികളെയും ഉരുല്പോട്ടലുകളെയും കടന്ന് പിറ്റെദിവസം ഇടുക്കിയിലെത്തുക തന്നെ ചെയ്തു. എണ്ണൂറോളം മീറ്റര്‍ ഉയരമുള്ള കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച, ത്രികോണാകൃതിയിലുള്ള പടുകൂറ്റന്‍ അണക്കെട്ടിനു താഴെ അന്തം വിട്ടു നിന്നു.ആ മതില്‍ക്കെട്ടിനപ്പുറം ഒരു വലിയ കുന്നിന്റെ ആഴത്തില്‍ ഭീമന് ജലപ്പരപ്പുണ്ട്. അതില്‍ നിന്നാണ് നമുക്കാവശ്യമുള്ള വൈദ്യുതി കറന്നെടുക്കുന്നത് .സാധാരണ ഡാമിനുള്ളത് പോലെ ഷട്ടറുകളോ സ്പില്വെയോ ഒന്നും ഇല്ല. ഇത് പിന്നെ എവിടെയാണ് തുറക്കാന്‍ പോകുന്നത്. അവിടെയുണ്ടായിരുന്ന പോലീസുകാരന് സംശയം തീര്‍ത്ത് തന്നു .ഇടുക്കി ഡാം എന്ന് പറയുന്നത് മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ്. ഇക്കാണുന്നതാണ് ആര്‍ച്ച് ഡാം .ഇതിനപ്പുറത്ത് ,കുളമാവ് ,ചെറുതോണി ഡാമുകള്‍ കൂടിയുണ്ട്. ചെറുതോണി ഡാമിന്റെ ഷട്ടറുകലാണ് ആവശ്യം വന്നാല്‍ തുറക്കുക.
ഒന്ന് നിര്‍ത്തി അയാള്‍ ചോദിച്ചു …’ അല്ല ഈ മഴയും ഉരുള്‍ പൊട്ടലുമൊക്കെയുള്ളപ്പോള് എന്തിനാ ഇങ്ങോട്ട് വന്നത് ? ‘ഒന്നൂല്ല സര് ഡാം തുറന്നാല്‍ ഒന്ന് കാണാന്‍’. ഡാം തുറക്കുമെന്ന വാര്‍ത്ത പരന്നപ്പോഴെക്ക് പുറത്തുള്ള ആളുകള്‍ സ്ഥലം കാലിയാക്കികൊണ്ടിരിക്കുകയാണ് .അപ്പൊഴൊരുത്തന് ഇങ്ങോട്ട്. അതങ്ങിനെയാണ് .തല പണ്ടേ തിരിഞ്ഞതാണ്.
പിറ്റേദിവസം നിരാശയായിരുന്നു ഫലം. കാത്തിരുപ്പിന്റെ ഒരു ദിവസം കൂടി. അപ്പോഴേക്കും എന്നേപ്പോലെ ചില ഭ്രാന്തന്മാര് കൂടി മലകയറി വന്നിട്ടുണ്ട് ..പെട്ടന്ന്, ചെറുതോണി ടൗണില്‍ കൂടി ഒരു പോലീസ് ജീപ്പ് ഉച്ചത്തില്‍ മൈക് അനൗണ്‍സ്മെന്റുമായി പോകുന്നു.’ പൊതുജനങ്ങളുടെ ശ്രദ്ധക്ക് ..ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് പരിധിയിലെത്തിയതിനാല്‍ ഏതാനും സമയത്തിനുള്ളില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതാണ്. ജനങ്ങള്‍ പുഴയുടെ കരയില്‍ നിന്നും പരമാവധി അകലം പാലിക്കുക. ജനങ്ങളുടെ മുഖത്ത് ഉത്ക്കണ്ഠയും , പരിഭ്രാന്തിയും , ആകാംക്ഷയും നിറഞ്ഞു .അക്കാണുന്ന മതില്‍ക്കെട്ടിനപ്പുറം പതിയിരിക്കുന്ന ഭൂതത്താന്‍ ഇപ്പോള്‍ കൂടുതുറന്നു വരും.
നോക്കി നില്‍ക്കെ മഴക്കാറ് കനത്ത് ഇരുള് മൂടിയ അന്തരീക്ഷത്തിലൂടെ ആ കാഴ്ച കണ്ടു. മൂന്നു ഷട്ടറകുകളുടെ താഴെക്കൂടി വെള്ളിനിലാവിന്റെ പാല്‍ക്കുടം ഇടിഞ്ഞു വീഴുന്നു. കുത്തിവീണ് പൊട്ടിച്ചിതറിയ ജലരാശി. പുഴയിലൂടെ അലറിയൊഴുകി ..ചെറുതോണി ടൗണിലെ ഒരു പാലം ചുള്ളിക്കമ്പു പോലെ ആ പ്രവാഹത്തില്‍ ഒടിഞ്ഞു നുറുങ്ങിപ്പോയി. ഭീതിയും കൗതുകവും തിങ്ങിനിറഞ്ഞ കാഴ്ച. നിമിഷങ്ങള്‍ കൊണ്ടു തന്നെ ഒഴുക്ക് സാധാരണ പോലെയായി.സംഹാരരൂപിണി രൂപം കൈവെടിഞ്ഞ പെരിയാര്‍ ഇളവെയിലില്‍ അലതല്ലിചിരിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജലനിരപ്പ് താഴുകയും , വൃഷ്ടിപ്രദേശത്ത് മഴകുറയുകയും ചെയ്തതോടെ പെരിയാറിന് വീണ്ടും വിലങ്ങു വീണു.
പിന്നീടിന്നു വരെ ഇടുക്കി അണക്കെട്ട് തുറന്നിട്ടില്ല. ആ യാത്രയില്‍, ഡാമിന്റെ മുകളിലേക്ക് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് ഇടുക്കിയില്‍ പോയത് 2008 ലാണ്. കമ്പനിയുടെ ഒരു പ്ലഷര്‍ ട്രിപ്പ്. അപ്പോഴും ഡാമിലേക്കുള്ള പ്രവേശനം തടയപ്പെട്ടിരിക്കുകയാണ്. ഓണത്തിനും ക്രിസ്തുമസ്സിനും മാത്രമേ പൊതുജനങ്ങള്‍ക് പ്രവേശനമുള്ളൂ. അല്ലങ്കില്‍ തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അനുമതി വേണം. പഠിച്ച എല്ലാ വിദ്യകളും , അത്യാവശ്യം കള്ളത്തരവും കാലുപിടിക്കലുമൊക്കെ ചേര്‍ന്നപ്പോള്‍ കാക്കി മാമന്മാരുടെ മനസ്സലിഞ്ഞു. ഫോട്ടോയെടുക്കരുത് , മൊബൈല്‍ കൊണ്ടുപോകരുത് , ശബ്ദമുണ്ടാക്കരുത് , ഇരിക്കരുത് , നില്‍ക്കരുത് ,ശ്വാസം വിടരുത്. സുഗ്രീവാജ്ഞകള്‍ തലകുലുക്കി സമ്മതിച്ച്, വൈശാലിഗുഹയുടെ ഉള്ളിലൂടെ ഞങ്ങള്‍ ഡാമിലേക്ക് കടന്നു. ഡാമിന്റെ മുകളിലെത്തിയപ്പോള്‍, ഒരു നിമിഷം കണ്ണു തള്ളിപ്പോയി. ഒരുവശത്ത് കടലോളം പോന്ന ജലാശയം. മറുവശത്ത് പാതാളം പോലെയുള്ള അഗാധത .വേര്‍തിരിച്ചുകൊണ്ട് , അപ്സരസ്സുകളുടെ പൊട്ടിവീണ വളക്കഷണം പോലെ വളഞ്ഞു നില്ക്കുന്ന ആര്‍ച്ച് ഡാം .
(എംടി ഭരതന് ടീമിന്റെ വിഖ്യാതമായ ‘വൈശാലി ‘ സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനായിരുന്നു ഇടുക്കി ഡാം പരിസരം. അതില്‍, ഋശ്യശ്രംഗനും വൈശാലിയും തമ്മിലുള്ള സമാഗമ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ഡാമിലേക്ക് കടക്കുന്ന ഗുഹയിലാണ് .അന്നുമുതല്‍ ആ ഗുഹക്ക് വൈശാലി ഗുഹ എന്ന പേരുവീണു )
ഇറങ്ങി വന്നു , ഡാമിന്റെ താഴെ വരെ ചെന്നു. താഴെ വെറും അഞ്ചടി മാത്രമേ നീളമുള്ളൂ. അവിടെയുള്ളവര്‍ പറഞ്ഞത് , അതിനും താഴെ ഡാം തുടങ്ങുന്നത് ഒറ്റയൊരു കല്ലില്‍ നിന്നാണ്. അടുത്ത് ചെല്ലുമ്പോഴാണ് , ജലാശയ ഭാഗത്തേക്ക് വളഞ്ഞിരിക്കുന്ന ആര്‍ച്ച് രൂപം വ്യക്തമാവുകയുള്ളു .അതേ .ഈ മതിലിനപ്പുറത്ത് , ഞങ്ങളുടെ തൊട്ടപ്പുറത്ത് , നൂറു മീറ്റര്‍ ആഴമുള്ള ഒരു വമ്പന്‍ ജലാശയമാണ് .പത്തുപതിനഞ്ച് മിനിറ്റ് മാത്രമേ അവിടെ നില്ക്കാന് സാധിച്ചുള്ളൂ എങ്കിലും , മലയിറങ്ങുമ്പോള്‍ ഉള്ളില്‍ അനുഭൂതികളുടെ കോടമഞ്ഞു ചുരമിറങ്ങാന്‍ തുടങ്ങിയിരുന്നു .
ചരിത്രം
1919 ലാണ് , ഇടുക്കി വനാന്തരങ്ങളില്‍ വേട്ടയാടി നടന്ന , മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ശ്രീ തോമസ് എര്‍ടാറ്റി , അവിടുത്തെ ഊരാളി മൂപ്പനായ കൊലുമ്പനെ കണ്ടുമുട്ടുന്നത്. വന്യസൗന്ദര്യങ്ങളില്‍ ഒഴുകി നടന്ന തോമസിനു ,കുറവന്‍ കുറത്തി മലയുടെ ഐതിഹ്യം പറഞ്ഞു കൊടുക്കുന്നതും കൊലുമ്പനാണ് .പ്രണയാതുരതയില്‍ ഒരുമിച്ച കുറവനും കുറത്തിയും ,ശാപഗ്രസ്തരായി ,രണ്ടു മലകളായി സ്ഥിതി ചെയ്യുന്നു .യുഗങ്ങള്‍ക്കിപ്പുറം മനുഷ്യന് അവരെ ചേര്‍ത്ത് കെട്ടും എന്ന ശാപമോക്ഷത്തിന്റെ ദിനം കാത്ത് ആ യുവമിഥുനങ്ങള്‍ , ഇടയിലൂടെ അരുവിയായൊഴുകുന്ന പെരിയാറിനെ ലാളിച്ച് കഴിഞ്ഞു കൂടുന്നു .ആദ്യ സന്ദര്‍ശനത്തില്‍ തന്നെ , ഒരു വന്‍ സാധ്യത തിരിച്ചറിഞ്ഞ തോമസ് , ഇവിടെയൊരു അണകെട്ടി വൈദ്യുതോത്പാദനം നടത്താനുള്ള അവസരത്തെ പറ്റി ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു .
1947 ല്‍ , തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് ഇലെക്ട്രിക്കല്‍ എഞ്ചിനിയറായിരുന്ന ജോസഫ് ജോണ്‍ ആണ് ആദ്യമായി വിശദമായ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത് .പക്ഷെ, അതീവ ദുര്‍ഗ്ഗമമായ ആ മലമടക്കുകകളില്‍ ഒരു കൂറ്റന്‍ അണക്കെട്ട് പണിയുന്നതിനുള്ള സാങ്കേതിക മികവ് അന്ന് നമുക്കുണ്ടായിരുന്നില്ല . അതുമല്ല അവിടെ വേണ്ടത് ഒരു ആര്‍ച്ച് ഡാമായിരിക്കണം എന്നത് മറ്റൊരു പ്രശ്നമായി. ഡാമുകള്‍ പല തരമുണ്ട്. മണ്ണുകൊണ്ട് നിര്‍മ്മിക്കുന്ന എര്ത് ഡാം , ഭാരം കരുത്തേകുന്ന ഗ്രാവിറ്റി ഡാം .ആര്‍ച് രൂപത്തില്‍ ഉള്ളിലേക്കും വശത്തേക്കും വളഞ്ഞു നില്ക്കുന്ന ആര്‍ച്ച് ഡാം എന്നിങ്ങനെ പലതും .അണക്കെട്ട് നിര്‍മ്മിക്കുന്ന ഭൂമിയുടെ പ്രത്യേകതകള്‍ , ഉള്‍ക്കൊള്ളേണ്ട വെള്ളത്തിന്റെ അളവ് , താങ്ങാന്‍ കഴിയുന്ന മര്‍ദ്ദം .ഇതെല്ലാം കണക്കിലെടുത്താണ് ഏതു തരത്തിലുള്ള ഡാമാണ് വേണ്ടത് എന്ന് തീരുമാനിക്കുക .പണി തുടങ്ങുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം , അതുവഴി ഒഴുകുന്ന പുഴയെ വഴിതിരിച്ച് വിടുക എന്നതാണ് .ഹൃദയ ശസ്ത്രക്രിയ നടക്കുമ്പോള്‍ ഹൃദയം നിശ്ചലമാക്കി ,ആ ജോലി ഹാര്‍ട്ട് ലങ് മെഷീനെ ഏല്‍പ്പിക്കുന്നത് പോലെ .കൃത്രിമമായ ഒരു കനാലുണ്ടാക്കി വെള്ളം ആ വഴിക്ക് തിരിച്ച് വിടും.
ഇടുക്കിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടത് മൂന്ന് അണക്കെട്ടുകളുടെ ഒരു കോമ്പിനേഷനാണ് .വെള്ളം രക്ഷപെട്ടു പോകാതിരിക്കാന്‍ തൊട്ടടുത്തുള്ള കുളമാവ് , ചെറുതോണി മലയിടുക്കുകളില്‍ രണ്ട് സാധാരണ ഗ്രാവിറ്റി ഡാമും കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് കൂറ്റന്‍ ആര്‍ച്ച് ഡാമും .സംഭരണിക്കു താഴെ ആറുമീറ്റര്‍ വ്യാസത്തിലും 6000 മീറ്റര്‍ നീളത്തിലുമുള്ള തുരങ്കവും. മൂലമറ്റത്ത് ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന 750 മെഗാവാട്ട് വൈദ്യുതി നിലയവും ചേര്‍ന്ന രീതിയിലാണ് പദ്ധതി രൂപകല്പന ചെയ്യപ്പെട്ടത് .1963 കേന്ദ്രഗവണ്മെന്റ് അനുമതിയും പിന്നാലെ പാരിസ്ഥിതിക അനുമതിയും ലഭിച്ചതോടെ പെരിയാറിനെ പിടിച്ച് കെട്ടാനുള്ള നീക്കങ്ങള്‍ക്ക് ശക്തിയേറി. കാനഡയിലെ SNC കമ്പനിയുടെ സാങ്കേതിക , സാമ്പത്തിക സഹായം കൂടി ഉറപ്പാക്കിയപ്പോള്‍ , KSEആ സൂപ്രണ്ടിങ് എഞ്ചിനിയര്‍ പീലിപ്പോസിന്റെ നേതൃത്വത്തില്‍ കേരളം കണ്ട ഏറ്റവും വലിയ വികസന പദ്ധതി ചിറകു വിരിച്ചു ..പടുകൂറ്റന്‍ യന്ത്രസാമഗ്രികളും ആയിരക്കണക്കിന് തൊഴിലാളികളും ഇടുക്കിയിലെ മലമടക്കുകളില്‍ തമ്പടിച്ചു .
എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ദ്ധരും തൊഴിലാളികളും ഉറക്കമൊഴിച്ച് , ഒരു അണക്കെട്ട് നിറക്കാനുള്ള വിയര്‍പ്പൊഴുക്കിയപ്പോള്‍ , ജാലവിദ്യക്കാരന്റെ തൊപ്പിയില്‍ നിന്നെന്നോണം ആ മഹാത്ഭുതം കുറവന്‍ കുറത്തി മലയിടുക്കില്‍ മുളച്ച് പൊന്തി .സാധാരണ ഗ്രാവിറ്റി ഡാമുകള്‍ മാത്രം കണ്ടിട്ടുള്ള മലയാളി , അതിനേക്കാള്‍ ഒരുപാട് മെലിഞ്ഞു, ഒരു തളിക പോലെ വളഞ്ഞ ഈ കോണ്‍ക്രീറ്റു രൂപത്തെ ഭീതി കലര്‍ന്ന അത്ഭുതത്തോടെയാണ് കണ്ടത്. ഈ വിചിത്ര സൃഷ്ടിയാണോ ഒരു പടുകൂറ്റന്‍ ജലാശയത്തെ തടുത്ത് നിര്‍ത്താന്‍ പോകുന്നത് എന്നവര്‍ ചിന്തിച്ചിട്ടുണ്ടാകും .1973 ല്‍ 169 മീറ്റര്‍ ഉയരവും , 683 മീറ്റര്‍ കൂടിയ നീളവുമുള്ള ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ടാം പൂര്‍ത്തിയായി .169 മീറ്റര്‍ ഉയരമെന്നാല്‍ അറുപത് നില കെട്ടിടത്തിന്റെ ഉയരം .1974 ഫെബ്രുവരിയില്‍ ഡാമില്‍ വെള്ളം നിറച്ചു ..1975 ഒക്ടോബറില്‍ മൂലമറ്റത്ത് നിന്നും ആദ്യമായി വൈദ്യുതി പുറത്തേക്കൊഴുക്കി പവര്‍ ഹൗസിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു .1976 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു .
അന്നുമുതല്‍ , ദേവഗംഗയെ ഭൂമിയില്‍ പിടിച്ച് കെട്ടിയ മഹാദേവന്റെ ജടാമകുടം പോലെ വളഞ്ഞ് പുളഞ്ഞ ഇടുക്കി ഡാമും ജലാശയവും കേരളത്തിന്റെ ഹൃദയമായി. അവിടെനിന്നൊഴുകുന്ന വെള്ളം മലയാളിയുടെ രക്തമായി. മൂലമറ്റത്തുനിന്ന് പ്രവഹിക്കുന്നത് വൈദ്യുതിയില്ല, ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹൃദയത്തുടിപ്പുകള്‍ തന്നെയാണ്. ഇടുക്കിയില്‍ വെള്ളം കുറയുമ്പോള്‍, നാം ഉറക്കം ഞെട്ടാന്‍ തുടങ്ങി. സ്വന്തം നാട്ടില്‍ പെയ്തില്ലങ്കിലും, ഇടുക്കിയില്‍ തകര്‍ത്ത് പെയ്യാന്‍ മഴദൈവങ്ങളോട് നാം കണ്ണീരൊഴുക്കി. അതെ. പണ്ഡിതനും പാമരനും കുബേരനും കുചേലനുമടങ്ങുന്ന സമൂഹത്തിന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന മറ്റൊരു പദ്ധതിയും ഇല്ല തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: